കെ.എച്ച്. ഹുസൈൻ
മലയാളിയായ ഒരു കമ്പ്യൂട്ടിംഗ് വിദഗ്ദനാണ് കെ.എച്ച്. ഹുസൈൻ. മലയാളഭാഷ, കടലാസിൽ നിന്ന് കമ്പ്യൂട്ടറിലേക്ക് മാറുന്ന തുടക്കകാലത്ത് തനതു മലയാളംലിപി ഫോണ്ടും, ടെക്സ്റ്റ് എഡിറ്ററും തയ്യാറാക്കിയാണ് അദ്ദേഹം മലയാളം കംപ്യൂട്ടിംഗ് മേഖലയിൽ എത്തുന്നത്. മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ അധിഷ്ഠിത വിവരവ്യവസ്ഥ സജ്ജമാക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
കെ.എച്ച്. ഹുസൈൻ | |
---|---|
ജനനം | 1952 (വയസ്സ് 71–72) കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല, കേരളം |
ദേശീയത | ഇന്ത്യ |
ജീവിതരേഖ
തിരുത്തുകഹുസൈൻ 1952-ൽ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ എറിയാട് ആണ് ജനിച്ചുവളർന്നത്.[1] 1978-ൽ ആലുവ യുസി കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി.[1]
നക്‌സൽ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഇന്ത്യയിലെ അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രവർത്തിച്ചതിൻ്റെ പേരിൽ 20 മാസത്തോളം ജയിൽ വാസമനുഭവിച്ചിട്ടുണ്ട്. ടി.എൻ. ജോയി ആയിരുന്നു അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഗുരു. അടിയന്തരാവസ്ഥക്ക് ശേഷം കുറച്ചു കാലം കുന്നംകുളത്തെ ഒരു ട്യൂഷൻ സെൻ്ററിൽ അധ്യാപകനായി ജോലി ചെയ്തു. പിന്നീട് കേരള സർവകലാശാലയിൽ നിന്ന് ലൈബ്രറി സയൻസിൽ ബിരുദമെടുത്ത ശേഷം കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈബ്രേറിയനായി ജോലി ചെയ്യുമ്പോഴാണ് ഇൻഫർമേഷൻ സിസ്റ്റം രംഗത്തും ഫോണ്ട് ഡിസൈൻ മേഖലയിലും പ്രവർത്തിച്ചു തുടങ്ങുന്നത്. പിന്നീട് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രഞ്ജനായി ചേർന്ന അദ്ദേഹം അവിടെ നിന്ന് തന്നെ വിരമിച്ചു.
1999ൽ രചന അക്ഷരവേദി എന്ന സന്നദ്ധ സംഘടനയുടെ ഭാഗമായി ആർ. ചിത്രജകുമാറിനും സംഘത്തിനുമൊപ്പം രചന എന്ന മലയാളം തനതുലിപി ഫോണ്ടും, ടെക്സ്റ്റ് എഡിറ്ററും തയ്യാറാക്കിയാണ് ഹുസൈൻ മലയാളം കംപ്യൂട്ടിംഗ് മേഖലയിൽ എത്തുന്നത്.[2] രചന അക്ഷരവേദിയിലേക്ക് അദ്ദേഹം എത്തുന്നത് കമ്പ്യൂട്ടറിലുള്ള പരിജ്ഞാനം മൂലം ആണ്.[2] 2006 ൽ പുറത്തിറങ്ങിയ രചന യൂണികോഡ് ഫോണ്ട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന്റെ നേതൃത്വത്തിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. രചനയുടെ തനതുലിപിയിൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം ഗുരു നിത്യചൈതന്യ യതിയുടെ തുമ്പപ്പൂ മുതൽ സൂര്യൻ വരെ എന്ന പുസ്തകം ആണ്.[3]
ഹുസൈൻ മലയാളത്തിലെ ക്‌ളാസിക് ഗ്രന്ഥങ്ങൾ സൗജന്യമായി സംരക്ഷിക്കുന്നതിനായി, 2015ൽ സി.വി.രാധാകൃഷ്ണൻ സ്ഥാപിച്ച സായാഹ്ന ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.[2]
രചന, മീര, കേരളീയം, തമിഴ് ഇനിമെ, ദ്യുതി, ഉറൂബ്, പന്മന തുടങ്ങിയ പതിനൊന്നോളം ഫോണ്ടുകൾ, അഞ്ച് ഡിജിറ്റൽ ആർക്കൈവുകളിലായി ദശലക്ഷക്കണക്കിന് പേജുകളുടെ സംരക്ഷണം, അറബി മലയാളം കീബോർഡ് എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന സംഭാവനകൾ.[2] മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ അധിഷ്ഠിത വിവരവ്യവസ്ഥ സജ്ജമാക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.[4]
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Relentless efforts of Hussein give Malayalam apt space in digital world" (in ഇംഗ്ലീഷ്). Retrieved 2022-06-28.
- ↑ 2.0 2.1 2.2 2.3 2.4 2.5 Daily, Keralakaumudi. "ആഗോള മലയാളത്തിന്റെ തച്ചൻ". Retrieved 2022-06-28.
- ↑ "അതിപുരാതനമായ ഒരു കമ്പ്യൂട്ടറിൽ രാപകലില്ലാതെ തനതുലിപിയെ രൂപപ്പെടുത്താൻ ശ്രമിച്ചിരുന്ന കെ.എച്ച് ഹുസൈൻ..." Retrieved 2022-06-28.
- ↑ പുഴ. "പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്‌കാരം കെ.എച്ച്. ഹുസൈന് | പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-06-28.