കുടുംബശ്രീ

കേരള സർക്കാർ നടപ്പാക്കിയ സമഗ്ര ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണ് കുടുംബശ്രീ
കുടുംബശ്രീ ലോഗോ

സംസ്ഥാനത്തെ കേവലദാരിദ്ര്യം പത്തുവർഷക്കാലം കൊണ്ട് പൂർണ്ണമായി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരിന്റെ സ്വർണ്ണ ജയന്തി സഹകാരി റോസ്ഗാർ യോജന (S.J.S.R.Y)പദ്ധതി പ്രകാരം കേരള സർക്കാർ, ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കിയ സമഗ്ര ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണ് കുടുംബശ്രീ. "ദരിദ്ര വനിതകളെ സ്വയം സഹായലക്ഷ്യമുള്ള ത്രിതല സമൂഹങ്ങളായി സംഘടിപ്പിച്ച്, ലഭ്യമായ ആശയ- വിഭവസ്രോതസ്സുകളുടെ ആവശ്യാധിഷ്ഠിത സമന്വയത്തിലൂടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കേവല ദാരിദ്ര്യത്തിന്റെ സമസ്ത പ്രകടിത ബഹുമുഖരൂപഭാവങ്ങളേയും വരുന്ന ഒരു ദശകത്തിനുള്ളിൽ ഉന്മൂലനം ചെയ്യാനുള്ള ഒരു നൂതന, ഏകോപിത സമൂഹാധിഷ്ഠിത സമഗ്ര ദാരിദ്ര്യ നിർമ്മാർജ്ജന സമീപനമാണ് കുടുംബശ്രീ" എന്നതാണ് കുടുംബശ്രീയുടെ മിഷൻ സ്റ്റേറ്റ്മെന്റ്. [1] 1998 മേയ് 17-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.[2]. 1999 ഏപ്രിൽ 1 ന് കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ പ്രവർത്തനമാരംഭിച്ചു.

ഒരുകൂട്ടം ഇല്ലായ്മകളുടേയും നിഷേധങ്ങളുടേയും ഫലമാണ് ദാരിദ്ര്യം എന്നതാണ് കുടുംബശ്രീയുടെ കാഴ്ചപ്പാട്.[3]അതിനാൽത്തന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും എക്കാലവും പുറന്തള്ളപ്പെട്ടവരും ദാരിദ്ര്യത്തിന്റെ തീക്ഷ്ണത നേരിട്ടനുഭവിച്ചറിഞ്ഞവരുമായ ദരിദ്രവനിതകളുടെ ശാക്തീകരണപ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന പ്രവർത്തന തന്ത്രത്തിലൂടെ ദരിദ്ര സ്ത്രീകളുടെ കാര്യശേഷിയിലും ആസൂത്രണ വൈഭവത്തിലും പൂർണ്ണവിശ്വാസം പുലർത്തി തികച്ചും സുതാര്യവും വികേന്ദ്രീകൃതവുമായ സമീപനമാണ് പദ്ധതിയ്ക്കുള്ളത്. ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴിൽ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ ഭാവനാപൂർണമായ വിപുലീകരണത്തിലൂടെയും വൈവിധ്യവൽക്കരണത്തിലൂടെയും ഇന്ന് സ്ത്രീജീവിതത്തിന്റെ സർവമണ്ഡലങ്ങളെയും സ്പർശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളർന്നു പടർന്നിരിക്കുന്നു.

ഔദ്യോഗിക കണക്കുകൾതിരുത്തുക

 
21 വർഷം തികഞ്ഞത് പ്രമാണിച്ച് കുടുംബശ്രീ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പോസ്റ്റർ

43 ലക്ഷം കുടുംബങ്ങൾ അംഗമായ 2.65 ലക്ഷം അയൽക്കൂട്ടങ്ങൾ, 19773 ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികൾ, 1072 കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികൾ, 1381.15 കോടി രൂപയുടെ ലഘുസമ്പാദ്യം, 551.22 കോടി രൂപയുടെ വായ്പകൾ, പുറമെ ബാങ്ക് ലിങ്കേജ് വഴി പരസ്പര ജാമ്യത്തിലൂടെ 1140 കോടി രൂപയുടെ വായ്പ, 27,274 വ്യക്തിഗതസംരംഭകർ, 13,316 കൂട്ടുസംരംഭകർ, 2,25,600 വനിതാ കർഷകരുൾപ്പെട്ട 46,444 സംഘകൃഷി ഗ്രൂപ്പുകൾ, 54,000 ബാലസഭകൾ, 74 ഐ.റ്റി യൂണിറ്റുകൾ, മൂന്ന് കൺസോർഷിയങ്ങൾ, പരിശീലനത്തിനായി 21 ട്രെയിനിംഗ് ഗ്രൂപ്പുകൾ.

പദ്ധതിയുടെ തുടക്കംതിരുത്തുക

കേരളത്തിലെ നഗര ദരിദ്രവിഭാഗങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ 1992 മുതൽ ആലപ്പുഴയിലും 1994 മുതൽ മലപ്പുറത്തും കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി (സി.ഡി.എസ്) നടപ്പിലാക്കിയിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനത്തൊട്ടാകെ ഒരു ദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയ കുടുംബശ്രീ എന്ന പേരിൽ ആരംഭിക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. തുടക്കത്തിൽ നഗരസഭാ സി.ഡി.എസ്സ് സംവിധാനവും നഗര ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികളും ശക്തിപ്പെടുത്തുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിച്ചു. 2000 ജൂൺ മാസത്തോടെ ഒന്നാം ഘട്ടമായ 262 ഗ്രാമപഞ്ചായത്തുകളിൽ പദ്ധതി പ്രവർത്തനം ആരംഭിച്ചു. 2002 മാർച്ചിൽ കേരളം മുഴുവൻ കുടുംബശ്രീ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ കൂട്ടായ്മയിലൂടെ അവർക്ക് സ്വയം പര്യാപ്തത നേടിയെടുക്കുവാൻ പ്രാപ്തരാക്കുക എന്ന പദ്ധതിയുടെ ചുമതല കേരളത്തിൽ കമ്യൂണിറ്റി ഡെവലപ്‌മെൻറ് സൊസൈറ്റിക്കായിരുന്നു. സ്ത്രീകളുടെ കൂട്ടായ്മയിലൂടേ സ്വയം സഹായ സംഘങ്ങൾ രൂപവത്കരിച്ച്, ഏതെങ്കിലും ചെറുകിട സംരംഭങ്ങൾ വഴി അവർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു നിശ്ചിത വരുമാനം ഉണ്ടാക്കി നൽകി അവരേക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ഇതുവരെ കുടുംബശ്രീകൾക്ക് കഴിഞ്ഞിട്ടുണ്ട്. S.J.S.R.Y.യിൽ രണ്ടു പദ്ധതികളാണുള്ളത്. നഗരപ്രാന്തങ്ങളിലുള്ള ജനങ്ങളെ സ്വയം തൊഴിലിൽ ഏർപ്പെടുത്തുന്നതിനായി രൂപവത്കരിച്ച Urban Self Employment Programme (U.S.E.P.)യും നഗരപ്രാന്തങ്ങളിൽ താമസിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും വികസനം ലക്ഷ്യമിട്ടുള്ള Developnent of Women and Childern in Urban Areas (D.W.C.U.A.)പദ്ധതിയും[2].

കുടുംബശ്രീ അയൽക്കൂട്ട ഘടനതിരുത്തുക

 
കുടുംബശ്രീ അയൽക്കൂട്ടം

അതതു പഞ്ചായത്തിലെയും നഗരസഭയിലെയും ദാരിദ്ര്യ രേഖയ്ക്കുതാഴെ ജീവിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് അംഗങ്ങൾ. ഈ അംഗങ്ങളുടെ പരമാവധി എണ്ണം 10 മുതൽ 20 വരെ ആയി നിയന്ത്രിച്ചിരിക്കുന്നു. ഓരോ ഘടകത്തിനെയും അറിയപ്പെടുന്നത് അയൽക്കൂട്ടം (NHG : Neihbour Hood Group ) എന്നാണ് . അതിൽ നിന്നും 5 അംഗങ്ങളെ‌ നേതൃസ്ഥാനത്തേക്ക് ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കുന്നു. ആരോഗ്യ - വിദ്യാഭ്യാസ വാളന്റിയർ, അടിസ്ഥാന സൗകര്യ വാളന്റിയർ, വരുമാന ദായക വാളന്റിയർ, സെക്രട്ടറി, പ്രസിഡന്റ് എന്നിവരാണവർ. ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണം അംഗങ്ങൾ പരസ്പരം അറിയാവുന്നവരായിരിക്കുമെന്നതിനാൽ അവർക്ക് തുറന്ന് സംവദിക്കാൻ പ്രയാസം നേരിടുന്നില്ല എന്നതാണ്. കൂടാതെ സ്വന്തം സംഘത്തിന്റെ കഴിവുകൾ, ശക്തികൾ, പരാധീനതകൾ എന്നിവയെപ്പറ്റി അവർക്ക് ബോധ്യം ഉണ്ടാവുകയും ചെയ്യും. ഇങ്ങനെയുള്ളവരിൽ നിന്നും ഒരാളെ നേതാവായി തിരഞ്ഞെടുക്കുന്നു. കുടുംബശ്രീ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നത് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലാണ്. ഓരോ വാർഡിലും/ ഡിവിഷനിലും ഉള്ള വിവിധ അയൽക്കൂട്ടങ്ങളെ ഏകോപിപ്പിക്കുന്നത് ഏരിയ ഡെവലപ്മെന്റ്റ് സൊസൈറ്റികൾ (ADS ) ആണ്. അതതു സ്ഥലത്തെ വാർഡ്‌/ ഡിവിഷൻ മെമ്പർ ആണ് ADS ന്റെ ചുമതലക്കാരൻ. ഓരോ പഞ്ചായത്തിലും നഗരസഭയിലും ഇവയെ ഏകോപിപ്പിച്ചുകൊണ്ട് കമ്മ്യുനിട്ടി ഡെവലപ്മെന്റ്റ് സൊസൈറ്റികൾ (CDS ) പ്രവർത്തിക്കുന്നു.

ആരോഗ്യ വോളന്റിയർതിരുത്തുക

 1. അയൽക്കൂട്ട കുടുംബങ്ങളിലെ അംഗങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്തുക.
 2. രോഗഗ്രസ്ത കുടുംബാംഗങ്ങളെ (വിശേഷിച്ചും സ്ത്രീകൾ) രോഗപരിഹാരത്തിന് പ്രാഥമികാരോഗ്യ കേന്ദ്രവുമായും ആരോഗ്യപ്രവർത്തകരുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുക.
 3. അംഗങ്ങളിൽ പ്രതിരോധ ചികിത്സ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക.
 4. ശിശുക്കൾക്ക് നൂറുശതമാനം പ്രതിരോധചികിത്സ ഉറപ്പുവരുത്തുക.
 5. അംഗകുടുംബങ്ങൾക്ക് ശുദ്ധജലത്തിന്റേയും ശുചിത്വ സംവിധാനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.
 6. പരിസര ശുചിത്വം,ഗൃഹ ശുചിത്വം, വ്യക്തി ശുചിത്വം എന്നിവയ്ക്ക് ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുക.
 7. അയൽക്കൂട്ടത്തിന്റെ ആരോഗ്യ പദ്ധതി തയ്യാറാക്കുക.

അടിസ്ഥാന സൗകര്യ വോളന്റിയർതിരുത്തുക

 1. അയൽക്കൂട്ടം സ്ഥിതിചെയ്യുന്ന ഭൂപ്രദേശം, അവിടത്തെ കുടുംബങ്ങൾ ഇവയുടെ അടിസ്ഥാന സൗകര്യവശ്യങ്ങൾ തിട്ടപ്പെടുത്തി അടിസ്ഥാന സൗകര്യ പദ്ധതി തയ്യാറാക്കുക.
 2. അവരുടെ ഭൗതികാവശ്യങ്ങൾ കണ്ടെത്തുക.
 3. അടിസ്ഥാന സൗകര്യവികസനത്തിന് ബന്ധപ്പെട്ട എ.ഡി.എസ് മുഖേന ഗ്രാമസഭയുടേയും സി.ഡി.എസ്സ്/ പഞ്ചായത്ത് ഭരണസമിതിയുടേയും ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കണ്ടെത്തുക.
 4. കുടുംബങ്ങളുടെ ഭവന നിർമ്മാണം മുതലായ കാര്യങ്ങളിൽ പഞ്ചായത്ത്, ധനകാര്യ സ്ഥാപനങ്ങൾ, ഇതര സർക്കാർ സംവിധാനങ്ങൾ ഇവയുടെ സഹായം പൂർണ്ണമായി പ്രയോജനപ്പെടുത്തുക.
 5. പഞ്ചായത്ത്, ഇതര സർക്കാർ ഏജൻസികൾ നടപ്പാക്കുന്ന മരാമത്ത് പണികളിൽ കമ്മ്യൂണിറ്റി കോൺട്രാക്ടിംഗ് സംവിധാനത്തിൽ ചെയ്യുന്നതിന് അയൽക്കൂട്ടത്തെ പ്രാപ്തമാക്കുക.
 6. വികസനപ്രവർത്തനങ്ങളിൽ അയൽക്കൂട്ട പങ്കാളിത്തം പൂർണ്ണമാക്ക്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക.

വരുമാനദായക പ്രവർത്തന വോളന്റിയർതിരുത്തുക

 1. അയൽക്കൂട്ട ലഘുനിക്ഷേപ വായ്പാപരിപാടി കാര്യക്ഷമമാക്കുന്നതിന് പ്രസിഡന്റ്, സെക്രട്ടറി ഇവരെ സഹായിക്കുക.
 2. അയൽക്കൂട്ട കുടുംബങ്ങളുടെ വരുമാന വർദ്ധവിന് ഉതകുന്ന തൊഴിൽമേഖലകൾ കണ്ടെത്തുക.
 3. വിവിധ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ലാഭകരമായി പ്രവർത്തിക്കുന്നതിനും സഹായിക്കുക.
 4. ബി.പി.എൽ ലിസ്റ്റ് പരിശോധിച്ച് അർഹരായവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
 5. എസ്.ജി.എസ്. വൈ/ പി.എം.ആർ.വൈ/ പി.എം.ജി.വൈ/ ഐ.ഡബ്ലിയു. ഇ. പി എന്നീ സർക്കാർ ധനസഹായ ലഭ്യതയുള്ള തൊഴിൽദാനപദ്ധതികളെക്കുറിച്ച് അറിവുനൽകുക.
 6. അയൽക്കൂട്ടത്തിന്റെ ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി തയ്യാറാക്കുക.

അയൽക്കൂട്ടത്തിന്റെ മറ്റ് ധർമ്മങ്ങൾതിരുത്തുക

 1. മിതവ്യയ സമ്പാദ്യ വായ്പാ പരിപാടി
 2. സംയുക്ത ബാങ്ക് അക്കൗണ്ട്
 3. സുതാര്യമായ കണക്ക് സൂക്ഷിപ്പ്
 4. ആരോഗ്യ- വിദ്യാഭ്യാസ ബോധവൽക്കരണ പ്രവർത്തനം
 5. വനിതകളുടേയും ശിശുക്കളുടേയും വികസനത്തിന് പ്രവർത്തനം
 6. അടിസ്ഥാന സൗകര്യപ്രവർത്തനം
 7. വരുമാന ദായക പ്രവർത്തനം
 8. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ
 9. ലീസ് ലാന്റ് ഫാമിംഗിൽ ഇടപെടൽ
 10. ലിങ്കേജ് ബാങ്കിംഗ്
 11. പങ്കാളിത്തത്തോടെ ആവശ്യങ്ങൾ കണ്ടെത്തൽ
 12. ബാലസഭാ രൂപീകരണം
 13. മൈക്രോപ്ലാൻ തയ്യാറാക്കൽ
 14. ഗ്രാമസഭകളിലെ പങ്കാളിത്തം
 15. വിദ്യാഭ്യാസം നേടിയിട്ടുള്ള 18 നും 35 നും മധ്യേ പ്രായമുള്ള ചെറുപ്പക്കാരുടെ വിവരശേഖരണം

വായ്പതിരുത്തുക

സാധാരണയായി പരമാവധി വായ്പാ തുക 2.5 ലക്ഷം ആയിരിക്കും. എങ്കിലും പദ്ധതിക്കനുസരിച്ച് വായ്പയിൽ ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം. എങ്ങനെ ലഭിക്കുന്ന വായ്പകളിന്മേൽ സബ്‌സിഡി ഉണ്ടായിരിക്കും. പരമാവധി സബ്സിഡി തുക 1.25 ലക്ഷം രൂപയോ, വായ്പയുടെ 50 ശതമാനമോ (ഏതാണോ കുറവ് വരുന്നത്, അത്) ആയിരിക്കും. അംഗങ്ങൾ ആകെ വായ്പാ തുകയുടെ 5% മാർജിൻ മണി അടക്കേണ്ടതാണ്. ബാങ്കുകൾ കുടുംബശ്രീ യൂണിറ്റുകളുടെ പദ്ധതികൾക്ക് പരമാവധി 95% വരെ വായ്പ നൽകുന്നു.

പരിശീലനംതിരുത്തുക

 
കുടുംബശ്രീ സംഘകൃഷി

കുടുംബശ്രീ അംഗങ്ങൾ ഏതു തരം പദ്ധതികൾക്കണോ വായ്പ എടുക്കുന്നത് ആ പദ്ധതികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതാണ്. നിർദ്ദിഷ്ട പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി അംഗങ്ങൾക്ക് അക്കൗണ്ടിംഗ്, വ്യക്തിത്വ രൂപവത്കരണം, സാമ്പത്തികം, ഉത്പന്നങ്ങളുടെ വിപണനം എന്നീ വിഷയങ്ങളിലും പരിശീലനം നൽകി വരുന്നു. സൂക്ഷ്മസംരംഭങ്ങൾ ആരംഭിക്കാനുതകുന്ന പരിശീലനങ്ങൾ (പേപ്പർബാഗ്, സോപ്പ്, കുട നിർമ്മാണം), കൃഷി ചെയ്യാനാണെങ്കിൽ അതിനുള്ള പരിശീലനങ്ങൾ. കൂടാതെ സ്ത്രീ ശാക്തീകരണത്തിനായുള്ള ജെൻഡർ ബന്ധപ്പെട്ട പരിശീലനങ്ങൾ എന്നിവയെല്ലാം നൽകി വരുന്നു.

പ്രവർത്തനങ്ങൾതിരുത്തുക

 1. അയൽക്കൂട്ട അംഗങ്ങൾക്കുള്ള പിന്തുണ - സൂക്ഷ്മ സംരംഭങ്ങളും സംഘമായി ചേർന്ന് കൃഷിയും ഉൾപ്പെടെയുള്ള ഉപജീവന പ്രവർത്തനങ്ങൾ നടത്തിവരുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് എല്ലാവിധ പിന്തുണയും കുടുംബശ്രീ നൽകിവരുന്നു. പരിശീലനങ്ങൾക്ക് പുറമേ ആവശ്യമായ സാമ്പത്തിക പിന്തുണയും ടെക്‌നോളജി ഫണ്ട് അടക്കമുള്ള ഫണ്ടുകളും നൽകുന്നു. സ്ഥിരമായി വിലയിരുത്തലും ആവശ്യമുള്ള സഹായങ്ങളും ഇതിൽ ഉൾപ്പെടുന്നു.

അവലംബംതിരുത്തുക

 1. കുടുംബശ്രീ- പരിശീലകർക്കുള്ള കൈപ്പുസ്തകം, കുടുംബശ്രീ ജില്ലാ മിഷൻ, സിവിൽ സ്റ്റേഷൻ, കൊല്ലം
 2. 2.0 2.1 തദ്ദേശ സ്വയം ഭരണവകുപ്പിന്റെ ഔദ്യോഗിക വെബ്ബ് സൈറ്റിൽ നിന്നും
 3. കുടുംബശ്രീ- പരിശീലകർക്കുള്ള കൈപ്പുസ്തകം, കുടുംബശ്രീ ജില്ലാ മിഷൻ, സിവിൽ സ്റ്റേഷൻ, കൊല്ലം, പേജ് 2

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 1. ഔദ്യോഗിക വെബ്സൈറ്റ്
 2. കുടുംബശ്രീയുടെ രൂപവും ഘടനയും
 3. പ്രാദേശിക സാമ്പത്തിക വികസന പരിപാടികൾ
 4. കുടുംബശ്രീ വഴി നടത്തുന്ന കേന്ദ്ര സഹായമുള്ള പദ്ധതികൾ
 5. കുടുംബശ്രീ വഴി നടത്തുന്ന നഗര കേന്ദ്രീകൃത പദ്ധതികൾ
 6. സാമൂഹ്യവികസന പരിപാടികൾ
"https://ml.wikipedia.org/w/index.php?title=കുടുംബശ്രീ&oldid=3151220" എന്ന താളിൽനിന്ന് ശേഖരിച്ചത്