ഡെൽഹി ഖരാനയിലെ പ്രശസ്തനായ തബല കലാകാരനായിരുന്നു ഉസ്താദ് ഫിയാസ് ഖാൻ. 1934-ൽ രാജസ്ഥാനിലെ സികർ എന്ന സ്ഥലത്ത് സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവ് നസീർ അലി കരോലിയിലെ മഹാരാജാവിന്റെ കൊട്ടാരത്തിൽ തബലയും സാരംഗിയും വായിച്ചിരുന്നു. മൂത്ത സഹോദരന്മുനീർ ഖാൻ പേരുകേട്ട സാരംഗി വിദ്വാൻ ആയിരുന്നു. ഉസ്താദ് ഹിദായത് അലി ഖാന്റെ കീഴിൽ പ്രാരംഭ ശിക്ഷണം നേടിയ ഫിയാസ് അലി ഖാൻ, തുടർന്ന് ഡെൽഹി ഖരാനയിലെ ഉസ്താദ് ഇനാം അലി ഖാന്റെ കീഴിൽ തബല അഭ്യസിച്ചു. രാംനാട് ഈശ്വരനിൽ നിന്നും മൃദംഗവും അഭ്യസിച്ചിട്ടുണ്ട്.

ഉസ്താദ് ഫിയാസ് ഖാൻ
ഉത്ഭവം ഇന്ത്യ

1955-ൽ ആകാശവാണി ജയ്‌പൂരിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 1958-ഇൽ ഡെൽഹി ആകാശവാണിയിലേക്ക് മാറി. 1993-ൽ സ്റ്റാഫ് ആർട്ടിസ്റ്റ് ആയി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. 1992-ൽ അമേരിക്കയിലെ മിസോറിയിലെ വാഷിങ്ടൺ യൂണിവേഴിസിറ്റിയിൽ അദ്ധ്യാപനം നിർ‌വഹിച്ച ഇദ്ദേഹം റോട്ടർഡാം കൺസർ‌വേറ്ററിയിലും ജോലി നോക്കി.

പ്രശസ്തരായ ഒട്ടേറെ പ്രതിഭകൾക്ക് പിന്നണിയായും സ്വന്തമായും ലോകത്തങ്ങോളമിങ്ങോളം സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ബഡേ ഗുലാം അലിഖാൻ,ബീഗം അഖ്തർ, പന്നാലാൽ ഖോഷ് തുടങ്ങിയ പഴയകാല പ്രതിഭകളോടൊപ്പവും, പണ്ഡിറ്റ് രവിശങ്കർ, പര്‌വീൺ സുൽത്താന, ഭീംസെൻ ജോഷി, ഹരിപ്രസാദ് ചൗരാസ്യ തുടങ്ങിയ പിൽക്കാല മഹാരഥരോടൊപ്പവുമടക്കം സംഗീതത്തിലെ മൂന്നു തലമുറയോടൊപ്പം സംഗീതപരിപാടികൾ അവതരിപ്പിക്കാനുള്ള ഭാഗ്യം ഇദ്ദേഹത്തിനു സിദ്ധിച്ചു. 2014 നവംബർ 12-ന് 80-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.



"https://ml.wikipedia.org/w/index.php?title=ഉസ്താദ്_ഫിയാസ്_ഖാൻ&oldid=2531440" എന്ന താളിൽനിന്ന് ശേഖരിച്ചത്