പ്രധാന മെനു തുറക്കുക

പേർഷ്യൻ പുതുവൽസരദിനമാണ് നവ്റോസ് എന്നറിയപ്പെടുന്നത്.

വസന്തഋതുവിലെ ആദ്യദിവസം അഥവാ വസന്തവിഷുവമാണ് നവ്റോസ് (Nowruz) ദിനമായി ആഘോഷിക്കപ്പെടുന്നത്. ഇത് മിക്കവാറും മാർച്ച്‌ 21നോ അല്ലെങ്കിൽ ഒരു ദിവസം മുമ്പോ പിമ്പോ ആയിരിക്കും. സൂര്യൻ അതിന്റെ സഞ്ചാരമധ്യേ തെക്ക്‌ നിന്ന്‌ വടക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ച്‌ കടക്കുന്ന ദിവസമാണിത്. രാത്രിക്കും പകലിനും അന്നു തുല്യദൈർഘ്യമായിരിക്കും.

വിവിധ സാംസ്‌കാരിക-മത വിഭാഗങ്ങൾ സഹസ്രാബ്ദങ്ങളായി നവ്റോസ് ആഘോഷിക്കാറുണ്ട്. ഹഖാമനി സാമ്രാജ്യകാലത്ത് പ്രാചീന പേർഷ്യയിലാണ് ഇത് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. ഇതിന്റെ സാംസ്‌കാരിക സ്വാധീനത്തിൽ വരുന്ന - അഫ്ഗാനിസ്താൻ, താജിക്കിസ്ഥാൻ, തുർക്‌മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാഖ്സ്ഥാൻ, കിർഗ്ഗിസ്ഥാൻ, അസർബെയ്ജാൻ, വടക്കൻ കോക്കസ്സസ്സ്, കിഴക്കൻ തുർക്കിയിലെയും വടക്കൻ ഇറാഖിലെയും കുർദ് ജനവാസമേഖല മുതലായ പ്രദേശങ്ങളിൽ നവ്റോസ് ആഘോഷിക്കപ്പെടുന്നു.

സൊറോസ്ട്രിയൻ, ബഹായ് മതവിശ്വാസികൾ നവ്റോസ് ഒരു പുണ്യദിനമായി ആചരിക്കുന്നു. മദ്ധ്യേഷ്യയിൽ സൂഫി മുസ്ലിങ്ങളും ഇസ്മായിലി, അലവി മുതലായ ഷിയാ വിഭാഗങ്ങളും നവ്റോസ് ആചരിക്കാറുണ്ട്.

2009ൽ യുനെസ്കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ നവ്റോസിനെ ഉൾപെടുത്തി. 2010ൽ ഐക്യരാഷ്ട്ര പൊതുസഭ മാർച്ച്‌ 21 അന്താരാഷ്ട്ര നവ്റോസ് ദിനമായി അംഗീകരിച്ചു.

"https://ml.wikipedia.org/w/index.php?title=നവ്റോസ്&oldid=2318250" എന്ന താളിൽനിന്ന് ശേഖരിച്ചത്