മുംബൈയിലെ ബാന്ദ്ര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കോട്ടയാണ് കാസ്റ്റെല്ല ഡി അഗ്വാഡ. ബാന്ദ്ര കോട്ട എന്ന പേരിലും ഇത് അറിയപ്പെടുന്നു.

കാസ്റ്റെല്ല ഡി അഗ്വാഡ
बांद्रा किल्ला
ബാന്ദ്ര കോട്ട
Map
അടിസ്ഥാന വിവരങ്ങൾ
തരംകോട്ട
സ്ഥാനംബാന്ദ്ര , മുംബൈ
ഉയരം13 മീ (43 അടി)
പദ്ധതി അവസാനിച്ച ദിവസം1640
ഇടപാടുകാരൻപോർട്ടുഗീസ്
ഉടമസ്ഥതമഹാരാഷ്ട്ര സർക്കാർ

പേരിന് പിന്നിൽ

തിരുത്തുക

ഇതുവഴി പോകുന്ന കപ്പലുകളിലേക്ക് കുടിവെള്ളം സംഭരിക്കുവാൻ പാകത്തിന് ഒരു ശുദ്ധജല ഉറവ ഇവിടെ ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് ‘ജലധാരയുടെ കോട്ട’ എന്ന അർഥത്തിൽ കാസ്റ്റെലോ ഡി അഗ്വാഡ എന്ന പേര് ലഭിച്ചത്[1]. പിന്നീട് കാസ്റ്റെല്ല ഡി അഗ്വാഡ എന്ന് അക്ഷരത്തെറ്റോട് കൂടിയ പേര് പതിഞ്ഞു. പോർച്ചുഗീസുകാർ ‘ഫോർട്ടെ ഡി ബണ്ടോറ’ (ബാന്ദ്ര ഫോർട്ട്) എന്നും വിളിച്ചിരുന്നു.

ചരിത്രം

തിരുത്തുക

1534 ൽ ഗുജറാത്തിലെ ബഹദൂർ ഷായെ പരാജയപ്പെടുത്തിയ ശേഷം പോർച്ചുഗീസുകാർ പടിഞ്ഞാറ് ഇന്ത്യൻ തീരപ്രദേശങ്ങളിൽ നിരവധി കടൽ കോട്ടകൾ പണിതു. അതിലൊന്നാണ് കാസ്റ്റെല്ല ഡി അഗ്വാഡ. 1640-ൽ നിർമ്മിച്ച കോട്ടയാണ് ഇത്. മാഹിം ബേ, അറബിക്കടൽ, മാഹിം ദ്വീപ് എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു വാച്ച് ടവർ ആയിട്ടാണ് ഇത് നിർമ്മിക്കപ്പെട്ടത്. 1661-ൽ ബോംബേയിലെ ഏഴ് ദ്വീപുകൾ ഇംഗ്ലീഷുകാർക്ക് കൈമാറ്റം ചെയ്യപ്പെട്ടതോടുകൂടി ഈ കോട്ടയുടെ തന്ത്രപരമായ മൂല്യം വർദ്ധിച്ചു. മുംബൈ തുറമുഖത്തു നിന്നും വടക്കുദിശയിലേക്കുള്ള കടൽപ്പാതയും ഈ കോട്ട സംരക്ഷിച്ചു. പോർട്ടുഗീസ് ഭരണകാലത്ത്, ഏഴ് പീരങ്കികളും മറ്റ് ചെറിയ തോക്കുകളും ഇവിടെ പ്രതിരോധത്തിനായി ഒരുക്കിയിരുന്നു[2]. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, പോർട്ടുഗീസുകാരുടെ പതനത്തിനു ശേഷം മറാഠകൾ ബ്രിട്ടീഷുകാർക്ക് ഏറ്റവും വലിയ ഭീഷണിയായി മാറി. പോർട്ടുഗീസുകാരുടെ വീഴ്ച്ച മനസ്സിലാക്കിയ ബ്രിട്ടീഷുകാർ മുൻകരുതൽ നടപടിയായി ഈ കോട്ട തകർത്തു. മറാഠകൾ ഈ കോട്ട പിടിച്ചെടുത്ത് തങ്ങൾക്കെതിരെ ഉപയോഗിക്കാതിരിക്കുവാനായിരുന്നു ഈ നടപടി[3].

1739-ൽ ഈ ദ്വീപ് മറാഠകൾ ആക്രമിച്ചു. 1774-ൽ, ഒന്നാം ആംഗ്ലോ-മറാഠാ യുദ്ധത്തിൽ ബ്രിട്ടീഷുകാർ കൈക്കലാക്കുന്നതുവരെ മറാഠകൾ ഈ പ്രദേശം കൈവശം വച്ചിരുന്നു. 1830 ൽ ബ്രിട്ടീഷുകാർ സാൽസെറ്റ് ദ്വീപിലെ കുറെ ഭാഗങ്ങൾ ഒരു പാർസി ദാർശനികനായ ബൈറാംജി ജീജീഭോയ്ക്ക് സംഭാവന ചെയ്തു. കോട്ട സ്ഥിതി ചെയ്യുന്ന ഈ കുന്നിന് സമീപം ജീജീഭോയ് തന്റെ വസതി സ്ഥാപിച്ചു. ഈ മുനമ്പിന്റെ പേര് ബൈറാംജി ജീജീഭോയ് പോയിന്റ് എന്നായി മാറി[4].

ബാന്ദ്രയിലെ ലാൻഡ്സ് എൻഡ് എന്ന പ്രദേശത്ത് സമുദ്രനിരപ്പിൽ നിന്നും 24 മീറ്റർ (79 അടി) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബാന്ദ്ര-വർളി കടൽപ്പാലത്തിന്റെ സമീപ ദൃശ്യം ഇവിടെ നിന്ന് ലഭ്യമാണ്. ദിൽ ചാഹ്താ ഹൈ, ബുദ്ധ മിൽ ഗയ[5] തുടങ്ങിയ നിരവധി ഹിന്ദി ചിത്രങ്ങളിലും മൈ ബോസ് പോലെയുള്ള മലയാള ചിത്രങ്ങളിലും ബാന്ദ്ര കോട്ട ദൃശ്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്.

പരിപാലനം

തിരുത്തുക

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ കോട്ട. 2003 ൽ ബാന്ദ്ര ബാൻഡ് സ്റ്റാൻഡേർഡ് റെസിഡൻസ് ട്രസ്റ്റ് കോട്ട സംരക്ഷിക്കാൻ ഒരു കൺസർവേഷൻ പ്രോഗ്രാം ആരംഭിച്ചു. ഇവിടത്തെ എം.പി. ആയ ഷബാന ആസ്മി ഇതിന് നേതൃത്വം നൽകുകയും തന്റെ ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ചെയ്തു. ഇതിനു സമീപമുള്ള താജ് ലാൻഡ്സ് എൻഡ് ഹോട്ടലും ഇതിന്റെ പരിപാലന ചുമതല നിർവ്വഹിക്കുന്നു.

  1. Ball, Iain (2003-03-19). "Local 'army' offers to protect Mumbai's 'Castella'". Mumbai Newsline. Express Group. Retrieved 2008-09-16.
  2. D'Cunha, Jose Gerson (1900). "IV The Portuguese Period". The Origins of Bombay (3 ed.). Bombay: Asian Educational Services. p. 212. ISBN 81-206-0815-1. Retrieved 2008-12-29.
  3. Marpakwar, Prafulla (2006-11-26). "Govt Will Remain Owner Of The State's Heritage Sites But Corporate Caretaker, Too, Stands To Gain From Tie-Up". Times of India. Times Group. Archived from the original on 2011-07-17. Retrieved 2008-12-29.
  4. "Bandra to get back a chunk of its past glory". Times of India. Times Group. 2002-08-04. Retrieved 2008-09-16.
  5. Lambah, Abha Narain (2008-02-04). "Heritage is also Bollywood's preserve". Mumbai Newsline. Express Group. Retrieved 2008-12-29.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാസ്റ്റെല്ല_ഡി_അഗ്വാഡ&oldid=3628251" എന്ന താളിൽനിന്ന് ശേഖരിച്ചത്