അന്തരീക്ഷത്തിൽ എല്ലാ സമയത്തും നിലനിൽക്കുന്ന വൈദ്യുത പ്രതിഭാസങ്ങളെയും കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖ. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന വൈദ്യുതമണ്ഡലം, മിന്നൽ, അന്തരീക്ഷത്തിലൂടെ പ്രവഹിക്കുന്ന വൈദ്യുത കറന്റ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പഠനം ഈ ശാഖയുടെ ഭാഗമാണ്.

മേഘത്തിൽ നിന്നും ഭൂമിലെക്കുള്ള മിന്നൽ.തണ്ടർസ്റ്റോമുകളിൽനിന്നു് ഇലക്‌ട്രോസ്ഫിയറിലേക്കു് ധന കറന്റും(positive charge) ഭൂമിയുടെ ഉപരിതലത്തിലേക്കു് ഋണകറന്റും(negative charge) പ്രവഹിക്കുന്നുണ്ടു്

ഏതാണ്ടു് 60 കിലോമീറ്റർ ഉയരത്തിൽ വൈദ്യുതിയ്ക്കു് യഥേഷ്ടം പ്രവഹിക്കാൻ കഴിയുന്ന ഒരു പാളിയുണ്ടു്. ഇതു് ഇലക്‌ട്രോസ്ഫിയർ (electrosphere) എന്ന പേരിലാണു് അറിയപ്പെടുന്നതു്. ഈ പാളിയും ഭൂമിയുടെ ഉപരിതലവും ചേർന്നു് ഒരു ഗോളീയ കപ്പാസിറ്റർ രൂപീകൃതമാകുന്നതായി കണക്കാക്കാം. അന്തരീക്ഷത്തിലുണ്ടാകുന്ന ഇടിമിന്നലുണ്ടാക്കുന്ന മേഘങ്ങൾ (തണ്ടർസ്റ്റോമുകൾ) ഈ കപ്പാസിറ്ററിനെ ചാർജ് ചെയ്യുന്നു. അതിന്റെ ഫലമായി ഭൂമിയുടെ ഉപരിതലവുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്‌ട്രോസ്ഫിയർ ഏതാണ്ടു് 300 കിലോവോൾട്ട് നിലയിലാണു്. ഇതു് അന്തരീക്ഷത്തിൽ എല്ലായ്പ്പോഴും ഒരു വൈദ്യുതമണ്ഡലം (electric field) ഉണ്ടാവാൻ കാരണമാകുന്നു.തണ്ടർസ്റ്റോമുകളിൽനിന്നു് ഇലക്‌ട്രോസ്ഫിയറിലേക്കു് ധന കറന്റും ഭൂമിയുടെ ഉപരിതലത്തിലേക്കു് ഋണകറന്റും പ്രവഹിക്കുന്നുണ്ടു്. ഇതു് പൂർത്തിയാകുന്നതു് അന്തരീക്ഷത്തിൽക്കൂടി എല്ലായ്പ്പോഴും പ്രവഹിക്കുന്ന നേരിയ കറന്റിലൂടെയാണു്. ഇതിന്റെയെല്ലാം ഫലമായി ഉപരിതലത്തിനടുത്തു് അന്തരീക്ഷത്തിൽ മീറ്ററിൽ ഏതാണ്ടു് 60 മുതൽ 100 വോൾട്ടു വരെയുള്ള വൈദ്യുതമണ്ഡലം ഉണ്ടാകുന്നു. ഭൂമിയുടെ ഉപരിതലവും ഇലൿട്രോസ്ഫിയറും തണ്ടർസ്റ്റോമുകളും ചേർന്നുള്ള സംവിധാനത്തിനു് അന്തരീക്ഷ വൈദ്യുത സർക്യൂട്ട് (atmospheric electric circuit) എന്നു പറയുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അന്തരീക്ഷവൈദ്യുതി&oldid=3969383" എന്ന താളിൽനിന്ന് ശേഖരിച്ചത്