ദ ക്വസ്റ്റ് ഓഫ് ദ ഹിസ്റ്റോറിക്കൽ ജീസസ്

ദൈവശാസ്ത്രജ്ഞനും, ചിന്തകനും, സംഗീതജ്ഞനും, വൈദ്യനും, നോബൽസമ്മാനജേതാവുമായ ആൽബർട്ട് ഷ്വൈറ്റ്സർ 1906-ൽ പ്രസിദ്ധീകരിച്ച പ്രഖ്യാതരചനയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ദ ക്വസ്റ്റ് ഓഫ് ദ ഹിസ്റ്റോറിക്കൾ ജീസസ് അല്ലെങ്കിൽ ചരിത്രത്തിലെ യേശുവിനു വേണ്ടിയുള്ള അന്വേഷണം. ബൈബിളിന്റെ, പ്രത്യേകിച്ച് പുതിയനിയമത്തിന്റെ, ചരിത്രനിരൂപണമാണിത്. താൻ മിശിഹായാണെന്നും സ്വർഗ്ഗരാജ്യത്തിന്റെ ആഗമനം കുറിക്കുന്ന യുഗസംക്രാന്തി ഉടൻ നടക്കാനിരിക്കുന്നുവെന്നും ഉള്ള വിശ്വാസമാണ് യേശുവിന്റെ പ്രബോധനങ്ങൾക്കു പിന്നിലെന്നും, ഇക്കാര്യം മനസ്സിലാക്കിയെങ്കിലേ യേശുവിന്റെ ജീവിതത്തേയും പ്രഘോഷണങ്ങളേയും വിശദീകരിക്കാനാകൂ എന്നും ഈ കൃതിയിൽ ഷ്വൈറ്റ്സർ വാദിച്ചു.[1]

ദ ക്വസ്റ്റ് ഓഫ് ദ ഹിസ്റ്റോറിക്കൽ ജീസസ്
കർത്താവ്ആൽബർട്ട് ഷ്വൈറ്റ്സർ
യഥാർത്ഥ പേര്Geschichte der Leben-Jesu-Forschung
പരിഭാഷവില്യം മോണ്ട്ഗോമറി (ഇംഗ്ലീഷിലേക്ക്)
ഭാഷജർമ്മൻ
പ്രസിദ്ധീകരിച്ച തിയതി
1906
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1910
മാധ്യമംഅച്ചടി

"യേശുജീവിതത്തെ സംബന്ധിച്ച ഗവേഷണങ്ങളുടെ ചരിത്രം" എന്നർത്ഥം വരുന്ന പേരുള്ള ഗ്രന്ഥത്തിന് "ദ ക്വസ്റ്റ് ഓഫ് ഹിസ്റ്റോറിക്കൽ ജീസസ്" (ചരിത്രത്തിലെ യേശുവിനു വേണ്ടിയുള്ള അന്വേഷണം) എന്ന പേരിൽ വില്യം മോണ്ട്ഗോമറി നിർവഹിച്ച ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിക്കപ്പെത് 1910-ൽ ആണ്. തുടർന്ന്, ആംഗലഭാഷ ലോകത്ത് ഷ്വൈറ്റ്സറുടെ കൃതി ആ പേരിൽ പ്രസിദ്ധമായി.[2]

രൂപരേഖ തിരുത്തുക

ചരിത്രത്തിലെ യേശുവിനെപ്പറ്റി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതൽ നടന്ന എല്ലാ പഠനങ്ങളും ഷ്വൈറ്റ്സർ ഈ കൃതിയിൽ നിരൂപണം ചെയ്യുന്നു. കാലാകാലങ്ങളിൽ എഴുത്തുകാരുടെ ചായ്‌വുകൾക്കനുസരിച്ച് യേശുവിന്റെ പ്രതിച്ഛായ മാറിക്കൊണ്ടിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തനിക്കു മുൻപുള്ള ഒരു നൂറ്റാണ്ടുകാലത്തെ പഠനങ്ങളുടെ കണ്ടെത്തലുകൾക്ക് തന്റെ നിലപാടിൽ നിന്നുള്ള സംഗ്രഹവും വ്യാഖ്യാനവും അവതരിപ്പിച്ചാണ് ഈ രചന സമാപിക്കുന്നത്. യേശുവിന്റെ ജീവിതം യേശുവിന്റെ തന്നെ ബോദ്ധ്യങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടണം എന്ന നിലപാടാണ് ഷ്വൈറ്റ്സർ സ്വീകരിക്കുന്നത്. യേശുവിന്റെ ബോദ്ധ്യങ്ങളുടെ മൗലികഘടകമായി ഷ്വൈറ്റ്സർ കരുതിയതാകട്ടെ, യഹൂദരുടെ യുഗാന്തപ്രതീക്ഷ (eschatology) ആയിരുന്നു.

വിശകലനം തിരുത്തുക

യുഗാന്തബോധം തിരുത്തുക

സുവിശേഷങ്ങളിലെ യുഗാന്തപ്രവചനങ്ങളെ (eschatological passages) വിശദീകരിക്കാൻ ബുദ്ധിമുട്ടിയ പരമ്പരാഗതക്രിസ്തീയത, അവയെ പൊതുവേ അവഗണിച്ചിരുന്നു. ആധുനികകാലത്ത് ചരിത്രത്തിലെ യേശുവിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ഷ്വൈറ്റ്സറുടെ പൂർ‌വഗാമികളായിരുന്നവർ പലരുമാകട്ടെ, സാമൂഹ്യപരിഷ്കർത്താവും ധർമ്മഗുരുവും ആയിരുന്ന യേശുവിനെ യുഗാന്തചിന്തയുടെ(eschatology) പ്രവാചകനായി ചിത്രീകരിച്ച സുവിശേഷകന്മാർ അദ്ദേഹത്തോട് അനീതിചെയ്തെന്നു പോലും കരുതി. ഇതിനു നേർ‌വിപരീതമായ നിഗമനങ്ങളിലാണ്‌ തന്റെ പഠനത്തിനൊടുവിൽ ഷ്വൈറ്റ്സർ എത്തിച്ചേർന്നത്. വിശ്വാസവുമായി വഴിപിരിഞ്ഞ ആധുനിക കാലത്തെ സുവിശേഷേതര ജീവചരിത്രങ്ങളിലെ യേശു, അവ എഴുതിയ യുക്തിവാദികളുടെ മനോധർമ്മപ്രകടനം മാത്രമാണെന്ന് ഷ്വൈറ്റ്സർ കരുതി. സുവിശേഷങ്ങൾ ഇഴ പിരിച്ച്, യൂറോപ്യൻ ജ്ഞാനോദയത്തിന്റെ സൃഷ്ടിയായ ആധുനികയുക്തിയുമായി ഒത്തുപോകുന്ന ഒരു യേശുവിനെ കണ്ടെത്താനുള്ള ശ്രമം വ്യർഥമാണ്.

യേശുവിന്റെ സന്മാർഗ്ഗപ്രബോധനങ്ങളെ ആധാരമാക്കി സുവിശേഷങ്ങളിലെ യുഗാന്തചിന്തയെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു പകരം യേശുവിനെ നയിച്ചിരുന്ന യുഗാന്തബോധത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ സന്മാർഗ്ഗചിന്തയെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്‌ വേണ്ടത്‌. യേശുവിന്റെ പ്രബോധനങ്ങളുടെ മുഖ്യ പ്രചോദനവും അടിസ്ഥാനവും യുഗാന്തചിന്തയായിരുന്നു. തന്റെ സന്മാർഗ്ഗപ്രബോധനങ്ങൾ യേശു അവതരിപ്പിച്ചത് ലോകാവസാനത്തിനു മുൻപുള്ള അവസ്ഥാന്തരകാലത്തിനു ചേരുന്ന പെരുമാറ്റചട്ടങ്ങൾ എന്ന നിലയിലാണെന്നും ഷ്വൈറ്റ്സർ വാദിച്ചു.[3][4]

'അത്യാസന്നത' തിരുത്തുക

യേശുവും ശിഷ്യന്മാരും ലോകാവസാനത്തിന്റെ അത്യാസന്നതയിൽ വിശ്വസിച്ചിരുന്നെന്ന് ഷ്വൈറ്റ്സർ എഴുതി.[5] 'മനുഷ്യപുത്രന്റെ' ആഗമനം പ്രവചിക്കുകയും അതോടനുബന്ധിച്ചുള്ള സംഭവഗതികൾ വിവരിക്കുകയും ചെയ്യുന്ന ഒട്ടേറെ ബൈബിൾ ഖണ്ഡങ്ങൾ ഈ സന്ദർഭത്തിൽ അദ്ദേഹം എടുത്തുകാട്ടുന്നു. മർക്കോസിന്റെ സുവിശേഷത്തിൽ യേശു, കപടപ്രവാചകന്മാരും, ഭൂകമ്പങ്ങളും, ആകാശഗോളങ്ങളുടെ പതനവും, ചേർന്ന അന്ത്യകാലത്തെ "ദുരിതങ്ങളും" അവക്കൊടുവിൽ "ശക്തിമഹത്ത്വങ്ങളോടെ വാനമേഘങ്ങളിൽ" അരങ്ങേറാനിരിക്കുന്ന മനുഷ്യപുത്രന്റെ വരവും പ്രവചിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഗസംക്രാന്തി എപ്പോൾ സംഭവിക്കാനിരിക്കുന്നു എന്നു പോലും ഈ പ്രവചനങ്ങളിൽ യേശു വ്യക്തമായി സൂചിപ്പിച്ചെന്ന് ഷ്വൈറ്റ്സർ വാദിച്ചു: "സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഇക്കാര്യങ്ങളെല്ലാം സംഭവിക്കുന്നതു വരെ ഈ തലമുറ കടന്നു പോവുകയില്ല" എന്ന മർക്കോസിന്റെ സുവിശേഷത്തിലെ വാക്യം യുഗാന്ത്യപ്രവചനത്തിലെ കാലസൂചനയായി അദ്ദേഹം എടുത്തുകാട്ടി. ഇതേമട്ടിൽ യുഗാന്ത്യത്തിന്റെ അത്യാസന്നത പ്രവചിക്കുന്ന യേശുവിനെ മത്തായിയുടെ സുവിശേഷവും അവതരിപ്പിക്കുന്നു: "ഇക്കാര്യങ്ങളെല്ലാം നിറവേറുവോളം ഈ തലമുറ കടന്നുപോവുകയില്ല" എന്ന് അവിടെയും യേശു പറയുന്നു. യുഗാന്ത്യത്തിന്റെ അത്യാസന്നതയിൽ പൗലോസ് അപ്പസ്തോലനും വിശ്വസിച്ചിരുന്നെന്ന് തെസലോനിയർക്ക് എഴുതിയ ഒന്നാം ലേഖനം നാലാമദ്ധ്യായത്തിന്റേയും മറ്റും ആശ്രയത്തിൽ ഷ്വൈറ്റ്സർ വാദിച്ചു. യേശുവിന്റെ മൂലപ്രബോധനങ്ങളെ ആശ്രയിച്ചുള്ള ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ ദൈവശാസ്ത്രം, ഈ പ്രവചനങ്ങളെ അക്ഷരാർത്ഥത്തിലെടുത്ത് അവയുടെ സമീപസ്ഥമായ പൂർത്തീകരണത്തിൽ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നെന്ന നിഗമനത്തിൽ ഷ്വൈറ്റ്സർ എത്തിച്ചേരുന്നു.[3]

ലോകചക്രം തിരുത്തുക

ഷ്വൈറ്റ്സറുടെ അഭിപ്രായത്തിൽ, തന്റെ ജീവിതകാലത്തു തന്നെ ചരിത്രം പരിസമാപ്തിയിലെത്തുമെന്ന വിശ്വാസത്തിലാണ്‌ യേശു പരസ്യജീവിതം ആരംഭിച്ചതും ശിഷ്യന്മാരെ സുവിശേഷവേലയ്ക്ക് നിയോഗിച്ചതും. അതു നടക്കാൻ പോകുന്നില്ലെന്ന് ബോധ്യമായപ്പോൾ, തന്റെ ആത്മത്യാഗത്തോടെ യുഗസമാപ്തി എത്തിച്ചേരുമെന്ന വിശ്വാസത്തിൽ അതിന്‌ അവസരമൊരുക്കും വിധം ദൗത്യത്തിന്റെ ശേഷഭാഗം യേശു രൂപപ്പെടുത്തി. യഹൂദരുടെ പെസഹാതിരുനാളിനു മുൻപ് യെരുശലേമിലേക്ക് പുറപ്പെട്ട അദ്ദേഹം, അവിടെ ഉന്നതങ്ങളിൽ നിന്നുള്ള ദൈവസഹായം തനിക്കു രക്ഷയാകുമെന്നു വിശ്വസിച്ചിരുന്നു.[6] തന്റെ തന്നെ ദൗത്യവും അതിനൊടുവിലെ മരണവും വഴി പലസ്തീനയിലെ റോമൻ ഭരണം അവസാനിച്ച് ചരിത്രം സമാപ്തിയിലെത്തുകയും എന്നേക്കുമായി ദൈവരാജ്യം സ്ഥാപിക്കപ്പെടുകയും ചെയ്യുമെന്ന് യേശു കരുതിയെന്ന് ഷ്വൈറ്റ്സർ എഴുതി.[7] ഷ്വൈറ്റ്സറുടെ പഠനത്തിലെ പ്രസിദ്ധമായൊരു ഭാഗം ഇതാണ്‌:

പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളിൽ ഒടുവിലത്തേതായ യോഹന്നാന്റെ സുവിശേഷത്തെ യേശുകഥയുടെ ജ്ഞാനവാദവീക്ഷണത്തിൽ നിന്നുള്ള പിൽക്കാലവ്യാഖ്യാനമായി കരുതുന്ന ഷ്വൈറ്റ്സർ, തന്റെ നിഗമനങ്ങൾക്ക് അടിസ്ഥാനമാക്കുന്നത് സമാന്തരസുവിശേഷങ്ങളെ ആണ്. ഈ സുവിശേഷങ്ങൾ, പ്രത്യേകിച്ച് അവയിൽ ഏറ്റവും ഹ്രസ്വവും ആദ്യത്തേതും ആയ മർക്കോസിന്റെ സുവിശേഷം, അതിന്റെ മൗലികഘടകങ്ങളിൽ ചരിത്രം തന്നെയാണെന്ന് ഷ്വൈറ്റ്സർ കരുതി.[9]

പിൽക്കാലസഭ തിരുത്തുക

ഒന്നാം നൂറ്റാണ്ടിലെ ദൈവശാസ്ത്രത്തിന്റെ വിശകലനം പിൽക്കാലങ്ങളിൽ വിശ്വാസികൾ വേണ്ടെന്നു വച്ചെന്ന് ഷ്വൈറ്റ്സർ കരുതി.[10] ആദ്യനൂറ്റാണ്ടുകളിലെ സാധാരണ വിശ്വാസികൾ മിക്കവരും നിരക്ഷരരായിരുന്നെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു.[10] അധികാരത്തിലും നേതൃത്വത്തിലും ഇരുന്ന അഭ്യസ്തവിദ്യരായ ന്യൂനപക്ഷത്തിനു മാത്രമേ, യേശുവിന്റെ മൂലപ്രബോധനവുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടതെങ്കിലും നിറവേറാതെ നിന്ന ഒന്നാം നൂറ്റാണ്ടിലെ പ്രവചനത്തെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളു. അത്യാസന്നമെന്ന് കരുതിയിരുന്ന രണ്ടാം വരവ് സംഭാവിക്കാതിരുന്നപ്പോൾ, സഭാനേതൃത്വം പരിഷ്കൃതമായ മറ്റൊരു ദൈവശാസ്ത്രം അവതരിപ്പിച്ചെന്ന് ഷ്വൈറ്റ്സർ നിരീക്ഷിക്കുന്നു.[3] അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ നേതാക്കൾക്ക് അവരുടെ അധികാരവും തൊഴിലും നഷ്ടപ്പെടുമായിരുന്നു എന്നും അദ്ദേഹം കരുതി.[10]

യേശുവിനെ പിന്തുടർന്നവരുടെ ജീവിതകാലത്തു രൂപപ്പെട്ട ഒന്നാം നൂറ്റാണ്ടിലെ ദൈവശാസ്ത്രം, പൊതുവർഷം 325-ൽ റോമൻ സാമ്രാട്ട് കോൺസ്റ്റന്റൈന്റെ ഔദ്യോഗികാംഗീകരത്തോടെ നടപ്പിൽ വന്ന പിൽക്കാലക്രിസ്തീയതയിൽ നിന്നു ഭിന്നവും അതുമായി ചേർന്നു പോകാത്തതുമാണെന്ന് ഷ്വൈറ്റ്സർ വാദിച്ചു.[10]

യേശു പ്രഘോഷിച്ച സന്ദേശത്തിന്റെ 'അടിയന്തരസ്വഭാവത്തെ' ആധുനികകാലത്തെ മിക്കവാറും ക്രിസ്തീയതകൾ മനഃപൂർവം അവഗണിക്കുന്നുവെന്നും ഷ്വൈറ്റ്സർ കരുതി. അതിനാൽ ഓരോ പുതിയ തലമുറയും ലോകാവസാനത്തിനും, പുണ്യവാന്മാർ രാജ്യഭാരം നടത്തുന്ന നവലോകത്തിന്റെ പിറവിക്കും സാക്ഷികളാകാൻ നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്ന വിശ്വാസം നിലനിർത്തുന്നു.

ഷ്വൈറ്റ്സറുടെ പ്രതിസന്ധി തിരുത്തുക

ക്രിസ്തുവിന്റെ ജീവിതത്തേയും വ്യക്തിത്വത്തേയും സംബന്ധിച്ച ചരിത്രപരമായ അറിവ്, വിശ്വാസത്തെ സഹായിക്കുന്നതിനു പകരം അതിന് ഇടർച്ചയുണ്ടാക്കിയേക്കാം എന്നു തന്റെ കൃതിയിൽ ഷ്വൈറ്റ്സർ പറയുന്നുണ്ട്.[11] ഈ പ്രവചനം ഷ്വൈറ്റ്സറുടെ കാര്യത്തിൽ തന്നെ ശരിയായി. തന്റെ കണ്ടെത്തലുകൾ നൽകിയ അസ്വസ്തതയെ ഷ്വൈറ്റ്സർ സ്വയം എങ്ങനെ നേരിട്ടെന്ന് ജാക്ക് മൈൽസ് വിവരിക്കുന്നത് ഈ വിധമാണ്:-

തന്റെ വിശ്വാസപ്രതിസന്ധിയുടെ ഫലവും പ്രതിഫലനവുമായ ഈ കൃതി പ്രസിദ്ധീകരിച്ചതിനടുത്ത വർഷം ഷ്വൈറ്റ്സർ, ആഫ്രിക്കൻ രാഷ്ട്രമായ ഗാബണിലെ ലാംബറീനിൽ ആതുരസേവ നടത്താനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വൈദ്യപഠനം തുടങ്ങി. പഠനം പൂർത്തിയാക്കിയ അദ്ദേഹം "മെഡിക്കൽ മിഷനറി" ആയി ആഫ്രിക്കയിലെത്തി. പണ്ഡിതോചിതമെങ്കിലും സ്വതന്ത്രമായ ചിന്താവ്യാപാരം നിറഞ്ഞ ഈ കൃതിയിലെ അഭിപ്രായങ്ങൾ മതാധികാരികൾക്കു രുചിക്കാത്തവ ആയിരുന്നു. ആഫ്രിക്കയിലെ പുതിയ പ്രവർത്തനമേഖലയിലും ഇമ്മാതിരി അഭിപ്രായങ്ങൾ അദ്ദേഹം പ്രകടിപ്പിച്ചേക്കുമെന്നു ഭയന്ന അധികാരികൾ, വൈദ്യവൃത്തിയൊഴികെ മറ്റൊരു ജോലിയും ആഫ്രിക്കയിൽ ചെയ്യുകയില്ല എന്ന ഉറപ്പിന്മേലാണ് അദ്ദേഹത്തിനു യാത്രാനുമതി നൽകിയത്.[1]

പ്രതികരണങ്ങൾ, പ്രഭാവം തിരുത്തുക

ദൈവശാസ്ത്രജ്ഞനെന്ന നിലയിൽ ഷ്വൈറ്റ്സറുടെ യശ്ശഃസ് ഉറപ്പിച്ച ഈ കൃതിയുടെ പ്രസിദ്ധീകരണത്തോടെ, പുതിയനിയമപഠത്തിന്റെ ഉപശാഖയെന്ന നിലയിൽ നടന്നിരുന്ന ചരിത്രത്തിലെ യേശുവിനു വേണ്ടിയുള്ള അന്വേഷണങ്ങൾ തൽക്കാലത്തേക്ക് അവസാനിച്ചു. ഏറെക്കാലം കഴിഞ്ഞ് റുഡോൾഫ് ബുൾട്ട്മാനും മറ്റും "രണ്ടാം തെരച്ചിൽ" (second quest) തുടങ്ങുന്നതു വരെ ഈ സ്ഥിതി തുടർന്നു.

ഈ കൃതിക്കു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട "യേശുവിന്റെ മനഃശാസ്ത്രപഠനം"(1911), "പൗലോസും അദ്ദേഹത്തിന്റെ വ്യാഖ്യാതാക്കളും", "പൗലോസ് അപ്പസ്തോലന്റെ യോഗാത്മചിന്ത" (The Mysticism of St. Paul, the Apostle - 1930) എന്നീ രചനകളോടെ പുതിയനിയമപണ്ഡിതൻ എന്ന നിലയിലുള്ള തന്റെ സ്ഥാനം ഷ്വൈറ്റ്സർ ഉറപ്പിച്ചു. ഈ കൃതികളിൽ അദ്ദേഹം, യേശുവിന്റെ അഹംബോധത്തേയും, പൗലോസിന്റെ യുഗാന്തദർശനത്തേയും അവയിലൂടെ പുതിയനിയമത്തിന്റെ സന്ദേശത്തെ തന്നെയും വിശകലനം ചെയ്യാൻ ശ്രമിച്ചു.

ഷ്വൈറ്റ്സറുടെ രചനയുടെ പ്രസിദ്ധീകരണത്തിനു ശേഷം, തന്റെ ദൗത്യത്തിനു യേശു കല്പിച്ച 'അടിയന്തരസ്വഭാവം' പൊതുവേ അവഗണിക്കപ്പെട്ടു എന്ന നിലപാട് കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പുതിയനിയമപഠനത്തിലെ പിൽക്കാലപ്രവണതകൾ ഷ്വൈറ്റ്സറുടെ വാദങ്ങളെ കുറെയൊക്കെ നിഷ്പ്രഭമാക്കിയെങ്കിലും അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയുടെ പ്രാധാന്യം ഇന്നും പൊതുവേ മാനിക്കപ്പെടുന്നു.[4] അതേസമയം, ഉടനേ നടക്കാനിരുന്ന ഒരു യുഗസംക്രാന്തി ലക്ഷ്യമാക്കിയായിരുന്നു യേശുവിന്റെ ദൗത്യം എന്ന വാദം, മനുഷ്യരുടെ പ്രയത്നവും സഹകരണവും വഴി കാലക്രമേണ ഭൂമിയിൽ സ്വർഗ്ഗരാജ്യം സ്ഥാപിക്കാനാകും എന്നു വിശ്വസിക്കുന്ന സാമൂഹ്യ സുവിശേഷവാദികളുടേയും (Social Gospel Movement) മറ്റും ആശയങ്ങൾക്ക് നേർവിപരീതമാണെന്നു കരുതുന്നവരുണ്ട്.[3]

അവലംബം തിരുത്തുക

  1. 1.0 1.1 എം.കെ. സാനു എഴുതിയ ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രം "അസ്തമിക്കാത്ത വെളിച്ചം" (പുറങ്ങൾ 87-88)
  2. The Quest of the Historical Jesus,വില്യം മോണ്ട്ഗോമറിയുടെ ഇംഗ്ലീഷ് പരിഭാഷ Archived 2012-03-16 at the Wayback Machine.
  3. 3.0 3.1 3.2 3.3 A History of Christianity, Kenneth Scott Latourette (പുറം 1381)
  4. 4.0 4.1 "ആൽബർട്ട് ഷ്വൈറ്റ്സർ", Thinkers of the Twentieth Century, Editor: Roland Turner (പുറങ്ങൾ 696-98)
  5. "Review of "The Mystery of the Kingdom of God"".
  6. Paths of Faith, John A Hutchison (പുറം 421)
  7. ജാക്ക് മൈൽസ്, "Christ: A Crisis in the Life of God" (പുറം 113)
  8. ആൽബർട്ട് ഷ്വൈറ്റ്സർ, ചരിത്രത്തിലെ യേശുവിനെക്കുറിച്ചുള്ള അന്വേഷണം, അദ്ധ്യായം 19
  9. വിൽ ഡുറാന്റ്, സീസറും ക്രിസ്തുവും, സംസ്കാരത്തിന്റെ കഥ, മൂന്നാം ഭാഗം (പുറം 556) "We may conclude, with the brilliant but judicious Schweitzer, that the Gospel of Mark is in essentials "genuine history".
  10. 10.0 10.1 10.2 10.3 "The Quest of the Historical Jesus".
  11. ജാക്ക് മൈൽസിന്റെ ഉദ്ധരണി(പുറം 325) "...historical knowledge of the personality and life of Jesus will not be a help but perhaps even be an offence to religion."
  12. ജാക്ക് മൈൽസ് (പുറം 266)