കലാഭവൻ മണി

തെന്നിന്ത്യൻ സിനിമാ നടൻ

കലാഭവൻ മണി(ജനനം:1 ജനുവരി 1971: മരണം:6 മാർച്ച് 2016) മലയാള സിനിമാ നടൻ. തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കൾ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായിരുന്ന മണി 2016 മാർച്ച് 6-ന് കരൾ സംബന്ധമായ രോഗ കാരണങ്ങളാൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് അന്തരിച്ചു.[1]

കലാഭവൻ മണി
ജനനം(1971-01-01)ജനുവരി 1, 1971
മരണംമാർച്ച് 6, 2016(2016-03-06) (പ്രായം 45)
തൊഴിൽസിനിമ നടൻ, നാടൻ പാട്ടുകാരൻ
ജീവിതപങ്കാളി(കൾ)നിമ്മി
കുട്ടികൾ(ശ്രീലക്ഷ്മി)

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി[2][3].

ജീവിതരേഖ തിരുത്തുക

തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ ചേന്നത്തുനാട് പഞ്ചായത്തിൽ കുന്നിശ്ശേരി വീട്ടിൽ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായി 1971-ലെ പുതുവത്സരദിനത്തിലായിരുന്നു മണിയുടെ ജനനം. രാമൻ-അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനായിരുന്നു മണി. പരേതനായ വേലായുധൻ, രാമകൃഷ്ണൻ, ശാന്ത, തങ്കമണി, ലീല, അമ്മിണി എന്നിവരായിരുന്നു സഹോദരങ്ങൾ. കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്. കൂലിപ്പണിക്കാരനായിരുന്ന അച്ഛന് 13 രൂപ ശമ്പളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒന്നുമാകുമായിരുന്നില്ല. സ്കുൾ പഠനകാലത്ത് പഠനമൊഴികെ എല്ലാ വിഷയത്തിലും മണി മുന്നിലായിരുന്നു. പഠനവൈകല്യത്തെത്തുടർന്ന് അദ്ദേഹം പത്താം ക്ലാസിൽ പഠനം നിർത്തി. തുടർന്ന് തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും അദ്ദേഹം ഉപജീവനമാർഗ്ഗം കണ്ടെത്തി. ഇടയ്ക്ക് പൊതുപ്രവർത്തകനായും അദ്ദേഹം കടന്നുവന്നു.

പിന്നീട്, ചാലക്കുടി ടൗണിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറായി മണി ജോലി നോക്കി. ഇതിനിടയിലാണ് അദ്ദേഹം കലാഭവൻ മിമിക്സ് ട്രൂപ്പിൽ ചേരുന്നത്. ജയറാം, ദിലീപ്, നാദിർഷാ, സലിം കുമാർ തുടങ്ങിയ പിൽക്കാലത്തെ പ്രശസ്തർ പലരും കലാഭവനിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഇവർ ഒരുപാട് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത 'അക്ഷരം' എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ടാണ് മണി ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ 'സല്ലാപത്തിലാണ്' അദ്ദേഹത്തിന് ബ്രേക്ക് കിട്ടുന്നത്. തുടർന്ന്, നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം ചിത്രങ്ങളിൽ തിളങ്ങി.

1999-ലാണ് മണി വിവാഹിതനായത്. നിമ്മിയാണ് ഭാര്യ. ശ്രീലക്ഷ്മി ഏകമകളാണ്.

അഭിനയിച്ച സിനിമകൾ തിരുത്തുക

മലയാളം

1995

  • സമുദായം
  • അക്ഷരം
  • ദി പോർട്ടർ

1996

  • സല്ലാപം
  • ഉദ്യാനപാലകൻ
  • സാമൂഹ്യപാഠം
  • സ്വർണ്ണകിരീടം
  • മാന്ത്രികക്കുതിര
  • കിരീടമില്ലാത്ത രാജാക്കന്മാർ
  • കല്യാണസൗഗന്ധികം
  • കാതിൽ ഒരു കിന്നാരം
  • നാലുകെട്ടിലെ നല്ല തമ്പിമാർ
  • എക്സ്ക്യൂമി ഏത് കോളേജിലാ
  • പടനായകൻ
  • ദില്ലിവാല രാജകുമാരൻ

1997

  • മന്നാടിയാർ പെണ്ണിന് ചെങ്കോട്ടച്ചെക്കൻ
  • വാചാലം
  • ഹിറ്റ്ലർ ബ്രദേഴ്സ്
  • ഉല്ലാസപ്പൂങ്കാറ്റ്
  • മന്ത്രമോതിരം
  • കുടമാറ്റം
  • കാരുണ്യം
  • കല്യാണപ്പിറ്റേന്ന്
  • കോട്ടപ്പുറത്തെ കൂട്ടുകുടുംബം
  • ദി ഗുഡ് ബോയ്സ്
  • ഗജരാജമന്ത്രം
  • ഇക്കരയാണെൻ്റെ മാനസം
  • ന്യൂസ്പേപ്പർ ബോയ്
  • ഗുരുശിഷ്യൻ
  • സയാമീസ് ഇരട്ടകൾ
  • സമ്മാനം
  • ഭൂതക്കണ്ണാടി
  • ശിബിരം
  • മൈ ഡിയർ കുട്ടിച്ചാത്തൻ
  • ഭാരതീയം
  • രാജതന്ത്രം
  • അഞ്ചരക്കല്യാണം
  • ദി കാർ
  • ആറാം തമ്പുരാൻ
  • കഥാനായകൻ
  • മായപ്പൊന്മാൻ
  • അടിവാരം

1998

  • മീനത്തിൽ താലികെട്ട്
  • മന്ത്രിമാളികയിൽ മനസമ്മതം
  • ഇളമുറത്തമ്പുരാൻ
  • ബ്രിട്ടീഷ് മാർക്കറ്റ്
  • സമ്മർ ഇൻ ബത്ലഹേം
  • ഓരോ വിളിയും കാതോർത്ത്
  • ഒരു മറവത്തൂർ കനവ്
  • അച്ചാമ്മക്കുട്ടിയുടെ അച്ചായൻ
  • മീനാക്ഷി കല്യാണം
  • ചിത്രശലഭം
  • കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ
  • മലബാറിൽ നിന്നൊരു മണിമാരൻ
  • കാറ്റത്തൊരു പെൺപൂവ്
  • കുടുംബവാർത്തകൾ
  • കൈക്കുടന്ന നിലാവ്
  • ആലിബാബയും ആറരക്കള്ളന്മാരും

1999

  • ഒന്നാംവട്ടം കണ്ടപ്പോൾ
  • പ്രണയനിലാവ്
  • പഞ്ചപാണ്ഡവർ
  • കണ്ണെഴുതി പൊട്ടുംതൊട്ട്
  • സാഫല്യം
  • ക്രൈം ഫയൽ
  • പല്ലാവൂർ ദേവനാരായണൻ
  • ക്യാപ്റ്റൻ
  • മൈ ഡിയർ കരടി
  • ജെയിംസ് ബോണ്ട്
  • ഇൻഡിപെൻഡൻസ്
  • ആകാശഗംഗ
  • വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും

2000

  • മില്ലേനിയം സ്റ്റാർസ്
  • ദി ഗ്യാംങ്
  • ഇവൾ ദ്രൗപതി
  • നരസിംഹം
  • റാപ്പിഡ് ആക്ഷൻ ഫോഴ്സ്
  • വർണ്ണക്കാഴ്ചകൾ
  • വല്യേട്ടൻ
  • മിസ്റ്റർ ബട്ലർ
  • കൊച്ചു കൊച്ചു സന്തോഷങ്ങൾ
  • ദൈവത്തിൻ്റെ മകൻ
  • ദാദാസാഹിബ്

2001

  • നളചരിതം നാലാം ദിവസം
  • സൂത്രധാരൻ
  • വക്കാലത്ത് നാരായണൻകുട്ടി
  • രാക്ഷസരാജാവ്
  • ദോസ്ത്
  • കരുമാടിക്കുട്ടൻ
  • ആന്ദോളനം
  • നരിമാൻ
  • ആകാശത്തിലെ പറവകൾ
  • ഈ നാട് ഇന്നലെ വരെ
  • ഫോർട്ട് കൊച്ചി
  • ഭർത്താവുദ്യോഗം
  • അച്ഛനെയാണെനിക്കിഷ്ടം
  • വൺമാൻ ഷോ
  • ദി ഗാർഡ്

2002

  • വാൽക്കണ്ണാടി
  • അഖില
  • നന്ദനം
  • സാവിത്രിയുടെ അരഞ്ഞാണം
  • മലയാളിമാമന് വണക്കം
  • കുബേരൻ
  • കൺമഷി
  • ജഗതി ജഗദീഷ് ഇൻ ടൗൺ
  • ബാംബു ബോയ്സ്
  • നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി

2003

  • വെള്ളിത്തിര
  • ബാലേട്ടൻ
  • പട്ടാളം
  • മത്സരം
  • ശിങ്കാരി ബോലോന
  • വാർ & ലൗ

2004

  • സേതുരാമയ്യർ സി.ബി.ഐ
  • സി.ഐ മഹാദേവൻ അഞ്ചടി നാലിഞ്ച്
  • കണ്ണിനും കണ്ണാടിക്കും
  • താളമേളം
  • മാറാത്ത നാട്
  • മയിലാട്ടം
  • കുസൃതി
  • വെട്ടം
  • നാട്ടുരാജാവ്
  • മാമ്പഴക്കാലം
  • മാജിക് ലാംപ്

2005

  • ഇരുവട്ടം മണവാട്ടി
  • അന്നൊരിക്കൽ
  • പൗരൻ
  • പൊന്മുടിപ്പുഴയോരത്ത്
  • ബെൻ ജോൺസൻ
  • മാണിക്യൻ
  • ലോകനാഥൻ ഐ.എ.എസ്
  • അനന്തഭദ്രം
  • മയൂഖം

2006

  • രാവണൻ
  • ചിന്താമണി കൊലക്കേസ്
  • നരകാസുരൻ
  • കിസാൻ
  • ചാക്കോ രണ്ടാമൻ
  • റെഡ് സല്യൂട്ട്
  • കാളി

2007

  • എബ്രഹാം ലിങ്കൺ
  • രക്ഷകൻ
  • പായും പുലി
  • ഭസ്മാസുരൻ
  • നസ്രാണി
  • നന്മ
  • ഇന്ദ്രജിത്ത്
  • നഗരം
  • ഛോട്ടാ മുംബൈ

2008

  • സ്വർണ്ണം
  • ആണ്ടവൻ
  • കേരള പോലീസ്
  • പാർത്ഥൻ കണ്ട പരലോകം
  • ഷേക്സിപിയർ എം.എ.മലയാളം
  • ചെമ്പട
  • കബഡി കബഡി
  • മായാബസാർ
  • അപൂർവ്വ
  • ബുള്ളറ്റ്
  • ട്വൻ്റി-20

2009

  • ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം
  • ആയിരത്തിൽ ഒരുവൻ
  • ലൗ ഇൻ സിംഗപ്പൂർ
  • സുന്ദരി സുന്ദരൻ
  • മലയാളി
  • കറൻസി
  • പ്രമുഖൻ
  • കഥ പറയും തെരുവോരം
  • കേരളോത്സവം

2010

  • ബ്ലാക്ക് സ്റ്റാലിയൻ
  • ത്രി ചാർ ചൗ ബീസ്
  • ഒരിടത്തൊരു പോസ്റ്റ്മാൻ
  • ഹോളിഡേയ്സ്
  • അണ്ണാറക്കണ്ണനും തന്നാലായത്
  • കാൻവാസ്
  • ശിക്കാർ

2011

  • പുള്ളിമാൻ
  • യുഗപുരുഷൻ
  • ഓറഞ്ച്
  • ചേകവർ
  • ഒരു സ്മാൾ ഫാമിലി
  • ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
  • ആദാമിൻ്റെ മകൻ അബു
  • ആഴക്കടൽ
  • ദി ഫിലിംസ്റ്റാർ
  • മനുഷ്യമൃഗം
  • പ്രിയപ്പെട്ട നാട്ടുകാരെ
  • വീരപുത്രൻ

2012

  • വീരപുത്രൻ
  • മദിരാശി
  • സ്നേക്ക് & ലാഡർ
  • ഫെയിസ് ടു ഫെയ്സ്
  • എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും

2013

  • ബാച്ചിലർ പാർട്ടി
  • ഹസ്ബൻസ് ഇൻ ഗോവ
  • അയാളും ഞാനും തമ്മിൽ
  • പ്രഭുവിൻ്റെ മക്കൾ
  • ഒളിപ്പോര്
  • ഒരു കുടുംബചിത്രം
  • ടൂറിസ്റ്റ് ഹോം
  • ആമേൻ
  • റബേക്ക ഉതുപ്പ് ഫ്രം കിഴക്കേമല

2014

  • കോക്കോഡയിൽ ലവ് സ്റ്റോറി
  • കരീബിയൻസ്
  • ഒളിപ്പോര്
  • ഗുണ്ട
  • പറങ്കിമല
  • കൊന്തയും പൂണൂലും

2015

  • കാരണവർ
  • ചക്കരമാമ്പഴം
  • അലിഫ്
  • യാത്ര ചോദിക്കാതെ
  • കേരള ടുഡെ
  • ഇരുവഴി തിരിയുന്നിടം
  • ഇലഞ്ഞിക്കാവ് പി.ഒ

2016

  • വണ്ടർഫുൾ ജേർണി
  • മൂന്നാം നാൾ
  • കംപാർട്ട്മെൻറ്
  • മായാപുരി 3D

തമിഴ് സിനിമകൾ

  • മറുമലർച്ചി
  • വഞ്ചിനാഥൻ
  • ജെമിനി
  • തെന്നവൻ
  • നാം
  • ജയ് ജയ്
  • തട്ടി താവൂദ് മനസ്
  • ബന്ദ പരമശിവം
  • പുതിയ ഗീതൈ
  • കാതൽ കിസ് കിസ്
  • കുത്ത്
  • ശിങ്കാര ചെന്നൈ
  • സെമ രാഗലയ്
  • ബോസ്
  • ആയി
  • സെവേൽ
  • ജിതൻ
  • അന്യൻ
  • മഴൈ
  • ആറു
  • പാസ കിലിഗൽ
  • സംതിങ് സംതിങ് ഉനക്കും എനക്കും
  • വേൽ
  • മോദി വിളയാട്
  • യാരുക്ക് തെരിയും
  • എന്തിരൻ
  • കങ്കാരു
  • ശങ്കരാപുരം
  • പാപനാസം
  • കലൈ വേന്ദൻ
  • ലൗ ഗുരു[4]

പുരസ്കാരങ്ങൾ തിരുത്തുക

ദേശീയ ചലച്ചിത്രപുരസ്കാരം
  • 2000 - പ്രത്യേക ജൂറി പുരസ്കാരം : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും '
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  • 1999- പ്രത്യേക ജൂറി പുരസ്കാരം : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും '
ഫിലിംഫെയർ അവാർഡ്‌
  • 2002- മികച്ച വില്ലൻ ( തമിഴ് ) ജെമിനി
ഏഷ്യ നെറ്റ് ഫിലിം അവാർഡ്
  • 1999- മികച്ച നടൻ : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും '
  • 2007 - മികച്ച വില്ലൻ കഥാപാത്രം : ചോട്ടാ മുംബൈ
വനിതാ-ചന്ദ്രിക അവാർഡ്
  • 2008-മികച്ച വില്ലൻ കഥാപാത്രം : ചോട്ടാ മുംബൈ
  • 2014- ഭരത് ഗോപി ഫൌണ്ടേഷൻ പുരസ്ക്കാരം

മരണം തിരുത്തുക

ചലച്ചിത്രരംഗത്തും മറ്റും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് 6-ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിയ്ക്കുമ്പോൾ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു. തന്മൂലം വിഷമദ്യം കുടിച്ചിട്ടാകാം അദ്ദേഹം മരിച്ചതെന്ന് ചിലർ സംശയം പ്രകടിപ്പിയ്ക്കുന്നു. അതേ സമയം, മണിയെ സുഹൃത്തുക്കൾ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നർത്തകനുമായ രാമകൃഷ്ണൻ പറയുകയുണ്ടായി. തുടർന്ന് ചാലക്കുടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മണിയുടെ മൃതദേഹം തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ചാലക്കുടിയിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മണിയോടുള്ള ആദരസൂചകമായി ചാലക്കുടിയിൽ അന്ന് ഹർത്താൽ ആചരിച്ചു.

മരണത്തിലെ ദുരൂഹത തിരുത്തുക

മണിയുടെ മരണം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ദുരൂഹതകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. മൃതദേഹത്തിൽ വിഷാംശം കണ്ടെത്തിയതാണ് സംശയങ്ങൾക്ക് തുടക്കമായത്. പിന്നീടുവന്ന ദിവസങ്ങളിൽ ടി.വി. ചാനലുകളിൽ വൻ വാർത്തയായിരുന്നു ഈ വിഷയം.

മണിയുടെ മരണത്തിൽ ആദ്യം സംശയം പോയത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭിനേതാക്കളുമായ തരികിട സാബു, ജാഫർ ഇടുക്കി എന്നിവരിലേയ്ക്കാണ്. മണി മരിയ്ക്കുന്നതിന് രണ്ടുദിവസം മുമ്പ് (മാർച്ച് 4) അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഗസ്റ്റ് ഹൗസായ പാഡിയിൽ ഒരു മദ്യവിരുന്ന് നടന്നിരുന്നു. അതിൽ മണിയുടെ സഹായികളും അദ്ദേഹത്തിന്റെ നാട്ടുകാരുമടക്കം മുപ്പതോളം ആളുകളുണ്ടായിരുന്നു. വൈകീട്ട് അഞ്ചുമണിയ്ക്ക് പാഡിയിൽ തുടങ്ങിയ മദ്യവിരുന്നിലേയ്ക്ക് ഏഴുമണിയോടെയാണ് സാബുവും ജാഫറും എത്തിച്ചേർന്നത്. രാത്രി പതിനൊന്നുമണിയ്ക്ക് സാബുവും പിന്നീട് ജാഫറും സ്ഥലം വിട്ടു. അമിതമായി മദ്യപിച്ച സാബുവിനെ കൊച്ചിയിലെത്തിയ്ക്കാൻ സ്വന്തം ഡ്രൈവറായ പീറ്ററെ മണി നിയോഗിച്ചു. പന്ത്രണ്ടുമണിയ്ക്ക് സൽക്കാരം അവസാനിച്ചു. മണിയും സുഹൃത്തുക്കളും മാത്രം പാഡിയിൽ അവശേഷിച്ചു.

പിറ്റേന്ന് (മാർച്ച് 5) രാവിലെ ഒമ്പതുമണിയോടെയാണ് മണിയ്ക്ക് രോഗം വഷളായിത്തുടങ്ങിയത്. അധികമായി രക്തം ഛർദ്ദിച്ച അദ്ദേഹത്തിന് കടുത്ത വിയർപ്പും നെഞ്ചിടിപ്പും അനുഭവപ്പെടുകയും ചെയ്തു. ആദ്യം അടുത്തുള്ള ഒരു ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അദ്ദേഹം വിസമ്മതിച്ചതായി അദ്ദേഹത്തിന്റെ സഹായികൾ പറഞ്ഞിരുന്നു. എന്നാൽ മണിയെ ആശുപത്രിയിലെത്തിയ്ക്കാൻ തന്നെ തീരുമാനിച്ചുവെന്നാണ് അദ്ദേഹത്തിന്റെ മാനേജർ ജോബി പറയുന്നത്. താൻ ആശുപത്രിയിലെ ഒരു ഡോക്ടറെ അന്വേഷിച്ചിരുന്നുവെന്നും ജോബി പറഞ്ഞു. തുടർന്ന് ഡോക്ടർ വന്ന് പരിശോധിച്ചപ്പോഴും മണി ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. പിന്നീട് അതേ ആശുപത്രിയിലെ നഴ്സുമാരെത്തിയപ്പോഴും ചികിത്സയ്ക്ക് വിസമ്മതിച്ച മണിയെ മയക്കുമരുന്ന് കുത്തിവച്ചിറക്കിയാണ് ആശുപത്രിയിലെത്തിച്ചത്. ഈ വിവരങ്ങളൊന്നും ആദ്യം കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല.

ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ മണിയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. കരൾ രോഗത്തിനുപുറമേ ഗുരുതരമായ വൃക്കരോഗവും മണിയ്ക്കുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിന് ഡയാലിസിസ് അത്യാവശ്യമായി വന്നു. എന്നാൽ ഡയാലിസിസിനിടയിൽ പെട്ടെന്ന് രക്തസമ്മർദ്ദം കുറഞ്ഞു. അതിനാൽ അത് അവസാനിപ്പിയ്ക്കേണ്ടിവന്നു. അതിന്റെ പിറ്റേന്ന് (മാർച്ച് 6) രാവിലെയാണ് മണിയുടെ ഭാര്യയും മകളും മറ്റ് ബന്ധുക്കളും മാധ്യമങ്ങളും വിവരമറിഞ്ഞത്. അന്ന് വൈകുന്നേരത്തോടെ മണിയ്ക്ക് ഹൃദയസ്തംഭനമുണ്ടാകുകയും ഏഴേകാലോടെ അന്ത്യം സംഭവിയ്ക്കുകയുമായിരുന്നു.

പ്രമുഖ ചലച്ചിത്രനടനും മണിയുടെ അടുത്ത സുഹൃത്തുമായ ദിലീപ് ഒരു പ്രമുഖ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സമയത്ത് അദ്ദേഹവുമായി ബന്ധപ്പെട്ടും ചില ആരോപണങ്ങൾ നിലവിൽ വന്നു. എന്നാൽ, ഇതുവരെ അന്വേഷണത്തിൽ വ്യക്തത വന്നിട്ടില്ല. അതിനിടയിൽ, 2017 ഏപ്രിൽ 28-ന് കേസ് സി.ബി.ഐ.യ്ക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. അനുജനും നർത്തകനുമായ രാമകൃഷ്ണന്റെ ആവശ്യത്തിന്മേലാണ് ഈ നിലപാട് വന്നത്. മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും മരണം കരൾരോഗം വന്നിട്ടാണ് ഉണ്ടായതെന്നും 2019 ഡിസംബർ 30-ന് സി.ബി.ഐ. കണ്ടെത്തിയെങ്കിലും ഇതിനോട് കുടുംബാംഗങ്ങൾക്ക് ഇന്നും യോജിപ്പില്ല.[5]

കൂടുതൽ വായനക്ക് തിരുത്തുക

അവലംബം തിരുത്തുക

  1. "കലാഭവൻ മണി അന്തരിച്ചു". മനോരമ ന്യൂസ്. Archived from the original on 2016-03-06. Retrieved 2016 മാർച്ച് 7. {{cite web}}: Check date values in: |accessdate= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-31. Retrieved 2010-08-08.
  3. http://mathrubhumi.com/php/newFrm.php?news_id=1244863&n_type=HO&category_id=1&[പ്രവർത്തിക്കാത്ത കണ്ണി]
  4. https://www.readwhere.com/m/magazine/mathrubhumi-printing-and-publishing/Star-Style/Star-Style-2022-September/3574835
  5. Kalabhavan Mani Death case


"https://ml.wikipedia.org/w/index.php?title=കലാഭവൻ_മണി&oldid=4071869" എന്ന താളിൽനിന്ന് ശേഖരിച്ചത്