കേരളത്തിലെ ഒരു വനിതാ സാമൂഹിക പ്രവർത്തകയായിരുന്നു ടി.സി. കുഞ്ഞാച്ചുമ്മ[1][2]. സ്ത്രീകളുടെ വിദ്യാഭ്യാസ- സാമൂഹ്യ ഉന്നതിക്ക് വേണ്ടി തലശ്ശേരി കേന്ദ്രമാക്കി പ്രവർത്തിച്ചു വന്ന അവർ വയോജന വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, സംഗീതം, കുടുംബാസൂത്രണ പ്രവർത്തനങ്ങൾ എന്നിവയുമായി മുന്നോട്ട് നീങ്ങി. മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ വനിതാ സമിതി അംഗം കൂടിയായിരുന്നു ടി.സി. കുഞ്ഞാച്ചുമ്മ. കുഞ്ഞാച്ചു, കുഞ്ഞാച്ചു സാഹിബ എന്നീ പേരുകളിലും ഇവർ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

1905- ൽ കണ്ണൂരിലെ തലശ്ശേരിയിൽ തച്ചറക്കൽ കണ്ണോത്ത് തറവാട്ടിലാണ് ടി.സി. കുഞ്ഞാച്ചുമ്മ ജനിക്കുന്നത്. വിദ്യാഭ്യാസം നേടിയതിന്റെ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും അവർ ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങൾ നോക്കുമ്പോൾ വിദ്യാസമ്പന്നയാണെന്ന അനുമാനത്തിലാണ് ഗവേഷകർ എത്തിച്ചേരുന്നത്.

1933- ൽ[3] (1935 ആണെന്നും കാണുന്നുണ്ട്[4]) തലശ്ശേരിയിൽ മുസ്‌ലിം മഹിളാ സമാജം രൂപീകരിച്ച് കൊണ്ടാണ് ടി.സി. കുഞ്ഞാച്ചുമ്മ രംഗപ്രവേശം ചെയ്യുന്നത്. സംഘടനയുടെ പ്രഥമ അധ്യക്ഷയായി അവർ പ്രവർത്തിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സ്ത്രീകളെ ബോധവൽക്കരിക്കുക, തൊഴിൽ പരിശീലനം നൽകുക എന്നിവയായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ. തന്റെ തറവാട്ടിൽ വെച്ച് വയോജന ക്ലാസുകൾക്ക് ടി.സി. കുഞ്ഞാച്ചുമ്മ നേതൃത്വം നൽകി. തയ്യൽ പരിശീലനം, തയ്യൽ യന്ത്രങ്ങൾ വിതരണം എന്നിവയും ഒപ്പം നടന്നു വന്നു. തയ്യൽ പരിശീലനത്തിനായി ഒരു അധ്യാപകനെ സംഘടന ഉത്തരവാദപ്പെടുത്തുകയുണ്ടായി. സ്ത്രീകൾക്ക് റമദാൻ മാസത്തിൽ സംഘടിതമായി നമസ്ക്കരിക്കാൻ അവർ സൗകര്യമൊരുക്കുകയും ചെയ്തു അവർ. പ്രദേശത്തെ സ്ത്രീകളിൽ സാമൂഹ്യ- രാഷ്ട്രീയ ബോധം വളർത്തിയെടുക്കുന്നതിൽ ടി.സി. കുഞ്ഞാച്ചുമ്മ കാര്യമായ പ്രവർത്തനങ്ങൾ നടത്തി വന്നു. 1934- ലെ കൊടുങ്കാറ്റിൽ ദുരിതം അനുഭവിച്ചവർക്ക് ആശ്വാസമെത്തിക്കാൻ ടി.സി. കുഞ്ഞാച്ചുമ്മ മുൻകൈ എടുത്തു. ഇത് പരിഗണിച്ച് അന്നത്തെ മദ്രാസ് സർക്കാരിന് വേണ്ടി ഗവർണർ സർ ആർതർ ഹോപ് അവരെ ആദരിച്ചിരുന്നു[5] എന്നാണ് രേഖകൾ പറയുന്നത്.

മുസ്‌ലിം മഹിളാസമാജം എല്ലാ വർഷത്തിലും വാർഷിക സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും പ്രമുഖ വ്യക്തികളെ അതിൽ പങ്കെടുപ്പിക്കുകയും ചെയ്തു വന്നിരുന്നു. പ്രാദേശികമായി സമുദായത്തിൽ നിലനിന്നിരുന്ന നാത്തൂൻ സദ്യ, നാല്പതുകുളി തുടങ്ങിയ ചെലവേറിയ അനാചാരങ്ങൾ കുറച്ച് കൊണ്ട് വരാൻ മഹിളാ സമാജത്തിന്റെ പ്രവർത്തനങ്ങൾ വഴി സാധിച്ചു[6]. പിൽക്കാലത്ത് (1938- ൽ) തിരുവല്ലയിൽ പിറവി കൊണ്ട മുസ്‌ലിം മഹിളാ സമാജവുമായി സഹകരിച്ച് പ്രവർത്തിക്കാൻ വേണ്ടി ഹലീമബീവിയുമായി ചർച്ചകൾ നടന്നു എങ്കിലും അന്നത്തെ സാഹചര്യത്തിൽ കൂടുതൽ മുന്നോട്ട് പോയിരുന്നില്ല[7]. എന്നാലും ഈ രണ്ട് സംഘടനകളാണ് കേരളത്തിലെ മുസ്‌ലിം സ്ത്രീകളിലെ സംഘ ബോധത്തിന് അടിത്തറയായി മാറിയത് എന്ന് വിലയിരുത്തപ്പെടുന്നു.

വയോജന വിദ്യാഭ്യാസം വളരെ കാര്യക്ഷമമായി തന്നെ കുഞ്ഞാച്ചുമ്മയുടെ നേതൃത്വത്തിൽ നടന്നിരുന്നു. ക്ലാസ്സുകളിൽ വരാൻ മടി കാണിച്ചിരുന്ന മുതിർന്ന സ്ത്രീകളെ നേരിട്ട് വീട്ടിൽ ചെന്ന് കൂട്ടിക്കൊണ്ട് വന്നായിരുന്നു ഇത് പ്രയോഗവത്കരിച്ചത്.

റമദാൻ മാസത്തിൽ പള്ളികളിൽ അക്കാലത്ത് പുരുഷന്മാർക്ക് മാത്രമേ സംഘടിത രാത്രി നമസ്കാരത്തിന് (തറാവീഹ് നമസ്കാരം) സൗകര്യമുണ്ടായിരുന്നുള്ളൂ. ഇത് പരിഹരിക്കാൻ സ്ത്രീകൾക്കും സംഘടിതമായി നമസ്കരിക്കാൻ തറവാട്ടിൽ സൗകര്യം ഒരുക്കിക്കൊണ്ട് കുഞ്ഞാച്ചുമ്മ തയ്യാറായത്. ഇന്നും തറവാട്ടിൽ ഇത് തുടർന്നു വരുന്നുണ്ട്.

അഖിലേന്ത്യാ മുസ്‌ലിം ലീഗിൽ അംഗത്വം നേടിയിരുന്ന അവർ പാട്നയിൽ വെച്ച് നടന്ന അഖിലേന്ത്യ വനിതാ കമ്മറ്റിയിലേക്ക് മലബാറിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രാദേശികമായും പാർട്ടിയുടെ വിവിധ സമിതികളിൽ ടി.സി. കുഞ്ഞാച്ചുമ്മ സജീവമായി പ്രവർത്തിച്ചിരുന്നു.

അവലംബം തിരുത്തുക

  1. ജനുവരി, 28; 2021 (2021-01-28). "ടി.സി കുഞ്ഞാച്ചുമ്മ". Archived from the original on 2021-09-29. Retrieved 2021-09-29. {{cite web}}: |first= has numeric name (help)
  2. "പെൺപ്രതിഭകളുടെ രംഗപ്രവേശം, Prabodhanam Weekly". Archived from the original on 2021-09-30. Retrieved 2021-09-30.
  3. "മലയാളക്കരയിലെ മുസ്‌ലിം വനിതാ സംഘടനകൾ". Archived from the original on 2021-09-30. Retrieved 2021-09-30.
  4. "തലശ്ശേരിയിലെ മറിയുമ്മ ഇംഗ്ലീഷ് പഠിച്ച കഥ; സമുദായം അന്ന് കാർക്കിച്ചു തുപ്പിയതിന്റെയും". 2017-03-08. Archived from the original on 2021-09-30. Retrieved 2021-09-30.
  5. മാർച്ച്‌, 31; 2021 (2021-03-31). "മഹിളാസമാജം". Retrieved 2021-09-30. {{cite web}}: |first= has numeric name (help)
  6. സി.സരിത്. "തലശ്ശേരിയുടെ മുമ്പേ നടന്ന മാളിയേക്കൽ" (in ഇംഗ്ലീഷ്). Archived from the original on 2021-09-30. Retrieved 2021-09-30.
  7. മാർച്ച്‌, 31; 2021 (2021-03-31). "മുസ്‌ലിം മഹിളാ സമാജം". Retrieved 2021-09-30. {{cite web}}: |first= has numeric name (help)
"https://ml.wikipedia.org/w/index.php?title=ടി.സി._കുഞ്ഞാച്ചുമ്മ&oldid=3845933" എന്ന താളിൽനിന്ന് ശേഖരിച്ചത്