പ്രമുഖനായ മലയാള സാഹിത്യ നിരൂപകനും എഴുത്തുകാരനുമായിരുന്നു ഡോ. കെ. രാഘവൻപിള്ള (25 നവംബർ 1925 - 25 ഏപ്രിൽ 1987). 1969 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിന്റെ 'മലയാളപ്പിറവി' എന്ന കൃതിക്കായിരുന്നു.

ജീവിതരേഖ തിരുത്തുക

ചെങ്ങന്നൂരിന് സമീപമുള്ള പുലിയൂരിൽ പണിക്കത്ത് മഠത്തിലേത്ത് തറവാട്ടിൽ ശങ്കരപ്പിള്ളയുടെയും ലക്ഷ്മിപ്പിള്ളയുടെയും മകനായി ജനിച്ചു. ഹൈസ്കൂൾ പഠനം കഴിഞ്ഞ് തിരുവനന്തപുരത്ത് കോളേജ് പഠനത്തിനായി ചേർന്നു. 1944ൽ ഒന്നാം ക്ളാസോടെ സംസ്കൃതത്തിൽ ഓണേഴ്സ് പാസായി, ഗവേഷണ വിദ്യാർത്ഥിയായി. 1947ൽ ചങ്ങനാശേരി എൻ.എസ്.എസ്. കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്തു. മലയാളത്തിലെ ശബ്ദഘടനാവൈചിത്ര്യത്തെപ്പറ്റി പഠിക്കാൻ ഇംഗ്ലണ്ടിൽ നിന്നെത്തിയ മിസ്. ഐവാൻസിനൊപ്പം സഹായിയായി ലണ്ടനിലേക്കു പേയി. ലണ്ടൻ സർവ്വകലാശാലയിൽനിന്ന്'വാക്യപദീയ'ത്തെപ്പറ്റി ഉള്ള ഗവേഷണപ്രബന്ധത്തിന് പി.എച്ച്.ഡി. നേടി, 1951ൽ. വി.കെ. കൃഷ്ണമേനോൻ, ഹാരോൾഡ് വിൽസൺ, മൌണ്ട് ബാറ്റൺ തുടങ്ങി പല പ്രമുഖരുമായി ലണ്ടൻ ജീവിതകാലത്ത് പരിചയപ്പെട്ടു. ഇന്ത്യൻ സ്റുഡൻറ്സ് യൂണിയൻ പ്രസിഡൻറ് ആയിരുന്നു. തിരികെ വന്നപ്പോൾ 1951ൽ യൂണിവേഴ്സിറ്റി കോളേജിൽ സംസ്കൃതവകുപ്പ് അദ്ധ്യാപകനായി. 1956ൽ സാൻഫ്രാൻസിസ്കോയിലെ അമേരിക്കൻ അക്കാദമി ഓഫ് ഏഷ്യൻ സ്റ്റഡീസിൽ സംസ്കൃതത്തിന്റെയും പൗരസ്ത്യ തത്ത്വശാസ്ത്രത്തിന്റെയും അദ്ധ്യാപകനായി. 1958 മുതൽ മാനുസ്ക്രിപ്റ്റ് ലൈബ്രറിയുടെ ക്യൂറേറ്ററും 1966 മുതൽ ഡയറക്ടറുമായും പ്രവർത്തിച്ചു.[1] കേരള സംസ്ഥാന ഔദ്യോഗിക ഭാഷാ കമ്മീഷൻ, ആർക്കൈവ്സ് അഡ്വൈസറി ബോർഡ്, ശാസ്ത്രീയ-സാങ്കേതിക പദകമ്മീഷന്റെ ഉപദേഷ്ടാവ്, ഓറിയൻറൽ സ്റഡീസ് ഡീൻ, എസ്.പി.സി.എസ്. വൈസ് പ്രസിഡൻറ്, വിശ്വവിജ്ഞാനകോശം ഉപദേശക സമിതി അംഗം തുടങ്ങി പല നിലകളിലും സാംസ്കാരികരംഗത്ത് രാഘവൻ പിള്ള സജീവമായിരുന്നു. 1971ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[2]

മെഡിക്കൽ കോളേജ്അദ്ധ്യാപികയായിരുന്ന ഡോ. ശാരദാദേവിയായിരുന്നു ഭാര്യ.

കൃതികൾ തിരുത്തുക

 • എന്റെ ലണ്ടൻ ജീവിതം
 • അർത്ഥത്തിന്റെ അതിർത്തികൾ
 • സമീപനങ്ങൾ സമന്വയങ്ങൾ
 • സാർത്രിന്റെ അസ്തിത്വദർശനം
 • കൃതി ഒരു കൃഷിഭൂമി
 • മലയാളപ്പിറവി
 • അസ്തിത്വവാദികളും ഭഗവദ്ഗീതയും
 • കണ്ണാടിയിൽ ആലീസ് കണ്ട അത്ഭുതലോകം (വിവർത്തനം)
 • കൽഹണൻ (വിവർത്തനം)
 • ബന്ധനസ്ഥനായ അനിരുദ്ധൻ
 • മൂഷികവംശം കാവ്യം പരിഭാഷയും വ്യാഖ്യാനവും
 • രാവണസ്യ കൈലാസോദ്വഹനം (സംസ്കൃത കവിത)
 • സന്ധ്യാപ്രണാമഃ (സംസ്കൃത കവിത)
 • കർണ്ണഭൂഷണത്തിന്റെ ഇംഗ്ളീഷ് പരിഭാഷ

പുരസ്കാരങ്ങൾ തിരുത്തുക

 • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1971)

അവലംബം തിരുത്തുക

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-31.
 2. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. പുറം. 377. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=കെ._രാഘവൻപിള്ള&oldid=3628937" എന്ന താളിൽനിന്ന് ശേഖരിച്ചത്