അന്റോനിൻ ഡ്വാറക്(/ˈdvɔːrʒɑːk/ DVOR-zhahk or /d[invalid input: 'ɨ']ˈvɔːrʒæk/ di-VOR-zhak; Czech: [ˈantoɲiːn ˈlɛopolt ˈdvor̝aːk] (1841 സെപ്റ്റംബർ 8 – 1904 മേയ് 1) ഒരു ബൊഹീമിയൻ സംഗീത രചയിതാവ് ആയിരുന്നു. 1841 സെപ്റ്റംബർ 8-ന് ചെക്കോസ്ളോവാക്കിയയിൽ പ്രാഗിനടുത്ത് ജനിച്ചു. ബാല്യകാലത്തുതന്നെ സംഗീതത്തിൽ താത്പര്യം കാണിച്ച ഡ്വാറക്കിനെ പതിനാറാമത്തെ വയസ്സിൽ പ്രാഗിലുള്ള ഒരു ഓർഗൻ സ്കൂളിൽ ചേർത്തു. 1860 മുതൽ സംഗീത രചന ആരംഭിച്ചു. ഇക്കാലത്ത് നാഷണൽ തിയെറ്ററിന്റേയും മറ്റും ഓർക്കെസ്ട്രകളിൽ വയോള വായിക്കുകയും ചെയ്തിരുന്നു. 1873-ൽ ഗിലെ സെയ്ന്റ് അഡൽബെർട്ട്സ് ചർച്ചിൽ ഓർഗനിസ്റ്റ് ആയി നിയമിക്കപ്പെട്ടു.

അന്റോനിൻ ഡ്വാറക്

കോറസ്സിനും ഓർക്കെസ്ട്രയ്ക്കുമായി 1873-ൽ രചിച്ച ഹിമ്നഡ് ഡ്വാറക്കിനെ ശ്രദ്ധേയനാക്കി. പ്രശസ്തി വർധിച്ചതിനെത്തുടർന്ന് 1875-ൽ ഓസ്ട്രിയൻ ഭരണകൂടത്തിന്റെ ധനസഹായം ഡ്വാറക്കിനു ലഭിച്ചു. ഇക്കാലത്താണ് ബ്രാംമ്സ് ഡ്വാറക്കിന്റെ സംഗീത രചനയിൽ പ്രത്യേക താത്പര്യം പ്രദർശിപ്പിച്ചത്. ദേശാന്തരീയ തലത്തിൽ പ്രശസ്തി നേടാൻ ഡ്വാറക്കിന് ഈ ബന്ധം സഹായകമായി. ഇംഗ്ളണ്ടിലേക്ക് വിജയകരമായ പല പര്യടനങ്ങളും നടത്തിയ ഡ്വാറക് 1877-ൽ സ്വന്തം രചനയായ സ്റ്റാബത് മേറ്റർ ലണ്ടനിൽ അവതരിപ്പിച്ചു. തുടർന്ന് ജർമനിയിലും റഷ്യയിലും പര്യടനം നടത്തി.

1892-ൽ ന്യൂയോർക്കിലെ നാഷണൽ കൺസർവേറ്ററി ഒഫ് മ്യൂസിക്കിന്റെ തലവനായി ഡ്വാറക് നിയമിക്കപ്പെട്ടു. ഇക്കാലത്താണ് ഏറ്റവും പ്രസിദ്ധമായ (ഒമ്പതാം സിംഫണിയായ) ഫ്രം ദ് ന്യൂ വേൾഡ് രചിച്ചത്. 1895-ൽ സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ഡ്വാറക് സംഗീത രചനയും അധ്യാപനവും തുടർന്നു. 1901-ൽ പ്രാഗ് കൺസർവേറ്ററിയിൽ ഡയറക്ടറായി നിയമിക്കപ്പെട്ടു.

ബിഥോവന്റേയും വാഗ്നറുടേയും മറ്റും സ്വാധീനം ഡ്വാറക്കിന്റെ ആദ്യകാല രചനകളിൽ കാണാം. എങ്കിലും പില്ക്കാലത്ത് ദേശസ്നേഹിയായ ഡ്വാറക് നാടോടിസംഗീതത്തിനു പ്രാമുഖ്യം കല്പിച്ചു. ഭാവഗാനങ്ങൾ നാടോടി ശൈലിയിൽ അവതരിപ്പിച്ചു.

സിംഫോണിക് വേരിയേഷൻസ് (1877), സ്ളാവോണിക് ഡാൻസസ് (1878), ഷെർസോ കപ്രീഷിയോസൊ (1883) തുടങ്ങിയവ ഡ്വാറക്കിന്റെ മുഖ്യ രചനകളിൽ ഉൾപ്പെടുന്നു. ഒൻപതു സിംഫണികളും ഇദ്ദേഹം രചിക്കുകയുണ്ടായി. മെറേവിയൻ ഡുവെറ്റ്സ് (1876), ജിപ്സിസോങ്സ് തുടങ്ങിയ ഗാനങ്ങളും അനേകം ഓപ്പറകളും ഇദ്ദേഹത്തിന്റെ സംഭാവനയായി ലഭിച്ചിട്ടുണ്ട്.

ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ പിടിയിലമർന്നിരുന്ന ബൊഹീമിയക്കാരിൽ ദേശസ്നേഹവും സ്വാതന്ത്ര്യ വാഞ്ഛയും ഉളവാക്കുന്നതിൽ ഡ്വാറക്കിന്റെ സംഗീതം നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്റോനിൻ ഡ്വാറക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Persondata
NAME Dvorak, Antonin
ALTERNATIVE NAMES Dvořák, Antonín (Czech)
SHORT DESCRIPTION Composer
DATE OF BIRTH 1841-09-08
PLACE OF BIRTH Nelahozeves, Austrian Empire
DATE OF DEATH 1904-05-01
PLACE OF DEATH Prague, Austria-Hungary
"https://ml.wikipedia.org/w/index.php?title=അന്റോനിൻ_ഡ്വാറക്&oldid=3623172" എന്ന താളിൽനിന്ന് ശേഖരിച്ചത്