ചുവപ്പ്-പച്ച നിറങ്ങളുടെ കുറവുകൾക്കായുള്ള (വർണ്ണാന്ധത) കളർ പെർസെപ്ഷൻ ടെസ്റ്റാണ് ഇഷിഹാര ടെസ്റ്റ്. സ്യൂഡോ-ഐസോക്രോമാറ്റിക് പ്ലേറ്റുകൾ ("പി‌ഐ‌പി") എന്നറിയപ്പെടുന്ന ഇത് വിജയകരമായ വർണ്ണ ദർശന പരിശോധനകളിൽ ആദ്യത്തേത് ആണ്. ടോക്കിയോ സർവകലാശാലയിലെ പ്രൊഫസറായ ഷിനോബു ഇഷിഹാര 1917ൽ ഡിസൈൻ ചെയ്ത് പബ്ലിഷ് ചെയ്ത ഈ ടെസ്റ്റ് അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു. [1]

ഇഷിഹാര ടെസ്റ്റ്
Intervention
ഒരു ഇഷിഹാര കളർ ടെസ്റ്റ് പ്ലേറ്റിന്റെ ഉദാഹരണം. സാധാരണ വർ‌ണ്ണ ദർശനം ഉള്ളവർക്ക് "74" എന്ന നമ്പർ‌ വ്യക്തമായി കാണാനാകും. ഡൈക്രൊമസി അല്ലെങ്കിൽ അനോമാലസ് ട്രൈക്രോമസി ഉള്ളവർ ഇത് "21" എന്ന് വായിക്കാം, മോണോക്രോമസി ഉള്ളവർക്ക് നമ്പറുകൾ ഒന്നും കാണാൻ കഴിയില്ല.
ICD-9-CM95.06
MeSHD003119

ഈ പരിശോധനയിൽ ഇഷിഹാര പ്ലേറ്റുകൾ എന്ന് വിളിക്കുന്ന നിരവധി നിറങ്ങളിലുള്ള പ്ലേറ്റുകൾ ഉപയോഗിക്കുന്നു, അവയിൽ ഓരോന്നിനും നിറത്തിലും വലുപ്പത്തിലും ക്രമരഹിതമായി പ്രത്യക്ഷപ്പെടുന്ന പൊട്ടുകൾ അടങ്ങിയ ഒരു വൃത്തം ഉണ്ട്.[2] വൃത്തത്തിനുള്ളിൽ, സാധാരണ വർണ്ണ ദർശനം ഉള്ളവർക്ക് വ്യക്തമായി കാണാവുന്നതും, ചുവപ്പ്-പച്ച വർണ്ണ ദർശന വൈകല്യം ഉള്ളവർക്ക് അദൃശ്യമായതോ, കാണാൻ ബുദ്ധിമുട്ടുള്ളതോ, വേറേ അക്കമോ രൂപമോ ആയി തോന്നുന്നതോ ആയ ഒരു സംഖ്യയോ രൂപമോ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ചില പ്ലേറ്റുകൾ മനപൂർവ്വം രൂപകൽപ്പന ചെയ്തിരിക്കുന്നത് ചുവപ്പ്-പച്ച വർണ്ണ വൈകല്യമുള്ളവർക്ക് മാത്രം കാണാൻ കഴിയുന്ന രീതിയിലാണ്, സാധാരണ വർണ്ണ ദർശനമുള്ളവർക്ക് ഇതിൽ നമ്പറുകൾ അല്ലെങ്കിൽ രൂപം കാണാൻ കഴിയില്ല. പൂർണ്ണ പരിശോധനയിൽ 38 പ്ലേറ്റുകൾ അടങ്ങിയിരിക്കുന്നു. കടുത്ത കുറവുകളുടെ അസ്തിത്വം കുറച്ച് പ്ലേറ്റുകൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ. 10, 14 അല്ലെങ്കിൽ 24 ടെസ്റ്റ് പ്ലേറ്റുകൾ അടങ്ങിയ ഇഷിഹാര ടെസ്റ്റുകളും ഉണ്ട്.[3]

പ്ലേറ്റുകൾ തിരുത്തുക

 
ഇഷിഹാര പ്ലേറ്റ് നമ്പർ 1, ഇവിടെ കറുപ്പും വെളുപ്പും നിറത്തിൽ അവതരിപ്പിച്ചിരിക്കുന്നു, അതുവഴി പൂർണ്ണമായി കളർബ്ലൈൻഡ് പോലും ടെസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുന്നു.

പലതരം ടെസ്റ്റ് ഡിസൈനുകൾ പ്ലേറ്റുകളിൽ ഉൾക്കൊള്ളുന്നു:[4]

  • ഡെമോൺസ്‌ട്രേഷൻ പ്ലേറ്റ് (പ്ലേറ്റ് നമ്പർ ഒന്ന്, സാധാരണയായി "12" എന്ന സംഖ്യ). ഇത് സാധാരണ വർണ്ണ ദർശനം ഉള്ളവർക്കും, വർണ്ണാന്ധത ഉള്ളവർക്കും വായിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ടെസ്റ്റ് പരിചയപ്പെടുത്തുന്നതിന് മാത്രം ആണ് ഇത് ഉപയോഗിക്കുന്നത്, സ്ക്രീനിംഗ് ആവശ്യങ്ങൾക്കായി സാധാരണ ആദ്യ പേജ് പരിഗണിക്കില്ല.
  • ട്രാൻസ്ഫൊർമേഷൻ പ്ലേറ്റുകൾ: ഈ പേജുകളിൽ വർണ്ണദർശന വൈകല്യമുള്ള വ്യക്തികൾ, സാധാരണ വർണ്ണ ദർശനം ഉള്ള വ്യക്തികളിൽ നിന്ന് വ്യത്യസ്തമായ ഒരു രൂപം അല്ലെങ്കിൽ അക്കം കാണണം.
  • വാനിഷിങ്ങ് പ്ലേറ്റുകൾ: സാധാരണ വർണ്ണ കാഴ്ചയുള്ള വ്യക്തികൾക്ക് മാത്രമേ ഇതിലെ ചിത്രം തിരിച്ചറിയാൻ കഴിയൂ.
  • ഹിഡൺ ഡിജിറ്റ് പ്ലേറ്റുകൾ: വർണ്ണ കാഴ്ച വൈകല്യമുള്ള വ്യക്തികൾക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്ന അക്കങ്ങൾ അല്ലെങ്കിൽ ചിത്രങ്ങൾ ആണ് ഇതിൽ.
  • ഡയഗ്നോസ്റ്റിക് പ്ലേറ്റുകൾ: വർണ്ണാന്ധതയും (പ്രോട്ടനോപിയ അല്ലെങ്കിൽ ഡ്യൂട്ടറോനോപിയ) അതിന്റെ തീവ്രതയും നിർണ്ണയിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്.

ചരിത്രം തിരുത്തുക

1879 ൽ ടോക്കിയോയിലെ ഒരു കുടുംബത്തിൽ ജനിച്ച ഷിനോബു ഇഷിഹാര ഇംപീരിയൽ സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം ആരംഭിച്ചു. അവിടെ സൈനിക സ്കോളർഷിപ്പിൽ ചേർന്നു.[5] ഒന്നാം ലോകമഹായുദ്ധം തുടങ്ങിയ കാലഘട്ടത്തിൽ ജർമ്മനിയിൽ നേത്രരോഗത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയിരുന്നു അദ്ദേഹം. തന്റെ ഫീൽഡുമായി ബന്ധപ്പെട്ട ഒരു സൈനിക സ്ഥാനം വഹിക്കുമ്പോൾ, വർണ്ണാന്ധത പരിശോധന ചാർട്ട് നിർമ്മിക്കാനുള്ള ചുമതല അദ്ദേഹത്തിന് നൽകി. ജർമ്മൻ നേത്രരോഗവിദഗ്ദ്ധനായ ജാക്കോബ് സ്റ്റില്ലിംഗിന്റെ പേരിലുള്ള സ്റ്റില്ലിംഗ് ടെസ്റ്റും, നിലവിലുള്ള മറ്റ് ടെസ്റ്റുകളും പഠിച്ചതിനുശേഷം, മെച്ചപ്പെട്ടതും കൂടുതൽ കൃത്യവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ടെസ്റ്റ് നിർമ്മിക്കുന്നതിനായി അദ്ദേഹത്തിന്റെ ശ്രദ്ധ. സ്യൂഡോ-ഐസോക്രോമാറ്റിസം എന്ന ആശയം ഉപയോഗിച്ച് ഇഷിഹാര നിർമ്മിച്ച ആ ചാർട്ടാണ് വർണ്ണാന്ധത പരിശോധിക്കാൻ ഇന്നും ഏറ്റവും കൂടുതൽ ഉപയോഗിച്ചുവരുന്നത്.

ടെസ്റ്റ് നടപടിക്രമങ്ങൾ തിരുത്തുക

അച്ചടിച്ച പ്ലേറ്റ് ആയതിനാൽ, പരിശോധനയുടെ കൃത്യത പേജ് പ്രകാശിപ്പിക്കുന്നതിന് ശരിയായ ലൈറ്റിംഗ് ഉപയോഗിക്കുന്നതിനെ കൂടി ആശ്രയിച്ചിരിക്കുന്നു. ഏറ്റവും കൃത്യമായ ഫലങ്ങൾ നൽകാൻ 6000–7000 കെ വർണ്ണതാപനിലയുള്ള (അനുയോജ്യമായത്: 6500 കെ, കളർ റെൻഡറിംഗ് സൂചിക (സി‌ആർ‌ഐ)> 90) ഒരു "ഡേലൈറ്റ്" ബൾബ് ല്യൂമിനേറ്റർ ആവശ്യമാണ് ആവശ്യമാണ്. ഫ്ലൂറസെന്റ് ബൾബുകൾ സ്കൂൾ പരിശോധനയിൽ പലതവണ ഉപയോഗിക്കുന്നു, പക്ഷേ ഫ്ലൂറസെന്റ് ബൾബുകളുടെ നിറവും അവയുടെ സിആർഐയും വ്യാപകമായി വ്യത്യാസപ്പെടാം. ഇൻകാൻഡസന്റ് ബൾബുകൾ ഉപയോഗിക്കാൻ പാടില്ല, കാരണം അവയുടെ കുറഞ്ഞ വർണ്ണതാപനില (മഞ്ഞ-നിറം) വളരെ കൃത്യതയില്ലാത്ത ഫലങ്ങൾ നൽകുന്നു, ഇത് വർണ്ണ ദർശനത്തിൽ കുറവുള്ള ചിലരെ പ്രശ്നങ്ങളൊന്നുമില്ലെന്നു തെറ്റിദ്ധരിച്ച് കടന്നുപോകാൻ അനുവദിക്കുന്നു.

ഒരു ഉത്തരത്തിനായി ഒരു പ്ലേറ്റിന് മൂന്ന് സെക്കൻഡ് മാത്രം നൽകുക, സംഖ്യകളെ പരിശീലിപ്പിക്കുകയോ, സ്പർശിക്കുകയോ അനുവദിക്കാതിരിക്കുക എന്നതാണ് ശരിയായ പരിശോധന രീതി. ഓരോ പേജുകളും മനപാഠമാക്കി വന്ന് വായിക്കുന്നതിലൂടെയുള്ള കബളിപ്പിക്കൽ ഒഴിവാക്കാൻ പ്ലേറ്റുകൾ ക്രമരഹിതമായി കാണിക്കുന്നതാണ് നല്ലത്. ചില സ്യൂഡോ-ഐസോക്രോമാറ്റിക് പ്ലേറ്റ് പുസ്തകങ്ങളിൽ ബൈൻഡറുകളുണ്ട്, ക്രമരഹിതമായ പരിശോധനയ്ക്ക് വേണ്ടി പ്ലേറ്റുകൾ ഇടയ്ക്കിടെ പുനക്രമീകരിക്കാം.

ഇഷിഹാര കളർ ബ്ലൈൻഡ്നെസ് ടെസ്റ്റ് അതിന്റെ സൃഷ്ടിക്ക് ശേഷം ലോകമെമ്പാടും ഏറ്റവും സാധാരണയായി ഉപയോഗിച്ചുവരുന്ന വർണ്ണാന്ധത പരിശോധന രീതിയാണ്. ഇന്ന് ഇഷിഹാര ടെസ്റ്റിന്റെ യഥാർത്ഥ പേപ്പർ പതിപ്പിന് പുറമേ ഇത് ഓൺലൈനിലും ലഭ്യമാണ്. രണ്ട് മാധ്യമങ്ങളും ഒരേ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നതെങ്കിലും, കൃത്യമായ രോഗനിർണയത്തിന് വ്യത്യസ്ത രീതികൾ ആവശ്യമാണ്.

തൊഴിൽ സ്ക്രീനിംഗ് തിരുത്തുക

വിവിധ സേനാ വിഭാഗങ്ങളിലേക്കും, റെയിൽവേ, പോലീസ്, അർദ്ധ സൈനിക വിഭാഗങ്ങൾ, ഫയർ ഫോഴ്സ് തുടങ്ങി വർണ്ണ ദർശനം കൃത്യതയോടെയിരിക്കേണ്ട ഒരുപാട് തൊഴിലുകളിൽ പ്രവേശിക്കുന്നതിന് മുന്നോടിയായുള്ള മെഡിക്കൽ പരിശോധനയിൽ വർണ്ണാന്ധത ഇല്ലെന്ന് ഉറപ്പിക്കാൻ ഉപയോഗിക്കുന്നത് ഇഷിഹാര ചാർട്ട് ആണ്.

പരാമർശങ്ങൾ തിരുത്തുക

  1. S. Ishihara, Tests for color-blindness (Handaya, Tokyo, Hongo Harukicho, 1917).
  2. Kindel, Eric. "Ishihara". Eye Magazine. Retrieved 3 December 2013.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2020-12-08. Retrieved 2020-05-25.
  4. Fluck, Daniel. "Color Blindness Tests". Colblinder. Retrieved 3 December 2013.
  5. "Whonamedit - dictionary of medical eponyms". www.whonamedit.com. Retrieved 2015-08-12.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇഷിഹാര_ടെസ്റ്റ്&oldid=3812251" എന്ന താളിൽനിന്ന് ശേഖരിച്ചത്