ജൊവാൻ മാർപ്പാപ്പ
പുരുഷനായി ഭാവിച്ച് വൈദൂഷ്യവും കാര്യശേഷിയും തെളിയിച്ച് ഒടുവിൽ മാർപ്പാപ്പ പദവിയോളമെത്തി ഏതാനും വർഷം വാണതായി സങ്കൽപ്പിക്കപ്പെട്ട സ്ത്രീയെ സംബന്ധിച്ച മദ്ധ്യകാലകഥയിലെ നായികയാണ് ജോവാൻ മാർപ്പാപ്പ. പതിമൂന്നാം നൂറ്റാണ്ടിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഈ കഥ [1] പിന്നീട് പൊടിപ്പും തൊങ്ങലും ചേർന്നു യൂറോപ്പിലൊട്ടാകെ പ്രചരിക്കുകയും പരക്കെ വിശ്വസിക്കപ്പെടുകയും ചെയ്തു.
പതിമൂന്നാം നൂറ്റാണ്ടിൽ ഡോമിനിക്കൻ സഭാംഗമായ ജീൻ ഡി മൈല്ലിയുടെ രചനകളിലാണ് പെൺമാർപ്പാപ്പയുടെ കഥ ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ അതേ നൂറ്റാണ്ട് അവസാനം ട്രൊപ്പാവയിലെ മാർട്ടിൻ രചിച്ച "മാർപ്പാപ്പമാരുടേയും ചക്രവർത്തിമാരുടേയും ദിനവൃത്താന്തം" എന്ന കൃതിയിലൂടെയാണ് ഇക്കഥ ഏറെയും പ്രചരിച്ചത്. കഥയുടെ മിക്കവാറും ഭാഷ്യങ്ങളിൽ ജോവാൻ, ജർമ്മനിയിലെ മെയിൻസ് നഗരത്തിൽ ഇംഗ്ലീഷ് പശ്ചാത്തലമുള്ള മാതാപിതാക്കളിൽ നിന്നു പിറന്ന കഴിവും പാണ്ഡിത്യവുമുള്ള ഒരു വനിത ആയും കാമുകന്റെ പ്രേരണയിൽ പുരുഷവേഷം കെട്ടുന്നതായും കാണപ്പെടുന്നു.
സ്വന്തം കഴിവുകളുടെ ബലത്തിൽ സഭയിലെ അധികാരശ്രേണിയിൽ പടിപടിയായി ഉയർന്ന ജൊവാൻ ഒടുവിൽ പരമോന്നതമായ മാർപ്പാപ്പ പദവിയിലെക്കു തന്നെ തെരഞ്ഞെടുക്കപ്പെടുന്നു. തുടർന്ന് ഒരിക്കൽ കുതിരസവാരിയിലാരിക്കെ, ഗർഭിണിയായിരുന്ന "പെൺമാർപ്പാപ്പ" പ്രസവിക്കുന്നതോടെ അവളുടെ പ്രഛന്നത പരാജയപ്പെടുന്നു. കുപിതരായ റോമിലെ പൗരാവലി അവളെ കൊല്ലുന്നതോടെയാണ് കഥയുടെ മിക്കവാറും ഭാഷ്യങ്ങൾ സമാപിക്കുന്നത്. അധികാരഭ്രഷ്ടയായെങ്കിലും ജോവാൻ ഏറെക്കാലം ജീവിച്ചിരുന്നതായും അവൾക്കു ജനിച്ച മകൻ പിന്നീടു മെത്രാൻ പദവിയോളം എത്തിയതായും പറയുന്ന ഭാഷ്യങ്ങളുമുണ്ട്.[2] ജൊവാന്റെ പിൻഗാമികൾ അവളുടെ സ്മരണയിൽ നിന്ന് അകന്നു നിന്നതായും ഈ കഥകൾ പറയുന്നു.
പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ ജോവാൻ കഥയുടെ വാസ്തവികത ആരും സംശയിക്കതിരുന്നതിനാൽ ജോവാന്റെ പാപ്പാവാഴ്ച ഒരു ചരിത്രസംഭവമായി കണക്കാക്കപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടിലെ കോൺസ്റ്റൻസ് സൂനഹദോസ് പോലും ഈ കഥയുടെ വാസ്തവികത സംശയിച്ചില്ല.[3] വേദവ്യതിചലനത്തിനു സൂനഹദോസിൽ വിചാരണ ചെയ്യപ്പെട്ട ബൊഹീമിയൻ നവീകർത്താവ് ജോൺ ഹസ്, മാർപ്പാപ്പ പദവിയ്ക്കു സംഭവിച്ച അപചയത്തിനു തെളിവെന്ന മട്ടിൽ ജൊവാൻ മാർപ്പാപ്പയുടെ കാര്യം വിചാരണക്കിടെ ഉന്നയിച്ചെങ്കിലും ആരും അതിനെ ചോദ്യം ചെയ്തില്ല. ഇറ്റലിയിൽ സിയെന്നാ ഭദ്രാസനപ്പള്ളിക്കു മുൻപിൽ സ്ഥാപിക്കപ്പെട്ടിരുന്ന പ്രതിമകളിലൊന്ന് ജൊവാന്റേതായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ എട്ടാം ക്ലെമന്റ് മാർപ്പാപ്പായുടെ കാലത്ത്, അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ആ പ്രതിമയെ സക്കറിയാസ് മാർപ്പാപ്പയുടെ പ്രതിമയായി രൂപപരിവർത്തനം ചെയ്തു. മാർപ്പാപ്പാമാരെ പരിഹസിക്കാനായി പ്രൊട്ടസ്റ്റന്റുകൾ ജോവാൻ മാർപ്പാപ്പായുടെ കഥ ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷമാണ് കത്തോലിക്കാ സഭ തന്നെ ഇക്കഥയുടെ വാസ്തവികത സംശയിക്കാൻ തുടങ്ങിയത്. ആധുനികചരിത്രകാരന്മാർ 'ജോവാൻമാർപ്പാപ്പ'-യെ പാപ്പാവിരുദ്ധഹാസ്യത്തിന്റെ ഭാഗമായി ആരോ ചമച്ച കെട്ടുകഥയായി കണക്കാക്കുന്നു.[1][4]
ജൊവാൻ സംഭവത്തിന്റെ ആവർത്തനം ഒഴിവാക്കാനായി മാർപ്പാപ്പ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്നവരെ, അധികാരമേൽക്കുന്നതിനു മുൻപ്, പ്രത്യേകരൂപമുള്ള ഒരു കസേരയിലിരുത്തി പുരുഷത്വപരിശോധനക്കു വിധേയരാക്കപ്പെടുന്ന പതിവു നിലവിൽ വന്നതായും കഥകളുണ്ടായി.[5][6]റോമിലെ ഒരു തെരുവ് മാർപ്പാപ്പാമാർ അവരുടെ യാത്രകളിൽ ഒഴിവാക്കിയിരുന്നു. ജോവാന്റെ പ്രഛന്നത പരസ്യമായത് അവിടെ വച്ചാണെന്നായിരുന്നു അതിനു നൽകപ്പെട്ടിരുന്ന വിശദീകരണം. ജൊവാന്റെ കഥയെ ഉപജീവിച്ച് രണ്ടു ചലച്ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്.[7][8] അമേരിക്കൻ എഴുത്തുകാരി ഡോണാ വുൽഫോർക്ക് ക്രോസ് 1996-ൽ പ്രസിദ്ധീകരിച്ച 'പോപ്പ്-ജോവാൻ' എന്ന നോവലും ഈ കഥ പിന്തുടരുന്നു.[9]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- The Female Pope: The Mystery of Pope Joan Rosemary & Darroll Pardoe
അവലംബം
തിരുത്തുക- ↑ 1.0 1.1 ജോവാൻ മാർപ്പാപ്പ, കത്തോലിക്കാവിജ്ഞാനകോശത്തിലെ ലേഖനം
- ↑ Pope Joan, The Legend Continues, by Nene Adams Archived 2013-01-09 at the Wayback Machine., Antiquitas Feminae, A Journey through Amazon Time
- ↑ പോപ്പ് ജോവാൻ, ബ്രിട്ടാണിക്ക വിജ്ഞാനകോശത്തിലെ ലേഖനം
- ↑ Pope Joan, 853 AD, Museum of Hoaxes
- ↑ "ലുക്കിങ് ഫോർ പോപ്പ് ജൊവാൻ" : 2005 ആഗസ്റ്റ് 29-ലെ എ.ബി.സി. ന്യൂസ്
- ↑ ഓൺലൈൻ യു.എസ്. ന്യൂസ്, മിസ്റ്ററീസ് ഓഫ് ഹിസ്റ്ററി, The lady was a pope, A bestseller revives the outlandish tale of Joan
- ↑ CNN.com, Legend of female pope endures as men decide church's next leader
- ↑ Nick Squires, Pope Joan film sparks Roman Catholic Church row, The Telegraph
- ↑ http://www.popejoan.com/