തെന്നിമാറുന്ന പ്രതലങ്ങൾ തമ്മിലുള്ള അന്യോന്യക്രിയയെക്കുറിച്ച് പ്രതിപാദിക്കുന്ന വിജ്ഞാന ശാഖയാണ് ട്രിബോളജി. ഘർഷണം, തേയ്മാനം, മെഴുക്കിടൽ എന്നീ മൂന്നു വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ മൂന്നു വിഷയങ്ങളും യഥാക്രമം ഭൗതിക അഥവാ യാന്ത്രിക എൻജിനീയറിങ്, പദാർഥ വിജ്ഞാനം, രസതന്ത്രം എന്നീ ശാസ്ത്ര ശാഖകളുടെ ഭാഗങ്ങളാകയാൽ ഇവ മൂന്നിന്റേയും സ്വാധീനം ട്രിബോളജിയിൽ ഉണ്ടായിരിക്കും.

മനുഷ്യനും പ്രക്യതിയുമായുള്ള ഇടപെടലുകളിലെല്ലാം ട്രിബോളജിയുടെ മാനങ്ങൾ ദർശിക്കാനാകും. മിക്ക ട്രിബോളജിക്കൽ പ്രതിഭാസങ്ങളും മനുഷ്യർക്ക് ഗുണകരവും ആവശ്യമുള്ളതുമാണ്; അവയില്ലാതെ ജീവിതം പോലും സാധ്യമാവില്ല. എന്നാൽ ചില ട്രിബോളജിക്കൽ പ്രതിഭാസങ്ങൾ ശല്യമുണ്ടാക്കുന്നവയും അനാവശ്യങ്ങളുമാണ്. ഘർഷണം, തേയ്മാനം എന്നിവ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ ഇവയ്ക്കുദാഹരണങ്ങളാണ്. അവ നീക്കാനായി പ്രത്യേകം ക്രമീകരണങ്ങൾ തന്നെ വേണ്ടിവരികയും ചെയ്യും. മനുഷ്യനിർമിത ഊർജ്ജത്തിലൊരു വലിയ ഭാഗം നഷ്ടപ്പെടാൻ ഘർഷണം വഴിയൊരുക്കുന്നു. അതുപോലെതന്നെ തേയ്മാനം മൂലം ഉപയോഗശൂന്യമാകുന്ന പദാർഥങ്ങൾ, മാറ്റി സ്ഥാപിക്കാനായി ഉത്പാദന ശേഷിയുടെ നല്ലൊരു ഭാഗം ചെലവാക്കേതായും വരുന്നു.

നടക്കുക, ഓടുക, സാധനങ്ങൾ കൈകാര്യം ചെയ്യുക, അടുക്കി വയ്ക്കുക എന്നിവയ്ക്ക് ഘർഷണം അത്യന്താപേക്ഷിതമാണ്. എന്നാൽ എൻജിനുകൾ, വാച്ചിന്റെ ആന്തരിക ഭാഗങ്ങൾ എന്നിങ്ങനെ തുടർച്ചയായി പ്രവർത്തിക്കുന്ന വസ്തുക്കളിൽ വളരെ കുറച്ച് ഘർഷണമേ പാടുള്ളൂ. അതുപോലെ ബ്രേക്, ക്ലച്ച് എന്നീ സംവിധാനങ്ങളിലെ ഘർഷണം സ്ഥിരമായവയാവണം; ഇല്ലെങ്കിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ അനാവശ്യവും അരോചകവുമായ ഇളക്കം അനുഭവപ്പെടും. രണ്ടു നൂറ്റാണ്ടിലേറെയായി ഘർഷണത്തെക്കുറിച്ച് പഠനം നടത്തിവരുന്നുണ്ടെങ്കിലും ഇന്നും ഘർഷണത്തിന്റെ യഥാർഥ സ്വഭാവം മനസ്സിലാക്കപ്പെട്ടിട്ടില്ല. രണ്ടു പ്രതലങ്ങൾ തമ്മിലുള്ള ഉരസലിലൂടെ എപ്രകാരമാണ് ഊർജ്ജം നഷ്ടപ്പെടുന്നു എന്നത് ഇന്നും അജ്ഞാതമാണുതാനും.

വസ്തുക്കളുടെ തേയ്മാനം സർവവ്യാപിയായ ഒരു പ്രതിഭാസമാണ്. അല്പമെങ്കിലും തേയ്മാനം ഇല്ലാതെ രണ്ടു വസ്തുക്കൾ തമ്മിൽ സ്പർശിക്കാനേ കഴിയില്ല. നാണയങ്ങൾ തേഞ്ഞു പോകുന്നതും, പെൻസിൽ എഴുതി തീർന്നുപോകുന്നതും, തീവണ്ടി ഓടി പാളങ്ങൾ തേഞ്ഞുപോകുന്നതും ഇതിനുദാഹരണങ്ങളാണ്. ജീവനുള്ളവയും സ്വയം വളരാൻ കഴിവുള്ളവയും ഒഴിച്ച് മറ്റെല്ലാത്തരം വസ്തുക്കളിലും തേയ്മാനം ഉണ്ടാകുന്നു. ജീവനുണ്ടെങ്കിലും വളരാൻ കഴിവില്ലാത്ത അവയവങ്ങളിലും (ഉദാ: പല്ലുകൾ) തേയ്മാനം ഉണ്ടാവുന്നുണ്ട്. തേയ്മാന പ്രക്രിയകളുടെ ബാഹുല്യവും, തേയ്മാനത്തിനു വിധേയമാകുന്ന പദാർഥത്തിന്റെ വളരെ കുറഞ്ഞ അളവുമാണ്, തേയ്മാനത്തെക്കുറിച്ചുള്ള പഠനത്തിന്റെ പ്രധാന തടസ്സങ്ങൾ. തേയ്മാനം വരുന്ന പദാർഥങ്ങളുടെ റേഡിയോആക്റ്റീവ് ഐസോട്ടോപ്പുകൾ നിർമിച്ച് ലേസർ രീതി വഴി തേയ്മാനത്തെക്കുറിച്ച് ഇന്ന് പഠനങ്ങൾ നടത്തിവരുന്നുണ്ട്. ഈ പഠനങ്ങളിലൂടെ തേയ്മാനത്തെ പറ്റിയുള്ള പുതിയ അറിവുകളും ലഭ്യമായിട്ടുണ്ട്.

വസ്തുക്കളുടെ ഘർഷണം വഴിയുള്ള തേയ്മാനം കുറയ്ക്കാനായി മെഴുക്കിടൽ എന്ന രീതി പുരാതന കാലം മുതൽ നടപ്പിലാക്കിയിരുന്നു. വലിയ വസ്തുക്കൾ വലിച്ചു കൊണ്ടു പോകുമ്പോഴുണ്ടാകുന്ന ഘർഷണം ഒഴിവാക്കാനായി 4,000-വർഷങ്ങൾക്കു മുമ്പേ തന്നെ ഈജിപ്തിൽ മെഴുക്കിടൽ ഉപയോഗിച്ചിരുന്നതിന്റെ തെളിവുകൾ ലഭ്യമാണ്. തേയ്മാനം ഒഴിവാക്കാൻ സഹായിക്കുന്നതോടൊപ്പം കൂടുതൽ കാലം നിലനിൽക്കുന്ന മെഴുക്കിടൽ പദാർഥങ്ങൾ നിർമ്മിക്കുകയാണിന്നത്തെ ലക്ഷ്യം. ഇന്ന് ട്രിബോളജിയിൽ ഏറ്റവും കൂടുതൽ പഠനങ്ങൾ നടക്കുന്നതും ഈ രംഗത്തുതന്നെയാണ്.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ട്രിബോളജി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ട്രിബോളജി&oldid=2926783" എന്ന താളിൽനിന്ന് ശേഖരിച്ചത്