പാളയം ഒ.ടി.സി. ഹനുമാൻ സ്വാമിക്ഷേത്രം

കേരളസംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ, നിയമസഭാ മന്ദിരത്തിന്റെ വടക്കുവശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പാളയം ഒ.ടി.സി. ഹനുമാൻ സ്വാമിക്ഷേത്രം. ഹനുമാൻ പ്രധാന പ്രതിഷ്ഠയായി വരുന്ന കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണിത്. കൂടാതെ, തുല്യപ്രാധാന്യത്തോടെ ശിവനും ഇവിടെയുണ്ട്. ആദ്യകാലത്ത് തിരുവിതാംകൂർ സൈന്യത്തിലെ നായർ റെജിമെന്റിന്റെ കീഴിലായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

ഐതിഹ്യം തിരുത്തുക

അയ്യാ വൈകുണ്ഠസ്വാമിക്ക് പാലമരച്ചുവട്ടിൽ വച്ച് ഹനുമാൻസ്വാമിയുടെ ദർശനം ലഭിച്ച ക്ഷേത്രമാണ് തിരുവനന്തപുരത്തെ പാളയം ഒ.റ്റി.സി (ഓഫീസേഴ്സ് ട്രെയിനിംഗ് ക്യാമ്പ്) ഹനുമാൻ സ്വാമി ക്ഷേത്രം. ഭഗവാൻ സ്വാമിക്ക് ദർശനം നൽകിയ ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നാണ് സങ്കല്പം.

പ്രധാന പ്രതിഷ്ഠകൾ തിരുത്തുക

ഹനുമാൻ തിരുത്തുക

അഞ്ചടിയോളം ഉയരമുള്ള ആയുധങ്ങളില്ലാതെ തല അൽപ്പം ചരിച്ചുപിടിച്ച് പല്ലുകൾ പുറത്തു കാട്ടി ചിരിച്ച് ഒരുകൈ കൊണ്ട് അനുഗ്രഹം ചൊരിഞ്ഞും മറുകൈ തുടയിലൂന്നിയും നിൽക്കുന്ന ഹനുമാൻ സ്വാമിയാണ് ഇവിടുത്തെ പ്രതിഷ്ഠ. അയ്യാ വൈകുണ്ഠസ്വാമിക്ക് ദർശനം ലഭിച്ച രൂപമെന്നു വിശ്വാസം.

ബാല ഹനുമാൻ തിരുത്തുക

ബാലഹനുമാനെയും ഇവിടെ പൂജിച്ചു വരുന്നു. ബാലഹനുമാന് ഭക്തർക്ക് നേരിട്ട് കുങ്കുമം, വെറ്റിലമാല എന്നിവ ചാർത്തുന്നതിനും നാമലിഖിതം സമർപ്പിക്കുന്നതിനും സൗകര്യമുണ്ട്. ഭക്തർ ബാലഹനുമാനെ തന്റെ ഗൃഹത്തിലെ അംഗമായി കരുതിപ്പോരുന്നു.

മഹാദേവൻ തിരുത്തുക

ശിവലിംഗ രൂപത്തിൽ ശ്രീ മഹാദേവവും ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ ആണ്.

ഉപദേവന്മാർ തിരുത്തുക

മഹാഗണപതി, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ.

വഴിപാടുകൾ തിരുത്തുക

സങ്കട പരിഹാരങ്ങൾക്ക് ഈ ക്ഷേത്രത്തിൽ നടത്താവുന്ന പ്രധാന വഴിപാടാണ് ഫലതാംബൂല സമർപ്പണം. വെറ്റില, അടയ്ക്കാ, നാണയം, ചെറുനാരങ്ങ, പഴം ഇവ ഓരോന്നു വീതം എടുത്ത് ഹനുമാൻ സ്വാമിയുടെ മുമ്പിൽ പ്രാർത്ഥിച്ച് 11 വലം വച്ച് സമർപ്പിക്കുന്നതാണ് ചടങ്ങ്. കാര്യസാദ്ധ്യശേഷം കളഭം, പുഷ്പാഭിഷേകം, നിത്യപൂജ, വെണ്ണമുഴുക്കാപ്പ്, വടമാല, അവൽ പന്തിരുനാഴി, ഇടിച്ചുപിഴിഞ്ഞ പായസം ഇവ ഏതെങ്കിലും സ്വന്തം ശക്തിയ്ക്കൊത്ത് നടത്തണം.

അവൽപ്പൊതി സമർപ്പണമാണ് മറ്റൊരു പ്രധാന വഴിപാട്. അവൽ നിവേദ്യം, അപ്പം, എള്ളുനിവേദ്യം, അഷ്ടാഭിഷേകം, പഞ്ചാമൃതം, അരവണ, പുഷ്പാഞ്ജലി, നീരാജനം, വെണ്ണ, പാദുകം, പാൽപ്പായസം എന്നിവയും സ്വാമിയുടെ പ്രധാന വഴിപാടുകളാണ്. നിവേദ്യങ്ങളിൽ വെണ്ണ ചേർക്കുന്നു എന്നത് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

മഹാദേവന് ധാര, മൃത്യുഞ്ജയ അർച്ചന, മൃത്യുഞ്ജയ ഹോമം എന്നിവ പ്രധാന വഴിപാടാണ്.

പ്രധാന ദിവസങ്ങൾ തിരുത്തുക

ശ്രീരാമ നവമി, ഹനുമദ്‌ ജയന്തി, മഹാശിവരാത്രി തുടങ്ങിയവ അതി പ്രധാന ദിവസങ്ങൾ. ശനി, വ്യാഴം, ചൊവ്വ തുടങ്ങിയ ദിവസങ്ങൾ ഹനുമാന് പ്രാധാന്യം.