ഹരിജന വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു് കൊണ്ടവരുവരാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കെ. കേളപ്പൻ മൂടാടി ഗ്രാമപഞ്ചായത്തിൽ ഒരു വിദ്യാലയം തുടങ്ങുകയുണ്ടായി. ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധി‍ഷ്ഠിത വിദ്യാഭ്യാസം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയ വിദ്യാലയമായിരുന്നു ഇത്. കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങളിൽ എടുത്തുപറയാവുന്ന ഒരേടായിരുന്നു ഈ വിദ്യാലയം. 1925 -ൽ ആയിരുന്നു വിദ്യാലയം സ്ഥാപിതമായത്. പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനായ ഗോപാല കൃഷ്ണ ഗോഖലേ കേരള സന്ദർശനത്തിന് വന്നപ്പോൾ വിദ്യലയത്തെക്കുറിച്ച് അറിയുകയും ഇവിടെ സന്ദർശിക്കുകയും ചെയ്തു. അദ്ദേഹത്തിനോടുള്ള ബഹുമാനപുരസ്കരം പിന്നീട് വിദ്യാലയം ഗോപാലകൃഷ്ണ ഗോഖലേ സ്കൂൾ എന്നു് നാമകരണം ചെയ്തു. അതോടൊപ്പംതന്നെ ആ ചെറിയഗ്രാമത്തിനു് ഗോപാപുരം എന്ന് പേരുവരികയും ചെയ്തു. ഹരിജന വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കുവാനും പലതരം കൃഷികളിലേർപ്പെടാനും സൌകര്യമുണ്ടായിരുന്നു. മലബാറിലെ നവോത്ഥാന പ്രവർത്തനങ്ങളിൽ ഗോഖലേ സ്കൂളിനു് വലിയ പങ്കുണ്ട്. കേളപ്പജിയ്ക്ക് സ്കൂൾ ഒറ്റയ്ക്ക് ഏറ്റെടുത്തു നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ദേവധാർ മലബാർ പുനരുദ്ധാരണ സംഘം വിദ്യാലയം ഏറ്റെടുക്കുകയും , വിദ്യാലയം നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. സംഘത്തിന്റെ പ്രവർത്തകരായിരുന്നു വിദ്യാലയത്തിലെ അദ്ധ്യാപകരിൽ ഏറിയവരും.

സദാ സാമൂഹ്യപ്രവർത്തനത്തിലും ന്യൂനപക്ഷ ജാതിയിൽപ്പെട്ട ജനങ്ങൾക്ക് വേണ്ടിയും ഗോപാലകൃഷ്ണ ഗോഖലേ സ്കൂളിലെ അദ്ധ്യാപകർ പ്രവർത്തിച്ചു. പ്രശസ്ത സാഹിത്യകാരനായ തിക്കോടിയൻ ഗോപാലകൃഷ്ണ ഗോഖലെ സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.


"https://ml.wikipedia.org/w/index.php?title=ഗോപാലകൃഷ്ണ_ഗോഖലേ_സ്കൂൾ&oldid=3630684" എന്ന താളിൽനിന്ന് ശേഖരിച്ചത്