കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്ത വാക്ക്

തമോദ്രവ്യം തിരുത്തുക

പ്രപഞ്ചത്തിൽ കാണാനും തൊടാനും കഴിയാത്ത രീതിയിൽ നിലനിൽക്കുന്ന ദ്രവ്യത്തെയാണ് തമോദ്രവ്യം (Dark Matter) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. താരാപഥങ്ങളുടെ ഉൽപ്പത്തിയേയും വികാസത്തെയും കുറിച്ചുള്ള അന്വേഷണമാണ് ‘കാണാദ്രവ്യം’ എന്ന സങ്കല്പത്തിലേക്ക് ശാസ്ത്ര ലോകത്തെ നയിച്ചത്. പഠനവിധേയമാക്കിയ ഓരോ നക്ഷത്ര സമൂഹത്തിന്റെയും ഭാ‍രം അവയിലെ നക്ഷത്രങ്ങൾ ചേർന്നുള്ള ആകെ ഭാ‍രത്തിലും എത്രയോ ഏറെയാണെന്ന് 1937-ൽ ഫ്രിറ്റ്സ് സ്വിക്കി എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തിയിരുന്നു. പ്രപഞ്ചത്തിലെ ആകെ ദ്രവ്യത്തിന്റെ ഏതാണ്ട് 80 ശതമാനവും ആകെ ഊർജസാന്ദ്രതയുടെ 25 ശതമാനവും തമോദ്രവ്യം ആണെന്നു കണക്കാക്കപ്പെടുന്നു.