നരേന്ദ്രദേവ്
ബംഗാളി സാഹിത്യകാരനും ചലച്ചിത്ര - നാടക പ്രവർത്തകനുമായിരുന്നു നരേന്ദ്ര ദേവ്. നരേന്ദ്ര എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം മൂന്നു തലമുറയിൽപ്പെട്ട എഴുത്തുകാരെയും കലാകാരന്മാരെയും ഇണക്കിച്ചേർത്ത കണ്ണികൂടിയായിരുന്നു.
ജീവിതരേഖ
തിരുത്തുകഉത്തര കൊൽക്കത്തയിലെ ഒരു പ്രഭുകുടുംബത്തിലാണ് 1888-ൽ നരേന്ദ്ര ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് നാഗേന്ദ്രചന്ദ്ര പുരോഗമന വീക്ഷണമുള്ള വ്യക്തിയായിരുന്നു. പിതൃസഹോദരപുത്രൻ രാജേന്ദ്ര ദേവ് വഴി നരേന്ദ്ര യൌവനാരംഭത്തിൽ ബംഗാളിലെ വിപ്ളവകാരികളുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അത് വളരെ കുറച്ചുകാലമേ നിലനിന്നുള്ളൂ. മെട്രോപോളിറ്റൻ സ്കൂളിൽനിന്ന് പ്രശസ്തമായ നിലയിൽ മെട്രിക്കുലേഷൻ പാസ്സായെങ്കിലും അനാരോഗ്യംമൂലം നരേന്ദ്രയ്ക്ക് പഠനം തുടരാൻ കഴിഞ്ഞില്ല. എന്നാൽ വിവിധ വിഷയങ്ങളെപ്പറ്റി ഉത്സാഹപൂർവം ഇദ്ദേഹം നിരന്തരം പഠിക്കുകയും ആ പഠനം ജീവിതകാലം മുഴുവൻ തുടരുകയും ചെയ്തു.
രവീന്ദ്രനാഥ ടാഗൂർ, ശരത്ചന്ദ്ര ചതോപാധ്യായ, കാസി നസ്റുൾ ഇസ്ലാം, സത്യേന്ദ്രനാഥ് ദത്ത, മൊഹിത്ലാൽ മജുംദാർ, ശിശിർ കുമാർ ഭാദുരി തുടങ്ങി ബംഗാളി കലാസാഹിത്യരംഗത്ത് വിഖ്യാതരായ ഒട്ടേറെ ആളുകളുമായി അടുത്ത ബന്ധം നരേന്ദ്ര ദേവിനുണ്ടായിരുന്നു. സുബ്രമണ്യ ഭാരതിയെപ്പോലുള്ള മഹാന്മാരായ സാഹിത്യ-കലാപ്രവർത്തകരുമായും നരേന്ദ്രയ്ക്ക് അടുപ്പമുണ്ടായിരുന്നു.
പി.ഇ.എൻ. പശ്ചിമബംഗാൾ ശാഖ, ബാലസാഹിത്യ പരിഷദ്, ശരത് സമിതി, സാഹിത്യ തീർഥ എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. രണ്ടുതവണ ബംഗീയസാഹിത്യ പരിഷത്തിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. ബംഗാളി നാടകവേദിയുടെ പ്രശ്നങ്ങൾക്കും സാധ്യതകൾക്കും പ്രാധാന്യം കൊടുത്തിരുന്ന നാച്ഘർ എന്ന വാരികയുടെയും ബയോസ്കോപ്പ് എന്ന ബംഗാളി സിനിമാ വാരികയുടെയും പാഠശാല എന്ന കുട്ടികളുടെ മാസികയുടെയും പത്രാധിപരായി നരേന്ദ്ര പതിനഞ്ചുവർഷം പ്രവർത്തിച്ചിട്ടുണ്ട്.
1950-ൽ നരേന്ദ്ര പല യൂറോപ്യൻ രാജ്യങ്ങളും സന്ദർശിക്കുകയും എഡിൻബറോയിൽവച്ചു നടന്ന അന്താരാഷ്ട്ര പി.ഇ.എൻ. സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. 1955-ൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചതോടൊപ്പം ഹെൽസിങ്കിയിൽ നടന്ന ലോക സമാധാന സമ്മേളനത്തിലും പങ്കെടുത്തു. ഷെർവുഡ് ആൻഡേഴ്സൻ, സ്റ്റീഫൻ സ്പെൻഡർ, അഗതാ ക്രിസ്റ്റി, എലിയ എഹ്റൻബർഗ്, മിഖായേൽ ഷൊളോഖോവ് എന്നീ ലോകപ്രശസ്ത സാഹിത്യകാരന്മാരുമായി ഇദ്ദേഹത്തിന് സുഹൃദ്ബന്ധമുണ്ടായിരുന്നു.
ബ്രഹ്മബാന്ധവ് ഉപാധ്യായയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന സന്ധ്യ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിലായിരുന്നു നരേന്ദ്ര ദേവ് രചിച്ച കവിത ആദ്യം വെളിച്ചം കണ്ടത്. ഗാർമിൽ നരേന്ദ്രയുടെ ആദ്യ നോവലും ചതുർവേദാശ്രം ആദ്യ കഥാസമാഹാരവും വസുന്ധര ആദ്യ കവിതാസമാഹാരവുമാണ്. യാത്രാവിവരണങ്ങളും മാനവേന്ദ്ര സുർ എന്ന തൂലികാനാമത്തിൽ ആക്ഷേപഹാസ്യപരമായ രേഖാചിത്രങ്ങളും കുട്ടികൾക്കുവേണ്ടിയുള്ള നാടകങ്ങളും ഇദ്ദേഹം രചിച്ചു. 1934-ൽത്തന്നെ ഒരു കലയെന്ന നിലയിൽ സിനിമയെ പരിചയപ്പെടുത്തുന്ന സിനിമ എന്ന പുസ്തകം ബംഗാളിയിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രാദേശിക ഭാഷകളിൽ സിനിമകൾപോലും വിരളമായിരുന്ന അക്കാലത്ത് ബംഗാളിയിൽ ഇത്തരം ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. സിനിമയോടു ബന്ധപ്പെട്ട നിരവധി സാങ്കേതിക പദങ്ങൾ ബംഗാളിയിൽ അന്ന് ഇദ്ദേഹത്തിന് പുതുതായി രൂപപ്പെടുത്തേണ്ടിവന്നു.
നരേന്ദ്ര ദേവിന്റെ പ്രസിദ്ധീകരിക്കപ്പെട്ട 36 പുസ്തകങ്ങളിൽ കവിതാ വിവർത്തനങ്ങളായ നാല് കൃതികളിൽ രണ്ടെണ്ണം കാളിദാസന്റെ മേഘദൂതും ഉമർ ഖയ്യാമിന്റെ കൃതികളും ആണ്. മൂന്ന് ചെറുകഥാസമാഹാരങ്ങൾ, ഒരു ജീവചരിത്രം (ശരത്ചന്ദ്രയെപ്പറ്റി), മൂന്ന് യാത്രാവിവരണങ്ങൾ, ഒമ്പത് നോവലുകൾ, എട്ട് ബാലസാഹിത്യകൃതികൾ തുടങ്ങിയവയും അക്കൂട്ടത്തിൽപ്പെടും.
വിധവാ വിവാഹം പാപമായി കരുതിയിരുന്ന 1920-കളുടെ തുടക്കത്തിൽ രാധാറാണി ദത്ത എന്ന വിധവയെ നരേന്ദ്ര വിവാഹം കഴിച്ചത് യാഥാസ്ഥിതികരുടെ ഇടയിൽ വലിയ ഒച്ചപ്പാടിനു കാരണമായി. എന്നാൽ രവീന്ദ്രനാഥ ടാഗൂറും ശരത്ചന്ദ്രയും ദമ്പതികളെ അനുഗ്രഹിച്ച് വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എടുത്തത്.
1971-ൽ നരേന്ദ്ര ദേവ് നിര്യാതനായി.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നരേന്ദ്രദേവ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |