ലൈംഗികത പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രത്യുത്പാദനരീതി ആണ് അസംഗജനനം. മിക്ക ജീവികളിലും ലൈംഗിക പ്രത്യുത്പാദനമാണ് നടക്കുന്നത്. ബീജാണ്ഡസംയോജനം ഇത്തരത്തിലുള്ള പ്രത്യുത്പാദനത്തിന് അനിവാര്യമാണ്. ബീജാണ്ഡങ്ങളുടെ പരിപക്വനസമയത്ത് ക്രോമസോമുകളുടെ എണ്ണം പകുതിയായി കുറയുന്നതുമൂലം ബീജസങ്കലനഘട്ടത്തിൽ സ്പീഷീസിനു സഹജമായ ക്രോമസോം നില കൈവരുന്നു. ഇങ്ങനെ പ്രത്യുത്പാദനം നടന്നുകൊണ്ടിരിക്കുന്ന പല ജീവികളിലും കാലക്രമത്തിൽ പരിണാമം സംഭവിച്ച് ലൈംഗികത നഷ്ടപ്പെടുകയും അലൈംഗികമായ മാർഗങ്ങളാൽ പ്രത്യുത്പാദനം നടക്കാനിടയാകുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് അസംഗജനനം. ലൈംഗികമായും അലൈംഗികമായും പ്രത്യുത്പാദനം നടക്കുന്ന പല സസ്യങ്ങളുമുണ്ട്; ഈ രീതിയെ അസംഗജനനമായി കണക്കാക്കാനാകില്ല.

Vegetative apomixis in Poa bulbosa; bulbils form instead of flowers

ജന്തുക്കളിൽ തിരുത്തുക

ജന്തുക്കളിൽ ഇപ്രകാരം പ്രത്യുത്പാദനം നടക്കുന്നത് അനിഷേകജനനം മൂലമാണ്. ബീജസങ്കലനമില്ലാതെതന്നെ ഇവയിൽ അണ്ഡവികാസം സംഭവിക്കുന്നു. ചില റോട്ടിഫെറുകൾ, വിരകൾ , ക്രസ്റ്റേഷ്യകൾ , പ്രാണികൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. അണ്ഡകോശത്തിലെ ക്രോമസോമുകളുടെ എണ്ണം പരിപക്വനസമയത്ത് കുറയാതെ നിലനിർത്തുന്നതിനു പല സമ്പ്രദായങ്ങളും കണ്ടുവരുന്നു. ഐച്ഛികമായുള്ള അനിഷേകജനനം തേനീച്ചകളിൽ കണ്ടുവരുന്നുണ്ട്. ബീജസങ്കലനമില്ലാതെ അണ്ഡം വികാസം പ്രാപിക്കുന്നതാണ് ആൺതേനീച്ചകൾ; മറിച്ച് ബീജസങ്കലനമുണ്ടാകുമ്പോൾ പെൺതേനീച്ചകളും ഉണ്ടാകുന്നു. ചില റോട്ടിഫെറുകളിലും ക്രസ്റ്റേഷ്യകളിലും അനിഷേകജനനം മാത്രമാണ് പ്രത്യുത്പാദനമാർഗം.

സസ്യങ്ങളിൽ തിരുത്തുക

ചില പന്നൽച്ചെടികൾ, തൃണവർഗങ്ങൾ, ഉള്ളി വർഗങ്ങൾ തുടങ്ങിയ സസ്യങ്ങളിൽ അസംഗജനനം മൂലമാണ് പ്രത്യുത്പാദനം നടക്കുന്നത്. എലോഡിയ കാനഡെൻസിസ് ഐച്ഛികമായ അസംഗജനനത്തിന് ഉദാഹരണമാണ്. ശൈത്യമേഖലകളിൽ കായികപ്രജനനം മൂലവും, ഉഷ്ണമേഖലാപ്രദേശങ്ങളിൽ ലൈംഗികവും അലൈംഗികവുമായ മാർഗങ്ങൾ മുഖേനയുമാണ് ഈ സസ്യത്തിൽ പ്രത്യുത്പാദനം നടക്കുന്നത്. അവികല്പരൂപത്തിലുള്ള അസംഗജനനം സസ്യങ്ങളിൽ വിരളമാണെങ്കിലും ചില തൃണവർഗങ്ങളിൽ ഇതു സാധാരണമാണ്. മറ്റു ചിലവയെ അപൂർണമായ അവികല്പി എന്നു വിളിക്കാവുന്നതാണ്. ഇവയിൽ ചിലപ്പോഴെല്ലാം പുഷ്പങ്ങൾ വിരിയുകയും അപ്പോഴെല്ലാം ലൈംഗികമായ പ്രത്യുത്പാദനം നടക്കുകയും ചെയ്യുന്നു. അസംഗജനനത്തിന്റെയും ലൈംഗിക പ്രത്യുത്പാദനത്തിന്റെയും ആവൃത്തി നിശ്ചയിക്കുന്നത് ജനിതകഘടനയും പരിസരവുമായുള്ള ലോലമായ പൊരുത്തത്തിലൂടെയാണ്. തൃണവർഗങ്ങളും ഉള്ളി ഇനങ്ങളും പെട്ടെന്നു പെരുകുന്നത് വിത്തുകൾക്കു പകരം ബൾബിൽസ് എന്നറിയപ്പെടുന്ന പ്രോപ്പഗ്യുളുകൾ മുഖേനയാണ്.

പായലുകൾ, പന്നൽവർഗച്ചെടികൾ തുടങ്ങിയ പല സസ്യങ്ങളിലും ഗാമറ്റോഫൈറ്റ്, സ്പോറോഫൈറ്റ് എന്നീ സ്പഷ്ടമായ രണ്ടു പരമ്പരകൾ ആവർത്തനരൂപത്തിലുണ്ടായിരിക്കും. ലൈംഗികമായ പ്രത്യുത്പാദനം നടക്കുന്നവയിൽ ഗാമറ്റോഫൈറ്റ് ഏകഗുണിതവും സ്പോറോഫൈറ്റ് ദ്വിഗുണിതവുംആയിരിക്കും. ബീജസങ്കലനവും ന്യൂനീകരണവിഭജനവും ആണ് ഈ നില കൈവരുത്തുന്നത്. അസംഗജനനം മാത്രമുള്ള ചില പന്നൽ വർഗങ്ങളിലും പ്രസ്തുത പരമ്പരകൾ ഒന്നിടവിട്ടു കാണാം. ഗാമറ്റോഫൈറ്റിൽ ന്യൂനീകരണവിഭജനമില്ലാതെ ദ്വിഗുണിത അവസ്ഥ നിലനില്ക്കുന്നതുകൊണ്ടും ബീജസങ്കലനമില്ലാത്ത അണ്ഡവികാസംകൊണ്ട് സ്പോറോഫൈറ്റുണ്ടാകുന്നതിനാലുമാണ് ഇതു സാധ്യമാകുന്നത്.

പായലുകൾ, പന്നൽവർഗച്ചെടികൾ തുടങ്ങിയ പല സസ്യങ്ങളിലും ഗാമറ്റോഫൈറ്റ്, സ്പോറോഫൈറ്റ് എന്നീ സ്പഷ്ടമായ രണ്ടു പരമ്പരകൾ ആവർത്തനരൂപത്തിലുണ്ടായിരിക്കും. ലൈംഗികമായ പ്രത്യുത്പാദനം നടക്കുന്നവയിൽ ഗാമറ്റോഫൈറ്റ് ഏകഗുണിതവും സ്പോറോഫൈറ്റ് ദ്വിഗുണിതവുംആയിരിക്കും. ബീജസങ്കലനവും ന്യൂനീകരണവിഭജനവും ആണ് ഈ നില കൈവരുത്തുന്നത്. അസംഗജനനം മാത്രമുള്ള ചില പന്നൽ വർഗങ്ങളിലും പ്രസ്തുത പരമ്പരകൾ ഒന്നിടവിട്ടു കാണാം. ഗാമറ്റോഫൈറ്റിൽ ന്യൂനീകരണവിഭജനമില്ലാതെ ദ്വിഗുണിത അവസ്ഥ നിലനില്ക്കുന്നതുകൊണ്ടും ബീജസങ്കലനമില്ലാത്ത അണ്ഡവികാസംകൊണ്ട് സ്പോറോഫൈറ്റുണ്ടാകുന്നതിനാലുമാണ് ഇതു സാധ്യമാകുന്നത്.

പഠനങ്ങൾ തിരുത്തുക

അസംഗജനനത്തെക്കുറിച്ചുള്ള പഠനങ്ങൾ ആരംഭിച്ചത് വിങ്ക്ളർ എന്ന ശാസ്ത്രകാരനാണ്. സസ്യങ്ങളിലുള്ള അസംഗജനനത്തിന്റെ ഉത്പത്തി, പരിണാമം, അടിസ്ഥാനം എന്നീ വിഷയങ്ങളെക്കുറിച്ച് സ്റ്റെബിൻസ് , ഗസ്റ്റാഫ്സൺ തുടങ്ങിയവർ വിപുലമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. വർഗസങ്കരണത്തിൽനിന്നാണ് അസംഗജനനമുള്ള പല സ്പീഷീസുകളുടെയും ഉദ്ഭവമെന്നും, അവയിൽ പലതും ബഹുഗുണിതങ്ങളാണെന്നും കാണുന്നുണ്ട്; ഇവ (വർഗസങ്കരണവും ബഹുഗുണിതാവസ്ഥയും) എപ്പോഴും അസംഗജനനത്തിനു കാരണമല്ല. വർഗസങ്കരണംകൊണ്ട് വൈവിധ്യമുള്ള ക്രോമസോമുകൾ ഒത്തുകൂടുമ്പോൾ അസംഗജനനത്തിനുള്ള ജനിതകാടിസ്ഥാനം യാദൃച്ഛികമായി വന്നുകൂടാവുന്നതാണ്. അല്ലിയം ഇനങ്ങളിൽ നടത്തിയ ചില സങ്കരണപരീക്ഷണങ്ങൾ , അസംഗജനനത്തിനു ജനിതകപരമായ അടിസ്ഥാനങ്ങളുണ്ടെന്നു കാണിക്കുന്നു. ചിലവയിൽ ഒരു പ്രഭാവിത ജീൻ ആണ് ഇതിനു കാരണമെങ്കിൽ മറ്റു ചിലവയിൽ രണ്ടുമൂന്നു വ്യത്യസ്ത ജീനുകളുടെ സംയോജിതപ്രവർത്തനമായിരിക്കും. ദ്വിഗുണിതം ലൈംഗികവും, ബഹുഗുണിതം അസംഗജനനികവുമായി കാണപ്പെടുന്ന സ്പീഷീസിൽ 'ബഹുഗുണിത' നിലതന്നെയാണ് അസംഗജനനത്തിനു നിദാനമെന്നു കരുതാം. അസംഗജനനത്തിനു കാരണഭൂതമാകാവുന്ന ജീനുകൾ അധികരിച്ച രീതിയിൽ ഒരു പോളിപ്ലോയിഡിൽ വരാവുന്നതാണ്. ലൈംഗികതയുടെ ഏറ്റവും വലിയ നേട്ടം, ജനിതകപരമായ വിഭിന്നത ക്രമാനുഗതമായി കൈവരുത്തി പരിണാമത്തിനുള്ള കളമൊരുക്കുന്നുവെന്നതാണ്. അസംഗജനനം മൂലം ഈ പ്രധാനനേട്ടം നഷ്ടമാകുന്നുണ്ടെങ്കിലും പ്രകൃതിയിൽ വിജയിക്കാനാവശ്യമായ സംഖ്യാബലം വേഗം നേടിയെടുക്കുവാൻ ഇതു സഹായകമാവുന്നുണ്ട്. മാതൃവഴി മാത്രം പ്രത്യുത്പാദനം നടക്കുന്നതുകൊണ്ട് അതിവേഗം പെരുകാനും ഒരു പ്രദേശത്തു കാലുറപ്പിക്കാനും ഇവയ്ക്കു സാധിക്കുന്നു. ലൈംഗികപ്രക്രിയയ്ക്ക് അനിവാര്യമായ ചില പരിസരഘടകങ്ങൾ ലഭ്യമാകാത്ത പ്രദേശങ്ങളിൽ അസംഗജനനികസ്പീഷിസിനു കടന്നുചെല്ലാനും ഇതു സഹായകമാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അസംഗജനനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അസംഗജനനം&oldid=3427001" എന്ന താളിൽനിന്ന് ശേഖരിച്ചത്