കരിസ്മാറ്റിക്ക് പ്രസ്ഥാനം

പരിശുദ്ധാത്മാവ് മുഖേനയുള്ള ഉണർവിലൂടെയുള്ള ജീവിത നവീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിലേയും, കത്തോലിക്കാ, ഓർത്തഡോക്സ് സഭകളിലേയും വിശ്വാസികളുടെ കൂട്ടായ്മയാണ് കരിസ്മാറ്റിക്ക് പ്രസ്ഥാനം. ആദിമക്രിസ്തീയസഭയിൽ പ്രകടമായിരുന്നതായി ബൈബിളിലെ അപ്പസ്തോല പ്രവൃത്തികളിലും, പൗലോസിന്റെ ലേഖനങ്ങളിലും മറ്റും രേഖപ്പെടുത്തിയിരിക്കുന്ന അത്ഭുതപ്രവർത്തനവരം‍, പ്രവചനവരം, ഭാഷാവരം (Glossolalia) തുടങ്ങിയ "ദൈവികദാനങ്ങളുടെ" പ്രാപ്തിയും പ്രയോഗവും അനുഭവവും ആധുനികകാലത്തും സാധ്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, മുഖ്യധാരാസഭകളിലെ ചില വിഭാഗങ്ങൾ പെന്തക്കോസ്ത് സഭകളുടെ പ്രത്യേകതയായി കണക്കാക്കപ്പെട്ടിരുന്ന വിശ്വാസങ്ങളും അനുഷ്ടാനങ്ങളും പിന്തുടരാൻ ശ്രമിച്ചതോടെയാണ് ഈ പ്രസ്ഥാനം ജന്മമെടുത്തത്. പ്രൊട്ടസ്റ്റന്റ് സഭകളിൽ ഇത് 1960-ലും, കത്തോലിക്കാസഭയിൽ 1967-ലും ഓർത്തഡോക്സ് സഭയിൽ 1971-ലും ആരംഭിച്ചതായി കരുതപ്പെടുന്നു.[1]

ചരിത്രം തിരുത്തുക

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലവിൽ വന്ന പെന്തക്കോസ്ത് പ്രസ്ഥാനമാണ് പരമ്പരാഗതസഭകൾക്കുള്ളിലെ കരിസ്മാറ്റിക്ക് നവീകരണത്തിന് മാതൃകയായത്. വ്യക്തിപരമായ പരിവർത്തനത്തിനും അതിന്റെ സ്ഥിരീകരണത്തിനായി പരിശുദ്ധാത്മാവിലൂടെയുള്ള ജ്ഞാനസ്നാനത്തിനും പരിവർത്തനത്തിന്റേയും അതിലെ സ്ഥിരതയുടേയും പ്രകടമായ തെളിവുകളിലൊന്നെന്ന നിലയിൽ ഭാഷാവരത്തിനും മറ്റും പ്രാധാന്യം കല്പിച്ച കുറേ വിശ്വാസികളിലായിരുന്നു പെന്തക്കോസ്തു പ്രസ്ഥാനത്തിന്റെ തുടക്കം. വ്യതിരിക്തമെന്നു തോന്നിച്ച ഈ വിശ്വാസാനുഷ്ഠാനങ്ങൾ പിന്തുടർന്ന ഈ വ്യക്തികൾക്ക് പരമ്പാരാഗത സഭകളിൽ ഇടം കണ്ടെത്താനാകാതെ വന്നതിനെ തുടർന്ന് അവർ ഒരു പ്രത്യേക വിഭാഗമായി മാറി. വ്യത്യസ്ത പെന്തക്കോസ്തു സഭകളുടെ ഉത്ഭവം അങ്ങനെയാണ്.


പെന്തക്കോസ്തു സഭകളെ അനുകരിച്ചുള്ള വ്യവസ്ഥാപിത സഭകളിലെ നവീകരണത്തിന്റെ തുടക്കം 1960-ൽ അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് വിഭാഗമായ എപ്പിക്കോസ്പൽ സഭയിലായിരുന്നു. കാലിഫോർണിയയിലെ വാൻ നുയ്സിൽ എപ്പിസ്കോപ്പൽ പുരോഹിതനായിരുന്ന ഡെനിസ് ജെ. ബെന്നെറ്റ് ആയിരുന്നു ഈ തുടക്കത്തിനു പിന്നിൽ. അദ്ദേഹത്തിന്റെ കാലത്ത് ഒൻപതുമണി എന്ന പുസ്തകം, അക്കാലത്തെ വ്യക്തിപരമായ അനുഭവങ്ങളുടെ വിവരണമാണ്.[2] ഈ പുതിയ പ്രസ്ഥാനത്തെ സൂചിപ്പിക്കാൻ "കരിസ്മാറ്റിക്" എന്ന വാക്ക് ആദ്യമായുപയോഗിച്ചത് 1962-ൽ ഹരാൽഡ് ബ്രഡേസൻ എന്ന ലൂഥറൻ പ്രഭാഷകൻ ആയിരുന്നു. "നവ-പെന്തകോസ്ത്" എന്നു അത് വിശേഷിപ്പിക്കുന്നതു കേട്ട്, "വ്യവസ്ഥാപിതസഭകളിലെ കരിസ്മാറ്റിക് നവീകരണം" എന്ന പേരാണ് ഈ പുതിയ പ്രസ്ഥാനത്തിനു കൂടുതൽ ചേരുക എന്ന് അഭിപ്രായപ്പെടുകയാണ് അദ്ദേഹം ചെയ്തത്.[3] രോഗശാന്തി, ഭാഷാവരം, ഭാഷാവ്യാഖ്യാനം, പ്രവചനം തുടങ്ങിയ ദാനങ്ങളെ സഭകൾ പൊതുവേ അവഗണിച്ചതായി കരുതുന്ന ഈ പ്രസ്ഥാനം, അവയുടെ പുനർജ്ജീവനത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്നു. കരിസ്മാറ്റിക് എന്ന വാക്ക്, ദാനം എന്നർത്ഥമുള്ള "കരിസ്മാ" (χάρισμα) എന്ന ഗ്രീക്ക് പദവുമായി ബന്ധപ്പെട്ടിരിക്കുന്നു. കരിസ്മായുടെ തന്നെ മൂലം, പൗലോസ് അപ്പസ്തോലൻ കൊറിന്ത്യർക്കെഴുതിയ ലേഖനത്തിലെ കൃപ, വരം എന്നൊക്കെ അർത്ഥമുള്ള "കരിസ്" (χάρις) എന്ന ഗ്രീക്ക് പദമാണ്. ഈ അർത്ഥം പിന്തുടർന്നാൽ, കൃപ ദാനമായി ലഭിച്ച് ആനന്ദഭരിതനായ ഏതു ക്രിസ്ത്യാനിയും "കരിസ്മാറ്റിക്ക്" ആകാം. എന്നാൽ വ്യവസ്ഥാപിതസഭകളിലെ ആത്മീയവരങ്ങളുടെ വരവിനെ സൂചിപ്പിക്കാൻ മാത്രമാണ് കരിസ്മാറ്റിക് പ്രസ്ഥാനം എന്ന് പേര് സാധാരണ ഉപയോഗിക്കാറുള്ളത്.

അവലംബം തിരുത്തുക

  1. Believe Religious Information Source web-site[1]
  2. ഡെനിസ് ജെ. ബെന്നറ്റ് കാലത്ത് ഒൻപതു മണി (ഗെയിൻസ്‌വില്ല; 1970. പുനപ്രസാധനം 2001, 2004)
  3. പീറ്റർ ഹോക്കൻ നവീകരണത്തിന്റെ അരുവികൾ: ബ്രിട്ടണിൽ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ഉല്പത്തിയും ആദ്യകാല വളർച്ചയും (Exeter; Paternoster, 1986) 184