സംഗീതശാസ്ത്രവിധിപ്രകാരം രാഗങ്ങളെ അവയുടെമേളം അവലംബമാക്കി യുക്തംപോലെ അംശാദിസ്വരങ്ങൾ പ്രകാശിപ്പിച്ചും ഉചിതങ്ങളായ ഗമകങ്ങളും സ്ഥാനങ്ങളും സ്വീകരിച്ചും രാഗസ്വഭാവവും സവിശേഷതകളും ഏറ്റവും സ്പ്ഷ്ടമാക്കുമാറ് പാടി അവതരിപ്പിക്കുന്ന ഗാനപദ്ധതിയാണ്‌ ആലാപനം.

സാധാരണ വ്യവഹാരത്തിൽ ആലാപന എന്നപദത്തിന് പാടുക നർമഭാഷണംചെയ്യുക എന്നെല്ലാം അർത്ഥമുണ്ടെങ്കിലും രാഗവിസ്താരം ചെയ്യുക എന്ന അർത്ഥത്തിൽ ഒരു സാങ്കേതിക സജ്ഞയായിട്ടാണ് സംഗീതശാസ്ത്രത്തിൽ ആലാപന വ്യവഹരിച്ചുപോരുന്നത്. ആലാപനം, ആലാപം, ആലപ്തി എന്നീ പദങ്ങളും ആലാപനത്തിൻറെ പര്യായങ്ങളായി പ്രയോഗിക്കപ്പെടുന്നുണ്ട്. രാഗവിസ്താരം, രാഗാലാപം എന്നീപദങ്ങൾക്കും ഇതേ അർത്ഥംതന്നെയാണുള്ളത്. കർണാടക സംഗീതത്തിൽ ആലാപനയ്ക്കു മൂന്ന് വകുപ്പുകളുണ്ട്: രാഗം, താനം, പല്ലവി. ഒരേ രാഗത്തെ ഈ മൂന്ന് പ്രകാരേണ ആലപിക്കാവുന്നതാണ്.

രാഗാലാപന തിരുത്തുക

താളവും സാഹിത്യവും കൂടാതെ അകാരാദി സ്വരാക്ഷരങ്ങളോ ത, ദ, രി, ന, നം, താം എന്നീ വ്യഞ്ജനാക്ഷരങ്ങളോ ഉപയോഗിച്ച് രാഗം വിസ്തരിച്ചു പാടുന്നതിനാണ് രാഗാലാപനമെന്നു പറയുന്നത്. സാഹിത്യമടങ്ങിയ ഒരുകൃതി മുൻ‌‌കൂട്ടി പാടി ചിട്ടപ്പെടുത്തി വച്ചിരിക്കും. എന്നാൽ രാഗാലാപനത്തെ സംബന്ധിച്ചിടത്തോളം ഈ ചിട്ടപ്പെടുത്തലിന് അത്ര പ്രസക്തിയില്ല. മുൻ‌‌കൂട്ടി തയ്യാറാക്കാതെ മനോധർമമനുസരിച്ച് അപ്പപ്പോൾ പാടുന്നതായതുകൊണ്ട് ഇതിൻറെ വിശദാംശങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കും; അതുകൊണ്ടുതന്നെ ഇതെപ്പോഴും നൂതനവും ഹൃദയാവര്ജകവുമായിരിക്കും.

ആലാപന രണ്ടുതരമുണ്ട്; സംഗ്രഹാലാപനയും സമ്പൂർണ്ണാലാപനയും.

സംഗ്രഹാലാപന തിരുത്തുക

രാഗത്തിൻറെ മുഴുവന് ആസ്വാദ്യതയും സംഗ്രഹരൂപത്തില് വെളിവാക്കിക്കൊണ്ട് സ്ഥായികളിൽ ചെയ്യുന്ന രാഗവിസ്താരമാണിത്. കൃതികള് പാടുമ്പോൾ തുടക്കത്തിൽ ചെയ്യുന്ന രാഗവിസ്താരം എപ്പോഴും സംഗ്രഹലാപമായിരിക്കും. പാടുവാൻ പോകുന്ന കൃതിയെ സംബന്ധിച്ച് ചില സൂചനകൾ ശ്രോതാക്കൾക്ക് നല്കത്തവണ്ണം കൃതിയിലെ പ്രധാന പ്രയോഗങ്ങളിൽ മാത്രം ഊന്നിപ്പോകുന്ന ഈ രാഗവിസ്താരം കൃതി പാടുവാൻ വേണ്ടിവരുന്ന സമയത്തിൽ കവിയാൻ പാടുള്ളതല്ല.


സമ്പൂര്ണാലാപന തിരുത്തുക

രാഗത്തിൻറെ മുഴുവൻ ആസ്വാദ്യതയും വ്യക്തമാക്കിക്കൊണ്ട് രാഗരൂപം വ്യഞ്ജിപ്പിക്കുമാറ് മൂന്നു സ്ഥായികളിലെ വിവിധവശങ്ങള് അവധാനതയോടെ വിസ്തരിച്ച് ആലപിക്കുന്നതിനെയാണ് സമ്പൂർണ്ണാഅലാപന എന്ന് പറയുന്നത്. രാഗം-താനം-പല്ലവിയിൽ നടത്തുന്ന ആലാപന സമ്പൂർണ്ണാലാപനയാണ്. തോടി, സാവേരി, ഭൈരവി, മോഹനം, കാംബോജി, കല്യാണി തുടങ്ങി ഇഷ്ടംമ്പോലെ വിസ്തരിച്ച് ആലപിക്കുവാൻ വക നല്കുന്ന പ്രമുഖ രഗങ്ങളിലുള്ള വിളംബകാല കൃതികൾ പാടുമ്പോൾ തുടക്കത്തിൽ സമ്പൂർണ്ണാലാപനയാണ് ചെയ്യാറുള്ളത്. ഈ രാഗങ്ങൾ വിളംബകാലത്തിൽ ആലപിക്കുമ്പോഴും താനത്തിൽ പാടുമ്പോഴും മാത്രം തനതായ സ്വഭാവവിശേഷങ്ങൾ സ്പഷ്ടമാക്കുന്ന രക്തിരാഗങ്ങളാണ്; അതുകൊണ്ടുതന്നെ ഇവ വിളംബകാലത്തിലും മധ്യമകാലത്തിലും ആലപിക്കപ്പെടുന്നു; അതിനാല് രാഗവിസ്താരം ഇവയ്ക്ക് അനുപേക്ഷണീയവുമാണ്.

രാഗാലാപനയ്ക്ക് മൂന്ന് പ്രധാന ഘട്ടങ്ങളുണ്ട്; ആക്ഷിപ്തികം, രാഗവർദ്ധിനി, സ്ഥായി.

ആക്ഷിപ്തികം തിരുത്തുക

രാഗത്തിൻറെ സവിശേഷതകൾ വ്യഞ്ജിപ്പിക്കുന്ന പ്രാരംഭഘട്ടമാണിത്. ആയാതം, ആയിത്തം, ആയത്തം എന്നിങ്ങനെയും ഇതിനു പേരുകളുണ്ട്. രാഗരൂപം ആദ്യമായി പ്രക്ഷപ്പെടുന്നത് ഈ ഘട്ടത്തിലാണ്

രാഗവർദ്ധിനി തിരുത്തുക

ആലാപനത്തിൻറെ രണ്ടാംഘട്ടമായ ഇതിന് കരണം എന്നും പേരുണ്ട്. രാഗാലാപനത്തിൻറെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഈ ഘട്ടത്തിന് മൂന്ന് ഉൾപിരിവുകളുണ്ട്; ഒന്നാമത്തേത് മന്ദ്രസ്ഥായിയിലും രണ്ടാമത്തേത് മധ്യസ്ഥായിയിലും മൂന്നാമത്തേത് താരസ്ഥായിയിലും ഉള്ള പ്രസ്താരങ്ങള് നടത്തുന്നതിനുള്ള അവസരങ്ങളാണ്.

സ്ഥായി തിരുത്തുക

ഇത് ആലാപനത്തിൻറെ മൂന്നാം ഘട്ടമാണ്. മധ്യമകാലത്തിൽ ആരോഹണസ്ഥായിയെന്നും അവരോഹണസ്ഥായിയെന്നും രണ്ടുതരം ആലാപനങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്ഥായി.

താനം തിരുത്തുക

താ, നം, ത, അഥവാ തം, നം, തം, എന്നീ മൂന്നക്ഷരങ്ങൾ ഒരേ ക്രമത്തിലും പല പ്രകാരത്തിലും ഉച്ചരിച്ചുകൊണ്ട് മധ്യമകാലത്തില് രാഗം പാടുന്ന സമ്പ്രദായമാണ് താനം. മധ്യമകാലഗാനം എന്നും ഇതിനെ പറയാറുണ്ട്. പ്രാചീന സംഗീത ശാസ്ത്രത്തിൽ സ്വരപ്രസ്താരത്തിനാണ് താനം എന്നു പറഞ്ഞിരുന്നത്; എന്നാൽ ഇന്ന് ഇത് രാഗപ്രസ്താരമാണ്. ഇതിന് കാലപ്രമാണമുണ്ട്; പക്ഷേ താളനിബന്ധന ഇല്ല. ദ്രുത കാലത്തിലുള്ള താനപ്രസ്താരത്തിന് ഘനതാനമെന്നും പേരുണ്ട്.

പല്ലവി തിരുത്തുക

നിശ്ചിതമായ ഒരാശയത്തെ സാഹിത്യത്തിൻറെയും രാഗരൂപത്തിൻറെയും സഹായത്തോടുകൂടി പ്രകടിപ്പിക്കുന്നതാണ് പല്ലവി. ഇതിൻറേ ആലാപന വളരെ പ്രാധാന്യം അർഹിക്കുന്നു. പദം, ലയം, വിന്യാസം, ഇവ മൂന്നും ചേർന്നതാണിത് സർഗാത്മകസംഗീതത്തിൽ പല്ലവിക്കു പരമപ്രധാനമായ സ്ഥാനമാണുള്ളത്. പല്ലവിയിൽ സംഗീതവും സാഹിത്യവും നന്നായി ഇണങ്ങിച്ചേർന്നിരിക്കണം. ഇതിലെ സാഹിത്യം ഒന്നോ രണ്ടോ താളവട്ടത്തിൽ ഒതുങ്ങതക്കവണ്ണം അക്ഷരം കുറവായും ഉള്ള അക്ഷരങ്ങൾ താളത്തിൻറെ ഓരോ അംശത്തോട് ഇണങ്ങിയും ഇരിക്കണം.

പ്രഥമാംഗം, ദ്വിതീയാംഗം എന്നിങ്ങനെ രണ്ടുഭാഗങ്ങൾ പല്ലവിക്കുണ്ടായിരിക്കും. പ്രധമാംഗം അവസാനിക്കുന്നിടത്തിന് പദഗർഭം എന്നുപറയുന്നു. പദഗർഭത്തെതുടർന്നാണ് ദ്വിതീയാംഗം ആരംഭിക്കുന്നത്. ദ്വിതീയാംഗം ആരംഭിക്കുന്നതിനുമുമ്പ് ചെറിയ ഒരു ഇടവേള ഉണ്ടായിരിക്കും പല്ലവിയുടെ എടുപ്പ് സമത്തിലോ അതീതത്തിലോ അനാഗതത്തിലോആകാം. പ്രധമാംഗം ചതുരശ്രഗതിയിലും ദ്വിതീയാംഗം തിസ്രഗതിയിലും ആകാം; മറിച്ചു പാടാവുന്ന പല്ലവികളുമുണ്ട്. പല്ലവി പാടുമ്പോൾ തുടക്കം മുതൽ ഒടുക്കം വരെ ഏതുകാലത്തിൽ പാടിയാലും സാഹിത്യാക്ഷരങ്ങൾ ഓരോന്നും നിൽക്കുന്ന താളസ്ഥാനത്തിനു മാറ്റം പാടില്ല. സംഗതി, നിരവല്, കല്പനസ്വരം, രാഗമാലികസ്വരങ്ങള്, അനുലോമം, പ്രതിലോമം മുതലായ പല വശങ്ങളും പല്ലവി പാടുന്നതിനുണ്ട്. ഇവയെല്ലാംതന്നെ ആലാപനത്തിൻറെ വൈവിധ്യമാർന്ന സവിശേഷതകളെ പ്രധിനിധാനം ചെയ്യുന്നവയാണ്. [1]

അവലംബം തിരുത്തുക

  1. മലയാളം സർ‌‌വവിഞ്ജാന കോശം വാല്യം 3 പേജ് 352; state institute of Encyclopedic Publication, TVM.
"https://ml.wikipedia.org/w/index.php?title=ആലാപനം&oldid=1689947" എന്ന താളിൽനിന്ന് ശേഖരിച്ചത്