അനസൂയ സാരാഭായ് (1885-1972) ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആദ്യകാലപ്രവർത്തകരിലൊരാളായിരുന്നു. അഹമ്മദാബാദ് ടെക്സ്റ്റൈൽ ലേബർ അസോസിയേഷൻ(മജൂർ മഹാജൻ സൻഘ്) എന്ന ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ടെക്സ്റ്റൈൽ തൊഴിലാളികൾക്കായുള്ള ട്രേഡ് യൂണിയൻ സ്ഥാപിച്ചത് അവരാണ്.

ആദ്യകാലജീവിതവും വിദ്യാഭ്യാസവും തിരുത്തുക

1885 നവംബർ 11 ന് അഹമ്മദാബാദിൽ വ്യവസായികളുടെയും കച്ചവടക്കാരുടെയും കുടുംബത്തിൽ ജനിച്ചു. ഒൻപത് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരണമടന്നു. അതോടെ രണ്ട് സഹോദരങ്ങളോടൊപ്പം അമ്മാവന്റെ വീട്ടിലേക്ക് അയക്കപ്പെട്ടു. പതിമൂന്ന് വയസ്സിൽ ഒരു ബാല്യവിവാഹത്തിൽ ഏർപ്പെടുകയും അത് പിന്നീട് പരാജയമായിത്തീരുകയും ചെയ്തു. അതോടെ സഹോദരന്റെ സഹായത്തോടെ 1912 ഇൽ ഇംഗ്ലണ്ടിലേക്ക് മെഡിക്കൽ ഡിഗ്രിപഠിക്കുന്നതിനു പോയി. എന്നാൽ മൃഗങ്ങളെ കീറിമുറിച്ചുള്ള അവയവപഠനം ജൈന വിശ്വാസത്തിനു വിരുദ്ധമാണെന്നത് കൊണ്ട് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലേക്ക് മാറി. ഇക്കാലത്ത് ഫാബിയൻ സൊസൈറ്റിയുമായി ബന്ധപ്പെടുകയും സഫ്രജെറ്റ് പ്രസ്ഥാനത്തിന്റെ(വനിതാ സമ്മതിദാനാവകാശ പ്രവർത്തകർ) ഭാഗമാവുകയും ചെയ്തു.

രാഷ്ട്രീയ ജീവിതം തിരുത്തുക

1913 ഇൽ ഇന്ത്യയിലേക്ക് മടങ്ങുകയും സ്ത്രീകളുടെയും ദരിദ്രരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. അവർ ഒരു സ്കൂൾ ആരംഭിച്ചു. തൊഴിലാളി പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് സ്ത്രീ തൊഴിലാളികൾ 36 മണിക്കൂർ ഷിഫ്റ്റിനുശേഷം അവശരായി തുണിമില്ലുകളിൽ നിന്ന് മടങ്ങിവരുന്നത് കണ്ടതിനുശേഷമാണ്. തുണിമിൽ തൊഴിലാളികളെ 1914 ഇൽ അഹമ്മദബാദിലെ ഒരു സമരത്തിനായി സംഘടിക്കാൻ സഹായിച്ചു. 1918 ഇൽ നെയ്ത്തുകാർ വേതനത്തിൽ 50% വർദ്ധന ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. കുടുംബസുഹൃത്തായിരുന്ന മഹാത്മാ ഗാന്ധി അവരുടെ മാർഗ്ഗദർശിയായിരുന്നു. തൊഴിലാളികൾക്കു വേണ്ടി ഗാന്ധിജി  നിരാഹാര സമരം ആരംഭിക്കുകയും അതിന്റെ ഫലമായി 35% വേതന വർദ്ധനവ് നേടാൻ കഴിഞ്ഞു. ഇതിനെത്തുടർന്ന് 1920 ഇൽ അഹമ്മദബാദ് ടെക്സ്റ്റൈൽ ലേബർ അസോസിയേഷൻ രൂപീകരിക്കപ്പെട്ടു. 

ഗുജറാത്തിയിൽ മുതിർന്ന സഹോദരി എന്നർഥം വരുന്ന മോട്ടാബെൻ എന്നാണ് അവരെ വിളിച്ചിരുന്നത്. സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (SEWA) സ്ഥാപകയായ ഇള ഭട്ടിന്റെ മാർഗ്ഗദർശിയായിരുന്നു അനസൂയ സാരാഭായ്.

മരണം തിരുത്തുക

1972 ഇൽ മരണമടഞ്ഞു. 2017 നവംബർ 11 ന് സാരാഭായുടെ 132-ആം ജന്മദിനത്തിൽ ഗൂഗിൾ ഇന്ത്യൻ ഉപയോക്താക്കൾക്ക് ദൃശ്യമായ ഡൂഡിൽ ചേർത്തു.

"https://ml.wikipedia.org/w/index.php?title=അനസൂയ_സാരാഭായ്&oldid=2778149" എന്ന താളിൽനിന്ന് ശേഖരിച്ചത്