തത്ത്വമസി (ഗ്രന്ഥം)

മലയാളം ഗദ്യഗ്രന്ഥം

ഭാരതീയ ദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളെ അടിസ്ഥാനമാക്കി സുകുമാർ അഴീക്കോട് രചിച്ച ഗ്രന്ഥമാണു തത്ത്വമസി. വാഗ്‌ഭടാനന്ദഗുരുവിനെ തന്റെ ഗുരുവായും ഗുരുവിന്റെ ആത്മവിദ്യ എന്ന വേദാന്തോപന്യാസസമാഹാരത്തെ തന്റെ വേദോപനിഷദ്പഠനങ്ങൾക്കുള്ള ആദ്യ പാഠമായും കരുതുന്ന അഴിക്കോടിന്റെ പ്രശസ്ത രചനകളിലൊന്നാണിത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, വയലാർ പുരസ്കാരം, രാജാജി പുരസ്കാരം തുടങ്ങി പന്ത്രണ്ട് ബഹുമതികൾ[1] ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.

തത്ത്വമസി
Cover
ഡി.സി. ബുക്സ് പുറത്തിറക്കിയ തത്വമസിയുടെ (2010 ഒക്ടോബർ പതിപ്പ്) പുറംചട്ട
കർത്താവ്സുകുമാർ അഴീക്കോട്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്സ്

ഉള്ളടക്കംതിരുത്തുക

ഉപനിഷത്ത്, ഉപനിഷത്തുകൾ, ഉപസംഹാരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തത്ത്വമസി ക്രമീകരിച്ചിരിക്കുന്നു. ഉപനിഷത്ത് എന്ന ഒന്നാം ഭാഗത്തിൽ 'ആത്മാവിന്റെ ഹിമാലയം', 'എന്താണ് ഉപനിഷത്ത്?', 'വേദവും ബ്രാഹ്മണങ്ങളും', 'ആരണ്യകങ്ങൾ', 'ഉപനിഷത്ത്-ചില വസ്തുതകൾ', 'ഉപനിഷത്തിന്റെ സന്ദേശം' എന്നിങ്ങനെ ആറു അദ്ധ്യായങ്ങളുണ്ട്. ആത്മാവിന്റെ ഹിമാലയം എന്ന ആദ്യ അദ്ധ്യായത്തിൽ ഭാരതീയരും പാശ്ചാത്യരുമായ പണ്ഡിതരുടെ അഭിപ്രായങ്ങളെ കോർത്തിണക്കി കൊണ്ട് ഗ്രന്ഥകാരൻ ഹിമാലയം ഉപനിഷത്തിന്റെ ഭൂമിശാസ്ത്രപശ്ചാത്തലവും ഉപനിഷത്ത് ഹിമാലയത്തിന്റെ ആത്മീയ പശ്ചാത്തലവുമാണെന്ന വിശദീകരണം നൽകുന്നു.

ഉപനിഷത്തുകൾ എന്ന രണ്ടാം ഭാഗത്തിൽ 'ഈശം', 'കേനം', 'കഠം', 'പ്രശ്നം', 'മുണ്ഡകം', 'മാണ്ഡൂക്യം', 'തൈത്തരീയം', 'ഐതരേയം', 'ഛാന്ദോഗ്യം', 'ബൃഹദാരണ്യകം' എന്നീ ദശോപനിഷത്തുകളുടെ ദർശനങ്ങൾ ഒരോ അദ്ധ്യായങ്ങളായി വിശദമാക്കപ്പെടുന്നു.

ഉപസംഹാരം എന്ന അവസാനഭാഗത്തിലെ 'വിശ്വദൃഷ്ടിയിൽ', 'നാളെയുടെ മുമ്പിൽ' എന്നിങ്ങനെയുള്ള രണ്ട് അദ്ധ്യായങ്ങളിൽ ആദ്യത്തേതിൽ അനേകം ചിന്തകരുടെ ഉപനിഷത്തുകളോടുള്ള സമീപനവും കാഴ്ചപ്പാടുകളും ഗ്രന്ഥകാരൻ അനുസ്മരിക്കുന്നു. അവരിൽ ദ്വൈത- അദ്വൈത ദർശനങ്ങളുടെ പ്രയോക്താക്കൾ മുതൽ സ്വാമി വിവേകാനന്ദൻ,ടാഗോർ, ഗാന്ധിജി, നെഹ്രു, ഡോ.രാധാകൃഷ്ണൻ തുടങ്ങിയ ആധുനിക ഭാരതീയരും മാക്സ്മുള്ളർ, പോൾ ഡോയ്സൻ തുടങ്ങിയ വിദേശിയരും ഉൾപ്പെടുന്നു. 'നാളെയുടെ മുമ്പിൽ' എന്ന അവസാന അദ്ധ്യായത്തിൽ ഉപനിഷത്തുകളുടെ കാലാതീതമായ പ്രസക്തിയും പ്രാഭവവും ചർച്ച ചെയ്യപ്പെടുന്നു.

പതിപ്പുകൾതിരുത്തുക

1984-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിക്ക് ഇരുപതിലേറെ പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. 2000 മുതൽ പ്രസിദ്ധീകരണാവകാശം ഡി.സി. ബുക്സിസിനാണ്.

അവലംബംതിരുത്തുക

  1. തത്ത്വമസി, ഡി.സി. ബുക്സ്, കോട്ടയം, 2010 ഒക്ടോബർ
"https://ml.wikipedia.org/w/index.php?title=തത്ത്വമസി_(ഗ്രന്ഥം)&oldid=2226442" എന്ന താളിൽനിന്ന് ശേഖരിച്ചത്