റോമൻ കത്തോലിക്കാ സഭയിലെ ഒരു വാഴ്ത്തപ്പെട്ടവനാണ് ജർസി പോപ്പുലസ്ക്കോ (1947 സെപ്റ്റംബർ 14 - 1984 ഒക്ടോബർ 19). പോളണ്ടിലെ കമ്യൂണിസ്റ്റ് നിരീശ്വരവാദത്തിന്റെ പീഡനങ്ങൾക്കെതിരായിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ[1][2].

വാഴ്ത്തപ്പെട്ട ജർസി പോപ്പുലസ്ക്കോ
ജനനം(1947-09-14)സെപ്റ്റംബർ 14, 1947
ഒക്കോപ്പി, പോളണ്ട്
മരണംഒക്ടോബർ 19, 1984(1984-10-19) (പ്രായം 37)
വ്‌ളോക്ലാവക്, പോളണ്ട്
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
വാഴ്ത്തപ്പെട്ടത്ജൂൺ 6, 2010, വാഴ്‌സ by കർദ്ദിനാൾ ആഞ്ജലോ അമാത്തോ
ഓർമ്മത്തിരുന്നാൾഒക്ടോബർ 19

ജീവിതരേഖ

തിരുത്തുക

പോളണ്ടിൽ ഒക്കോപ്പി ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിൽ 1947 സെപ്റ്റംബർ 14-ന് ജനിച്ചു[3]. അലക് എന്നായിരുന്നു മാതാപിതാക്കൾ നൽകിയിരുന്ന നാമം. വ്ലാഡിസ്ലോവ്, മരിയാന ദമ്പതികളുടെ അഞ്ചു മക്കളിൽ മൂന്നാമനായാണ് അലകിന്റെ ജനനം. അഞ്ചു മക്കളിൽ ഒരാൾ ചെറുപ്പത്തിലെ മരണമടഞ്ഞു. ഈ മാതാപിതാക്കൾ മക്കളെ നല്ല ദൈവവിശ്വാസത്തിലാണ് വളർത്തിയിരുന്നത്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കലും കുടുംബ പ്രാർഥനയും അവർ കർശനമായ ദിനചര്യയായി നടത്തിയിരുന്നു. ഷുക്കലോവ ഇടവകദേവാലയത്തിൽ വച്ച് അലകിന് ജ്ഞാനസ്നാനം നൽകി. അപ്പോൾ നൽകിയിരുന്ന പേര് അൽഫോൻസ് എന്നായിരുന്നു. പിന്നീട് വൈദികപഠനത്തിന്റെ അഞ്ചാമത് വർഷമാണ് ജർസി എന്ന പേര് സ്വീകരിച്ചത്. കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന പോളണ്ടിന്റെ ശരിയായ ചിത്രം ആ കുടുംബം വ്യക്തമായി മനസ്സിലാക്കിയിരുന്നു. പോളണ്ടിനോടും ക്രൈസ്തവ സഭയോടും അവർക്ക് അഗാധമായ സ്നേഹമുണ്ടായിരുന്നു. രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും സംഗീതവുമെല്ലാം അവർക്ക് പ്രിയപ്പെട്ടതായിരുന്നു. പോളണ്ടിന്റെ സേനയിൽ അംഗമായിരുന്ന അമ്മാവന്റെ സോവിയറ്റ് സേനയോടു പോരാടിയുള്ള മരണം അവർക്ക് അത്യാവേശം പകർന്നു. 1945-ലായിരുന്നു ഈ മരണം സംഭവിച്ചത്. തന്മൂലം സഭയെ അടിച്ചമർത്തുവാനുള്ള കമ്യൂണിസ്റ്റ് യത്നങ്ങൾക്കെതിരെ പോരാടുവാൻ അവർ ആവേശം കാട്ടിയിരുന്നു.

വിദ്യാഭ്യാസം

തിരുത്തുക

ഷുക്കോളയിലായിരുന്നു അൽഫോൻസിന്റെ പ്രാഥമിക പഠനവും ഹൈസ്കൂൾ വിദ്യാഭ്യാസവും നടത്തിയത്[4]. പഠനത്തിൽ ഒരു ശരാശരിക്കാരനായിരുന്ന അൽഫോൻസ് ഒരു നാണം കുണുങ്ങിയും ശാന്തസ്വഭാവക്കാരനുമായിരുന്നു. എല്ലാവരും അവന്റെ സ്വഭാവം ഇഷ്ടപ്പെട്ടിരുന്നു. തന്റെ ഒൻപതാം വയസ്സിൽ 1956-ലായിരുന്നു അൽഫോൻസ് പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചത്. ആ ദിവസം തന്നെ സ്ഥൈര്യലേപനവും സ്വീകരിച്ചു. ചെറുപ്രായത്തിൽ അൾത്താരബാലനായി പങ്കെടുത്തിരുന്നു. അക്കാലത്ത് സ്കൂളിൽ മതപഠനം നിരോധിക്കുകയും ഭക്തി കാണിച്ചിരുന്നവരെ നിന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. വൈദികരുടെ സഞ്ചാരം വിലക്കുകയും ദേവാലയങ്ങൾക്കും സെമിനാരികൾക്കും നികുതി ഏർപ്പെടുത്തുകയും ചെയ്തു. ഹൈസ്കൂൾ പഠനം പൂർത്തിയാക്കി പരീക്ഷാഫലം വരുന്നതു വരെ അൽഫോൻസ് തന്റെ വൈദിക മോഹം പുറത്തറിയിച്ചിരുന്നില്ല[5]. തന്റെ മോഹം പുറത്തറിഞ്ഞാൽ പരീക്ഷാഫലം അധികാരികൾ മോശമാക്കുമെന്ന് അവൻ ഭയപ്പെട്ടിരുന്നു. തന്റെ ജീവിതത്തിൽ അസാധാരണമായ രീതികളൊന്നും സ്വീകരിക്കാതിരുന്ന അൽഫോൻസ് വൈദികവൃത്തി സ്വീകരിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

വൈദികപഠനം

തിരുത്തുക

പോളണ്ടിൽ സഭ സ്ഥാപിതമായി സഹസ്രാബ്ദം പൂർത്തിയാകുന്നത് 1966-ലായിരുന്നു. 1965-ൽ ഇതിന്റെ ആഘോഷങ്ങൾക്ക് തുടക്കമായി. ഇതേ വർഷമാണ് അൽഫോൻസ് സെമിനാരിയിൽ ചേർന്നത്. ജനങ്ങളിൽ സഭയുടെ സ്വാധീനം നശിപ്പിക്കുവാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ കമ്യൂണിസ്റ്റ് ഭരണനേതൃത്വം തങ്ങളുടെ വരുതിയിൽ നിൽക്കുന്ന ഒരു ദേശീയസഭയും അതേ വർഷം തന്നെ സൃഷ്ടിച്ചു. വൈദികരെ അതിൽ അംഗങ്ങളാക്കുവാനായി അവർ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഭവനത്തിന്റെ സമീപത്തുള്ള ബിയാലി സ്റ്റോക്കിലെ സെമിനാരിയിൽ പ്രവേശനം നടത്താതെ വാർസോയിലെ സെമിനാരിയിലാണ് പഠനത്തിനായി ചേർന്നത്. സെമിനാരിയിൽ ചേരുന്നവരെ ആ കാരണത്താൽ അക്കാലത്ത് സർക്കാരിന്റെ ശത്രുക്കളായി കരുതിയിരുന്നു. വിവിധ മാർഗ്ഗങ്ങളും സർക്കാർ സെമിനാരിക്കാരെ പിന്തിരിക്കുവാനായി സ്വീകരിച്ചു. അതിനായി നിർബന്ധിത പട്ടാളസേവനവും നടപ്പിൽ വരുത്തി[6]. വൈദികവസ്ത്രം ലഭിച്ച സമയത്തായിരുന്നു ജർസിക്ക് സൈനികസേവനം ചെയ്യേണ്ടി വന്നത്. അക്കാലത്ത് അദ്ദേഹം രണ്ടാം വർഷ ദൈവശാസ്ത്രപഠനത്തിനായി തയ്യാറെടുക്കുകയായിരുന്നു. പഠനത്തിൽ ഒരു സാധാരണക്കാരനായിരുന്ന ജർസിക്ക് ഡോഗ്‌മായും ബൈബിളും പഠിക്കുമ്പോൾ മാത്രമാണ് മികച്ച മാർക്ക് ലഭിച്ചിരുന്നത്.

നിർബന്ധിത സൈനികസേവനം

തിരുത്തുക

1968 മുതൽ 69 വരെ ജർസിക്കും സംഘത്തിനും ബാർട്ടോസൈസിൽ വച്ച് സൈനികപരിശീലനം നടത്തേണ്ടി വന്നു. വൈദികവൃത്തിയിൽ നിന്നും പിന്തിരിയുവാനുള്ള തരം പഠനങ്ങളായിരുന്നു അവിടെ നടത്തിയിരുന്നത്. എല്ലാ ദിവസവും പാർട്ടിയുടെ ക്ലാസ്സുകൾ നടന്നു. നിരീശ്വരത്വവും ഭൗതികവാദവും ശരിയെന്നു തെളിയിക്കുന്ന തരം പഠനങ്ങളായിരുന്നു അവിടെ അഭ്യസിപ്പിച്ചിരുന്നത്. ദൈവനിന്ദക്കായി പലപ്പോഴും നിർബന്ധിക്കപ്പെട്ടിരുന്നു. ജർസിയുടെ കൈവശം ജപമാലയുണ്ടെന്നു കണ്ട അധികാരികൾ ജർസിയോട് അതു നിലത്തിട്ടു ചവിട്ടുവാൻ ആവശ്യപ്പെട്ടു. അതിനു വഴങ്ങാതിരുന്ന ജർസിയെ അവർ മറ്റുള്ളവരുടെ മുൻപിൽ വച്ച് മർദ്ദനവിധേയമാക്കി. പിന്നീട് ഒരു മാസത്തേക്ക് പീഡനമുറിയിൽ താമസത്തിനായി പ്രവേശിപ്പിച്ചു. എങ്കിലും ജപമാലയെ നിന്ദിക്കുവാൻ ജർസി തയ്യാറായില്ല. പിന്നീട് പട്ടാളക്കാർ ജർസിയുടെ ശരീരത്തിൽ കണ്ടെത്തിയ ഒരു കാശുരൂപം പൊട്ടിച്ചുകളയുവാൻ നിർബന്ധിച്ചു. ജർസിക്ക് ആദ്യകുർബാന സ്വീകരണസമയത്ത് സമ്മാനമായി ലഭിച്ചതായിരുന്നു ഈ രൂപം. ഇതിനുള്ള ശിഷയായി അവർ നൽകിയത് പെരുമഴയത്ത് നഗ്നപാദനായി നിൽക്കുവാനായിരുന്നു. ജർസി ഈ ശിഷയും ഏറ്റു വാങ്ങി.

പട്ടാളക്കാർ നടത്തിയ പഠനങ്ങളോട് എതിർപ്പു പ്രകടിപ്പിച്ചവരെ കഠിനജോലികൾ നൽകി അവർ ശിക്ഷിച്ചു. അർഥശൂന്യമായ ജോലികളായിരുന്നു ഏറെയും നൽകിയിരുന്നത്. രാവിലെ മുതൽ കുഴിയെടുക്കുന്ന ജോലി നൽകിയ ശേഷം ആ കുഴികൾ മൂടുവാൻ അവരെത്തന്നെ നിയോഗിച്ചു. മണ്ണിലൂടെ ഇഴയലും നടത്തി. തണുപ്പുകാലത്ത് മണ്ണിൽ നഗ്നപാദനായി നിർത്തി. ടൂത്ത് ബ്രഷു കൊണ്ട് കക്കൂസ് കഴുകിച്ചു. ഈ പീഡനങ്ങളെ ചെറുക്കുകയും ഒപ്പം മറ്റുള്ളവരിൽ അതിനായി ആവേശം പകരുകയും ചെയ്തു. ജർസി പതിയെ അവരുടെ ആത്മീയനേതാവായി മാറി. അധികാരികളുടെ കണ്ണിൽപ്പെടാതെ അവർ രാത്രിയിൽ പ്രാർഥനാസംഗമങ്ങൾ നടത്തി. പലതരത്തിലുള്ള സൈനികരുടെ ശിക്ഷകൾ ജർസിയുടെ മനോധൈര്യം വർദ്ധിപ്പിച്ചു. എന്നാൽ ജർസിയുടെ ആരോഗ്യം ഈ സമയത്ത് ക്ഷയിച്ചു. രണ്ടു വർഷക്കാലം നീണ്ട സൈനികസേവന ശേഷം ജർസി 1970-ൽ സെമിനാരിയിൽ തിരിച്ചെത്തി. അരോഗ്യം ക്ഷയിച്ച ജർസി തൈറോയിഡ് മൂലം മരണാസന്നനായി. ഒടുവിൽ ശസ്ത്രക്രിയയിലൂടെ ആരോഗ്യം വീണ്ടെടുത്തു.

പട്ടാള സേവനത്തിലൂടെ അവരുടെ തനിനിറം മനസ്സിലാക്കിയ ജർസിയും സംഘവും സ്വാതന്ത്ര്യദാഹികളായി മാറി. 1968-ലെ വിപ്ലവങ്ങളിൽ പങ്കെടുത്തവരെ പോലീസ് നിഷ്കരുണം ഉപദ്രവിച്ചു. അവരെ ശുശ്രൂഷിക്കുവാൻ ജർസിയും സംഘവും തയ്യാറായി. 1970-ൽ ഗോമുൽക്കോയുടെ സൈനികർ പണിമുടക്കിൽ ഏർപ്പെട്ട ജീവനക്കാർക്കു നേരെ വെടിയുതിർത്തപ്പോൾ ജർസിയിലും മറ്റും ആവേശം ഉയർന്നു.

പൗരോഹിത്യസ്വീകരണം

തിരുത്തുക

വാർസോയിലെ സെന്റ് ജോൺസ് കത്തീഡ്രലിൽ വച്ച് 1972 മേയ് 28-ന് പോളണ്ടിന്റെ പ്രൈമേറ്റ് കർദ്ദിനാൾ സ്റ്റീഫൻ വിഷൻസ്കിയിൽ നിന്നും ജർസി വൈദികപട്ടം സ്വീകരിച്ചു. 1972 മുതൽ 1979 വരെ വാർസോയ്ക്കു സമീപമുള്ള സബാക്കിയിലെ ഹോളി ട്രിനിറ്റി, അനിൻ ലെ ഔർലേഡി ക്യൂൻ ഓഫ് പോളണ്ട്, സോളിബ്രാസിലെ ക്യൂൻ ചൈൽഡി ജീസസ് എന്നീ മൂന്നു ദേവാലയങ്ങളിൽ സേവനമനുഷ്ഠിച്ചു. തുടരുന്ന അനാരോഗ്യം മൂലം ഇടവകകളുടെ സ്വതന്ത്രചുമതല അദ്ദേഹം ഏറ്റെടുത്തില്ല. 1979-ൽ ബലിയർപ്പണത്തിനിടെ ജർസി കുഴഞ്ഞു വീണു. മോശമായ ആരോഗ്യനിലമൂലം കർദ്ദിനാൾ വിഷൻസ്കി ജർസിയെ വാർസോയിലെ വിദ്യാർഥികളുടെ സെന്റ് ആൻ പള്ളിയുടെ ചുമതലയിലേക്ക് മാറ്റി[7]. വാർസോ കൂറിയായിൽ നിന്നുള്ള വൈദ്യശാസ്ത്ര വിദ്യാർഥികളുടെ വൈദികനായി സേവനമനുഷ്ഠിച്ചു. വിശ്വാസികൾക്കിടയിൽ ഒരു നല്ല വൈദികനെന്ന നിലയിൽ അദ്ദേഹം അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു. താൻ ശുശ്രൂഷിക്കുന്നവരുമായി നല്ല അടുപ്പം പുലർത്തുവാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. രോഗികളുടെ കഷ്ടതകളോട് അദ്ദേഹം പ്രത്യേക ആർദ്രത പ്രകടിപ്പിച്ചിരുന്നു. 1980 ഫെബ്രുവരിയിൽ ജർസി നഴ്സുമാരുടെ ചാപ്ലൈനായി നിയമിതനായി[8]. ആധുനികകാലത്ത് വൈദ്യശാസ്ത്രപ്രവർത്തകർക്കുള്ള പ്രാധാന്യം മനസ്സിലാക്കിയിരുന്ന ജർസി അവരുടെ വിശ്വാസരൂപീകരണത്തിനായി ശ്രദ്ധ പുലർത്തി.

തൊഴിലാളികൾക്കൊപ്പം

തിരുത്തുക

1980 ഓഗസ്റ്റ് 31 ഞായറാഴ്ച നാട്ടിലെ മുഴുവൻ തൊഴിലാളികളും പണിമുടക്കിയ ഒരു വേള. വാർസോയിലെ ഒരു ഉരുക്കുഫാക്ടറിയിലെ പതിനായിരത്തോളം തൊഴിലാളികൾ കമ്പനിക്കുള്ളിൽ കുർബാന അർപ്പിക്കുവാനായി ഒരു വൈദികനെ ആവശ്യപ്പെട്ട് കർദ്ദിനാൾ വിഷൻസ്കിയെ സമീപിച്ചു[3]. ഒടുവിൽ അതിനായി നിയമിതനായത് ഫാദർ ജർസിയാണ്. ഉരുക്കുമില്ലുകളുടെ സമീപമുള്ള ഇടവകയിലെ അച്ചനായതിനാൽ ജർസിയെ കർദ്ദിനാൾ തൊഴിലാളികളുടെയും ചുമതലക്കാരനാക്കി. തൊഴിലാളികൾക്കിടയിൽ ജർസി പ്രിയങ്കരനായി മാറി. കുർബാനയർപ്പണ ശേഷം പലപ്പോഴും തൊഴിലാളികൾ കുടുംബ സമേതം ജർസിയെ സന്ദർശിക്കുവാനായെത്തി. അവർ ജർസിയുടെ അടുക്കൽ കുമ്പസാരം നടത്തി. സഭാപരമായി വിവാഹിതരാകാത്തവർ ആ സമയത്ത് ജർസിയാൽ ആശിർവാദം നേടി. മുതിർന്നവർ മാമ്മോദീസ സ്വീകരിച്ചു. സോളിഡാരിറ്റിയുടെ നേതാവ് ലെവലെസയുടെ ആത്മീയപിതാവായി ജർസി മാറി. കാലം വരുത്തിയ മാറ്റങ്ങൾ ജർസിയെ ആനന്ദിപ്പിച്ചു. വാർസോയിലെ തൊഴിലാളികളുടെ സോളിഡാരിറ്റിക്കു തുടക്കം കുറിച്ചപ്പോൾ ബിഷപ്പ് സിബിഗ്നു ക്രാവെസ്കിയാണ് ആശീർവാദം നൽകിയത്. എങ്കിലും അന്ന് ബലിയർപ്പിച്ചത് ഫാദർ ജർസിയാണ്. ഗ്ഡാൻസിക്കിലെ സോളിഡാരിറ്റിയുടെ ആദ്യ ദേശീയ സമ്മേളനത്തിൽ ജോൺ പോൾ മാർപാപ്പയുടെ ചാക്രികലേഖനം ലബോരം എക്സർച്ചൻസി വായിച്ചു വിശദീകരണം നൽകിയത് ഫാദർ ജർസിയായിരുന്നു. സോളിഡാരിറ്റിയിലെ അംഗങ്ങൾക്കായി ദിനവും ജർസി ബലിയർപ്പിച്ചു. സമ്മേളനങ്ങളിൽ ജർസി സംബന്ധിച്ചിരുന്നെങ്കിലും അവരുടെ സംവാദങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.

ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സന്ദർശനം

തിരുത്തുക

1979-ലാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ തന്റെ ആദ്യ സന്ദശനത്തിനായി പോളണ്ടിൽ എത്തുന്നത്. 1965-ൽ പോളണ്ടിൽ നടന്ന കത്തോലിക്കാ സഭയുടെ സഹസ്രാബ്ദ ചടങ്ങുകളിൽ പങ്കെടുക്കുവാൻ പോൾ ആറാമൻ മാർപാപ്പയ്ക്ക് അന്നത്തെ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. പോളണ്ട് ജോൺ പോൾ മാർപാപ്പയുടെ ജന്മനാടായതിനാൽ സ്വരാജ്യത്തേക്കുള്ള പ്രവേശനം തടയുവാൻ സർക്കാരിന് സാധിച്ചില്ല. മാർപാപ്പയുടെ വൈദ്യപരമായ കാര്യങ്ങളിൽ ജർസി അച്ചനായിരുന്നു ചുമതല വഹിച്ചിരുന്നത്. വാർസോയിലെ വിക്ടറി ചത്വരത്തിൽ ജോൺ പോൾ മാർപാപ്പ കുർബാനയർപ്പിച്ചു. കുർബാന മധ്യേ കാഴ്ചവയ്പ്പു പ്രദക്ഷിണത്തിനായി അൾത്താരയിലേക്കു സംവഹിക്കപ്പെട്ട വസ്തുക്കൾക്കൊപ്പം ഒരു കത്തുണ്ടായിരുന്നു. ഇത് മാർപ്പാപ്പായ്ക്കുള്ളതായിരുന്നു. മൂന്നു പെൺകുട്ടികൾ ചേർന്നു വഹിച്ചിരുന്ന താലത്തിൽ നിന്നും ഈ വിവരം മനസ്സിലാക്കിയ രഹസ്യപ്പോലീസ് കത്ത് തട്ടിയെടുത്തു. ഇത് ജർസിയച്ചന്റെ ശ്രദ്ധയിൽ പെട്ടയുടൻ തന്നെ അദ്ദേഹം വേലിക്കെട്ടുകൾ ചാടിക്കടന്ന് ആ കത്ത് തിരികെ തട്ടിയെടുത്ത് താലത്തിൽ വച്ചു. ഇത് രഹസ്യപ്പോലീസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ജോൺ പോൾ മാർപാപ്പ അന്നാണ് പോളണ്ടിനു വേണ്ടിയുള്ള ഹൃദയസ്പർശിയായ പ്രാർഥന നടത്തിയത്:- പരിശുദ്ധാത്മാവേ എന്റെ നാടിന്റെ മേൽ എഴുന്നള്ളി വരേണമേ. ഈ നാടിനെ പുതുക്കി പണിയേണമേ. മാർപാപ്പയുടെ ഈ വാക്കുകൾ ജർസിയെ ആവേശഭരിതനാക്കി.

സോളിഡാരിറ്റിയുടെ പ്രവർത്തനം

തിരുത്തുക

സോളിഡാരിറ്റിയുടെ പ്രവർത്തനങ്ങളുമായി ജർസിയുടെ സഹകരണം രഹസ്യപ്പോലീസിന് തലവേദന സൃഷ്ടിച്ചു. സോളിഡാരിറ്റിയുടെ യോഗങ്ങളിൽ 1981 ഏപ്രിൽ മുതൽ മതപരമായ ചടങ്ങുകൾ തുടങ്ങി[9]. തന്മൂലം യോഗത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് അനുഭവപ്പെട്ടു. 1981 ഡിസംബർ 13-ന് സർക്കാർ ഭയത്താൽ പട്ടാള ഭരണം നടപ്പിലാക്കി. സോളിഡാരിറ്റിക്ക് നിരോധനം ഏർപ്പെടുത്തി. ആയിരക്കണക്കിനു പ്രവർത്തകരെ അറസ്റ്റു ചെയ്തു. ഫാദർ അവർക്കൊപ്പം നിൽക്കുകയും വിദേശസഹായം ലഭ്യമാക്കുകയും ചെയ്തു. 1981-ൽ നടന്ന പണിമുടക്കിനെ സംബന്ധിച്ചു നടന്ന വിചാരണയിൽ ജർസിയും പങ്കെടുത്തിരുന്നു. ജർസിയുടെ പ്രവർത്തനങ്ങൾ രാജ്യദ്രോഹമെന്നു സർക്കാർ വിലയിരുത്തി. സഭയെയും വൈദികപദവിയെയും അദ്ദേഹം ദുരുപയോഗം ചെയ്തു എന്ന ആരോപണവും ഉയർന്നു. പള്ളി മുറിയിൽ തന്നെ ജർസിയെ തടവുകാരനാക്കി ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ നാല്പതാം വാർഷികമായ 1982-ൽ പൊതുമാപ്പ് നൽകി 625 രാഷ്ട്രീയത്തടവുകാരെ സ്വതന്ത്രരാക്കിയിരുന്നു. ഫാദർ ജർസി അവർക്കായി വിശുദ്ധ കുർബാന അർപ്പിച്ചു. നിരോധനത്തിലായിരുന്ന സോളിഡാരിറ്റിയുടെ നിരോധനം നീക്കുവാനും സംഘടനയുടെ ഒളിപ്പോരാളികളായ ബോഗ് ഡാൻലിസ്, പോയിറ്റ് മിയർസെ വിസ്കി എന്നിവരെ മോചിപ്പിക്കണമെന്നും ഫാദർ ജർസി ആവശ്യമുന്നയിച്ചു[10].

പട്ടാളഭരണം പ്രാബല്യത്തിലായതിനാൽ ഫാദർ ജർസി രഹസ്യപ്പോലീസിന്റെ ലക്ഷ്യമായി മാറി. കാഴ്ചയിൽ ദുർബലനായി കാണപ്പെട്ടിരുന്ന അച്ചനിൽ ഭയമേതുമില്ലായിരുന്നു. പള്ളിമുറിയിൽ അവർ നിത്യേന അന്വേഷണത്തിനായി എത്തിയിരുന്നു. ഫാദർ ജർസിയെ അറസ്റ്റു ചെയ്യുവാനുള്ള തെളിവുകൾ അധികാരികൾക്ക് ലഭ്യമായില്ല. പീഡിപ്പിക്കപ്പെടുന്നവർക്കായി ഫാദർ ജർസി സഹായം നൽകുവാൻ യത്നിച്ചു. വിദേശ വൈദ്യസഹായങ്ങൾ ലഭ്യമാക്കുവാൻ ശ്രമം നടത്തി. പാവപ്പെട്ടവർക്കായി എന്തും നൽകുവാൻ അച്ചൻ തയ്യാറായി നിന്നു. സ്വന്തം ഷൂവും അദ്ദേഹം ദാനമായി നൽകി. പഴകിയ വസ്ത്രങ്ങളായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ഫാദർ ജർസിയെ തൊഴിലാളികൾക്കിടയിൽ നിന്നും മാറ്റുവാനായി ഒളിപ്പോരാളികളെ സ്വതന്ത്രരാക്കാമെന്ന നയം അധികാരികൾ നടത്തി. അച്ചനെ ഉപരിപഠനത്തിനായി സ്ഥലം മാറ്റുവാൻ മെത്രാനു മേൽ സമ്മർദ്ദം ചെലുത്തപ്പെട്ടു. ബിഷപ്പ് ഇതിനായി ഫാദർ ജർസിക്കു സൂചന നൽകി. എന്നാൽ അദ്ദേഹം ജർസിയെ നിർബന്ധിച്ചില്ല. ഫാദർ ജർസി ഇതെല്ലാം തന്റെ കടമയെന്ന നിലയിൽ മുൻപോട്ടു നീങ്ങി. ന്യൂയോർക്ക് ടൈംസിന്റെ വാർസോ ബ്യൂറോ ചീഫ് മൈക്കൾ കൗഫ്മാൻ ഇങ്ങനെയെഴുതി:- കിഴക്കൻ ബർലിൻ മുതൽ വ്ലാഡിവോസ്റ്റോക്ക് വരെ ഒരിടത്തും പത്തു പതിനായിരം ജനങ്ങളെ മുൻപിൽ നിർത്തി ഭരണത്തിന്റെയും പാർട്ടിയുടെയും തെറ്റുകൾ വിളിച്ചു പറയുവാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല. നാനൂറു മില്ല്യൺ ജനങ്ങൾ അധിവസിക്കുന്ന ഈ വൻപ്രദേശത്തെങ്ങും അധികാരികളെ ധിക്കരിക്കേണ്ടത് മതപരവും മനുഷ്യത്വപരവും ദേശീയവുമായ മനസാക്ഷിയോടുള്ള ബാദ്ധ്യതയായി ആരും പറഞ്ഞിട്ടില്ല.

മാതൃഭൂമിക്കു വേണ്ടി

തിരുത്തുക

മാതൃഭൂമിക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന അർപ്പണമെന്നത് കോസ്റ്റ്കായിലെ വികാരിയായിരുന്ന ഫാദർ തിയോഫിൽ ബൊഗുക്കിയുടെ ആശയമായിരുന്നു. എല്ലാ മാസവും അവസാന ഞായറാഴ്ചയായിരുന്നു ഈ ബലിയർപ്പണം നടത്തിയിരുന്നത്. 1982 ഫെബ്രുവരി മുതൽ ഫാദർ ജർസിയാണ് ഈ ദൗത്യം നടത്തിയിരുന്നത്[11]. കുർബാനയുടെ ആരംഭം രാജ്യത്തെ നടന്മാർ കവിതാലാപനം നടത്തിയിരുന്നു. കുർബാനയുടെ ആദ്യവും അവസാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചിരുന്നു. കുർബാനക്കിടയിലെ സമാധാനം കൈമാറ്റം ഒരു വലിയ നിമിഷമായി അറിയപ്പെട്ടിരുന്നു. പട്ടാള ഭരണം നടപ്പിലായതിനാൽ കുർബാനയർപ്പണം പോലും സംശയദൃഷ്ടിയിലായി മാറി. കുർബാനക്കിടയിലെ ജർസിയുടെ ഉപദേശങ്ങൾ രഹസ്യപ്പോലീസ് വീക്ഷിച്ചു തുടങ്ങി. ബലിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമതീതമായി വർദ്ധിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പുതിയതായി പങ്കെടുക്കുവാനെത്തുകയും ചെയ്തു. ഇരുപതിനായിരം വരെയായിരുന്നു അവസാനനാളിൽ ജനക്കൂട്ടം. സുവിശേഷത്തോട് വിശ്വസ്തത പുലർത്തുന്ന സമീപനങ്ങളായിരുന്നു ആച്ചൻ അനുവർത്തിച്ചിരുന്നത്. കർദ്ദിനാൾ വിഷൻസ്കിയുടെയും ജോൺ പോൾ മാർപാപ്പയുടെയും ഉപദേശങ്ങളായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ അടങ്ങിയിരുന്നത്. പോളണ്ടിന്റെ സഹനങ്ങളെ അദ്ദേഹം യേശുവിന്റെ സഹനങ്ങളായി കണ്ടാണ് പ്രവർത്തിച്ചിരുന്നത്. പട്ടാളഭരണം ഏർപ്പെടുത്തിയ ആദ്യകാലങ്ങളിൽ ശൈത്യകാലത്ത് വഴിവക്കുകളിൽ കാവൽ നിന്നിരുന്ന സൈനികർക്ക് ഫാദർ ജർസി ചൂടുപാനീയങ്ങൾ വിതരണം ചെയ്തിരുന്നു. 1983 മേയ് മാസത്തിൽ ഗർസോർസ് പ്രസ്മിക് എന്ന യുവാവിനെ പട്ടാളം വധിച്ചിരുന്നു.

കള്ളക്കേസുകൾ

തിരുത്തുക

ഫാദർ ജർസിയെ എങ്ങനെയെങ്കിലും കുടുക്കണമെന്ന വിചാരം പട്ടാളത്തിൽ ശക്തമായി. രഹസ്യപ്പോലീസ് എല്ലായ്പ്പോഴും ഫാദർ ജർസിയെ വീക്ഷിച്ചു. ടെലിഫോൺ സന്ദേശങ്ങൾ നിരീക്ഷിക്കപ്പെട്ടു. പ്രോസിക്യൂഷൻ കാര്യാലയത്തിൽ ഫാദർ ജർസിയെ വിചാരണ നടത്തി. ഫാദർ ജർസിയുടെ അമ്മായി സമ്മാനിച്ച ഫ്ലാറ്റിൽ റെയ്ഡു നടത്തുകയും രഹസ്യപ്പോലീസ് മുൻകൂട്ടി ഒളിപ്പിച്ചു വച്ചിരുന്ന ആയുധങ്ങളും ചില രേഖകളും അവിടെ നിന്നും കണ്ടെടുക്കുകയും ചെയ്തു. അങ്ങനെ ഫാദർ ജർസി അറസ്റ്റു ചെയ്യപ്പെട്ടു. എന്നാലുടനെ തന്നെ ബിഷപ്പ് ദാബ്രോവ്സ്കി സമയോചിതമായി ഇടപെട്ട് ഫാദർ ജർസിയെ മോചിപ്പിച്ചു. അദ്ദേഹത്തിനെതിരായുള്ള കേസുകൾ കള്ളക്കേസുകളായിരുന്നുവെന്നും തെളിയിക്കപ്പെട്ടു. എന്നാൽ അച്ചടിശാലയിൽ നിന്നും കണ്ടെടുത്ത രേഖകളുടെ പേരിൽ ഫാദർ ജർസി വീണ്ടും വിചാരണ ചെയ്യപ്പെട്ടു. തുടർന്ന് 1984 ഓഗസ്റ്റിൽ പുതിയ വിചാരണക്കായി തയ്യാറെടുത്ത ഫാദർ ജർസിയും മറ്റു പലരും കമ്യൂണിസത്തിന്റെ നാല്പതാം വർഷത്തിൽ നൽകിയ പൊതുമാപ്പിൽ മോചിതരായി.

മാധ്യമങ്ങളിലും മറ്റും ഫാദർ ജർസിക്കെതിരായി വാർത്തകൾ വന്നു തുടങ്ങി. ഇസ്‌വെസ്തിയ എന്ന സോവിയറ്റ് പത്രത്തിലാണ് ആദ്യമായി വാർത്ത വന്നത്. അതോടൊപ്പം ഫാദർ ജർസിക്കെതിരായുള്ള പരാതികൾ ന്മെത്രാന്മാരുടെ സംഘത്തിനും ലഭ്യമായി തുടങ്ങി. പട്ടാളഭരണ നിലവിൽ വന്നപ്പോൾ അതിനെ ഉന്മൂലനം ചെയുവാൻ പ്രവർത്തിച്ച വൈദികനാണ് ഫാദർ ജർസിയെന്ന് രേഖകളടക്കം അവർ ചൂണ്ടിക്കാണിച്ചു. ഫാദർ ജർസിയെ എങ്ങനെയെങ്കിലും കുടുക്കണമെന്ന വിചാരം പട്ടാളത്തിൽ ശക്തമായി. രഹസ്യപ്പോലീസ് എല്ലായ്പ്പോഴും ഫാദർ ജർസിയെ വീക്ഷിച്ചു. ടെലിഫോൺ സന്ദേശങ്ങൾ നിരീക്ഷിക്കപ്പെട്ടു. പ്രോസിക്യൂഷൻ കാര്യാലയത്തിൽ ഫാദർ ജർസിയെ വിചാരണ നടത്തി. ഫാദർ ജർസിയുടെ അമ്മായി സമ്മാനിച്ച ഫ്ലാറ്റിൽ റെയ്ഡു നടത്തുകയും രഹസ്യപ്പോലീസ് മുൻകൂട്ടി ഒളിപ്പിച്ചു വച്ചിരുന്ന ആയുധങ്ങളുംചില രേഖകളും അവിടെ നിന്നും കണ്ടെടുക്കുകയും ചെയ്തു. അങ്ങനെ ഫാദർ ജർസി അറസ്റ്റു ചെയ്യപ്പെട്ടു. അതോടൊപ്പം 1984-ലെ പൊതുമാപ്പിൽ ഉൾപ്പെടുത്താതിരുന്ന കുറ്റങ്ങളും ചാർത്തപ്പെട്ടു. 1984 ഓഗസ്റ്റ് 15-ന് അച്ചനെതിരെ ചുമത്തപ്പെട്ട കുറ്റം ദേവാലയ പ്രസംഗപീഠം രാജ്യദ്രോഹത്തിനായി ഉപയോഗിച്ചു എന്നതായിരുന്നു. 1983 ഡിസംബർ 12-ന് പ്രോസിക്യൂട്ടർ കാര്യാലയവും ഈ കുറ്റം ചുമത്തിയിരുന്നു. സംസ്ഥാന ഭരണനേതൃത്വത്തെയും അച്ചൻ അപമാനിച്ചുവെന്ന കുറ്റവും ചുമത്തി. പള്ളിമുറിയിൽ നിന്നും പിസ്റ്റൽ കണ്ടെടുത്തതായും കുറ്റമുണ്ട്. ക്രമസമാധനം തകർക്കുന്ന തരത്തിൽ രേഖകൾ വിതരണം നടത്തിയെന്നതായിരുന്നു രഹസ്യപ്പോലീസിന്റെ ആരോപണം. ഫാദർ ജർസി നടത്തിയ പ്രസംഗങ്ങളിൽ സോളിഡാരിറ്റി പ്രവർത്തകരെ പ്രശംസിക്കുകയും സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു 1983 സെപ്റ്റംബർ 13 ലെ കുറ്റം. ഫാദർ ജർസിയുടെ ഭവനത്തിൽ 1983 ഡിസംബർ 12-ന് നടത്തിയ റെയ്ഡിൽ 1200 ലീഫ്‌ലെറ്റുകൾ കണ്ടെത്തി. അതിൽ മേയ് 29-ന് കുർബാനയിൽ പങ്കെടുത്ത് സ്വാതന്ത്ര്യത്തിനായി പ്രാർഥിക്കുവാനുള്ള ആഹ്വാനം അടങ്ങിയിരുന്നു.

ബൈഡ്‌ഗോസെക്സിലെ വൈദികർ തൊഴിലാളികൾക്കായി 1989 ഒക്ടോബർ 19-ന് പ്രത്യേക പ്രാർഥന നടത്തുവാൻ വിളിക്കപ്പെട്ടു. കുർബാനയ്ക്കു ശേഷം ജപമാലയർപ്പിച്ചതും ഫാദർ ജർസിയായിരുന്നു. അന്നത്തെ വാക്കുകൾ ഇതായിരുന്നു:- തിന്മയെ നന്മ കൊണ്ട് പരാജയപ്പെടുത്തണമെങ്കിൽ, മനുഷ്യന്റെ അന്തസ് ആദരിക്കപ്പെടണമെങ്കിൽ നമ്മൾ അതിക്രമങ്ങൾക്ക് തയ്യാറാകരുത്. തന്റെ ഹൃദയത്തിന്റെയും യുക്തിയുടെയും ശക്തി കൊണ്ട് വിജയം കൈവരിക്കുവാൻ സാധിക്കില്ലെന്നു കരുതുന്നവനാണ് അക്രമം കൊണ്ട് വിജയം വരിക്കുവാൻ ശ്രമിക്കുന്നത്. നമ്മെ ഭയങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ ദൈവത്തോട് പ്രാർഥിക്കാം. പ്രത്യേകിച്ചും അക്രമങ്ങളിലൂടെ പ്രതികാരം ചെയ്യുവാനുള്ള ആവേശത്തിൽ നിന്നും.

 
വാഴ്ത്തപ്പെട്ട ജർസിയുടെ ശവസംസ്കാരചടങ്ങിൽ നിന്നും

പ്രാർഥന അവസാനിച്ച ശേഷം രാത്രി വൈകിയാണെങ്കിലും അച്ചൻ ഇടവകയിലേക്ക് തന്നെ മടങ്ങുവാൻ തയ്യാറായി. കാറിലായിരുന്നു ഫാദർ ജർസിയുടെ മടക്കയാത്ര. വാൽഡെ മാർഡ് ക്രൊസ്റ്റോവ്സ്കി എന്നായിരുന്നു ഡ്രൈവറുടെ പേര്. അച്ചൻ പ്രാർഥനയർപ്പിക്കുമ്പോൾ ജനത്തിനിടയിലും രഹസ്യപ്പോലീസുകാർ തമ്പടിച്ചിരുന്നു. അവർ അച്ചന്റെ വാഹനത്തെ മണിക്കൂറുകളോളം അനുഗമിച്ചിരുന്നു. ഗോർസ്ക് എന്ന ഗ്രാമം കഴിഞ്ഞപ്പോൾ ട്രാഫിക് പോലീസുകാർ അവരുടെ വാഹനത്തെ നിർത്തിച്ചു[10]. പോളണ്ടിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ രഹസ്യപ്പോലീസായ സ്ലുസ്ബാ ബസ്പിസെന്ത്വായിലെ പ്രവർത്തകരായിരുന്നു ആ പോലീസുകാർ[12][13]. ഫാദർ ജർസിയുടെ ഡ്രൈവറെ വിലങ്ങു വച്ച് അവർ പോലീസ് വാഹനത്തിൽ പ്രവേശിപ്പിച്ചു. ഫാദർ ജർസിയെ അവർ മുഷ്ടി ചുരുട്ടിയും ആയുധത്താലും മർദ്ദിച്ചു. ബോധം നഷ്ടപ്പെട്ട അച്ചനെ കാറിന്റെ ഡിക്കിയിൽ ചുരുട്ടിയിട്ട് അതിവേഗം വാഹനം ഓടിച്ചു. ബോധം തിരിച്ചു കിട്ടിയ അച്ചൻ ഡിക്കിയിൽ കിടന്ന് ശബ്ദമുണ്ടാക്കിയപ്പോൾ അവർ വാഹനം നിർത്തി അച്ചന്റെ വായ് മൂടിക്കെട്ടി. ഈ സമയം പോലീസ് വാഹനത്തിൽ സഞ്ചരിച്ചിരുന്ന ഡ്രൈവർ ആ വാഹനത്തിൽ നിന്നും രക്ഷപെട്ടു. ഡ്രൈവർ രക്ഷപെട്ടതിനാലാണ് പിന്നീട് അച്ചന്റെ മരണം പുറം ലോകമറിഞ്ഞത്. വീണ്ടും ബഹളമുണ്ടാക്കിയ അച്ചനെ അവർ ഇടിച്ചു ബോധം കെടുത്തി.

 
വാഴ്ത്തപ്പെട്ട ജർസിയുടെ ശവസംസ്കാരചടങ്ങിൽ നിന്നും

രണ്ടു തവണ ബോധം നഷ്ടപ്പെട്ട അച്ചൻ വീണ്ടും രക്ഷപെടുവാൻ ശ്രമിച്ചതിനാൽ അവർ അച്ചനെ കെട്ടി മുറുക്കി. സ്വയം അഴിക്കുമ്പോൾ കഴുത്തിലെ കെട്ടുകൾ മുറുകുന്ന രീതിയിലായിരുന്നു അവർ ബന്ധിപ്പിച്ചത്. വായിൽ പ്ലാസ്റ്റർ ഒട്ടിക്കുകയും കെട്ടിയിട്ടു മർദ്ദിക്കുകയും ചെയ്തു. പ്ലാസ്റ്റർ മൂക്കും മറച്ചതിനാൽ ശ്വാസം കിട്ടുവാൻ അച്ചൻ ബുദ്ധിമുട്ടി. തുടർന്ന് കാലിൽ ചാക്കു നിറയെ കല്ലു കെട്ടിയ ശേഷം വിസിയ നദിയിലേക്ക് വലിച്ചെറിഞ്ഞു. എന്നാൽ നദിയിലേക്ക് എറിയപ്പെടും മുൻപ് ഫാദർ ജർസി മരിച്ചിരുന്നെന്ന് ഫോറൻസിക് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഫാദർ ജർസിക്കേറ്റ പരിക്കുകളെപ്പറ്റി പുറം ലോകം അറിഞ്ഞത് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കൊലപ്പെടുത്തിയ പിട്രോവസ്കി, ചിമ്മലെവസ്കി, പെക്കാൽ എന്നിവരുടെ മൊഴിയിലൂടെയുമാണ്. ഫാദർ ജർസിയുടെ ആന്തരികാവയവങ്ങൾ അതിക്രൂരമായി നശിപ്പിക്കപ്പെട്ടിരുന്നു. ബിയാലിസ്റ്റോക്കിലെ പ്രസിദ്ധമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് മെഡിസിനിലായിരുന്നു പരിശോധന നടത്തിയത്. ഒക്ടോബർ 19-ന് കാണാതായ അച്ചനെ രഹസ്യപ്പോലീസ് തട്ടിയെടുത്തതായി 24-നാണ് പുറത്തറിയുന്നത്. ഒക്ടോബർ 13-ന് ഒരു കാറപകടത്തിൽ ഫാദർ ജർസിയെ മുൻപും വധിക്കുവാനുള്ള ശ്രമം നടന്നിരുന്നു[3]. കാറിലേക്ക് എന്തോ വസ്തു എറിഞ്ഞ് കാർ മറിക്കുവാനുള്ള ശ്രമമായിരുന്നു അന്നു നടന്നത്. എന്നാൽ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം അപകടം സംഭവിച്ചില്ല. മുൻപ് 1982-ൽ അച്ചന്റെ താമസസ്ഥലത്തും ആക്രമണം നടന്നിരുന്നു.

 
വാഴ്ത്തപ്പെട്ട ജർസിയുടെ ശവസംസ്കാരചടങ്ങിൽ നിന്നും

ഒടുവിൽ അച്ചന്റെ തിരോധാനത്തിനു ശേഷം പത്താം ദിവസമാണ് ഒക്ടോബർ 30-ന് അദ്ദേഹത്തിന്റെ ശരീരം വ്‌ളോക്ലാവക് അണക്കെട്ടിൽ നിന്നും ലഭിക്കുന്നത്[14][15]. താടിയെല്ലും, മൂക്കും, വായും തലയോട്ടി ഉൾപ്പെടെ തകർന്ന അച്ചന്റെ മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമായിരുന്നു. കിഡ്നിയും ആന്തരീകാവയവങ്ങളും ചതക്കപ്പെട്ടിരുന്നു. 1984 ഡിസംബറിൽ കുറ്റവാളികൾ അറസ്റ്റു ചെയ്യപ്പെട്ടു. ഇവർക്ക് ഒടുവിൽ മാപ്പു നൽകി വിട്ടയച്ചു. കോസ്റ്റക്കാ പള്ളിക്കു മുൻപിലായുള്ള കുഴിമാടത്തിൽ ഫാദർ ജർസിയെ സംസ്കരിച്ചു. ജപമാലയുടെ ആകൃതിയിലുള്ള കല്ലറയിലാണ് മൃതദേഹം സംസ്കരിച്ചിരിക്കുന്നത്. സംസ്കാരചടങ്ങിൽ അഞ്ചു ലക്ഷം പേർ പങ്കെടുത്തെന്നാണ് ഔദ്യോഗിക കണക്കുകൾ. മൂന്നു വർഷങ്ങൾക്കു ശേഷം അന്നാണ് സോളിഡാരിറ്റി പ്രവർത്തകർക്ക് പരസ്യപ്രസംഗം നടത്തുവാൻ അനുമതി ലഭിച്ചത്.

വാഴ്ത്തപ്പെടൽ

തിരുത്തുക

ജോൺ പോൾ മാർപാപ്പ ജർസിയുടെ കബറിടത്തിൽ 1987 ജൂൺ 14-ന് കബറിടം സന്ദർശിച്ചു[16]. പോളണ്ടിലെ 80 പാതകൾക്ക് അച്ചന്റെ നാമം നൽകപ്പെട്ടു. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഗോൾഡൻ ഈഗിൾ നൽകി രാജ്യം ആദരിച്ചു. രക്തസാക്ഷിത്വം വരിച്ച ഫാദർ ജർസിയുടെ കബറിടത്തിൽ പ്രാർഥിക്കുവാനെത്തുന്നവരിൽ ഏറിയ പങ്കും യുവാക്കളാണ്. ശവസംസ്കാരചടങ്ങുകൾ അവസാനിച്ച് രണ്ടാം ദിനം തന്നെ ഫാദർ ജർസിയെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള അപേക്ഷ വർസോ അതിരൂപതയിൽ എത്തി. പിന്നീട് ജോൺ പോൾ മാർപാപ്പയുടെ കാലത്ത് 1997 ഫെബ്രുവരി 8-നാണ് നാമകരണനടപടികൾ ആരംഭിച്ചത്. 2009 ഡിസംബർ 19-നാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഫാദർ ജർസിയെ വാഴ്ത്തപ്പെട്ടവനായി അംഗീകരിക്കുന്ന സഭാകല്പനയിൽ ഒപ്പു വച്ചത്. 2010 ജൂൺ 6-ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കല്പന കർദ്ദിനാൾ ആഞ്ജലോ അമാത്തോ വായിച്ചു[17][18]. ജർസി പോപ്പുലസ്ക്കോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഏകദേശം 150,000 ജനങ്ങൾ പങ്കെടുത്തിരുന്നു[19].

  1. "Pope moves wartime pontiff closer to sainthood". Archived from the original on 2009-12-23. Retrieved 2009-12-23.
  2. Poland honors a hero priest
  3. 3.0 3.1 3.2 Blessed Jerzy Popiełuszko
  4. "LIFE OF BLESSED FATHER JERZY POPIEŁUSZKO". Archived from the original on 2012-06-26. Retrieved 2012-10-04.
  5. "Blessed Fr. Jerzy Popieluszko: My friend and classmate". Archived from the original on 2010-08-06. Retrieved 2011-10-15.
  6. Blessed Jerzy Popiełuszko
  7. "Fr. Jerzy Popieluszko beatified in Warsaw". Archived from the original on 2016-03-05. Retrieved 2011-09-05.
  8. "ks. Jerzy Popiełuszko - biografia". Archived from the original on 2011-09-03. Retrieved 2011-09-22.
  9. 1984: Pro-Solidarity priest is murdered
  10. 10.0 10.1 Jerzy Popiełuszko: a Polish hero
  11. To Kill A Priest: The Murder of Father Popieluszko and the Fall of Communism by Kevin Ruane (London: Gibson Books, 2004),[1] ISBN 978-1-903933-54-1 / 1-903933-54-4.
  12. Polish priest Father Popieluszko 'martyr' beatified BBC NEWS EUROPE
  13. Vatican beatifies Polish priest Jerzy Popieluszko 26 years after he was slain by the Communist regime
  14. 1984: Pro-Solidarity priest is murdered BBC UK
  15. "The story of priest Jerzy Popieluszko". Archived from the original on 2010-06-18. Retrieved 2011-10-15.
  16. "Traces of John Paul II". Archived from the original on 2010-12-26. Retrieved 2011-09-05.
  17. "BEATIFICATION OF FATHER JERZY POPIEŁUSZKO". Archived from the original on 2012-05-25. Retrieved 2011-09-04.
  18. BLESSED FR. JERZY POPIELUSZKO
  19. dailymail.co.uk/news

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജർസി_പോപ്പുലസ്ക്കോ&oldid=4086721" എന്ന താളിൽനിന്ന് ശേഖരിച്ചത്