തൃക്കുറ്റിശ്ശേരി

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം


കോഴിക്കോട് ജില്ലയുടെ കിഴക്കൻ അതിർത്തിയ്കടുത്ത് കിടക്കുന്ന കോട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പ്രദേശമാണ് തൃക്കുറ്റിശ്ശേരി.[1] ബാലുശ്ശേരി കൂരാച്ചുണ്ട് സംസ്ഥാന പാതയിൽ ബാലുശ്ശേരിനിന്ന് 4 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്നു.

ദേശനാമ ചരിത്രം തിരുത്തുക

പ്രദേശത്തെ തൃക്കുറ്റിശ്ശേരി ശ്രീമഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ദേശനാമത്തിനു പിന്നിൽ. മുക്കുറ്റി എന്നത് പരിഷ്കരിച്ചതാണ് പിന്നീട് തൃ ക്കുറ്റിശ്ശേരി എന്നായത് എന്ന് പറയപ്പെടുന്നു. പരന്നുകിടക്കുന്നതും മഹേശ്വരനും മഹാവിഷ്ണുവും ഗണപതിയും അയ്യപ്പനും ഭഗവതിയും, ക്ഷേത്രപാലനും പരദേവതയും ഉൾപ്പെടെ ഏഴു പ്രതിഷ്ഠകളുള്ള, ഏഴിടത്തും നിത്യവും ഉദയാസ്തമയ പൂജകൾ നടത്തുന്ന, ഒരു ക്ഷേത്രമാണിതു്.

ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ: ഇന്നു ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം മുഴുവൻ ഒരുകാലത്തു കാടായിരുന്നു. ഒരിക്കൽ ഈപ്രദേശത്തു് കാടുവെട്ടിക്കൊണ്ടിരുന്ന ഒരാൾ അരിവാളിനു മൂർച്ചകൂട്ടാനായി സമീപം കണ്ട കല്ലിൽ അണച്ചു. പെട്ടെന്നു കല്ലിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി. ഭയന്നുപോയ അയാൾ തിരുകുറ്റിയിൽ ഏയരെ(ദേവരെ)കണ്ടേ എന്നാർത്തുവിളിച്ചുകൊണ്ടു, സമീപസ്ഥങ്ങളായ നാലില്ലങ്ങളിൽ (പുതുശ്ശേരി, വലംപുതുശ്ശേരി, കക്കഞ്ചേരി, പാലക്കാട്ട്)ഓടിച്ചെന്നു വിവരമറിയിച്ചു. തുടർന്നു മല്ലിശ്ശേരി കോവിലകത്തു വിവരമറിയിക്കാൻ ഓടുന്ന വഴിക്കു് വയലിൽ വീണു മരിച്ചു. പിൽക്കാലത്തു് നാലില്ലക്കാരുംചേർന്നു വിധിയാം വണ്ണം ക്ഷേത്രം പണിതുയർത്തി. സമാനമായ ഐതിഹ്യങ്ങൾ കേരളത്തിലെ ഒട്ടേറെ ഗ്രാമങ്ങൾക്കും ക്ഷേത്രങ്ങൾക്കുമുള്ളതായി തോന്നുന്നു. എന്നാൽ ഐതിഹ്യവുമായി ബന്ധപ്പെട്ട് തൃക്കുറ്റിശ്ശേരി എന്ന ദേശനാമം മറ്റെങ്ങും കേട്ടിട്ടില്ല.

അങ്ങനെ തിരുകുറ്റി കണ്ടെത്തിയ ഏരിയാണ് പിന്നീട് തിരുകുറ്റിഏരിയും കാലാന്തരത്തിൽ തൃക്കുറ്റിശ്ശേരിയുമായി മാറിയതു്.

അതിരുകൾ തിരുത്തുക

എൻ.എൻ. കക്കാട് എന്ന അനുഗൃഹീത കവിയുടെ ജന്മം കൊണ്ട് പ്രസിദ്ധമായ അവിടനല്ലൂർ ഗ്രാമത്തിനു തെക്കായി സ്ഥിതി ചെയ്യുന്നു. വടക്ക് കരുവള്ളിക്കുന്നും കിഴക്ക് വാഴോറമലയും തെക്കും പടിഞ്ഞാറും തോടുകളും അതിരിടുന്നു. നാലു ദിശകളിലും ഓരോ കുന്നുകൾ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര ഘടനയിൽ പ്രത്യേകതകളായി നിലകൊള്ളുന്നു. ആശാരിക്കുന്ന് തെക്കുഭാഗത്തും കളത്തിൽ കുന്ന് പടിഞ്ഞാറു ഭാഗത്തും കള്ളാടിക്കുന്ന് കിഴക്കു ഭാഗത്തും കരുവള്ളിക്കുന്ന് വടക്കു ഭാഗത്തും സ്ഥിതി ചെയ്യുന്നു.

ഭൂപ്രകൃതി തിരുത്തുക

 
കരിങ്കൽ ഗോവണിയും കരിങ്കൽ പാലവും വലംപുതുശ്ശേരി ഇല്ലം തൃക്കുറ്റിശ്ശേരി

കിഴക്കും തെക്കും പടിഞ്ഞാറും ഏറെ നീളത്തിൽ പരന്നു കിടക്കുന്ന വയലുകളായിരുന്നു ഒരു കാലത്ത്. എന്നാൽ ഇന്ന് വയലുകളിൽ പാതിയും നികത്തി തെങ്ങിൻ തോപ്പുകളും പുരയിടങ്ങളുമാക്കി മാറ്റിയിരിക്കുന്നു. കുന്നുകളെപ്പോലെ തന്നെ ജലാശയങ്ങളുടെ സമൃദ്ധിയും പ്രദേശത്തിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതയാണു്.

എല്ലാകാലത്തും ജലസമൃദ്ധമായിരുന്ന നാല് അമ്പലക്കുളങ്ങൾ ഉണ്ടായിരുന്നതിൽ ഒന്ന് വളരെ മുമ്പ് തന്നെ നികത്തപ്പെട്ടു. ഇന്ന് ക്ഷേത്രത്തിന്റെ വടക്കും തെക്കും പടിഞ്ഞാറും ജലസമൃദ്ധമായ കുളങ്ങൾ ഉണ്ട്. ഇതിനു പുറമേ സർക്കാർ ചെലവിൽ പുനരുദ്ധാനം നടത്തി പൊതുജന ഉപയോഗത്തിനായി സമർപ്പിക്കപ്പെട്ട പുള്ളങ്ങാട്ട് കുളം, വലംപുതുശ്ശേരി താഴെകുളം എന്നിവ പൊതുകുളങ്ങളായി ഉണ്ട്. കൂടാതെ പുതുശ്ശേരി ഇല്ലത്ത് ഒന്ന്, കളത്തില്ലത്ത് ഒന്ന്, വലംപുതുശ്ശേരി ഇല്ലത്ത് രണ്ട്, കിഴക്കേ പാലക്കാട്ടില്ലത്ത് ഒന്ന്, പടിഞ്ഞാറെ പാലക്കാട്ടില്ലത്ത് മൂന്ന്, കക്കഞ്ചേരി ഇല്ലത്ത് രണ്ട്, പുളിയേരിപ്പടിക്കൽ ഒന്ന് മാരാത്ത് ഒന്ന് എന്നിങ്ങനെ പന്ത്രണ്ട് കുളങ്ങൾ കൂടി ഈ പ്രദേശത്തുണ്ട്

യാത്രാമാർഗ്ഗം തിരുത്തുക

കോഴിക്കോട് നിന്നും ബാലുശ്ശേരി - മഞ്ഞപ്പാലം വഴി സഞ്ചരിച്ച് തൃക്കുറ്റിശ്ശേരിയിൽ എത്തിച്ചേരാം. ബാലുശ്ശേരി നിന്നും 5 കിലോമീറ്ററും കോഴിക്കോട്ടു നിന്ന് 30 കിലോമീറ്ററും ദൂരമുണ്ട്. പടിഞ്ഞാറു നിന്നും നടുവണ്ണൂർ, വാകയാട് വഴിയും, വടക്കു നിന്ന് കൂരാച്ചുണ്ട് കൂട്ടാലിട വഴിയും ഇങ്ങോട്ട് യാത്രാസൗകര്യമുണ്ട്. കോഴിക്കോട്ട് നിന്ന് കൂട്ടാലിട - കൂരാച്ചുണ്ട് റൂട്ടിൽ നിരവധി ബസ്സുകൾ ഓടുന്നുണ്ട്. ഇതിനു പുറമേ ബാലുശ്ശേരി കൂട്ടാലിട റൂട്ടിലും പേരാമ്പ്ര റൂട്ടിലുമായും ബസ്സുകളുണ്ട്. തൃക്കുററിശ്ശേരിയിൽ പ്രധാനമായും നാലു ബസ് സ്റേറാപ്പുകളാണുള്ളത്. വടക്ക് നിന്നും കരുവള്ളിക്കുന്ന് , തൃക്കുറ്റിശ്ശേരി നോർത്ത് , തൃക്കുറ്റിശ്ശേരി, വയൽപ്പീടീക എന്നിങ്ങനെയാണിവ.

ശ്രീചക്രമഹാമേരു തിരുത്തുക

ലോകത്തെ ഏറ്റവും വലിയ ശ്രീചക്രമഹാമേരു തൃക്കുററിശ്ശേരി പാലക്കാട്‌ ഇല്ലത്ത്‌ സ്ഥിതി ചെയ്യുന്നു. പാലക്കാട്ടില്ലത്തെ കിഴക്ക്‌ തെക്ക്‌ മൂലയിൽ നാല്‌ സെന്റ്‌ സ്ഥലത്തായി ഇത് പ്രതിഷ്ഠിച്ചിരിക്കുന്നു. നൂറ്‌ യജ്ഞങ്ങൾ ചെയ്താൽ കിട്ടുന്ന ഫലം ശ്രീചക്രത്തെ ഭക്തിയോടുകൂടി ഒരിക്കൽ ദർശിച്ചാൽ ലഭിക്കുമെന്നാണ്‌ സങ്കൽപം. സ്വർണ്ണം, വെള്ളി, ചെമ്പ്‌ എന്നിവയിൽ ഏതെങ്കിലുമൊരു ലോഹം കൊണ്ടാണ്‌ ശ്രമകരമായ ശ്രീചക്രമഹാമേരു സാക്ഷാത്ക്കാരം നടത്തുക. പാലക്കാട്ടില്ലത്ത്‌ നാല്‌ ടൺ തൂക്കത്തിലുള്ള 144 ചതുരശ്ര അടി വിസ്തീർണ്ണത്തിലും 10 അടി ഉയരത്തിലുമുള്ള ചക്രമാണ്‌ പൂർത്തിയാക്കിയത്‌. നാല്‌ വർഷം നീണ്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ നീലകണ്ഠൻ നമ്പൂതിരി, മക്കളായ ശിവപ്രസാദ്‌, ഹരിപ്രസാദ്‌ , ശ്രീ പ്രസാദ്എന്നിവരും അദ്ധ്യാപകനും ചിത്രകാരനുമായ സുഭാഷുമാണ്‌ നേതൃത്വം നൽകിയത്‌. കഴിഞ്ഞ അറുപത്‌ വർഷമായി പാലക്കാട്ടില്ലത്ത്‌ ശ്രീചക്ര ഉപാസനയ്ക്ക്‌ ആരംഭം കുറിച്ചിട്ട്‌.തന്ത്രശാസ്ത്രത്തിലെ മുഖ്യ യന്ത്രമായിട്ടാണ്‌ ശ്രീചക്രത്തെ പരിഗണിക്കുന്നത്‌. സകല ദേവതാ ചൈതന്യവും ഇതിൽ കുടികൊള്ളുന്നു. സംഹാരമൂർത്തിയായ ശിവന്റെയും ജീവസ്വരൂപിണിയായ ശ്രീശക്തിയുടെയും സംയോഗമാണ്‌ അതിസങ്കീർണ്ണമായ ജ്യാമിതീയ രൂപഘടനയുള്ള ശ്രീചക്രമെന്നാണ്‌ പുരാണങ്ങളിലെ പരാമർശം. സങ്കീർണ്ണമായ ഗണിതഭാഗങ്ങളെ അപഗ്രഥിക്കാൻ ഇതേവരെ പൂർണ്ണമായി കഴിഞ്ഞിട്ടില്ലെന്നതാണ്‌ യാഥാർത്ഥ്യം. മധ്യത്തിൽ നിന്നും ബിന്ദു, ത്രികോണം, അഷ്ടകോണം, അന്ത:ദശകോണം, ബഹിർദശകോണം, ചതുർദശകോണം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ദ്രപുരത്രയം എന്ന ക്രമത്തിലാണ്‌ ശ്രീചക്രം ക്രമേണ ഭവിക്കുന്നത്‌.

ഗവ.യു പി സ്കൂൾ തൃക്കുറ്റിശ്ശേരി തിരുത്തുക

 
ഗവ.യു പി സ്കൂൾ തൃക്കുറ്റിശ്ശേരി

പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു സർക്കാർ വിദ്യാലയമാണ് തൃക്കുറ്റിശ്ശേരി ഗവ.യു പി സ്കൂൾ. ഓരോ വർഷവും എൽ എസ് എസ്, യു എസ് എസ് . സംസ്ഥാന ഗണിതശാസ്ത്ര ടാലന്റ് സർച്ച് പരീക്ഷ, സ്ക്രീനിംഗ് ടെസ്റ്റ് എന്നിവയിൽ ഈവിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടുന്ന വിജയങ്ങൾ ഈ സ്ഥാപനത്തിന്റെ അക്കാദമിക മികവിനുദാഹരണമാണ്. തികഞ്ഞ അർപണമനോഭാവമുള്ള അധ്യാപകരുടെ സേവനവും അധ്യാപകരക്ഷാകർതൃസമിതിയുടെ അശ്രാന്ത പരിശ്രമവും പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തെ മുൻനിരയിലെത്തിക്കുന്നു.ദേശീയ ബാലചലച്ചിത്രമേള, സംസ്ഥാന ബാലചലച്ചിത്ര മേള, മറ്റ് നിരവധി ദേശീയ സംസ്ഥാന ബാലചലച്ചിത്രമേളകൾ എന്നിവയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇമ്മിണി ബല്യൊരാൾ, വൺ റുപ്പി ലൗ, അച്ചന് സ്നേഹപൂർവ്വം എന്നീ മൂന്നു സിനിമകൾ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.

ഡിജിറ്റൽ സ്കൂൾ തിരുത്തുക

 
ഗവ.യു പി സ്കൂൾ തൃക്കുറ്റിശ്ശേരി ഡിജിറ്റൽ സ്കൂൾ

സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ ഗവ.പ്രൈമറി തൃക്കുറ്റിശ്ശേരി സ്‌കൂളിൽ സജ്ജമായി[അവലംബം ആവശ്യമാണ്]. പുരുഷൻ കടലുണ്ടി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് ഡിജിറ്റൽ സ്‌കൂൾ പദ്ധതി നടപ്പാക്കിയത്. ഡിജിറ്റൽ സ്‌കൂളിന്റെ ഉദ്ഘാടനം 2016 ഡിസംബർ ഒൻപതിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിച്ചു.

യു.പി.വിഭാഗത്തിലുള്ള പന്ത്രണ്ട് ക്ലാസ് മുറികളിലും കംപ്യൂട്ടർ, സ്മാർട്ട് ബോർഡ്, ഡിജിറ്റൽ പോഡിയം, ശബ്ദ സംവിധാനം എന്നിവ തയ്യാറാക്കിയിട്ടുണ്ട്. സ്മാർട്ട് ബോർഡിന്റെ സഹായത്തോടെ പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകി. പഠന വിഷയങ്ങളിലും രീതികളിലും മറ്റും അതിഥികളായി എത്തുന്ന അധ്യാപകർക്ക് എല്ലാ ക്ലാസ് മുറികളുമായി ആശയ സംവാദത്തിന് സെൻട്രൽ ക്ലാസ്മുറിയൂം ഒരുക്കിയിട്ടുണ്ട്.

ദേശീയ വായനശാല തൃക്കുറ്റിശ്ശേരി തിരുത്തുക

തൃക്കുറ്റിശ്ശേരിയുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പുരോഗതിയിൽ ഏറെ സ്വാധീനം ചെലുത്തിയ ഒരു സ്ഥാപനമാണ് തൃക്കുറ്റിശ്ശേരി ദേശീയ വായനശാല. 1952 ൽ സ്ഥാപിതമായ ഇത് ഇന്ന് നല്ലരൂപത്തിൽ പ്രവർത്തിച്ചു വരുന്നു. എം എസ് മാരാർ എന്ന സാമൂഹ്യപ്രവർത്തകന്റെ അശ്രാന്ത ശ്രമഫലമായാണ് വായനശാലയ്ക് ഇന്നുള്ള കെട്ടിടവും സൗകര്യങ്ങളും യാഥാർത്ഥ്യമായത്. കേരള ഗ്രന്ഥശാലാസംഘത്തിൽ അഫിലിയേഷനുള്ള ഈ ഗ്രന്ഥശാലയിൽ ഇന്ന് പതിനായിരത്തിലധികം പുസ്തകങ്ങളുണ്ട്. Aഗ്രേഡ് ഗ്രന്ഥശാലകളിൽ ഉൾപ്പെടുന്ന ഇവിടെ ബാലവേദി, വനിതാവേദി, കൃഷി പുസ്തക കോർണർ എന്നിവ പ്രവർത്തിക്കുന്നുണ്ട്

അവലംബം തിരുത്തുക

  1. "കോട്ടൂർഗ്രാമപഞ്ചായത്ത് - ചരിത്രം". Archived from the original on 2015-06-18. Retrieved 2013-11-15.
"https://ml.wikipedia.org/w/index.php?title=തൃക്കുറ്റിശ്ശേരി&oldid=3634024" എന്ന താളിൽനിന്ന് ശേഖരിച്ചത്