പാറക്കണ്ണി

ആലിപ്പറമ്പ് പഞ്ചായത്തിലെ 9ാം വാർഡ്

ഏകദേശം 2 കിലോമീറ്റർ വിസ്തൃതിയുള്ള ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് പാറക്കണ്ണി. 450 മുതൽ 500 വരെ കുടുംബങ്ങൾ താമസിക്കുന്ന ഇവിടം 90 ശതമാനവും മുസ്ലിം മത വിശ്വാസികൾ ആണ്. വിശാലമായി കിടക്കുന്ന കൃഷി ഇടങ്ങൾ ആണ് ഈ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത. പണ്ടുകാലങ്ങളിൽ നെൽകൃഷി ആയിരുന്നു ഇവിടുത്തെ പ്രധാന കാർഷിക വിള. എന്നാൽ ഇരുപത്തി ഒന്നാം നുറ്റാണ്ടോടെ അത് ചേനയിലേക്കും കപ്പയിലേക്കും വാഴയിലേക്കും ഒക്കെ ആയി മാറി. ഇന്ന് ചേന കൃഷിക്ക് പ്രശസ്തമാണ് പാറക്കണ്ണി. കൂറ്റൻ ബഹുനില കെട്ടിടങ്ങളോ വാണിജ്യ സ്ഥാപനങ്ങളോ അല്ല മറിച്ച് വിശാലമായ പാടശേഖരവും തോടും കുളങ്ങളും ഒക്കെ തന്നെയാണ് പാറക്കണ്ണിയെ സുന്ദരിയാക്കുന്നത്.

ഭൂപ്രകൃതിതിരുത്തുക

മലനാട് ഭൂപ്രകൃതിയിൽ ആണ് ഈ പ്രദേശം ഉൾപ്പെടുന്നത്. ചെരിഞ്ഞ ഭൂതലമായി കിടക്കുന്ന സ്ഥലങ്ങളിൽ ആണ് ജനങ്ങൾ തിങ്ങി താമസിക്കുന്നത്. സമുദ്ര നിരപ്പുമായി തട്ടിച്ചു നോക്കിയാൽ ഉയർന്ന പ്രദേശങ്ങളിൽ റബർ കൃഷിയും വാർഡിലെ താഴ്ന്ന പ്രദേശത്തിൽ ഭൂരിപക്ഷവും വയലുകളുമാണ്. കൃഷി സജീവമായി ഇന്നും നില നിൽക്കുന്നു എന്നത് ഈ നാടിന്റെ ഒരു പ്രത്യേകതയാണ്. ബിടാത്തി മുതൽ പള്ളിക്കുന്ന് വരെയുള്ള റബറൈസ്ഡ് റോഡാണ് ഇവിടുത്തെ പ്രധാന യാത്ര മാർഗം. ദിവസത്തിൽ നാലുതവണ സേവനമനുഷ്ഠിക്കുന്ന "തൂത റോഡ് ലൈൻസ്" എന്ന സ്വകാര്യ ബസ് ആണ് ഇവിടുത്തെ പ്രധാന പൊതു യാത്ര സൗകര്യം എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. വർഷം മുഴുവൻ ജലസമ്പന്നമായതും കുന്തി പുഴയിൽ ചെന്ന് ചേരുന്നതുമായ ഒരു തോടും വാർഡിലൂടെ ഒഴുന്നുണ്ട്. കൃഷിയുടെ ജലസേചനത്തിന്നും മറ്റുമായി ഒരു ബ്ലോക്ക് കുളവും ഇവിടെ ഉണ്ട്. പൊതുമേഖലാ സ്ഥാപനമായ "ജലനിധി" യുടെ വരവോടെയാണ് ഈ പ്രദേശത്തിന്റെ ജല ദൗർലഭ്യത്തിന് പരിഹാരമായത്. വാർഡിൽ രണ്ട് പട്ടിക ജാതി കോളനിയും പ്രവർത്തന രഹിതമായ ഒരു കരിങ്കൽ(ഗ്രാനൈറ്റ്) ക്വാറിയും ഉണ്ട്. മൺസൂൺ കാലങ്ങളിൽ തോട് കരകവിഞ്ഞ് ഒഴുകുന്നത് മൂലമുള്ള കൃഷി നാശമല്ലാതെ മറ്റു യാതോരു പ്രകൃതി ദുരന്തങ്ങളും ഇവിടെ ഇല്ല.

വിദ്യാഭ്യാസംതിരുത്തുക

സംമ്പൂർണ സാക്ഷരത കൈവരിച്ചിട്ടുണ്ടെങ്കിലും സമൂഹം ഉയർന്ന വിദ്യാഭ്യാസ നിലവാരത്തിലേക്ക് എത്തിയിട്ടില്ല. 1953 ൽ സ്ഥാപിതമായ Aided Lower Primary school,Vazhiyilappara ആണ് ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം. ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി നിലകൊള്ളുന്ന അംഗൻവാടി മികച്ച നിലവാരം പുലർത്തുന്നുണ്ട്. എന്നാൽ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗ്രന്ഥാലയം ഇവിടെ ഇല്ല എന്നത് ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ നിലവാരം വിളിച്ചോതുന്നു. സംശുദ്ധവും ഉന്നതവുമായ സംസ്കാരം പുലർത്തുന്ന ഇവിടം യാതൊരു വിധ ജാതി - മത വിവേചനവും നിഴലിച്ചിട്ടില്ല.

സാമ്പത്തികംതിരുത്തുക

ഇരുപത്തി ഒന്നാം നൂറ്റാടോടെ സാമ്പത്തികമായി നേട്ടം കൈവരിച്ചതോടെയാണ് പാറകണ്ണിയുടെ വളർച്ച തുടങ്ങുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക ഒഴുക്കാണ് ഇതിന്റെ മൂല്യ കാരണം. എഴുപതുകളിലും എൺപതുകളിലും ഇവിടുത്തെ ജനങ്ങൾ ജോലി തേടി ഗൾഫ് രാജ്യങ്ങളിൽ പോയി തുടങ്ങി. രണ്ടായിരമാണ്ടോടെ ഗൾഫ് രാജ്യങ്ങൾ തന്നെ ആയി ഇവിടുത്തെ പ്രധാന സാമ്പത്തിക സ്രോതസ്.

രാഷ്ട്രീയംതിരുത്തുക

രാഷ്ട്രീയ പരമായി നോക്കിയാൽ IUML ഉം CPI(M) ഉം ആണ് ഇവിടുത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾ. 2020 ലെ വോട്ടർ പട്ടികയിലെ കണക്ക് പ്രകാരം പ്രായപൂർത്തി ആയ 1742 വോട്ടർമാർ ഉണ്ട് ഇവിടെ. അതിൽ 904 പേർ സ്ത്രീകളും 839 പേർ പുരുഷൻമാരുമാണ്. വർഷങ്ങളായി IUML ആണ് ഇവിടെ രാഷ്ട്രീയ ആധിപത്യം കാത്തുസൂക്ഷിക്കുന്നത്. ഈ വാർഡിൽ നിന്നുള്ള കെ. കുഞ്ഞാപ്പു 2005 -2010 കാലഘട്ടത്തിൽ ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

[1]

അവലംബംതിരുത്തുക

  1. http://lsg.kerala.gov.in/reports/lbMembers.php?lbid=935
"https://ml.wikipedia.org/w/index.php?title=പാറക്കണ്ണി&oldid=3356421" എന്ന താളിൽനിന്ന് ശേഖരിച്ചത്