മദ്ധ്യേന്ത്യയിലെ ഒരു ജനവിഭാഗമാണ്‌ ഗോണ്ട് അഥവാ ഗോണ്ടികൾ. ഇന്നത്തെ മദ്ധ്യപ്രദേശ്, കിഴക്കൻ മഹാരാഷ്ട്ര (വിദർഭ), ഛത്തീസ്ഗഢ്, വടക്കൻ ആന്ധ്രപ്രദേശ്, പടിഞ്ഞാറൻ ഒറീസ എന്നിവിടങ്ങളിലായി ഇവർ അധിവസിക്കുന്നു. മറ്റ്‌ ആദിവാസിവംശങ്ങളെ കീഴടക്കി സാമ്രാജ്യം സ്ഥാപിച്ച ഗിരിവർഗ്ഗക്കാരാണിവർ. നാല്പ്പതു ലക്ഷത്തിലേറെ അംഗസംഖ്യയുള്ള ഇവർ മദ്ധ്യേന്ത്യയിലെ ഏറ്റവും വലിയ ഗോത്രമാണ്‌[2]‌.

గోండి - गोंडी -ഗോണ്ട്
Total population
4 million
Regions with significant populations
           Madhya Pradesh4,357,718 [1]
Languages
Gondi/Goindi language, Hindi
Religion
Hinduism, Islam
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Dravidian people · Khonds ·

തെലുഗുവിനോടും മറ്റു ദ്രാവിഡഭാഷകളോടും സാമ്യമുള്ള ഗോണ്ടി ഭാഷയാണ്‌ ഗോണ്ടികളിൽ പാതിയും സംസാരിക്കുന്നത്. മറ്റുള്ളവർ ഹിന്ദിയടക്കമുള്ള ഇന്തോ ആര്യൻ ഭാഷകൾ സംസാരിക്കുന്നു.

പ്രത്യേകതകൾ

തിരുത്തുക

ടാങ്കി എന്നറിയപ്പെടുന്ന കനം കുറഞ്ഞ മഴുവാണ്‌ ഗോണ്ടുകളുടെ ആയുധം. ഇതുപയോഗിച്ച്‌ ഗോണ്ട്‌ യോദ്ധാക്കൾ കടുവയെ വരെ ഒറ്റയടിക്ക്‌ കൊല്ലുമായിരുന്നു. ഗോണ്ട്‌ സ്ത്രീകൾ പച്ചകുത്തി തങ്ങളുടെ കാലുകൾ അലങ്കരിച്ചിരുന്നു. ഇതിന്‌ സൂചിയായി കാട്ടിലെ വലിയ മുള്ളുകളും മരക്കരി നിറമായും ഉപയോഗിച്ചിരുന്നു[2].

ഗോണ്ടുകളുടെ ഒരു ഉപജാതിയായ കോണ്ട്‌ വംശജർ അവരുടെ ദൈവങ്ങൾക്കായി നരബലി നൽകാറുണ്ട്‌. എന്നാൽ സ്വജാതിയിലുള്ളവരെ അവർ ഇതിന്‌ വിധേയരാക്കാറില്ല. പകരം ഇത്തരം ആഘോഷവേളകളിൽ മറ്റുള്ളവരെ ഇതിനായി പിടിച്ചുകൊണ്ടുവരുകയാണ്‌ ചെയ്യുന്നത്‌. മറ്റൊരു ഉപജാതിയായ മാരിയ ഗോണ്ടുകൾ മികച്ച കാട്ടുപോത്തുവേട്ടക്കാരാണ്‌. വേട്ടയിൽ പിടിച്ച പോത്തുകളുടെ കൊമ്പുകൾ കൊണ്ട്‌ ആചാരവേളകളിൽ ഉപയോഗിക്കുന്ന തലപ്പാവ്‌ അവർ തങ്ങളുടെ കിരീടം അലങ്കരിക്കുന്നു[2].

ചരിത്രം

തിരുത്തുക

ഗോണ്ട്വാന എന്ന വിശാലമായ വനമേഖലയിലാണ്‌ ഗോണ്ട് ജനവിഭാഗം ജീവിച്ചിരുന്നത്. അവർ കൃഷിസ്ഥലം മാറി മാറിയുള്ള കൃഷിരീതിയാണ്‌ അവലംബിച്ചിരുന്നത്(shifting cultivation). വളരെ വലിയ ഈ ഗോണ്ട് വർഗം ചെറിയ വംശങ്ങളായാണ്‌ കഴിഞ്ഞിരുന്നത്. ഓരോ കൂട്ടത്തിനും റായ് എന്നു വിളിക്കുന്ന ഒരു രാജാവ് ഉണ്ടായിരുന്നു. ദില്ലി സുൽത്താന്മാരുടെ ശക്തി ക്ഷയിച്ചപ്പോഴേക്കും ഒരു ചെറിയ കൂട്ടം ഗോണ്ട് രാജവംശങ്ങൾ ചെറിയ ചെറിയ വംശങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനാരംഭിച്ചു[3].

ഗഢാ കതംഗ

തിരുത്തുക

ഇന്നത്തെ മദ്ധ്യപ്രദേശിലെ നരസിംഹ്പൂർ പ്രദേശത്ത് നിലനിന്നിരുന്ന ഒരു ഗോണ്ട് സാമ്രാജ്യമായിരുന്നു ഗഢാ കതംഗ[4]. രാജ് ഗോണ്ട് വംശം എന്നറിയപ്പെടുന്ന ഇതിന്റെ അടിത്തറ പാകിയത് യാദവ് റാവുവാണ്‌. ഗഢാ കതംഗയുടെ കീഴിൽ എഴുപതിനായിരത്തോളം ഗ്രാമങ്ങൾ ഉണ്ടായിരുന്നതായി അക്ബർനാമയിൽ പറയുന്നുണ്ട്[3]. ഇവയുടെ ഭരണം കേന്ദ്രീകൃതമായിരുന്നു.

ഗഢ് എന്ന പ്രവിശ്യകളായി സാമ്രാജ്യം വിഭജിച്ചിരുന്നു. ഓരോ ഗഢും ഓരോ ഗോണ്ട് വംശങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ഓരോ ഗഢും ചൗരസി എന്നു വിളിച്ചിരുന്ന 84 ഗ്രാമങ്ങളായി വിഭജിച്ചിരുന്നു. ഓരോ ചൗരസിയേയും പന്ത്രണ്ടു ഗ്രാമങ്ങൾ വീതമുള്ള ബർഹോത് ആയും വിഭജിച്ചിരുന്നു.

ഗാഢാ കതംഗയിലെ ഗോണ്ട് രാജാവായിരുന്ന അമൻ ദാസ്, സംഗ്രാം ഷാ എന്ന തലനാമം സ്വീകരിച്ചു (1400-1541). 52 ഗഢുകൾ സംഗ്രാം ഷായുടെ ഭരണത്തിൽ കീഴിലുണ്ടായിരുന്നു. ചൗരാഗഢ് കോട്ട ഇദ്ദേഹമാണ്‌ പണിതീർത്തത്[4]. സംഗ്രാം ഷായുടെ പുത്രൻ ദൾപത് അഥവാ ദൾപതി ഷാ, മഹോബയിലെ ചന്ദേല രജപുത്രരാജാവ് സാൽബഹന്റെ പുത്രിയായിരുന്ന ദുർഗാവതി രാജകുമാരിയെ വിവാഹം കഴിച്ചു.

ഏഴു വർഷം മാത്രമേ ദൾപതി ഷാക്ക് ഭരണം നടത്താനായുള്ളൂ. അദ്ദേഹത്തിന്റെ മരണശേഷം റാണി ദുർഗാവതി അവരുടെ അഞ്ചു വയസുള്ള പുത്രൻ ബീർ നാരായണിനു വേണ്ടി ദുർഗാവതി പതിനാറു വർഷത്തോളം ഭരണം നടത്തി. ദുർഗാവതി വളരെ കഴിവുറ്റ ഒരു ഭരണാധികാരിയായിരുന്നു. ദുർഗാവതിയുടെ കീഴീൽ സാമ്രാജ്യം കൂടുതൽ വികാസം പ്രാപിച്ചു. 1564-65-ൽ അസഫ് ഖാന്റെ നേതൃത്വത്തിലുള്ള മുഗൾ സൈന്യം ഗഢാ കതംഗ ആക്രമിച്ചു. റാണി ദുർഗാവതിയുടെ നേതൃത്വത്തിൽ വളരെ ശക്തമായ ചെറുത്തു നില്പ്പ് നടത്തിയെങ്കിലും അവസാനം പരാജയപ്പെട്ടു. ശത്രുക്കൾക്കു കീഴടങ്ങാതെ റാണി മരണം വരിച്ചു[3]. രാജകുമാരൻ വീർ നാരായണെ ചൗരാഗഢ് കോട്ടയിൽ കുടുക്കിയ ആസിഫ് ഖാൻ അദ്ദേഹത്തേയും വകവരുത്തി[4]. അങ്ങനെ ഗഢാ കതംഗ മുഗളരുടെ ആധിപത്യത്തിൻ കീഴിലായി.

ഗഢാ കതംഗ ഒരു സമ്പന്നമായ രാജ്യമായിരുന്നു. ആനകളെ കെണിവച്ചു പിടിച്ച് മറ്റു സാമ്രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്താണ്‌ ഈ സമ്പത്തിൽ ഭൂരിഭാഗവും അവർ കരസ്ഥമാക്കിയത്. മുഗളർ ഗോണ്ടുകളെ തോല്പ്പിച്ചപ്പോൾ വിലപിടിപ്പുള്ള നാണയങ്ങളും,ആനകളേയും അവർ കൊള്ളയടിച്ചു. സാമ്രാജ്യത്തിന്റെ ഒരു ഭാഗം മുഗളർ അവരുടെ സാമ്രാജ്യത്തോട് ചേർത്തു. ബാക്കി ഭാഗം ബീർ നാരായണിന്റെ ഒരു അമ്മാവനായ ചന്ദ്ര ഷാക്ക് നൽകി.

ഗഢാ കതംഗയുടെ പതനത്തിനു ശേഷവും ഗോണ്ട് സാമ്രാജ്യങ്ങൾ കുറേ കാലത്തേക്കു കൂടി നിലനിന്നു. ശക്തി ക്ഷയിച്ചു കൊണ്ടിരുന്ന അവർ കൂടുതൽ ശക്തരായ മറാഠകൾ, ബന്ദേലകൾ എന്നിവർക്കെതിരെ പിടിച്ചു നിൽക്കുന്നതിൽ അവർ പരാജയപ്പെട്ടു.

സാമൂഹികവ്യവസ്ഥിതി

തിരുത്തുക

വലിയ രാജ്യങ്ങളായുള്ള പരിവർത്തനം ഗോണ്ട് സമൂഹത്തിന്റെ സ്വാഭാവികപ്രകൃതത്തിന്‌ മാറ്റം വരുത്തി. അടിസ്ഥാനപരമായി തുല്യാവസ്ഥയിലായിരുന്ന അവരുടെ സമൂഹം വിവിധ തട്ടുകളിലുള്ള സാമൂഹികവർഗ്ഗങ്ങളായി പരിണമിച്ചു. ഗോണ്ട് രാജാക്കന്മാരിൽ നിന്നും ഭൂമി ദാനമായി ലഭിച്ച ബ്രാഹ്മണർ കൂടുതൽ സ്വാധീനശേഷി നേടി. ഗോണ്ട് നേതാക്കളാകട്ടെ‍ രജപുത്രർ എന്ന് അറിയപ്പെടാൻ ആഗ്രഹിച്ചു.

  1. "Madhya Pradesh: Data Highlights the Scheduled Tribes" (PDF). Census of India 2001. Census Commission of India. Retrieved 2008-03-06.
  2. 2.0 2.1 2.2 HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 74. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. 3.0 3.1 3.2 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 7, Tribes Nomads and Settled Communities, Page 97, ISBN 817450724
  4. 4.0 4.1 4.2 http://narsinghpur.nic.in/history.htm[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഗോണ്ട്&oldid=3653478" എന്ന താളിൽനിന്ന് ശേഖരിച്ചത്