തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം

(അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു പുരാതന ക്ഷേത്രവും പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രവുമാണ് തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം അഥവാ തിരുമാന്ധാംകുന്ന് മഹാദേവ ക്ഷേത്രം. വള്ളുവക്കോനാതിരിമാരുടെ കുലദൈവവും ആദിപരാശക്തിയുടെ മാതൃഭാവവുമായ ശ്രീ ഭദ്രകാളിയാണ് മുഖ്യപ്രതിഷ്ഠ. തുല്യ പ്രാധാന്യത്തോടെ ശ്രീ പരമേശ്വരനും ഇവിടെയുണ്ട്. അതിനാൽ ശിവശക്തി സങ്കല്പത്തിലുള്ള ഒരു ക്ഷേത്രം ആണിത്. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ഭദ്രകാളി പ്രതിഷ്ഠയാണ് തിരുമാന്ധാംകുന്നിലേത്. 'തിരുമാന്ധാംകുന്നിലമ്മ' എന്ന് മാതൃദൈവമായ ഭഗവതി അറിയപ്പെടുന്നു. വിഘ്നേശ്വരനായ ഗണപതിയും ഇവിടെ അതിപ്രധാനമാണ്. കുടുംബ പ്രശ്നപരിഹാരത്തിനും മാംഗല്യസിദ്ധിക്കും ദുരിതമോചനത്തിനും ഭക്തർ ആശ്രയിക്കുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രം കൂടിയാണ് ഇത്. ഈ ക്ഷേത്രം പാലിച്ചുപോന്നിരുന്നതും വള്ളുവനാട് രാജാക്കന്മാരായിരുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നും ഇതിനോടു ചേർന്ന് നിലകൊള്ളുന്നു [1]. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ വെച്ചു പ്രാധാന്യമുള്ള മൂന്നു പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന്. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പരുമല പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കീർത്തിപ്പെട്ടു പോരുന്നു.[2]. മൂന്നിടത്തും ഭദ്രകാളി വടക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്. മൂന്നിടത്തും ദാരുവിഗ്രഹങ്ങളാണ്. മാത്രവുമല്ല, ശിവസാന്നിദ്ധ്യവും മൂന്നിടത്തുമുണ്ട്. മൂന്നും നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നു എന്ന പ്രത്യേകതയുമുണ്ട്. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ഈ മഹാക്ഷേത്രം.

തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം
തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം
തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം is located in Kerala
തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°55′5″N 76°1′5″E / 10.91806°N 76.01806°E / 10.91806; 76.01806
പേരുകൾ
ശരിയായ പേര്:തിരുമാന്ധാംകുന്ന് ശ്രീഭഗവതി ക്ഷേത്രം
സ്ഥാനം
സ്ഥാനം:അങ്ങാടിപ്പുറം, മലപ്പുറം ജില്ല, കേരളം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശ്രീ ഭദ്രകാളി (ശ്രീ പാർവതി, ആദിപരാശക്തി)
വാസ്തുശൈലി:തെക്കെ ഇന്ത്യൻ, കേരളീയ രീതി
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
ചേരസാമ്രാജ്യം
സൃഷ്ടാവ്:വള്ളുവക്കോനാതിരി

വിശേഷ ദിവസങ്ങൾ തിരുത്തുക

മീനമാസത്തിലെ പൂരം നാളിൽ നടത്തപ്പെടുന്ന തിരുമാന്ധാംകുന്ന് പൂരം, വൃശ്ചികമാസത്തിലെ കളമെഴുത്തും പാട്ടും, തുലാമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ച നടക്കുന്ന മഹാമംഗല്യപൂജ, കന്നിമാസത്തിൽ നവരാത്രി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, എല്ലാ ചൊവ്വ, വെള്ളി, പൗർണമി, അമാവാസി ദിവസങ്ങളും പ്രധാനമാണ്.

ഐതിഹ്യം തിരുത്തുക

സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാതാവ്‌ രാജ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് മഹർഷിയായി ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ചു. അങ്ങാടിപ്പുറത്ത് എത്തിയ അദ്ദേഹം ഇവിടത്തെ വന്യസൗന്ദര്യവും ശാന്തതയും കണ്ട് ഇവിടെ ശിവനെ തപസ്സനുഷ്ഠിച്ചു. തപസ്സിൽ പ്രസാദവാനായ ശ്രീപരമേശ്വരൻ പ്രത്യക്ഷപ്പെട്ട് ഏത് ആഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയതും മനോഹരവുമായ ശിവലിംഗമാണ് തനിക്കു വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം ശ്രീ പാർവ്വതി കയ്യിൽ ആണെന്ന് അറിയാവുന്ന ശിവൻ ധർമ്മസങ്കടത്തിലായി. ഒടുവിൽ പാർവ്വതി അറിയാതെ ഈ ജ്യോതിർലിംഗം ശിവൻ മാന്ധാതാവ്‌ മഹർഷിക്കു സമ്മാനിച്ചു. ശിവനെ ഭർത്താവായി ലഭിക്കാൻ പാർവതി ആരാധിച്ച ശിവലിംഗമായിരുന്നു ഇത്.

 
തിരുമാന്ധാംകുന്ന് ക്ഷേത്രം - വടക്കേ നട

തന്റെ കൈവശമുണ്ടായിരുന്ന ജ്യോതിർലിംഗം നഷ്ടപ്പെട്ടതായി അറിഞ്ഞ ശക്തിസ്വരൂപിണിയായ പാർവ്വതിയുടെ കോപത്തിൽ നിന്നും ശ്രീ ഭദ്രകാളി പ്രത്യക്ഷപ്പെട്ടു. നഷ്ടപ്പെട്ട ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ പാർവതിയുടെ അഭ്യർത്ഥനപ്രകാരം ഭദ്രകാളിയും ശിവഗണങ്ങളും പുറപ്പെട്ടു. ഭദ്രകാളി മഹർഷിയെ സ്നേഹപൂർവം അനുനയിപ്പിച്ച് ജ്യോതിർലിംഗം വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതോടെ ശിവഗണങ്ങൾ മഹർഷിയുടെ ആശ്രമം ആക്രമിച്ചു ശിവലിംഗം എടുത്തു കൊണ്ടു പോകുവാൻ ശ്രമിച്ചു. മഹർഷിയുടെ ശിഷ്യൻമാരും വെറുതേ ഇരുന്നില്ല. അവർ തിരിച്ച് കാട്ടുപഴങ്ങൾ പെറുക്കി എറിഞ്ഞു. ഓരോ കാട്ടുപഴങ്ങളും ഓരോ ശിവലിംഗങ്ങളായി ആണ് ശിവഗണങ്ങളുടെ മുകളിൽ വീണത്. ശിവഗണങ്ങൾക്ക് തിരിഞ്ഞോടേണ്ടി വന്നു. അപ്പോൾ ഉഗ്രരൂപം പൂണ്ട ഭദ്രകാളി നേരിട്ട് വന്ന് ബലമായി ശിവലിംഗം എടുത്തു കൊണ്ടുപോകുവാൻ നോക്കി. മഹർഷി ശിവലിംഗം വിട്ടുകൊടുക്കാതെ ഇറുക്കി പിടിച്ചു. ഈ വടം വലിയിൽ ജ്യോതിർലിംഗം രണ്ടായി പിളർന്നു. [3]. മഹർഷിയുടെ ഭക്തിയിൽ സം‌പ്രീതരായി മഹാവിഷ്ണുവും ബ്രഹ്മാവും ശിവപാർവതിമാരും പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു. അന്നുമുതൽ പാർവതിപരമേശ്വരന്മാരുടെയും മംഗളകാരിയായ ഗണപതിയുടെയും വിശേഷപ്പെട്ട സാന്നിധ്യം ആ സ്ഥലത്തു ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആദിപരാശക്തിയായ ശ്രീ ഭദ്രകാളി ആ സന്നിധിയിൽ സർവ ഐശ്വര്യങ്ങളും ചൊരിഞ്ഞു കൊണ്ടു കുടികൊള്ളാമെന്നും അനുഗ്രഹിച്ചു. ഇന്നും ക്ഷേത്രത്തിൽ കാട്ടുപഴങ്ങൾ (ആട്ടങ്ങ) കൊണ്ട് എറിയുന്ന ഒരു ആചാരം നിലവിലുണ്ട്. മഹർഷിയുടെ ശിഷ്യർ ശിവഗണങ്ങളെ തോൽപ്പിച്ചതിന്റെ ഓർമ്മയ്ക്കാണ് ഇത്. ശ്രീമൂലസ്ഥാനത്ത്‌ ശിവലിംഗം ഇന്നും പിളർന്ന രീതിയിൽ കാണപ്പെടുന്നു. തിരുമാന്ധാംകുന്നിലമ്മയാകട്ടെ ശ്രീ ഭദ്രകാളി, പാർവതി, മഹാലക്ഷ്മി, മഹാസരസ്വതി സ്വരൂപിണിയായി ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു.

ചരിത്രം തിരുത്തുക

ഇവിടത്തെ പ്രധാന വാർഷികാഘോഷം പൂരമാണ്. മാമാങ്കത്തിൽ ചുരികത്തലപ്പുകൾകൊണ്ട് കണക്കുകൾ തീർക്കാനിറങ്ങി ചരിത്രമായി മാറിയ ദേശാഭിമാനികളായ ചാവേറുകളുടെ വീരസ്മരണകൾ തിരുമാന്ധാംകുന്ന് പൂരത്തെ കേരളചരിത്രത്തിന്റെ ഭാഗമാക്കുന്നു. വള്ളൂവക്കോനാതിരിമാർ അവരുടെ കുലദൈവത്തെ പുരാതനകാലം മുതൽ തന്നെ ആരാധിച്ചും ആഘോഷിച്ചും പോന്നിരുന്നു. അതിനിടെ പണ്ട് പെരുമാക്കന്മാർ ആഘോഷിച്ചുപോന്ന മാമാങ്കത്തിന് പിൽക്കാലവകാശികളായിത്തീരാനും അതിൽ രക്ഷാപുരുഷനായി നിൽക്കാനും വിധിവശാൽ വെള്ളാട്ടിരിക്ക് അവസരം കിട്ടി. പക്ഷേ സാമൂതിരിയുടെ വരവോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ആളും വേണ്ടത്ര അർത്ഥവുമായി നാടും നഗരവും പിടിച്ചടക്കിക്കൊണ്ടുള്ള സാമൂതിരിയുടെ പടയോട്ടത്തിനു മുൻപിൽ വെള്ളാട്ടിരിക്ക് തോൽവി അനിവാര്യമായിരുന്നു. തുടർന്ന് വെള്ളാട്ടിരിയിൽനിന്നു മാമാങ്ക മഹോത്സവത്തിന്റെ രക്ഷാപുരുഷസ്ഥാനം സാമൂതിരിയുടെ കൈകളിലേക്ക് മാറി.

എങ്കിലും സാമൂതിരിയുടെ മേൽക്കോയ്മ അംഗീകരിക്കാൻ വള്ളുവക്കോനാതിരി തയ്യാറായില്ല. മാമാങ്കത്തിന് ചാവേറുകളെ അയച്ചുകൊണ്ട് സാമൂതിരിയുടെ അധികാരത്തിന് വെള്ളാട്ടിരി നിരന്തരം വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നാണ് വെള്ളാട്ടിരി മാമാങ്കത്തിന് പുറപ്പെട്ടിരുന്നത്. ഇവിടെ നിന്നുതന്നെയാണ് ചാവേറുകളും അങ്കത്തിനു പുറപ്പെട്ടിരുന്നത്. ചാവേറുകൾ പുറപ്പെട്ടിരുന്ന തറയായ ചാവേർത്തറ ഇപ്പോഴും ക്ഷേത്രത്തിന്റെ തെക്കുവശത്തുണ്ട്.

അതേസമയം മാമാങ്കാവകാശം നഷ്ടപ്പെട്ടതോടെ അതിനു ബദലായി മാമാങ്കത്തിനോട് കിടപിടിക്കത്തക്ക മറ്റൊരു ഉത്സവത്തിന് അദ്ദേഹം തുടക്കം കുറിച്ചു. അതത്രേ തിരുമാന്ധാംകുന്നു പൂരം. മാമാങ്കം പോലെ 12 വർഷത്തിലൊരിക്കലായിരുന്നു തുടക്കത്തിൽ തിരുമാന്ധാംകുന്ന് പൂരവും ആഘോഷിച്ചിരുന്നത്. കൊല്ലവർഷം 1058-ൽ തീപ്പെട്ട മങ്കട കോവിലകത്തുനിന്നുള്ള വള്ളുവക്കോനാതിരിയുടെ കാലത്താണ് പൂരം എല്ലാ വർഷവും നടത്താൻ തുടങ്ങിയത്.

ക്ഷേത്രനിർമ്മിതി തിരുത്തുക

 
തിരുമാന്ധാംകുന്ന് ക്ഷേത്രം - കിഴക്കേ ബലിക്കൽ പുര

തിരുമാന്ധാംകുന്ന് ക്ഷേത്രം പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ചെറിയ കുന്നിന്മുകളിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനു നാലുവശവും കവാടങ്ങളുണ്ട്. വടക്കേ നടയിൽ ഇറക്കത്തിൽ കടലുണ്ടിപ്പുഴയുടെ ഒരു പോഷകനദി കടന്നുപോകുന്നുണ്ട്. ഇവിടെയാണ് ഉത്സവക്കാലത്ത് ഭഗവതിയുടെ ആറാട്ട് നടക്കുന്നത്. പുഴയ്ക്കപ്പുറം ഒരു പാലമുണ്ട്. ഇതുവഴി ഒരു കിലോമീറ്റർ നടന്നാൽ ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെത്താം. ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരി പ്രതിഷ്ഠിച്ച ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, അദ്ദേഹത്തിന് ദർശനം നൽകിയ ശ്രീകൃഷ്ണനാണ്. തിരുമാന്ധാംകുന്നിൽ ദർശനത്തിനെത്തുന്നവർ ഇവിടെയും വരാറുണ്ട്. നാലമ്പലത്തിൽ മാതൃശാലയിൽ വടക്കോട്ട്‌ ദർശനമായി ഭദ്രകാളിയും അതിനു മുൻപിൽ കിഴക്കോട്ട് ദർശനമായി ശിവന്റെ ശ്രീകോവിലും. തെക്കുവശത്ത് കിഴക്കോട്ട് ദർശനമായി പിളർന്ന രീതിയിൽ ഒരു ശിവലിംഗം കാണാം. ഈ സ്ഥലം ശ്രീമൂലസ്ഥാനമെന്ന് അറിയപ്പെടുന്നു. മാന്ധാതാവും ഭദ്രകാളിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പിളർന്നു പോയതാണ് ഈ ശിവലിംഗം എന്നു ഐതിഹ്യമുണ്ട്. ക്ഷേത്രത്തിലെ രണ്ടുവശത്തും കൊടിമരങ്ങളുണ്ട്. ഭഗവാനും, ഭഗവതിക്കുമാണ് ഇവിടെ കൊടിമരങ്ങൾ പണിതീർത്തിരിക്കുന്നത്. ആൽത്തറയിൽ ഗണപതിയും നാഗങ്ങളും ഉപപ്രതിഷ്ഠകളാണ്.

പ്രതിഷ്ഠകൾ തിരുത്തുക

തിരുമാന്ധാംകുന്നിലമ്മ തിരുത്തുക

കേരളത്തിലെ ഏറ്റവും വലിയ ഭഗവതിപ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. വടക്കേ കൊടിമരത്തിനടുത്തുനിന്നു ബലിക്കൽപുരയിലൂടെ കയറി നാലമ്പലത്തിൽ ചെല്ലാം. മാതൃശാല എന്ന ശ്രീകോവിലിലാണ് തിരുമാന്ധാംകുന്നിലമ്മയുടെ പ്രതിഷ്ഠ. ആദിപരാശക്തിയായ ഭദ്രകാളി സപ്തമാതാക്കൾക്കൊപ്പം വിരാജിക്കുന്നു. ആറടിയോളം ഉയരമുള്ള ദാരുവിഗ്രഹമാണ് മാതൃശാലയിൽ. വടക്കോട്ട്‌ ദർശനം. ഇടതുകാൽ മടക്കി വെച്ച് വലതുകാൽ താഴോട്ടു തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് ഭഗവതിയുടെ പ്രതിഷ്ഠ. എട്ടു കൈകളോടുകൂടിയ ശ്രീഭദ്രയുടെ കൈകളിൽ ശൂലം, സർപ്പം, വാൾ, പരിച തുടങ്ങിയ ആയുധങ്ങളും ദാരികന്റെ ശിരസ്സും പിടിച്ചിരിക്കുന്നു. രൂപഭാവങ്ങൾ കൊണ്ട് ഭദ്രകാളിയാണെങ്കിലും ശ്രീപാർവതി, മഹാലക്ഷ്മി, മഹാസരസ്വതി തുടങ്ങിയ ഭാവങ്ങളിലും തിരുമാന്ധാംകുന്നിലമ്മ ആരാധിക്കപ്പെടുന്നു. [4]. കൊടുങ്ങല്ലൂരിലെ പ്രതിഷ്ഠയേക്കാൾ അല്പം കൂടി ഉയരം ഇതിനുണ്ട്.[5] കൊടുങ്ങല്ലൂരിലേതുപോലെ രുരുജിത് എന്ന സമ്പ്രദായത്തിലുള്ള ഭഗവതിയാണ് ഇവിടെയുമുള്ളത്. ഇത് കശ്മീരിൽ ഉദ്ഭവിച്ചതും പിൽക്കാലത്ത് കേരളത്തിൽ കൊണ്ടുവരപ്പെട്ടതുമായ രീതിയാണ്. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ദർശനമായി ശിവനും, വടക്കോട്ട് ദർശനമായി സപ്തമാതൃക്കളോടുകൂടി ഭദ്രകാളിയും, ശിവഭൂതമായ ക്ഷേത്രപാലനും അടങ്ങുന്നതാണ് ഈ സങ്കല്പം. ബഹുബേരസമ്പ്രദായത്തിൽ (ഒന്നിലധികം വിഗ്രഹങ്ങൾ ഒരുമിച്ച് പൂജിയ്ക്കുന്ന സമ്പ്രദായം) പൂജകൾ നടക്കുന്ന ക്ഷേത്രമാണിത്. മൂലവിഗ്രഹത്തോടൊപ്പം രണ്ട് ശ്രീചക്രങ്ങൾ കൂടി ക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുണ്ട്. മഹാത്രിപുരസുന്ദരിയെയാണ് ശ്രീചക്രങ്ങളിൽ ആരാധിയ്ക്കുന്നത്. ദാരുവിഗ്രഹമായതിനാൽ വിഗ്രഹത്തിന് അഭിഷേകങ്ങൾ നടത്താറില്ല. പകരം അതിനായി പ്രത്യേകം വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. എല്ലാ വർഷവും കർക്കടകമാസത്തിൽ നടക്കുന്ന ചാന്താട്ടം മാത്രമേ മൂലവിഗ്രഹത്തിനുള്ളൂ. കാളീസൂക്താർച്ചന, കളമെഴുത്തും പാട്ടും, ഉദയാസ്തമനപൂജ, ത്രികാലപൂജ, ചെത്തിമാല ചാർത്തൽ, മുട്ടറുക്കൽ, പൂമൂടൽ, വെടിവഴിപാട് തുടങ്ങിയവയാണ് തിരുമാന്ധാംകുന്നിലമ്മയുടെ പ്രധാന വഴിപാടുകൾ.

മഹാദേവൻ തിരുത്തുക

മാതൃശാലയ്ക്ക് മുൻപിൽ കിഴക്കോട്ടു ദർശനമായി ശിവന്റെ ശ്രീകോവിലുണ്ട്. ശ്രീമൂലസ്ഥാനത്തിനു പുറമേയാണ് ഈ പ്രതിഷ്ഠ. സാമാന്യം വലുപ്പമുള്ള ശിവലിംഗമാണ് ഇവിടെയുള്ളത്. രുരുജിത് സമ്പ്രദായത്തിൽ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമായതിനാൽ ഇവിടെ ഭൈരവഭാവത്തിലാണ് ശിവൻ കുടികൊള്ളുന്നത്. ശംഖാഭിഷേകം, ധാര, പിൻവിളക്ക്, കൂവളമാല, അപ്പം, അട, ശർക്കരപ്പായസം തുടങ്ങിയവയാണ് ശിവന്റെ പ്രധാന വഴിപാടുകൾ.

ഗണപതി തിരുത്തുക

ഗണപതി ഇവിടെ ഒരു പ്രസിദ്ധമായ പ്രതിഷ്ഠ ആണ്. ശ്രീമൂലസ്ഥാനത്തു കുടികൊള്ളുന്ന ഈ ഗണപതി സന്നിധിയിൽ ആണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മംഗല്യ പൂജ നടക്കാറുള്ളത്. ഗണപതി ഹോമം മറ്റൊരു പ്രധാന വഴിപാടാണ്.

സപ്തമാതാക്കൾ തിരുത്തുക

ഭഗവതിയോടൊപ്പം സപ്തമാതാക്കളുടെ പ്രതിഷ്ഠ ഇവിടെ ഉണ്ട്. പരാശക്തിയുടെ വിവിധ ഭാവങ്ങളായ ബ്രാഹ്മണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡ (കാളി) തുടങ്ങിയവരാണ് സപ്തമാതാക്കൾ.

നിത്യപൂജകൾ തിരുത്തുക

മാതൃശാലയിൽ ഭഗവതിക്ക് ദിവസവും അഞ്ചുനേരത്തെ പൂജകളാണ് ഉള്ളത്.

രാവിലെ ആറിനു ഉഷപൂജ
ഒന്പതരക്ക് പന്തീരടിപൂജ
പതിനൊന്നരക്കു ഉച്ചപൂജ
വൈകുന്നേരം നാലരക്ക് തിരിഞ്ഞുപന്തീരടി പൂജ (തിരുമാന്ധാംകുന്നിൽ മാത്രം നടന്നുവരുന്ന ഒരു പൂജ)
രാത്രി എട്ടുമണിക്ക് അത്താഴപൂജ

ശ്രീമൂലസ്ഥാനത്തു രാവിലെ ഏഴുമണിക്ക് ഉഷപൂജയും പത്തരക്ക് ഉച്ചപൂജയും രാത്രി ഏഴരക്ക് അത്താഴപൂജയും നടത്തുന്നു.

മംഗല്യപൂജ തിരുത്തുക

ശ്രീമൂലസ്ഥാനത്ത് പാർവതീ-പരമേശ്വരന്മാരോടൊപ്പം ഗണപതിയുടെ സാന്നിധ്യവുമുണ്ട്. ഈ ഉണ്ണിഗണപതി ക്ഷിപ്രപ്രസാദിയും മംഗളദായകനുമാണ്. ഇഷ്ട മാംഗല്യത്തിനും സർവാഭീഷ്ടത്തിനും ഗണപതിക്ക്‌ നടത്തുന്ന വഴിപാടാണ് മംഗല്യപൂജ. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് മംഗല്യപൂജ നടത്താറുള്ളത്. തുലാമാസത്തിലെ മുപ്പട്ടു വെള്ളിയാഴ്ചത്തെ (ആദ്യത്തെ വെള്ളിയാഴ്ച) മഹാമംഗല്യപൂജ വളരെ പ്രസിദ്ധമാണ്. സാധാരണ ഗണപതിയുടെ വലതു വശത്തുള്ള ചെറീയ ഒരു കിളിവാതിലിലൂടെ ആണ് തൊഴുക. എന്നാൽ മംഗല്യപൂജയുടെ സമയത്ത് മാത്രം ഗണപതിയുടെ നേരെയുള്ള വാതിൽ തുറന്നു ഭക്തർക്ക്‌ ദർശനം നൽകും. അങ്ങാടിപ്പുറം ചെറുകുന്നത്ത് മനയിലെ നമ്പൂതിരിമാർക്ക് ആണ് ശ്രീമൂലസ്ഥാനത്തു പാരമ്പര്യം ആയി മേൽശാന്തി സ്ഥാനം വള്ളുവക്കോനാതിരി നൽകിയിട്ടുള്ളത്. മാതൃശാലയിൽ പന്തലകോടത്തു മനക്കാരും മേൽശാന്തി സ്ഥാനം അലങ്കരിക്കുന്നു.

ഉത്സവങ്ങൾ തിരുത്തുക

തിരുമാംന്ധാകുന്ന് ക്ഷേത്രത്തിലെ എല്ലാ ഉത്സവങ്ങളും ഭഗവതിക്കും ശിവന്നും മാത്രമാണ്. ശ്രീമൂലസ്ഥാനത്ത് മൂന്നു നേരത്തെ പൂജമാത്രമേ ഉള്ളൂ. പണ്ട് പാർവതി പൂജ നടത്തിയിരുന്ന ശിവലിംഗമായിരുന്നതിനാൽ ദേവപൂജ്യത്വവും മാന്ധാതാവ് മഹർഷി പൂജിച്ചിരുന്നതിനാൽ ഋഷിപൂജ്യത്വവും ഇപ്പോൾ മനുഷ്യർ പൂജ ചെയ്യുന്നതിനാൽ മനുഷ്യപൂജ്യത്വവുമാണ് ശ്രീമൂലസ്ഥാനത്തിന്. ശ്രീമൂലസ്ഥാനതിന്റെ ചൈതന്യം വർധിപ്പിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല എന്നാണ് വിശ്വാസം[4].

തിരുമാംന്ധാംകുന്ന് പൂരാഘോഷം തിരുത്തുക

 
തിരുമാംന്ധാകുന്ന് പൂരം - എട്ടാം ദിവസത്തെ ആറാട്ടിനു ശേഷം

അങ്ങാടിപ്പുറം ശ്രീ തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന പൂരാഘോഷമാണ് ഇത്. മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്ര ഉത്സവവും പൂരവും തന്നെയാണിത്. വള്ളുവനാടിന്റെ ദേശീയോത്സവമാണ്‌ തിരുമാന്ധാംകുന്നിലെ പൂരം. ആഘോഷങ്ങൾക്കുപരി ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടും താന്ത്രിക ചടങ്ങുകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുമാണ് തിരുമാംന്ധാംകുന്നിലെ പൂരാഘോഷങ്ങൾ നടക്കുക. ഭഗവതിക്കും ഭഗവാനും ഒരേസമയത്ത് ഉത്സവചടങ്ങുകൾ നടക്കുന്നു എന്നത് ഇവിടത്തെ പ്രത്യേകതയാണ്. മീനമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് പൂരാഘോഷങ്ങൾ തുടങ്ങുന്നത്. അതായതു മാർച്ച്‌/ഏപ്രിൽ മാസങ്ങളിൽ ആവും പൂരം നടക്കുക. ആദ്യത്തെ ആറാട്ടെഴുന്നള്ളിപ്പ് പൂരം പുറപ്പാട് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഭഗവതിക്ക് പടഹാദി, ധ്വജാദി, അങ്കുരാദി എന്നിങ്ങനെ മൂന്ന് വിധത്തിൽ പതിനൊന്ന് ദിവസവും, ഭഗവാന് ധ്വജാദി മുറയിൽ ആറ് ദിവസവുമാണ് ഉത്സവം നടക്കുക. പടഹാദി മുറയിൽ രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസം ഭഗവതിക്ക് വടക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഭഗവാന് കിഴക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഒരേ സമയം നടക്കുന്ന കൊടിയേറ്റത്തോടെയാണ് ധ്വജാദിമുറയിലെ ഉത്സവചടങ്ങുകൾ ആരംഭിക്കുക. ദേവിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ഭഗവാന് എട്ടാം പൂരദിവസത്തിൽ ഒരു ആറാട്ടുമാണ് ഉള്ളത്. തിരുമാംന്ധാംകുന്ന് ക്ഷേത്രത്തിലെ എട്ടാം പൂരദിവസം ഭഗവാനും ഭഗവതിക്കും ഒരേസമയം ആറാട്ട് നടക്കും. ഭഗവതിയുടേയും ശിവന്റേയും തിടമ്പുകൾ വെവ്വേറെ ആനപ്പുറത്താണ് ആറാട്ടിനെഴുന്നള്ളിക്കുന്നത്. ഭഗവതിയുടെ 21 ആറാട്ടുകളിൽ 15-ാമത്തെയും ശിവന്റെ ഏക ആറാട്ടുമാണ് അന്നേ ദിവസം നടക്കുന്നത്. ക്ഷേത്രത്തിന്റെ താഴെ ഒഴുകുന്ന പുഴയിലാണ് ആറാട്ട്.

നിത്യേന രാവിലെയും വൈകുന്നേരവും ഭഗവതിയെ ആറാട്ടിനായി എഴുന്നള്ളിക്കുന്ന കൊട്ടിയിറക്കവും, കൊട്ടിക്കയറ്റവുമാണ് പൂരാഘോഷത്തിന്റെ മുഖ്യചടങ്ങ്. പൂരാഘോഷത്തോടനുബന്ധിച്ചു ക്ഷേത്രത്തിലും താഴെയുള്ള പൂരപ്പറമ്പിലും നങ്ങ്യാർകൂത്ത്‌, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും.

ആട്ടങ്ങയേറ് തിരുത്തുക

 
തിരുമാംന്ധാകുന്ന് ക്ഷേത്രം - വടക്കേ നട, ആറാട്ടുകടവിന്റെ അടുത്തുനിന്നുള്ള ദൃശ്യം

ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്മരണമാണ് ആട്ടങ്ങയേറ്. തുലാമാസം ഒന്നിനാണ് ഈ ചടങ്ങ് നടത്തിവരുന്നത്. പന്തീരടിപൂജക്ക്‌ ശേഷം ക്ഷേത്രത്തിന്റെ വടക്കേനടയിൽ ഭക്തർ രണ്ടു സംഘമായി പരസ്പരം കാട്ടുപഴമായ ആട്ടങ്ങയെറിയുന്നതാണ് ഈ ചടങ്ങ്[6].

വലിയകണ്ടം നടീൽ തിരുത്തുക

ആറാട്ടുകടവിനോടു ചേർന്നുള്ള ഒന്നേമുക്കാൽ ഏക്കർ പാടമാണ് ഭഗവതിക്കണ്ടം അഥവാ വലിയകണ്ടം. ചിങ്ങമാസത്തിലാണ് ഞാറുനടീൽയജ്ഞം നടക്കുക. തട്ടകത്തിലെയും പുറത്തുനിന്നുമുള്ള സ്ത്രീപുരുഷ ഭേദമെന്യേ ആയിരക്കണക്കിന് ഭക്തർ യജ്ഞത്തിൽ പങ്കുചേരാറുണ്ട്. ഭഗവതിക്കണ്ടത്തിൽ നടീൽ ഒറ്റദിവസംകൊണ്ട് പൂർത്തിയാക്കണമെന്നാണ് വിശ്വാസം.

കളംപാട്ട് തിരുത്തുക

ഭദ്രകാളിയെ പ്രകീർത്തിച്ചുകൊണ്ടുള്ള തോറ്റംപാട്ടുകളാണ് ക്ഷേത്രത്തിൽ നടത്താറ്. വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി മീനമാസത്തിലെ രോഹിണിനാൾ വരെയാണ് ക്ഷേത്രത്തിൽ കളംപാട്ട് നടത്തുക. മറ്റൊരു ക്ഷേത്രത്തിലും നാലുമാസം നീണ്ടുനിൽക്കുന്ന കളംപാട്ട് നടത്താറില്ല എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. കളംപാട്ട് നടക്കുന്ന മണ്ഡപം കുരുത്തോലയും വാഴപ്പോളയും ദിവ്യപുഷ്പങ്ങളും കൊണ്ട് അലങ്കരിച്ച്, മുന്നിൽ കൊടിക്കൂറ കെട്ടിയശേഷമാണ് പാട്ട് തുടങ്ങുക. ഉച്ചപ്പാട്ടാണ് ആദ്യത്തെ ചടങ്ങ്. നന്തുണിയുടെ അകമ്പടിയോടുകൂടി കലാകാരൻ ഗണപതി, സരസ്വതി, ഗുരുനാഥൻ തുടങ്ങിയവരുടെ സ്തുതികൾ ആലപിയ്ക്കുന്നതാണ് ഈ ചടങ്ങ്. അതിനുശേഷം കളം വരയ്ക്കുന്നു. എട്ടുകൈകളോടുകൂടിയ ഭദ്രകാളിയുടെ രൂപമാണ് ഇവിടെ വരയ്ക്കുക. അതിനുശേഷമാണ് പ്രധാന പാട്ട് പാടുന്നത്. ഭദ്രകാളിയും ദാരുകൻ എന്ന അസുരനും തമ്മിലുള്ള യുദ്ധത്തിന്റെ സ്മരണയാണ് കളംപാട്ടിലൂടെ പാടുന്നത്. പാട്ട് കഴിയുന്നതോടുകൂടി കലാകാരന് ദേവിയുടെ ആവേശമുണ്ടാകുകയും തുടർന്ന് പൂർവ്വാധികം ശക്തിയോടെ കളം മായ്ച്ചുകളയുകയും ചെയ്യും. ഇതാണ് ഇതിന്റെ ചടങ്ങ്.

ചാന്താട്ടം തിരുത്തുക

ദേവിയുടെ ദാരുവിഗ്രഹത്തിന്റെ ഉറപ്പും തിളക്കവും നൽകി കൂടുതൽ ചൈതന്യവത്താക്കാനാണ് ചാന്താട്ടം നടത്താറ്. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ വഴിപാട് വർഷത്തിൽ രണ്ടുതവണയാണ് നടത്തുക. മിഥുനം, കർക്കടകം മാസങ്ങളിൽ മഴപെയ്ത് തണുത്ത കാലാവസ്ഥയിലാണ് ചാന്താട്ടം നടത്തുന്നത്. തേക്കിൻ കറകൊണ്ടുണ്ടാക്കുന്ന പ്രത്യേക ചാന്താണ് ഇതിനുവേണ്ടി ഉപയോഗിക്കുക. പന്തീരടിപൂജക്ക്‌ ശേഷം പ്രത്യേക താന്ത്രിക കർമങ്ങൾ നടത്തിയ ചാന്ത് മാതൃശാലയിലുള്ള വിഗ്രഹങ്ങളിൽ അഭിഷേകം ചെയ്യുന്നു[7].

നിറ തിരുത്തുക

കർക്കിടക വാവ് കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ചയാണ് ക്ഷേത്രത്തിൽ "നിറ" ആഘോഷിക്കുന്നത്. വിളവെടുപ്പുത്സവമാണിത്. കൊയ്തെടുത്ത നെൽക്കതിരുകൾ പ്രത്യേക പൂജകൾ നടത്തി ക്ഷേത്രത്തിന്റെ പലഭാഗങ്ങളിൽ സ്ഥാപിക്കും. നെൽക്കതിരുകൾ ഭക്തർക്ക്‌ പ്രസാദമായി നൽകും. കുടുംബത്തിലെ ഐശ്വര്യത്തിനും സന്പൽസമൃദ്ധിക്കും നിറവീട്ടിൽ വെക്കുന്നത് നല്ലതാണ് എന്നാണു വിശ്വാസം.

ഞെരളത്ത് സംഗീതോത്സവം തിരുത്തുക

നിര്യാതനായ പ്രശസ്ത സോപാന സംഗീതജ്ഞൻ ഞെരളത്ത് രാമപ്പൊതുവാളിന്റെ അനുസ്മരണാർത്ഥം 1997-ലാണ് ക്ഷേത്രത്തിൽ സംഗീതോത്സവം ആരംഭിച്ചത്. ഞെരളത്തിന്റെ ജന്മദിനമായ ഫെബ്രുവരി 16 മുതൽ അഞ്ചുദിവസമാണ്‌ സംഗീതോത്സവം നടക്കാറ്. പൂന്താനത്തിന്റെ ഘനസംഘം ആലപിച്ചാണ് സംഗീതോത്സവം അവസാനിക്കാറ്.

നവരാത്രി വിദ്യാരംഭം തിരുത്തുക

ഭഗവതീ പ്രധാനമായ ഈ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം അതിപ്രധാനമാണ്. സംഗീതോത്സവവും കലാപ്രകടനങ്ങളും വിശേഷാൽ പൂജകളും ആ സമയത്ത് നടക്കുന്നു. കന്നിമാസത്തിലെ (സെപ്റ്റംബർ/ഒക്ടോബർ) വെളുത്തപക്ഷത്തിലെ പ്രഥമ മുതലുള്ള ഒമ്പതു ദിവസമാണ് നവരാത്രിയായി ആഘോഷിയ്ക്കുന്നത്. ദുർഗാഷ്ടമി ദിവസം പൂജവെപ്പും വിജയദശമി നാളിൽ വിദ്യാരംഭവും ഉണ്ടാകാറുണ്ട്. നവരാത്രിയുടെ അതിദൈവമായി ആരാധിക്കുന്നത് ഭദ്രകാളിയെ തന്നെയാണ്. നവരാത്രി ഏഴാം ദിവസം പരാശക്തിയുടെ ഭാവം ഭദ്രകാളി അഥവാ കാലരാത്രി എന്നതാണ്. വിജയദശമി മഹിഷാസുരനിൽ ഭഗവതി വിജയം വരിച്ച ദിവസമാണ് എന്നാണ് വിശ്വാസം. നിരവധി ഭക്തരാണ് ഈ ദിവസങ്ങളിൽ ഈ ക്ഷേത്രത്തിൽ ദർശത്തിനെത്തുന്നത്. കാളിദാസന് വിദ്യ പകർന്ന ഭഗവതി ആയതിനാൽ ഇവിടെ വിദ്യാരംഭം നടത്തുന്നതും ഐശ്വര്യകരമാണ് എന്ന് ഭക്തർ വിശ്വസിക്കുന്നു. അതിനാൽ ധാരാളം ഭക്തരാണ് ഇവിടെ വിദ്യാരംഭത്തിനായി എത്തിച്ചേരുന്നത്.

മഹാശിവരാത്രി തിരുത്തുക

ശിവൻ ഇവിടെ മുഖ്യ പ്രതിഷ്ഠ ആയത് കൊണ്ടും 108 ശിവാലയങ്ങളിൽ ഉൾപ്പെടുന്നത് കൊണ്ടും ശിവരാത്രി ഈ ക്ഷേത്രത്തിൽ വിശേഷ ദിവസമാണ്.

തിരുവാതിര തിരുത്തുക

ശിവശക്തി സാന്നിധ്യമുള്ള ഈ ക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിരയും പ്രധാന ദിവസമാണ്.

തിരുമാന്ധാംകുന്നു ഭഗവതിയുടെ മറ്റ് ആരാധനാ സ്ഥലങ്ങൾ തിരുത്തുക

ദേശദൈവമായത്കൊണ്ട് വള്ളുവനാട്ടിലുടനീളം തിരുമാന്ധാംകുന്നിലമ്മയുടെ പ്രതിഷ്ഠയുണ്ട്.[8] കൂടാതെ തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്ര സമീപം കൂപക്കര മഠത്തിലും തൃപ്പൂണിത്തുറയിലും കോഴിക്കോട് തളിയിലും മററും തിരുമാന്ധാംകുന്നിലമ്മയുടെ ആരാധന കാണാം. കോങ്ങാട്, മണ്ണൂർ, കിണാവല്ലൂർ, എടത്തറ തുടങ്ങിയ ദേശങ്ങളിലും വള്ളുവക്കോനാതിരിയുടെ അധികാര പരിധി എന്ന നിലക്ക് തിരുമാന്ധാംകുന്നിലമ്മയുടെ ആരാധനയുണ്ട്.[9]

എത്തിച്ചേരുവാനുള്ള വഴി തിരുത്തുക

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - അങ്ങാടിപ്പുറം - 1.2 കിലോമീറ്റർ അകലെ (ഷോർണൂർ-നിലമ്പൂർ റെയിൽവേ റൂട്ട്). കൊച്ചുവേളി നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്സ്, കോട്ടയം നിലമ്പൂർ എക്സ്പ്രസ്സ്‌ എന്നിവ‌ ഇവിടെ നിർത്തുന്ന ട്രെയിനുകളാണ്.
  • അടുത്തുള്ള മറ്റു പ്രധാന റെയിൽ‌വേ സ്റ്റേഷനുകൾ- ഷൊർണൂർ - 35 കിലോമീറ്റർ അകലെ. ഷൊർണൂരിൽ നിന്നും അങ്ങാടിപ്പുറത്തേക്ക് ട്രെയിനുകൾ ലഭ്യമാണ്. തിരൂർ റെയിൽവേ സ്റ്റേഷൻ - 37 കിലോമീറ്റർ അകലെ.
  • ഏറ്റവും അടുത്തുള്ള പട്ടണം - പെരിന്തൽമണ്ണ - 3 കിലോമീറ്റർ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം - കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം - 40 കിലോമീറ്റർ അകലെ
  • ജില്ലാ ആസ്ഥാനമായ മലപ്പുറത്ത്‌ നിന്നും 19 കി.മി ദൂരം. ഏകദേശം 33 മിനിറ്റ് യാത്ര.
  • കാടാമ്പുഴയിൽ നിന്നും അങ്ങാടിപ്പുറത്തേക്ക് ഏകദേശം 22 കി.മി. 40 മിനിറ്റ് യാത്ര.
  • കോഴിക്കോട്-പാലക്കാട്‌ ദേശീയപാത ഇതുവഴിയുള്ള പ്രധാന പാതയാണ്. പാലക്കാട്‌ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ ഇവിടെ എത്തിച്ചേരാം. പെരിന്തൽമണ്ണ വഴി ധാരാളം ബസുകളും ലഭ്യമാണ്. പാലക്കാട്‌ നിന്നും ഏതാണ്ട് 69 കി.മി., കോഴിക്കോട് 64 കി. മി. ദൂരം.
  • തൃശ്ശൂരിൽ നിന്നും പട്ടാമ്പി വഴി ഇവിടെ എത്തിച്ചേരാം. ഏകദേശം 68 കി.മി. ദൂരം
  • ഗുരുവായൂരിൽ നിന്നും പട്ടാമ്പി വഴി ഏകദേശം 57 കി.മി. ദൂരം

ദർശന സമയം തിരുത്തുക

രാവിലെ 4.30 am മുതൽ ഉച്ചക്ക് 12 pm വരെ. വൈകുന്നേരം 4 pm മുതൽ രാത്രി 8 pm വരെ.

ഇത് കൂടി കാണുക തിരുത്തുക

പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
  2. കൊട്ടാരത്തിൽ ശങ്കുണ്ണി - ഐതിഹ്യമാല, പനയന്നാർകാവ്
  3. ജന്മഭൂമി-തിരുമാന്ധാംകുന്ന്[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 വിഗ്രഹം
  5. ഡോ. കെ. ബാലകൃഷ്ണവാര്യർ (19 ഒക്ടോബർ 2014). "ഭദ്രകാളി". ജന്മഭൂമി. Archived from the original (പത്രലേഖനം) on 2014-10-19. Retrieved 19 ഒക്ടോബർ 2014.
  6. ആട്ടങ്ങയേറ്
  7. ചാന്താട്ടം
  8. എസ്. രാജേന്ദു (2016). തിരുമാന്ധാംകുന്ന് വൈശിഷ്ട്യം - ഒരു പഠനം. പെരിന്തൽമണ്ണ: മാധവം.
  9. എസ്. രാജേന്ദു (2015). തിരുമാനാംകുന്ന് ഗ്രന്ഥവരി (ആറങ്ങോട് സ്വരൂപം ഗ്രന്ഥവരി). വള്ളത്തോൾ വിദ്യാപീഠം, ശുകപുരം.{{cite book}}: CS1 maint: location missing publisher (link)

.