കേരളീയ ക്ഷേത്രങ്ങളിലെ ഒരു അനുഷ്ഠാന രീതിയാണ് തമ്പുരാനൂട്ട്. തെക്കൻ കേരളത്തിലെ മാടൻകോവിലുകളിലാണ് ഇത് നടത്താറുള്ളത്. ഗണപതി സ്തുതി, നാഗസ്തുതി, നാഗങ്ങൾക്ക് നൂറും പാലും കൊടുക്കൽ, ഭദ്രകാളി സ്തുതി, പൂപ്പട തുടങ്ങിയവ ഇതിലെ ഏതാനും ചടങ്ങുകളാണ്. തമ്പുരാന്റെ തോഴികളായ കണ്ണാൻ തുറക്കന്നി, നടുകടലിൽ കന്നി, ഉയിർമിണ്ടകന്നി, പാടക്കനാച്ചി, വേളിപ്പൊഴിക്കന്നി, നാട്ടാറ്റിൻ കന്നി, ഒറ്റപ്പനത്തോഴി എന്നീ സപ്ത കന്യകകളെ പാടിയുണർത്തുക എന്ന ചടങ്ങാണ് ഇതിനുശേഷം നടത്തുന്നത്. കന്യകമാരെ തേരിൽക്കയറ്റി കന്യാകുമാരിക്കയച്ചശേഷം (സങ്കല്പത്തിൽ) തമ്പുരാന്റെ തോഴനായ ഉലകുടയപെരുമാളിനെ പാടിയുണർത്തുന്നു. ഈ പാട്ടുകൾ നന്തുണി കൊട്ടിയാണ് പാടാറുള്ളത്. വില്ലടിച്ചാൻ പാട്ട് നടത്തുന്ന പതിവും നിലവിലുണ്ട്. ഉലകുടയപെരുമാളിനെ ഉണർത്തി, കന്യകമാരെ തിരിച്ചുവരുത്തിയതിനുശേഷം തമ്പുരാന്റെ മുന്നിൽ അമ്മാനയാടി താനാവൃത്തം പാടുന്ന ചടങ്ങു നിർവഹിക്കുന്നു. തുടർന്ന് ഉച്ചബലികർമം നടത്തുന്നു. അഷ്ടദിക് പാലകരെ എട്ടു പീഠങ്ങളിൽ ആവാഹിച്ചിരുത്തിയതിനു ശേഷം തമ്പുരാനെ അവയ്ക്കു നടുവിലെ പീഠത്തിലേക്ക് ആവാഹിക്കുന്നു. തുടർന്ന് പാളക്കിരീടവും ചിലമ്പുമണിഞ്ഞ് പൂജാരിയായ കണിയാൻ തുള്ളിക്കൊണ്ട് ഊട്ട് നടത്തുന്നു. അവിലും മലരും ബലിതൂകൽ, കുരുതിതർപ്പണം, പൂപ്പടവാരൽ, പൊങ്കാലനിവേദ്യം എന്നിങ്ങനെ പല ഘട്ടങ്ങൾ അതിനുണ്ട്. തുടർന്ന് ഊട്ടിന് കണ്ണുദോഷം പറ്റാതിരിക്കാനായി 'കമ്പേറ്' എന്ന ഹാസ്യരസ പ്രധാനമായ അനുഷ്ഠാനം നടത്തുന്നതോടെ തമ്പുരാനൂട്ട് അവസാനിക്കുന്നു.

ഇതും കാണുക തിരുത്തുക

തമ്പുരാൻ

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തമ്പുരാനൂട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തമ്പുരാനൂട്ട്&oldid=3502275" എന്ന താളിൽനിന്ന് ശേഖരിച്ചത്