1905 ജനുവരി 26-ന് ദക്ഷിണാഫ്രിക്കയിലെ കുള്ളിനനിലെ പ്രീമിയർ നമ്പർ 2 വജ്ര ഖനിയിൽ നിന്നു കണ്ടെത്തിയ 3,106.75 കാരറ്റ് (621.35 ഗ്രാം) ഭാരമുള്ളതും ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ഗുണമേന്മയുള്ളതുമായ പരുക്കൻ വജ്രമാണ് കുള്ളിനൻ വജ്രം.[2]വജ്രത്തിന് ഇത് കണ്ടെടുത്ത ഖനിയുടെ ചെയർമാനായിരുന്ന തോമസ് കുള്ളിനൻ്റെ പേര് നൽകുകയുണ്ടായി.

കുള്ളിനൻ വജ്രം
കുള്ളിനൻ വജ്രം
Weight3,106.75 carats (621.350 g)
ColorNear colourless[1]
Cut105 stones of assorted cuts
Country of originദക്ഷിണാഫ്രിക്ക
Mine of originപ്രീമിയർ മൈൻ
Cut byആസ്ച്ചർ ബ്രദേർസ്
Original ownerപ്രീമിയർ ഡയമണ്ട് മൈനിംഗ് കമ്പനി
OwnerQueen Elizabeth II in right of the Crown (I and II) and as a private individual (III–IX)

1905 ഏപ്രിൽ മാസത്തിൽ ലണ്ടനിൽ കുള്ളിനൻ വജ്രം വിൽപനയ്ക്കു വച്ചുവെങ്കിലും രണ്ടുവർഷത്തോളം അതു വിൽക്കാതെ കിടക്കുകയായിരുന്നു. 1907-ൽ ട്രാൻസ്വാൾ കോളനി സർക്കാർ വജ്രം വാങ്ങുകയും എഡ്വേർഡ് ഏഴാമൻ രാജാവിന് അദ്ദേഹത്തിൻറെ 66-ആം ജന്മദിന സമ്മാനമായി നൽകുകയും ചെയ്തു. കുള്ളിനനിൽനിന്ന് വിവിധ വലിപ്പത്തിലുള്ള ഒൻപത് വജ്രങ്ങൾ ഉത്പാദിപ്പിക്കപ്പെട്ടു. ഇവയിൽ ഏറ്റവും വലിപ്പമുള്ളത് കുള്ളിനൻ I അഥവാ ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക എന്ന വജ്രമായിരുന്നു. [3]530.4 കാരറ്റുള്ള (106.08 ഗ്രാം) ഇത് ലോകത്തിലെ ഏറ്റവും വലിയ ക്ലിയർ കട്ട് വജ്രമാണ്.

കണ്ടെത്തലും ആദ്യകാല ചരിത്രവും തിരുത്തുക

 
ഫ്രെഡറിക് വെൽസും വജ്രവും

1905 ജനുവരി 26-ന്, ഖനിയുടെ ഉപരിതല മാനേജരായിരുന്ന ഫ്രെഡറിക് വെൽസ്, കള്ളിനാൻ പട്ടണത്തിലെ ട്രാൻസ്വാൾ കോളനിയിലുള്ള പ്രീമിയർ ഖനിയിൽ, ഭൌമോപരിതലത്തിൽ നിന്ന് ഏകദേശം 18 അടി (5.5 മീറ്റർ) ആഴത്തിലായി കുള്ളിനൻ വജ്രം കണ്ടെത്തി. കണ്ടെടുക്കുമ്പോൾ ഏകദേശം 10.1 സെന്റിമീറ്റർ (4.0 ഇഞ്ച്) നീളവും, 6.35 സെന്റീമീറ്റർ (2.50 ഇഞ്ച്) വീതിയും, 5.9 സെന്റീമീറ്റർ (2.3 ഇഞ്ച്) ആഴവുമുണ്ടായിരുന്ന ഈ വജ്രത്തിന്റെ തൂക്കം 3,106 കാരറ്റ് (621.2 ഗ്രാം) ആയിരുന്നു.[4] 1902 ൽ ഈ ഖനി ആരംഭിച്ച സർ തോമസ് കള്ളിനനെക്കുറിച്ചുള്ള ഒരു പരാമർശമായി പത്രമാദ്ധ്യമങ്ങൾ ഇതിനെ കള്ളിനൻ ഡയമണ്ട് എന്നു പേരിട്ടുവിളിച്ചു.[5] 1893-ൽ ജാഗേർസ്‍ഫോണ്ടെയ്ൻ ഖനിയിൽനിന്നു കണ്ടെടുത്ത 972 കാരറ്റ് (194.4 ഗ്രാം) തൂക്കമുള്ള എക്സൽസൈർ ഡയമണ്ടിൻറെ വലിപ്പത്തിന്റെ ഏകദേശം മൂന്നിരട്ടിയോളം വലിപ്പമുള്ളതായിരുന്നു ഇത്. അതിന്റെ എട്ട് പ്രതലങ്ങളിൽ നാലുഭാഗം മിനുസമുള്ളതായിരുന്നുവെന്നത്, ഇത് ഒരിക്കൽ പ്രാകൃതികമായ ഊർജ്ജത്താൽ തകർന്ന ഒരു വലിയ വജ്രത്തിൻറെ ഭാഗമായിരുന്നു എന്ന സൂചന നൽകുന്നു. നീല-ശ്വേത വർണ്ണമുണ്ടായരുന്ന വജ്രത്തിനുള്ളിൽ ഒരു ചെറു വായു കുമിളയും വജ്രത്തിൻറെ ചില കോണുകൾ ഒരു മഴവില്ല്, അല്ലെങ്കിൽ ന്യൂട്ടൻസ് വലയങ്ങളും സൃഷ്ടിക്കപ്പെട്ടിരുന്നു.[6]

വജ്രം കണ്ടെത്തി അധികം താമസിയാതെതന്നെ ഇത് ജൊഹാനസ്ബർഗിലെ സ്റ്റാൻഡേർഡ് ബാങ്കിൽ പൊതു പ്രദർശനത്തിനു വയ്ക്കുകയുണ്ടായി. അവിടെ ഈ വജ്രത്തിന് ഏകദേശം 8,000 മുതൽ 9,000 വരെ സന്ദർശകരുണ്ടായിരുന്നു. 1905 ഏപ്രിലിൽ, പ്രീമിയർ മൈനിംഗ് കമ്പനിയുടെ ലണ്ടൻ സെയിൽസ് ഏജൻറായിരുന്ന എസ്. ന്യൂമാൻ & കമ്പനിയിൽ ഇത് നിക്ഷേപിക്കപ്പെട്ടു. അതിന്റെ അസാധാരണ മൂല്യം കാരണമായി, വജ്രം കൊണ്ടുപോയിരുന്ന കപ്പലിൽ, ക്യാപ്റ്റന്റെ സേഫിനുള്ളിൽ സുരക്ഷിതമായി സൂക്ഷിച്ച വജ്രമടങ്ങിയ പൊതിയുടെ സംരക്ഷണത്തിനായി അപസർപ്പകരെ നിയമിക്കുകയും യാത്രയിലുടനീളം അവർ ഇതു കാത്തുസൂക്ഷിക്കുകയും ചെയ്തുവെന്ന് ജനശ്രുതിയുണ്ടായി. എന്നാൽ അത് ആളുകളുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുവാനുള്ള ഒരു തന്ത്രമായിരുന്നു, വജ്രം മോഷ്ടിക്കുവാൻ തൽപ്പരരായവരുടെ ശ്രദ്ധ തിരിക്കുവാനായി അത് കപ്പലിൽ കൊണ്ടുപോകുന്നതായി പ്രചരിപ്പിക്കപ്പെടുകയും കുള്ളിനൻ ഒരു രജിസ്റ്റേർഡ് പോസ്റ്റ് വഴി ഒരു ലളിതമായ പെട്ടിയിൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് അയക്കപ്പെടുകയും ചെയ്തു.[7] വജ്രം ലണ്ടനിൽ എത്തിയപ്പോൾ ബക്കിംഗ്ഹാം കൊട്ടാരത്തിലേയ്ക്ക് വഹിച്ചുകൊണ്ടുപോകുകയും അവിടെ എഡ്വേർഡ് VII രാജാവ് സൂക്ഷ്‌മപരിശോധന നടത്തുകയും ചെയ്തു. വജ്രം വാങ്ങുവാൻ താൽപര്യമുള്ളവർ മുന്നോട്ടുവന്നുവെങ്കിലും അവരുടെ താൽപര്യങ്ങളെ മറികടന്നുകൊണ്ട് കുള്ളിനൻ രണ്ടു വർഷങ്ങളായി വിൽക്കപ്പെട്ടില്ല.[8]

എഡ്വേർഡ് VII ലേക്കുള്ള സമർപ്പണം തിരുത്തുക

ട്രാൻസ്വാളിലെ ജനങ്ങൾക്ക് ബ്രിട്ടീഷ് സിംഹാസനത്തോടും വ്യക്തിയെന്ന നിലയിൽ എഡ്വാർഡ് VII നോടുമുള്ള കൂറും വിധേയത്വവും വെളിവാക്കുന്നതിനുള്ള ഒരു അടയാളമായി വജ്രം എഡ്വാർഡ് VII നുവേണ്ടി വിലക്കു വാങ്ങുവാൻ ട്രാൻസ്വാൾ പ്രധാനമന്ത്രിയായിരുന്ന ലൂയി ബോത്ത നിർദ്ദേശിച്ചു. 1907 ആഗസ്റ്റ് മാസത്തിൽ കള്ളിനന്റെ വിധി തീരുമാനിക്കുന്നതിനായി പാർലമെന്റിൽ ഒരു ഹിതപരിശോധന നടക്കുകയും വാങ്ങൽ അംഗീകരിക്കുന്നതിനുള്ള പ്രമേയം 19 നെതിരെ 42 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. തുടക്കത്തിൽ അക്കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഹെന്റ്രി കാംപ്ബെൽ-ബാന്നെർമാൻ വാഗ്ദാനം നിരസിക്കുവാൻ രാജാവിനെ ഉപദേശിച്ചിരുന്നുവെങ്കിലും ഈ സമ്മാനം സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാനുള്ള തീരുമാനം രാജാവു സ്വയം എടുക്കട്ടെയെന്നു അദ്ദേഹം നിശ്ചയിച്ചു. ഒടുവിൽ അക്കാലത്തെ കൊളോണിയൽ അണ്ടർ-സെക്രട്ടറിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ വജ്രം ഏറ്റെടുക്കുവാൻ രാജാവിനെ പ്രേരിപ്പിച്ചു. ചർച്ചിൽ വജ്രത്തിന്റെ ഒരു ശരിപ്പകർപ്പ് രാജാവിന് അയച്ചു കൊടുത്തത് ഒരു വെള്ളി താലത്തിൽ അതിഥികളെ കാണിക്കാൻ രാജാവ് ഇഷ്ടപ്പെട്ടിരുന്നു. 1907 ഒക്ടോബർ 17-ന് ട്രാൻസ്വാൾ കോളനി സർക്കാർ അക്കാലത്തെ 150,000 പൗണ്ട് അഥവാ 750,000 യുഎസ് ഡോളറിന് വജ്രം വിലക്കു വാങ്ങി. പൗണ്ട് സ്റ്റെർലിംഗ് പണപ്പെരുപ്പ നിരക്കു കണക്കാക്കിയാൽ ഇത് 2016 ൽ 15 മില്യൺ പൗണ്ടിനു തുല്യമായിരുന്നു. ഖനന ലാഭത്തിന്മേലുള്ള 60% നികുതിയെന്ന നിലയിൽ പ്രീമിയർ ഡയമണ്ട് മൈനിംഗ് കമ്പനിയിൽ നിന്നു ട്രഷറിക്ക് തിരികെ ലഭിച്ചിരുന്നു.

നോർവേയിലെ രാജ്ഞി, സ്പെയിനിലെ രാജ്ഞി, വെസ്റ്റ്മിൻസ്റ്റർ ഡ്യൂക്ക്, ലോർഡ് റെവെൽസ്റ്റോക്ക് എന്നിവർ ഉൾപ്പെടെയുള്ള നിരവധി അതിഥികളുടെ സാന്നിധ്യത്തിൽ 1907 നവംബർ 9 ന് സാൻഡ്രിങ്ഹാം ഹൌസിൽവച്ച് കള്ളിനൻ വജ്രം എഡ്വാർഡ് VII രാജാവിനു സമ്മാനിക്കപ്പെട്ടു.

വജ്രത്തിൻറെ ഛേദനം തിരുത്തുക

പരുക്കൻ കള്ളിനൻ വജ്രത്തെ ഛേദിച്ച് വിവിധ വലിപ്പത്തിലുള്ള കല്ലുകളാക്കി മിനുസപ്പെടുത്തി ഉജ്ജ്വല കാന്തിയുള്ള അമൂല്യ വജ്രങ്ങൾ രൂപപ്പെടുത്തുന്നതിനായി ആംസ്റ്റർഡാമിലെ ആസ്ച്ചർ ബ്രദേർസിനെ രാജാവു തെരഞ്ഞെടുത്തു. 1908 ജനുവരി 23-ന് ലണ്ടനിലെ കൊളോണിയൽ ഓഫീസിൽ നിന്ന് അബ്രഹാം ആസ്ച്ചർ അതു ശേഖരിച്ചു. അദ്ദേഹം വജ്രം തന്റെ കോട്ടിന്റെ പോക്കറ്റിലിട്ടുകൊണ്ട് നെതർലാന്റ്സിലേയ്ക്ക് തീവണ്ടിയിലും ഫെറിയിലുമായി എത്തിച്ചേർന്നു. ഇതിനിടയിൽ, ഒരു റോയൽ നേവി കപ്പൽ വടക്കൻ കടലിനു കുറുകെ ഒരു  ഒഴിഞ്ഞ പെട്ടിയും വഹിച്ചുകൊണ്ടു സഞ്ചരിക്കുകയും വജ്രം കൊള്ളയടിക്കാനുള്ള സാധ്യതയെ വീണ്ടും ഒഴിവാക്കുകയും ചെയ്തു. കപ്പലിൽ വഹിച്ചുകൊണ്ടുപോകുന്നത് ഒരു വ്യാജച്ചരക്കാണെന്നുള്ള കാര്യം കപ്പലിന്റെ ക്യാപ്റ്റനുപോലും അറിയില്ലായിരുന്നു.

1908 ഫെബ്രുവരി 10-ന് ജോസഫ് ആസ്ചർ അദ്ദേഹത്തിന്റെ ആംസ്റ്റർഡാമിലെ ഡയമണ്ട് കട്ടിംഗ് ഫാക്ടറിയിൽവച്ച് പരുക്കൻ വജ്രത്തെ പകുതിയായി പിളർത്തി. അക്കാലത്ത് ആധുനിക കാലത്തേതുപോലെയുള്ള ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള സാങ്കേതികവിദ്യ വികസിച്ചിരുന്നില്ല. അതുപോലെതന്നെ വജ്രം മുറിക്കൽ എന്ന പ്രക്രിയ പ്രയാസമേറിയതും അപകടകരവുമായിരുന്നു. ആഴ്ചകൾ നീണ്ട ആസൂത്രണങ്ങളിലൂടെ ആസ്ച്ചറിനു വജ്രത്തിൽ 0.5 ഇഞ്ചുള്ള (1.3 സെന്റീമീറ്റർ) ആഴത്തിലുള്ള ഒരു പൊട്ടൽ ഉണ്ടാക്കുവാൻ സാധിക്കുകയും ഇത് ഒറ്റ പ്രഹരത്തിൽത്തിന്നെ വജ്രത്തെ ഛേദിക്കുവാൻ ആസ്ച്ചറെ പ്രാപ്തമാക്കുകയും ചെയ്തു. ഈ നേരിയ പൊട്ടലുണ്ടാക്കാൻ മാത്രമായി നാലു ദിവസമെടുക്കുകയും ആദ്യ ഉദ്യമത്തിൽ ഒരു ഉരുക്ക് കത്തി പൊട്ടിപ്പോകുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാമത്തെ കത്തി ചാലിലേയ്ക്ക് ഉറപ്പിക്കുന്നതിൽ വിജയിക്കുകയും വജ്രത്തെ പിളർത്തുന്നതിൽ വിജയിക്കുകയും ചെയ്തു. വജ്രത്തെ കഷണങ്ങളായി വേർപെടുത്തി ചെത്തി രൂപപ്പെടുത്തുന്നതിന് എട്ടു മാസങ്ങളെടുത്തു. മൂന്നുപേർ ഓരോ ദിവസവും 14 മണിക്കൂർ വീതം ജോലിയെടുത്താണ് ശ്രമകരമായ ഈ പ്രക്രിയ പൂർത്തിയാക്കിയത്.

പരുക്കൻ കള്ളിനൻ വജ്രത്തിൽനിന്ന് ഛേദിച്ചെടുത്ത ഒമ്പത് വലിയ കല്ലുകൾ

കള്ളിനനിൽനിന്നു മുറിച്ചെടുത്ത വജ്രങ്ങൾ തിരുത്തുക

കള്ളിനൻ പ്രധാന വജ്രത്തിൽനിന്ന് ആകെ 1,055.89 കാരറ്റുള്ള (211.178 ഗ്രാം) 9 പ്രധാന വജ്രങ്ങളും [9]7.55 കാരറ്റ് (1.510 ഗ്രാം) തൂക്കത്തിൽ (ഓരോന്നും ശരാശരി 0.079 കാരറ്റ്) 96 ചെറിയ കല്ലുകളും ലഭിച്ചിരുന്നു. ഇവ പരുക്കൻ വജ്രത്തിൻറെ ഏകദേശം 34.5 ശതമാനം ഭാഗത്തുനിന്നുള്ളതായിരുന്നു ഇത്.[10] ഇതുകൂടാതെ 9.5 കാരറ്റ് തൂക്കത്തിൽ (1.90 ഗ്രാം) മിനുക്കാത്ത ചെറു ശകലങ്ങൾ കൂടിയുണ്ടായിരുന്നു.[11] വലിയ കല്ലുകളായ കള്ളിനൻ ഒന്നും രണ്ടും ഒഴികെയുള്ള എല്ലാ കല്ലുകളും ദക്ഷിണാഫ്രിക്കൻ സർക്കാർ വിലക്കു വാങ്ങി 1910 ജൂൺ 28 ന്[12] ദക്ഷിണാഫ്രിക്കൻ ഹൈക്കമ്മീഷണർ വശം മേരി രാജ്ഞിക്കു സമ്മാനിക്കുന്നതുവരെ (കള്ളിനൻ VI ഒഴികെ, ഇത് 1907 ൽ എഡ്വാർഡ് ഏഴാമൻ വിലക്കു വാങ്ങുകയും തന്റെ പത്നി അലക്സാണ്ട്രിയ രാജ്ഞിക്കു സമ്മാനിക്കുകയും ചെയ്തിരുന്നു) അവ  ആംസ്റ്റർഡാമിൽ ആസ്ച്ചെറിന്റെ സേവന ഫീസ്[13] ആയി ഏർപ്പാടു ചെയ്യപ്പെട്ടിരുന്നു. പിന്നീട് കള്ളിനൻ IV വജ്രവും അലക്സാണ്ട്രിയ രാജ്ഞിയിൽനിന്ന് പാരമ്പര്യമായി മേരി രാജ്ഞിക്കുതന്നെ ലഭിക്കുകയുണ്ടായി. അവർ 1953ൽ എല്ലാ കള്ളിനൻ വജ്രങ്ങളും തന്റെ കൊച്ചുമകളായ എലിസബത്ത് II രാജ്ഞിക്കു നൽകി.[14]

അവലംബം തിരുത്തുക

Citations തിരുത്തുക

  1. Bariand and Duchamp, p. 101.
  2. Scarratt and Shor, p. 120.
  3. "കള്ളിനൻ: ആഫ്രിക്കയുടെ മണ്ണിൽ നിന്നുയർന്ന ലോകത്തിലെ ഏറ്റവും വലിയ വജ്രം". ManoramaOnline. Retrieved 2021-01-28.
  4. "Jewellery made from the world's largest diamond is to go on display" (PDF). Royal Collection Trust. 15 May 2012. Archived from the original (PDF) on 2017-12-22. Retrieved 21 December 2017.
  5. Scarratt and Shor, p. 122.
  6. Hatch, pp. 170–172.
  7. Dickinson, pp. 110–111.
  8. "Jewellery made from the world's largest diamond is to go on display" (PDF). Royal Collection Trust. 15 May 2012. Archived from the original (PDF) on 2017-12-22. Retrieved 21 December 2017.
  9. "ബ്രിട്ടിഷ് റാണിയുടെ രത്നങ്ങളിലെ മഹാതാരം; ആഫ്രിക്കയിൽ പിറവിയെടുത്ത കള്ളിനൻ". ManoramaOnline. Retrieved 2022-09-15.
  10. Spencer, pp. 318–326.
  11. Scarratt and Shor, p. 124.
  12. Field, p. 72.
  13. Balfour, p. 73.
  14. Dickinson, p. 114.

ഉറവിടങ്ങൾ തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുള്ളിനൻ_വജ്രം&oldid=3850126" എന്ന താളിൽനിന്ന് ശേഖരിച്ചത്