പട്ടുതൂവാല, പ്രശസ്ത സാഹിത്യകാരനായിരുന്ന മുട്ടത്തു വർക്കി എഴുതിയ ഒരു നോവലാണ്. 1958 ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ പ്രസാധകർ കോട്ടയത്തെ ഡി.സി. ബുക്സായിരുന്നു. ഈ നോവലിനെ ആസ്പദമാക്കി 1965 ൽ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ഒരു സിനിമയും പുറത്തു വന്നിരുന്നു. മധു, ഷീല, കൊട്ടാരക്കര ശ്രീധരൻനായർ എന്നിവരാണ് നോവലിന്റെ സിനിമാ ഭാഷ്യത്തിലഭിനയിച്ചത്.

പട്ടുതൂവാല
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംപ്രണയം
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1958

കഥാസാരം തിരുത്തുക

മുട്ടത്തുവർക്കിയുടെ ഒരു പ്രശസ്തമായ പ്രണയനോവലാണ് പട്ടുതൂവാല. 1958 ൽ രചിക്കപ്പെട്ട ഈ നോവൽ മനുഷ്യമനസ്സിൻറെ വിവിധ വികാരങ്ങളുടെ കോളിളക്കങ്ങളെ അതീവതീക്ഷ്ണതയോടെ ആവിഷ്കരിക്കുന്നതിൽ വിജയിച്ചിരിക്കുന്നു.  ജോർജ്ജ് എന്ന നാടകനടനാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. അമ്മയോടും രണ്ടാനഛനായ അന്ത്രോയോടുമൊപ്പം ജീവിക്കുന്ന ജോർജ്ജിന് അന്ത്രോ ഒരു പേടിപ്പെടുന്ന അനുഭവമാണ്. കഴിവുള്ള അഭിനേതാവായ അയാൾക്ക് നാടകം അയാളുടെ ജീവിതത്തിൻറെ ഭാഗമാണ്. പക്ഷേ അയാൾ നാടകങ്ങളിലഭിനയിക്കുന്നത് രണ്ടാനഛനായ അന്ത്രോയ്ക്ക് തീരെ ഇഷ്ടമില്ലാത്തതിനാൽ അയാൾ അറിയാതെയാണ് ജോർജ്ജ് നാടകങ്ങളിൽ അഭിനയിക്കുവാൻ പോകാറുള്ളത്.

ഒരു ദിവസം ജോർജ്ജ് അഭിനയിച്ച നാടകം കാണുവാൻ പിതാവായ പ്രോഫസർ ഫ്രാൻസിസിൻറെ കൂടെ സുന്ദരിയായ മകളായ സെലിൻ എത്തുകയും നാടകം കഴിഞ്ഞപ്പോൾ ജോർജ്ജിൻറെ അഭിനയത്തിൽ ആകൃഷ്ടനായി തൻറെ പട്ടു തൂവാല അയാൾക്കു സമ്മാനമായി നൽകുകയും ചെയ്യുന്നു. പട്ടുതൂവാലയുടെ ഉടമസ്ഥത ആർക്കാണെന്നതിനെക്കുറിച്ച് നാടകക്കമ്പനി മുതലാളി പോത്തപ്പനും ജോർജ്ജും തമ്മിൽ തർക്കം ഉടലെടുക്കുകയും.അവർ തമ്മിലുണ്ടായ സംഘട്ടനത്തിൽ പോത്തപ്പനു പരിക്കേൽക്കുകയും പട്ടുതൂവാലയുമായി ജോർജ്ജ് ദരേയ്ക്കു പാലായനം ചെയ്യുകയും ചെയ്യുന്നു. പട്ടുതൂവാല നൽകിയ സെലിനോട് അയാൾക്കു പ്രണയം തോന്നുന്നു. എന്നാൽ അവൾക്കു തന്നോടുള്ള മനോഭാവത്തെക്കുറിച്ച് അയാൾക്ക് അറിയില്ലായിരുന്നു. അകലെയുള്ള പട്ടണത്തിൽ ഒളിച്ചു താമസിക്കുന്ന ജോർജ്ജ് വേഷം മാറിനടന്ന് പലവിധ ജോലികൾ ചെയ്തുവരുന്നു. പട്ടണത്തിൽ വച്ച് ജോർജ്ജ് പല വ്യക്തികളെയും പരിചയപ്പെടാനിടയാകുന്നു. അതിലൊന്ന് റീത്ത എന്ന സുന്ദരിയായ യുവതിയാണ്. ആമിന എന്ന പൂവിൽപ്പനക്കാരി, സെലിൻറെ പിതൃസഹോദരൻ മാത്യു എന്നിരും അയാളുടെ അടുത്ത പരിചയക്കാരാകുന്നു. ആമിനയ്ക്ക് ജോർജ്ജിനോട് പ്രണയം തോന്നുകയും അയാളോട് തുറന്നുപറയുകയും ചെയ്യുന്നു. എന്നാൽ താൻ പോലീസ് തേടിക്കൊണ്ടിരിക്കുന്ന ഒരു കുറ്റവാളിയാണെന്നുളള സത്യം ജോർജ്ജ് ആമിനയോടു പറയുന്നുവെങ്കിലും അവൾക്ക് ജോർജ്ജിനോടുള്ള മനോഭാവത്തിനു മാറ്റം സംഭവിക്കുന്നില്ല.

വളരെക്കാലങ്ങൾക്കു ശേഷം ജോർജ്ജ് നാട്ടിലേയ്ക്കു തിരിച്ചുവരുകയും താൻ താമസിച്ചിരുന്ന വീട് അനാഥമായി ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്നതു കാണാനിടവരുകയും ചെയ്യുന്നു. അമ്മയെയും സഹോദരിയെയും കണ്ടുപിടിക്കാൻ സാധിക്കുന്നില്ലാത്തതിനാൾ അയാൾ ഖിന്നനായി എങ്കിലും അവർ സുരക്ഷിതരായിട്ടിരിക്കുന്നു എന്ന വാർത്ത അറിഞ്ഞപ്പോൾ ഏറെ സന്തോഷിക്കുന്നു. പഴയ കുറ്റത്തിന് ജോർജ്ജിനെ പോലീസ് അറസ്റ്റു ചെയ്തുവെങ്കിലും സെലിന്റെ പിതാവായ പ്രൊഫസർ അയാളെ രക്ഷപെടാൻ സഹായിക്കുന്നു. താമസംവിനാ, ജോർജ്ജ് അമ്മയെയും സഹോദരിയെയും കണ്ടുപിടിക്കുകയും ആമിനയെ വിവാഹം കഴക്കുവാനുള്ള ആഗ്രഹം അമ്മയെ അറിയിക്കുകയും ചെയ്യുന്നു. അമ്മ സമ്മതിച്ചതനുസരിച്ച് ആമിനയെ കൂട്ടിക്കൊണ്ടുവരുവാനായി ജോർജ്ജ് വീണ്ടും പട്ടണത്തിലേയ്ക്കു പുറപ്പെടുകയും അവിടെവച്ച് ആമിന മരിച്ചുപോയ വാർത്തയറിഞ്ഞ് വളരെയധികം ദുഃഖിക്കുകയും ചെയ്യുന്നു. ഇതിനിടെ ജോർജ്ജ് ഒരു റോഡപകടത്തിൽപ്പെടുകയും യാദൃച്ഛികമായി സെലിന്റെ വീട്ടിലെത്തിപ്പെടുകയും ചെയ്യുന്നു. അവിടെ വച്ച് കാമുകീകാമുകന്മാർ ഹൃദയങ്ങൾ തമ്മിൽ കൈമാറുകയും നോവൽ ശുഭമായി പര്യവസാനിക്കുകയും ചെയ്യുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പട്ടുതൂവാല_(നോവൽ)&oldid=2583519" എന്ന താളിൽനിന്ന് ശേഖരിച്ചത്