ഏതെങ്കിലും രാഷ്‌ട്രത്തിന്റെ അതിർത്തിക്കു പുറത്ത്‌ സമുദ്രത്തിലോ സമുദ്രത്തിനു‌ മുകളിലുള്ള ആകാശത്തോ വച്ച്‌ അധികാരികളുടെ അനു‌മതി കൂടാതെ നടത്തുന്ന കവർച്ചയെ ആണ് കടൽക്കൊള്ള അല്ലെങ്കിൽ പൈറസി എന്ന് അറിയപ്പെടുന്നത്. പൈറാറ്റ (Pirata) എന്ന ലാറ്റിൻ പദത്തിൽനിന്നാണ്‌ കടൽക്കൊള്ളക്കാരൻ എന്ന അർഥം വരുന്ന പൈറേറ്റ്‌ (Pirate) എന്ന ഇംഗ്ലീഷ്‌ പദം നിഷ്‌പന്നമായിട്ടുള്ളത്‌. കടൽക്കൊള്ളക്കാർ മനു‌ഷ്യരാശിയുടെ ശത്രുക്കളായിട്ടാണ്‌ (hostis humani generis) കണക്കാക്കപ്പെടുന്നത്‌. എല്ലാ രാജ്യങ്ങളിലും ഇവർക്കെതിരായി നടപടികളെടുക്കുന്നതിനും ശിക്ഷിക്കുന്നതിനും നിയമങ്ങളുണ്ട്‌; സാധാരണയായി വധശിക്ഷയോ ജീവപര്യന്തം തടവോ നല്‌കപ്പെട്ടിരുന്നു. ഓൾഡ്‌ ബെയ്‌ലിയിലെ ലണ്ടൻ അഡ്‌മിറാൽറ്റി, കടൽക്കൊള്ളയ്‌ക്കു മരണശിക്ഷ വിധിച്ചവരെ കടലിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള തൂക്കുമരത്തിൽ വേലിയേറ്റത്തിനും വേലിയിറക്കത്തിനു‌മിടയ്‌ക്കുള്ള കാലയളവിൽ തൂക്കിക്കൊന്നിരുന്നു. ശവശരീരം ചങ്ങലകൊണ്ടു ബന്ധിച്ചു വെള്ളത്തിൽ ആഴ്‌ത്തിയിടുകയായിരുന്നു പതിവ്‌. കൊള്ളക്കാരാലുണ്ടാക്കപ്പെടുന്ന ഭവിഷ്യത്തുകളെക്കുറിച്ചു നാവികരെ ബോധവാന്മാരാക്കുകയായിരുന്നു ഈ നടപടിയുടെ ലക്ഷ്യം.

ബാർത്തലോമിയോ റോബർട്ട്സ്ന്റെ കടൽകൊള്ള സംഘം കാലബാർ നദിയിൽ സഞ്ചരിക്കുന്നു. ദി പൈറേറ്റ്സ് ഓൺ ബുക്ക് (1837) എന്നതിൽ നിന്നുള്ള ചിത്രം. റോബർട്ട്സ് 470-ലധികം കപ്പലുകൾ പിടിച്ചെടുത്തതായി കണക്കാക്കപ്പെടുന്നു.
ഹോവാർഡ് പൈലിന്റെ കടൽക്കൊള്ളക്കാരുടെ പുസ്തകത്തിൽ നിന്ന് കടൽക്കൊള്ളക്കാർ കഥകൾ പങ്കുവയ്ക്കുന്നതിന്റെ ചിത്രീകരണം (ഹോവാർഡ് പൈൽ വരച്ചത്)
ഹോവാർഡ് പൈലിന്റെ കടൽക്കൊള്ളക്കാരുടെ പുസ്തകത്തിൽ നിന്ന് കടൽക്കൊള്ളക്കാർ കഥകൾ പങ്കുവയ്ക്കുന്നതിന്റെ    ചിത്രീകരണം (ഹോവാർഡ് പൈൽ വരച്ചത്)

ചരിത്രംതിരുത്തുക

കടൽക്കൊള്ളയ്‌ക്കു ചരിത്രത്തോളം തന്നെ പഴക്കമുണ്ട്‌. മുൻകാലങ്ങളിൽ ഒരു കപ്പിത്താൻ കരയിലടുത്താലുടൻ അയാളോടു "നിങ്ങൾ ഒരു കച്ചവടക്കാരനോ കടൽക്കൊള്ളക്കാരനോ' എന്നു ചോദിക്കുമായിരുന്നു. ഫിനീഷ്യരുടെ ഇടയിൽ കടൽക്കൊള്ളക്കാരുണ്ടായിരുന്നു; ഒഡീസിയിലും ഹെറോഡോട്ടസ്സിന്റെ ഗ്രന്ഥങ്ങളിലും ഇവരെക്കുറിച്ചു പരാമർശങ്ങളുണ്ട്‌. ഹോമറിന്റെ കാലത്ത്‌ ഇവർക്കു ബഹുമാന്യസ്ഥാനമുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. ബി.സി. 78ൽ ഈജിയൻ കടലിൽ വച്ച്‌ ഒരു കൂട്ടം കടൽക്കൊള്ളക്കാർ ജൂലിയസ്‌ സീസറെ പിടിച്ചുവെന്നും മോചനദ്രവ്യമായി ഒരു വൻതുക ആവശ്യപ്പെട്ടുവെന്നും രക്ഷപ്പെട്ട സീസർ പിന്നീടു സൈന്യവുമായി ചെന്ന്‌ അവരെ കീഴടക്കി കുരിശിലേറ്റിയെന്നും രേഖയുണ്ട്‌. ബി.സി. 67 വരെ കടൽക്കൊള്ളക്കാരുടെ ആസ്ഥാനം സൈലീഷ്യ ആയിരുന്നു. റോമൻ രാജ്യതന്ത്രജ്ഞനായ പോമ്പി അവരെ അമർച്ച ചെയ്‌തു. അഗസ്റ്റസ്‌ ചക്രവർത്തിയുടെ കാലത്തും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. റോമാസാമ്രാജ്യത്തിന്റെ അധഃപതനത്തോടെ കടൽക്കൊള്ളക്കാർ വീണ്ടും തലപൊക്കി. ഏകദേശം രണ്ടു മൂന്നു ശതകത്തോളം യൂറോപ്പിന്റെ വ.പ. തീരങ്ങൾ സ്‌കാൻഡിനേവിയൻ കടൽക്കൊള്ള സംഘമായ വൈക്കിങ്ങുകളുടെ ആക്രമണങ്ങൾക്കു വിധേയമായിരുന്നു. 13-ാം ശതകത്തിൽ ഹൻസിയാറ്റിക്‌ ലീഗ്‌ (ജർമൻ, ഡച്ച്‌, ഫ്‌ളമിഷ്‌ നഗരങ്ങളുടെ വാണിജ്യസഖ്യം) ഇതിനെതിരായി ശക്തമായ നടപടികൾ സ്വീകരിച്ചു. 17-ാം ശതകത്തിൽ ഇംഗ്ലീഷ്‌ചാനൽ കടൽക്കൊള്ളക്കാരുടെ നിരന്തരമായ ആക്രമണങ്ങൾക്കു വിധേയമായിരുന്നു. മെഡിറ്ററേനിയനിലെ ക്രൈസ്‌തവ ജനതയ്‌ക്കു മുസ്‌ലിം കടൽക്കൊള്ളക്കാർ ഒരു പേടിസ്വപ്‌നമായിരുന്നു. ട്യൂഡർ കാലഘട്ടത്തോടെ ഇംഗ്ലീഷ്‌വെൽഷ്‌ തീരങ്ങളിൽ കടൽക്കൊള്ള വ്യാപകമായി. എലിസബത്ത്‌ രാജ്ഞി ഇവരോട്‌ ഉദാരമായ നയമാണു സ്വീകരിച്ചത്‌. സ്‌പെയിനു‌മായുള്ള വൈരം ശക്തമായതോടെ ഇവർക്കെതിരെ നടപടികളെടുത്തില്ല എന്നു മാത്രമല്ല, പാപ്പരായ ഇംഗ്ലീഷ്‌ ഖജനാവു നിറയ്‌ക്കുവാനും സ്‌പാനിഷ്‌ ആർമേഡയെ തോല്‌പിക്കാൻ (1588) ശക്തമായ ഒരു നാവികപ്പട സജ്ജമാക്കാനും തക്കവണ്ണം കടൽക്കൊള്ള പ്രോത്‌സാഹിപ്പിക്കുകയും ചെയ്‌തു. പിന്നീട്‌ കടൽക്കൊള്ളയുടെ വിഹാര രംഗം പടിഞ്ഞാറ് വെസ്റ്റ്‌ ഇൻഡീസ്‌ വരെയും കിഴക്ക് മഡഗാസ്‌കർ വരെയും വ്യാപിച്ചു. കൊള്ളമുതൽ വില്‌ക്കുന്നതിനു‌ള്ള ഒരു വിപണിയായി മഡഗാസ്‌കർ രൂപാന്തരപ്പെടുകയും ചെയ്‌തു.

പഴയ കാലത്തെ രീതികൾതിരുത്തുക

 
1718-ൽ ബ്ലാക്ക്ബേർഡ് ദി പൈറേറ്റും ലെഫ്റ്റനന്റ് മെയ്‌നാർഡും തമ്മിൽ ഒക്രാകോക്ക് ബേയിൽ നടന്ന യുദ്ധം ചിത്രീകരിക്കുന്ന ചിത്രം

പ്രാചീനകാലങ്ങളിൽ നാവികരുടെ സ്ഥിതി വളരെ ശോചനീയമായിരുന്നു. തുച്ഛമായ വേതനവും കഷ്ടത നിറഞ്ഞ ജീവിതവും പല നാവികരെയും കടൽക്കൊള്ളക്കാരാകാൻ പ്രേരിപ്പിച്ചു. ഓരോ യൂറോപ്യൻ യുദ്ധത്തിനു‌ ശേഷവും നാവികരെ പിരിച്ചു വിടുകയായിരുന്നു പതിവ്‌. തൊഴിലില്ലായ്‌മയും പട്ടിണിയും ഒഴിവാക്കാൻ അവർ കടൽക്കൊള്ളക്കാരായി മാറി. കടൽക്കൊള്ളക്കാർക്ക്‌ നിശ്ചിത വേതനം എന്നൊന്നില്ല; കൊള്ളയടിച്ചു കിട്ടുന്നതിൽ ഒരോഹരി എന്നാണു കണക്ക്‌; "ക്രയമില്ലെങ്കിൽ വേതനമില്ല' ഇതായിരുന്നു മുദ്രാവാക്യം. ഒരു വാണിജ്യക്കപ്പൽ കൊള്ളയടിച്ചാലുടൻ ആ സംഭവം ആ കപ്പലിലെ നാവികരെ കൊള്ളക്കാരാകാൻ പ്രരിപ്പിച്ചിരുന്നു. ജീവരക്ഷാർഥമാണ്‌ ഈ തൊഴിലിൽ ഏർപ്പെട്ടതെന്നു മിക്ക കൊള്ളക്കാരും വിചാരണവേളയിൽ പറഞ്ഞിട്ടുണ്ട്‌.

 
കൊള്ളമുതൽ പകുത്തെടുക്കുന്ന കടൽക്കൊള്ളക്കാരുടെ  ചിത്രീകരണം(ഹോവാർഡ് പൈൽ)

വിവിധ രീതികളിലാണ്‌ ഒരു കടൽക്കൊള്ളക്കപ്പൽ രൂപം കൊള്ളുന്നത്‌. കപ്പലിലെ നാവികരിൽ ഒന്നോ രണ്ടോ ആളുകൾ അതൃപ്‌തരാകുന്നു. വൈരം മൂത്ത്‌ മറ്റുള്ള നാവികരെ ലഹളയ്‌ക്കു പ്രരിപ്പിക്കാൻ തലവന്മാർക്കു കഴിഞ്ഞാൽ ഏതാനും നിമിഷങ്ങൾക്കകം കപ്പലിന്റെ നിയന്ത്രണം അവർക്ക്‌ ഏറ്റെടുക്കാൻ സാധിക്കും; എതിർക്കുന്നവരെ കൊല്ലുകയോ കടലിലെറിയുകയോ ചെയ്യും. പിന്നീട്‌ നാവികർ അവർക്കിഷ്ടമുള്ള ഒരാളെ കപ്പിത്താനായി തിരഞ്ഞെടുക്കും. ഒരു വള്ളം മോഷ്ടിച്ചു രാത്രികാലങ്ങളിൽ അതിൽ സഞ്ചരിച്ച്‌, നങ്കൂരമിട്ടിരിക്കുന്ന ഒരു ചെറിയ കപ്പൽ മോഷ്ടിക്കുകയും പിന്നീട്‌ ഈ കപ്പൽ ഉപയോഗിച്ച്‌ കടൽക്കൊള്ളയ്‌ക്കു പറ്റിയ ഒരു വലിയ കപ്പൽ കൈവശപ്പെടുത്തുകയും ചെയ്യുന്നതാണു മറ്റൊരു രീതി.കടൽക്കൊള്ള വിജയകരമായി നടത്തുന്നതിന്‌ കപ്പൽ ഒളിപ്പിക്കാൻ പറ്റിയ കടൽത്തീരവും കൊള്ളയടിച്ച സാധനങ്ങൾ വിറ്റഴിക്കാൻ പറ്റിയ വിപണിയും അത്യന്താപേക്ഷിതമാണ്‌. മഡഗാസ്‌കർ ദ്വീപിൽ കൊള്ള മുതൽ വിപണനം നടത്തുന്നതിന്‌ ഒരു കടൽക്കൊള്ള രാഷ്‌ട്രം തന്നെയുണ്ടായിരുന്നു (ലിബർടേഷ്യ). കടൽക്കൊള്ളയ്‌ക്കു സജ്ജമാക്കിയ ഒരു കപ്പലിലെ നാവികർ ആദ്യമായി ചെയ്യുന്നത്‌ ഒരു നിയമാവലി തയ്യാറാക്കുകയാണ്‌. നാവികർ ബൈബിൾ സാക്ഷിയാക്കി (ബൈബിളില്ലെങ്കിൽ മഴു സാക്ഷിയാക്കി) സത്യപ്രതിജ്ഞ ചെയ്യുന്നു (ഈ നിയമാവലി ലംഘിച്ചാൽ അനു‌ഭവിക്കേണ്ടിവരുന്ന ശിക്ഷ വളരെ കഠിനമാണ്‌). പിന്നീട്‌ ഒരു കറുത്ത കൊടി തയ്യാറാക്കുന്നു. തലയോടും താഴെ കുറുകേ വച്ചിട്ടുള്ള രണ്ട്‌ എല്ലും ആണ്‌ കൊടി അടയാളം. ചിലപ്പോൾ വെറും കറുത്ത കൊടിയോ ചുവന്ന കൊടിയോ മാത്രം ഉപയോഗിക്കാറുണ്ട്‌.

പ്രശസ്ത കടൽ കൊള്ളക്കാർതിരുത്തുക

കടൽക്കൊള്ളക്കാരെ ചുറ്റിപ്പറ്റിയുള്ള പല കഥകളും ഇന്നു പ്രചാരത്തിലുണ്ട്‌. കടൽക്കൊള്ളക്കാരെ നശിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്ന ഫാന്റത്തിന്റെ കഥകൾ ലോകപ്രശസ്‌തങ്ങളാണ്‌. കടൽക്കൊള്ളക്കാരിൽ സ്‌ത്രീകളും ഉണ്ടായിരുന്നു. ക്യാപ്‌റ്റൻ തോമസ്‌ ആൻസ്റ്റിസ്‌ (വെസ്റ്റ്‌ ഇൻഡീസ്‌), ക്യാപ്‌റ്റൻ ജോൺ ആവറി (ഇംഗ്ലണ്ട്‌), ബാർബറേസ സഹോദരന്മാർ (ബാർബറി), ക്യാപ്‌റ്റൻ ചാൾസ്‌ ബെല്ലാമി (വെയിൽസ്‌), മേജർ സ്റ്റേഡേ ബോണെ (ബാർബഡോസ്‌), ആനിബോണി (സ്‌ത്രീഅയർലൻഡ്‌), ക്യാപ്‌റ്റൻ ജോൺ ബോവെൻ (വെയിൽസ്‌), ക്യാപ്‌റ്റൻ ഹിരാം ബ്രീക്‌സ്‌ (ഡച്ച്‌), ക്യാപ്‌റ്റൻ സാമുവൽ സൗത്‌ബർഗെസ്‌ (ന്യൂയോർക്ക്‌), ക്യാപ്‌റ്റൻ കോങ്‌ഡൻ (ഇംഗ്ലണ്ട്‌), ക്യാപ്‌റ്റൻ ഹോവെൽ ഡേവിസ്‌ (വെയിൽസ്‌), ക്യാപ്‌റ്റൻ ജോൺ ഹാൽസി (ബോസ്റ്റൺ), ക്യാപ്‌റ്റൻ എഡ്വേഡ്‌ലോ (ഇംഗ്ലണ്ട്‌), ക്യാപ്‌റ്റൻ നഥാനീൽ നോർത്‌ (ബർമുഡ), ക്യാപ്‌റ്റൻ ജോൺ ക്വെൽച്‌ (മസാച്ചുസൈറ്റ്‌സ്‌), ജോൺ റാക്ക്‌ഹാം (ജമേക്ക), മേരി റീഡ്‌ (സ്‌ത്രീലണ്ടൻ), ക്യാപ്‌റ്റൻ ബർത്തലോമ്യൂ റോബെർട്ട്‌സ്‌ (വെയിൽസ്‌), ക്യാപ്‌റ്റൻ എഡ്വേഡ്‌ റ്റീച്ച്‌ (ബ്രിസ്റ്റൾ) എന്നിവർ വിദഗ്‌ധരായ കടൽക്കൊള്ളക്കാരിൽ ചിലർ മാത്രമാണ്‌.

 
1555-ൽ ജാക്വസ് ഡി സോർസ് ഹവാനയെ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു

അമേരിക്കയിലെ കടൽ കൊള്ളതിരുത്തുക

അമേരിക്കയിൽ 17-ാം ശതകത്തോടെ കടൽക്കൊള്ള ന്യൂ ഇംഗ്ലണ്ട്‌ തീരം വരെ എത്തി. കൊള്ളമുതലുകളുടെ കച്ചവടത്തിലുള്ള ലാഭം പരിഗണിച്ചു കോളനിക്കാർ അവരെ സ്വാഗതം ചെയ്‌തു. 1700ൽ ഇതിനെതിരായി നിയമങ്ങൾ ഉണ്ടാക്കിയെങ്കിലും ഇതു നിർത്തലാക്കത്തക്കവണ്ണം ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞില്ല. കടൽക്കൊള്ളയ്‌ക്ക്‌ അറുതി വരുത്താൻ വേണ്ടി 1718ൽ ക്യാപ്‌റ്റൻ വൂഡെസ്‌ റോജേഴ്‌സിനെ ബഹാമാ ഗവർണറാക്കിയതോടെ വടക്കേ അമേരിക്കൻ തീരങ്ങളിലെ 2,000ത്തോളം വരുന്ന കടൽക്കൊള്ളക്കാരെ പിടിക്കാനും കടൽക്കൊള്ള നിയന്ത്രണാധീനമാക്കാനും കഴിഞ്ഞു. സാംസ്‌കാരികമായി ഉയർച്ചനേടിയ രാജ്യങ്ങളിൽ കടൽക്കൊള്ള നിയന്ത്രണാധീനമാക്കിയശേഷവും മറ്റു രാജ്യങ്ങളിൽ കടൽക്കൊള്ള തുടർന്നുവന്നു. 1815ൽ ബ്രിട്ടനും യു.എസും തമ്മിൽ സമാധാനം സ്ഥാപിച്ചതോടെ പിരിച്ചുവിടപ്പെട്ട നാവികർ പശ്ചിമ അത്‌ലാന്തിക്കിലെത്തി എല്ലാ രാഷ്‌ട്രങ്ങളുടെയും കപ്പലുകളും സ്‌പാനിഷ്‌ കോളനികളും കൊള്ളയടിക്കാനാരംഭിച്ചു. ബ്രിട്ടീഷ്‌അമേരിക്കൻ നാവികപ്പടയുടെ സംയുക്തശ്രമത്തിന്റെ ഫലമായാണ്‌ ഇത്‌ അമർച്ച ചെയ്യാൻ കഴിഞ്ഞത്‌. അടിമകളെ ഇറക്കുമതി ചെയ്യുന്നത്‌ കടൽക്കൊള്ളയാണെന്ന്‌ 1820 മേയ്‌ 15നു‌ യു.എസ്‌. കോൺഗ്രസ്‌ ഒരു നിയമം പാസാക്കി. 1824ൽ ബ്രിട്ടനും ഇതുപോലെ നിയമം ഉണ്ടാക്കി.1850 വരെ ഗ്രീസിന്റെ തീരങ്ങളിൽ കടൽക്കൊള്ള തുടർന്നു വന്നു. ഒന്നാം ലോകയുദ്ധകാലത്തു ജർമൻ അന്തർവാഹിനികളുടെ പ്രവർത്തനം കടൽക്കൊള്ളയായിട്ടാണ്‌ സഖ്യകക്ഷികൾ വീക്ഷിച്ചത്‌. 1922ലെ വാഷിങ്‌ടൺ കൺവെൻഷൻ വാണിജ്യയുദ്ധങ്ങളിൽ അന്തർവാഹിനികളുടെ വിനിയോഗം നിരോധിക്കുകയും വാണിജ്യക്കപ്പലുകളെ നശിപ്പിക്കുന്ന അന്തർവാഹിനികളെ കടൽക്കൊള്ളക്കുറ്റക്കാരാക്കുമെന്നു പ്രസ്‌താവിക്കുകയും ചെയ്‌തു. സ്‌പാനിഷ്‌ ആഭ്യന്തരയുദ്ധകാലത്ത്‌ 1937ൽ നടന്ന ന്യോൺ സമ്മേളനത്തിലും ഇപ്രകാരം പ്രഖ്യാപനങ്ങളുണ്ടായി. 1856ലെ പാരിസ്‌ പ്രഖ്യാപനം ഏതുവിധത്തിലുള്ള കടൽക്കൊള്ളയും നിയമവിരുദ്ധമായിരിക്കുമെന്നു വ്യവസ്ഥ ചെയ്‌തു.

ചൈനയിൽതിരുത്തുക

 
1863-ൽ ഹോങ്കോങ്ങിൽ തൂക്കിലേറ്റപ്പെട്ട നാല് ചൈനീസ് കടൽക്കൊള്ളക്കാർ

ചൈനയുടെ തീരങ്ങളിൽ രണ്ടാംലോകയുദ്ധം വരെ കടൽക്കൊള്ള നിലവിലിരുന്നു. വിചിത്രമായ മാർഗങ്ങളാണ്‌ അവർ സ്വീകരിച്ചിരുന്നത്‌. യാത്രക്കാരെന്ന വ്യാജേന കപ്പലിൽ കയറി, നേരത്തെ നിശ്ചയിച്ചതനു‌സരിച്ചുള്ള സൂചന ലഭിക്കുമ്പോൾ കപ്പലിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അതിന്റെ നിയന്ത്രണം ഏറ്റെടുത്തു ഹോങ്‌കോങ്ങിനു‌ വടക്കുകിഴക്കുള്ള തായ ഉൾക്കടലിൽ (Taya or Bias Bay) കടൽക്കൊള്ളക്കാരുടെ ആസ്ഥാനത്തെത്തിക്കുകയും മോചനദ്രവ്യത്തിനു‌വേണ്ടി യാത്രക്കാരെ തടഞ്ഞു വയ്‌ക്കുകയുമായിരുന്നു അവരുടെ പതിവ്‌.

ഇന്ത്യയുടെ തീരങ്ങളിൽതിരുത്തുക

ഇന്ത്യയുടെ സമുദ്രതീരങ്ങൾ കടൽക്കൊള്ളക്കാരുടെ പ്രധാന പ്രവർത്തനകേന്ദ്രങ്ങളായിരുന്നു. യൂറോപ്യൻ ശക്തികളുടെ ആഗമനം തൊട്ടേ കടൽക്കൊള്ളയും തുടങ്ങിയെന്നു പറയാം. വിദേശശക്തികളുടെ നാവികപ്പടയാണ്‌ ഇന്ത്യൻ തീരങ്ങളിലെ കടൽക്കൊള്ള അവസാനിപ്പിച്ചത്‌. കേരളത്തിന്റെ സമുദ്രതീരങ്ങളിൽ, പ്രത്യേകിച്ച്‌ കൊടുങ്ങല്ലൂർ, പുറക്കാട്‌ എന്നിവിടങ്ങളിൽ കടൽക്കൊള്ളക്കാരുടെ ഉപദ്രവം അസഹനീയമായിരുന്നു. കടൽക്കൊള്ള അമർച്ച ചെയ്യുന്നതിൽ കൊച്ചിയിലെ ശക്തൻ തമ്പുരാൻ, വേലുത്തമ്പിദളവ എന്നിവർ ഗണ്യമായ പങ്കു വഹിച്ചിരുന്നു.

 
15-ാം നൂറ്റാണ്ടിൽ മാർക്കോ പോളോയുടെ കാലത്ത് ഇന്ത്യയിലേക്ക് വ്യാപാരം നടത്തിയ പുരാതന ചൈനീസ് കപ്പൽ

മലബാർ തീരത്തെ കടൽ കൊള്ളതിരുത്തുക

കടൽ കൊള്ളക്ക് കടൽ വ്യാപാരത്തോളം തന്നെ പഴക്കമുണ്ട്. മലബാർ തീരത്ത് പുരാതന കാലം മുതൽ തന്നെ കൊള്ളക്കാർ ഉണ്ടായിരുന്നു. പുരാതനകാലത്തെ സഞ്ചാരികളായ പെരിപ്ലസ് ഓഫ് ദ എറിത്രിയന് സീയുടെ (periplus of the erythriyan sea) അജ്ഞാതനായ കർത്താവ് മുതൽ പ്ലിനിയും, ടോളമിയും, മാർക്കോ പോളോയുമടക്കം പതിനെട്ടാം നൂറ്റാണ്ട് വരെ മലബാർ സന്ദർശിച്ച ഏതാണ്ട് എല്ലാവരും തന്നെ മലബാർ തീരത്തെ കപ്പൽ കൊള്ളക്കാരെക്കുറിച്ച് പറയുന്നുണ്ട്. മുസിരിസിനടുത്തുള്ള  ഹൈഡ്രേ (Hydrae) എന്ന സ്ഥലം കടൽ കൊള്ളക്കാരുടെ കേന്ദ്രമായി പ്ലിനി പറയുന്നുണ്ട്. കുടുംബമായി കടലിൽ സഞ്ചരിച്ച്‌ കൊള്ളനടത്തുന്ന കടൽ കൊള്ളക്കാരെയും അവരുടെ രീതികളെയും കുറിച്ച്  മാർക്കോപോളോ ഇങ്ങനെ പറയുന്നു. “ ഇവിടെനിന്നും വളരെ അകലെയല്ലാത്ത ഗുജറാത്ത് രാജ്യത്തിലെപ്പോലെതന്നെ ഇവിടെ ധാരാളം കടൽകൊള്ളക്കാരുണ്ട്. അവർ നൂറോളം ചെറു നൗകകളിലായി വർഷം മുഴുവൻ ഈ കടൽ അരിച്ചുപെറുക്കി ഈ വഴി കടന്നുപോകുന്ന എല്ലാ വ്യാപാര കപ്പലുകളും പിടികൂടി കൊള്ളയടിക്കും. ഇവർ അവരുടെ ഭാര്യമാരെയും കുട്ടികളെയും കടലിൽ കൂടെക്കൂട്ടും. കപ്പലുകളൊന്നും രക്ഷപ്പെട്ടു പോകാതിരിക്കാൻ ഇവരുടെ നൗകകൾ അഞ്ചു മൈൽ ഇടവിട്ട് നങ്കൂരമിടും. ഇരുപതു നൗകകൾ നൂറു മൈൽ കയ്യടക്കും. വ്യാപാരിയുടെ കപ്പൽ വരുന്നുകണ്ടാൽ തീയോ, പുകയോ ഉപയോഗിച്ച് അടയാളം നൽകും. എല്ലാവരും കൂടി വളഞ്ഞ് കപ്പൽ കീഴടക്കും. കപ്പലിലെ ആളുകളെ ഉപദ്രവിക്കാറില്ല.പക്ഷെ കപ്പൽ കീഴടക്കിയാൽ അവരെ വീണ്ടും ചരക്കുമായി വരാൻ ഉപദേശിച്ച് കരക്കിറക്കി വിടും. എങ്കിൽ വീണ്ടും കൊള്ളയടിക്കാമല്ലോ”. (മാർക്കോപോളോ) ഗുജറാത്തിലെ കടൽ കൊള്ളക്കാർ കപ്പലിലെ ആളുകളെ ഉപ്പുവെള്ളം കുടിപ്പിക്കും എന്ന വിവരവും മാർക്കോ പോളോ നൽകുന്നുണ്ട്. അവർ വിഴുങ്ങിയ രത്നങ്ങളും മറ്റും ഛർദ്ദിപ്പിക്കാനാണത്രെ അത്.[1]

പോർട്ടുഗീസ് സഞ്ചാരിയായ ഡ്യൂററ്റ് ബാർബോസ പുറക്കാട്ട് കേന്ദ്രീകരിച്ച് കൊള്ള നടത്തുന്ന ആളുകളെക്കുറിച്ച് 1516 ൽ എഴുതുന്നുണ്ട്. “പുറക്കാടിന് സ്വന്തമായി രാജാവുണ്ട്. ഇവിടെ ഒരു പണിയുമില്ലാത്ത വിജാതീയരായ ധാരാളം മീൻപിടുത്തക്കാരുണ്ട്. ശൈത്യ കാലത്ത് മീൻ പിടിക്കുകയും, വേനൽക്കാലത്ത് കടലിൽ കിട്ടുന്നവരെ കൊള്ളയടിക്കുകയുമല്ലാതെ വേറെ പണിയൊന്നും അവർ ചെയ്യാറില്ല. അവർക്ക് ബ്രിഗാന്റിൻ (brigantine) പോലെയുള്ള ഒരുതരം ചെറിയ വള്ളങ്ങളുണ്ട്. അത് വളരെ വിദഗ്ദ്ധമായി തുഴയാനുമറിയാം. ഇത്തരം അനേകം വള്ളങ്ങളിൽ അമ്പും വില്ലും ധരിച്ച് കടലിൽ കുടുങ്ങിയ ഏത് കപ്പലും വളഞ്ഞ് അവ കീഴടക്കും. കപ്പലും അതിലെ ആളുകളെയും കൊള്ളയടിച്ച് ആളുകളെ കരക്കിറക്കി വിടും. കൊള്ളമുതലുകൾ രാജ്യത്തെ രാജാവുമായി പങ്കിടും. രാജാവും ഇതിൽ പങ്കാളിയാണ്. ഇത്തരം വള്ളങ്ങളെ അവർ “ചതുരി” എന്നാണ് വിളിക്കുന്നത്.”[1]കടൽ കൊള്ളക്കാർ ഉപയോഗിക്കുന്ന ചതുരി എന്ന വള്ളത്തെക്കുറിച്ച് കൂടുതൽ വിശദമായി ബാർബോസ പറയുന്നുണ്ട്. ഒറ്റത്തടിയിൽ പന്ത്രണ്ടോ, പതിമൂന്നോ ചുവട് നീളത്തിലുള്ള ഒരുതരം തോണിയാണ് ചതുരി. വീതി വളരെ കുറഞ്ഞ ഈ തോണികളിൽ ഒരാൾക്ക് പുറകിൽ വേറൊരാൾ എന്ന രീതിയിലേ ഇരിക്കാനാകൂ. തോണിയുടെ രണ്ടറ്റവും കൂർത്തിരിക്കും. തുഴകളോ, പായയോ ഉപയോഗിച്ച് മുന്നോട്ടു കുതിക്കുന്ന ഈ വള്ളം ഏതൊരു പടക്കപ്പലിനേക്കാൾ, ഫ്യൂസ്‌റ്റയെക്കാൾ, ബ്രിഗാന്റിനേക്കാൾ വേഗതയുള്ളതാണ്. ചതുരി ഉപയോഗിച്ച് മലബാർ തീരത്ത് കൊള്ള നടത്തുന്ന സംഘങ്ങളെക്കുറിച്ച് ലുഡോവിക്കോ ഡി വാർത്തെമ്മയും അദ്ദേഹത്തിന്റെ യാത്രാവിവരണത്തിൽ പറയുന്നുണ്ട്. പോർട്ടുഗീസുകാരുടെ വരവോടെ യൂറോപ്പിലേക്കുള്ള വ്യാപാരം കൂടിയതോടെ എളുപ്പം പണക്കാരാകാനുള്ള മാർഗ്ഗം എന്ന നിലയിൽ ഈ ഭാഗങ്ങളിൽ കൊള്ളയും ശക്തിപ്പെട്ടു. സ്വാഭാവികമായും കൊള്ളക്ക് വിധേയരാകുന്നത് കൂടുതലും പോർട്ടുഗീസ് കപ്പലുകളും.[1]

സാമൂതിരിയും കുഞ്ഞാലി മരയ്ക്കാൻമാരുംതിരുത്തുക

 
ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ വിശാഖ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കുഞ്ഞാലി മരക്കാർ മൂന്നാമന്റെ (പറ്റേ മരക്കാർ / പാട്ടു കുഞ്ഞാലി) പ്രതിമ. കോഴിക്കോട് സാമൂതിരിയുടെ മുസ്ലീം നാവികസേനാ മേധാവിക്ക് നൽകിയ പദവിയായിരുന്നു അത്.

കുഞ്ഞാലിമരക്കാർ പറങ്കികളോടുള്ള വിരോധവും, ജനങ്ങളുടെ പട്ടിണിയിൽനിന്ന് രക്ഷിക്കാനുംവേണ്ടി കടൽകൊള്ളക്കാരനായി മാറിയാതാണെന്ന് പല ചരിത്രകാരന്മാരും പറയുന്നുണ്ട്. ജനങ്ങളെ സഹായിക്കുന്ന കായംകുളം കൊച്ചുണ്ണി മോഡൽ ഇമേജായിരുന്നു കുഞ്ഞാലി മരക്കാർക്ക്. തമിഴ്‌നാട്ടിൽ ഒരിടത്ത് കുഞ്ഞാലി മരക്കാർക്കായി ക്ഷേത്രം പോലുമുണ്ട്. കോറോമണ്ടൽ തീരത്ത് തൂത്തുക്കുടി ജില്ലയിലെ മണപ്പാടിനോട് ചേർന്നുള്ള മാധവൻ കുറിച്ചി എന്ന കൊച്ചു ഗ്രാമത്തിലാണ് ഈ അമ്പലം. പക്ഷേ ലോകത്തിലെ അക്കാലത്തെ എല്ലാ കടൽ സഞ്ചാരികൾക്കും ഒരുപോലെ ഭീഷണിയായിരുന്നു മലബാറിലെ കടൽകൊള്ളക്കാർ. അക്കാലത്ത് കടലിൽ ക്രമസമാധാന പാലനം എന്നൊരു കാര്യം ഇല്ലായിരുന്നുവെന്നാണ്, കേരളം സന്ദർശിച്ച വിദേശ സഞ്ചാരികൾ ഒക്കെയും പറയുന്നത്. പ്രത്യേകിച്ച് മലബാറിൽ. റോഡുവഴിയും പുഴവഴിയും പോവുന്നവർക്ക് സാമൂതിരിയുടെ ഭടന്മാർ സംരക്ഷണം കൊടുക്കും. എന്നാൽ കടലിൽ ഇതില്ല. ആർക്കും ആരെയും കൊള്ളയടിക്കാം. ഇത് നല്ലൊരു വരുമാനം മാർഗം ആയതോടെ കൊള്ളയും കച്ചവടവും അല്ലാതെ ഒരു ജോലിയും ചെയ്യാത്ത ഒരു വിഭാഗം മലബാറിൽ വളർന്നുവന്നു. അവർ ഭൂരിഭാഗവും മുഹമ്മദീയർ എന്ന് വിളിക്കുന്ന അക്കാലത്തെ മാപ്പിളമാർ ആയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം കുടുംബ സമേതമാണ് ഇവർ കടൽകൊള്ള നടത്തിയിരുന്നതെന്നാണ് പല സഞ്ചാരികളും എഴുതിയിരുന്നത്. സാമൂതിരിയുടെ സമ്മതത്തോടെ ആയിരുന്നു ഈ കൊള്ളകൾ ഏറെയും. കിട്ടുന്ന തുകയിൽ ഒരു വിഭാഗം സാമൂതിരിക്കും, പ്രാദേശിക നായർ നാടുവാഴിക്കും തൊട്ട് പള്ളിക്കുവരെ കൊടുക്കേണ്ടിവന്നു. വില പിടിപ്പുള്ള രത്നങ്ങളും മറ്റും വിഴുങ്ങിയോ എന്ന് അറിയാൻ കടൽവെള്ളം കുടിപ്പിച്ച് ചർദിപ്പിച്ച് പരിശോധിക്കുന്ന രീതിയും അന്ന് ഉണ്ടായിരുന്നു. പ്രശസ്ത ശാസ്ത്ര-ചരിത്ര ലേഖകനും എഴുത്തുകാരനുമായ ഡോ മനോജ്ബ്രൈറ്റ് വിദേശ സഞ്ചാരികളുടെ പുസ്തകങ്ങൾ തർജ്ജമചെയ്ത് ഇങ്ങനെ വിലയിരുത്തുന്നു. സഞ്ചാരികളായ പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീയുടെ അജ്ഞാതനായ കർത്താവ് മുതൽ പ്ലിനിയും, ടോളമിയും, മാർക്കോ പോളോയുമടക്കം പതിനെട്ടാം നൂറ്റാണ്ട് വരെ മലബാർ സന്ദർശിച്ച ഏതാണ്ട് എല്ലാവരും തന്നെ മലബാർ തീരത്തെ കപ്പൽ കൊള്ളക്കാരെക്കുറിച്ച് പറയുന്നുണ്ട്. മുസിരിസിനടുത്തുള്ള ഹൈഡ്രേ എന്ന സ്ഥലം കടൽ കൊള്ളക്കാരുടെ കേന്ദ്രമായി പ്ലിനി പറയുന്നുണ്ട്. കുടുംബമായി കടലിൽ സഞ്ചരിച്ച് കൊള്ളനടത്തുന്ന കടൽ കൊള്ളക്കാരെയും കുറിച്ച് മാർക്കോപോളോയും എഴുതിയിട്ടുണ്ട്.[2][1]

അക്കാലത്തെ കടൽ കൊള്ളതിരുത്തുക

 
1785 ലെ  ഭൂപടത്തിൽ ഗെരിയ ഉൾപ്പെടെയുള്ള "പൈറേറ്റ് കോസ്റ്റ്"

ചാൾസ് ഗബ്രീയേൽ ഡെല്ലൻ അക്കാലത്തെ കടൽക്കൊള്ളയെപ്പറ്റി ഇങ്ങനെ എഴുതുന്നു. 'ഇവരുടെ അയൽക്കാരോ, അടുത്ത സുഹൃത്തുക്കളോ കടലിൽ വച്ച് ഇവരുടെ കയ്യിൽ പെട്ടാൽ പോലും അവരെ വെറുതെ വിടില്ല. ഏറ്റവും അപരിചിതരായവരോടു പെരുമാറുന്ന പോലെയേ പെരുമാറൂ. മോചനദ്രവ്യം കൊടുക്കുന്നതു വരെ അവർ ചങ്ങലയിൽ കിടക്കും. ഈ കൊള്ളക്കാർ മറ്റു മുഹമ്മദീയരെക്കാൾ വിവരം കെട്ടവരും, പ്രാകൃതരുമാണ്. വിഗ്രഹാരാധകരായ ആളുകളിൽനിന്ന് ഇവർക്കുള്ള വ്യത്യാസം അവരുടെ താടിയും, തലേക്കെട്ടും, കുപ്പായവും മാത്രമാണ്.ഇവർ ഏതെങ്കിലും മുഹമ്മദീയരെയോ, വിഗ്രഹാരാധകരേയോ പിടികൂടിയാൽ കയ്യിലുള്ളതെല്ലാം പിടിച്ചു പറിക്കുക എന്നല്ലാതെ അപൂർവ്വമായേ അവരെ അടിമകളാക്കാറുള്ളൂ. അതല്ലെങ്കിൽ കനത്ത മോചനദ്രവ്യം നൽകാൻ കഴിയുന്ന ആളാകണം. ഏറ്റവും മോശം പെരുമാറ്റം ക്രിസ്ത്യാനികളോടാണ്. അവർ അടിമയായിത്തന്നെ മരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. അതല്ലെങ്കിൽ മോചനദ്രവ്യം കൊടുക്കുകയോ, മുഹമ്മദീയ മതത്തിൽ ചേരുകയോ വേണം. എങ്കിൽ അവർ വളരെ ബഹുമാനിക്കപ്പെടുകയും, സാധാരണയായി അവരുടെ പാറോയുടെ കപ്പിത്താനാക്കുക പോലും ചെയ്യും. അത്തരം ഒരു നൗക ആദ്യമായി പുറത്തിറക്കുമ്പോൾ അവരുടെ പ്രധാന ലക്ഷ്യം ആദ്യം കിട്ടുന്ന ക്രിസ്ത്യൻ അടിമയുടെ രക്തം കൊണ്ട് പുതിയ നൗക ആശീർവദിക്കുക ചെയ്യുക എന്നതാണ്. യൂറോപ്യന്മാരുടെ കൂട്ടത്തിൽ പോർട്ടുഗീസുകാരാണ് അവരുടെ പ്രാകൃതമായ രക്തബലിക്ക് ഏറ്റവും അധികം വിധേയരാകാറുള്ളത്. ഈ കാരണം കൊണ്ടാണ് അവർ ഈ കടൽകൊള്ളക്കാരെ തങ്ങളുടെ ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ ഇവരെ പിടികിട്ടിയാൽ മിക്കവാറും അവരെ ഗോവക്ക് കൊണ്ടുപോകും. അവിടെ ചങ്ങലയിൽ കപ്പലിലെ തുഴക്കാരാക്കുകയോ, കോട്ടയിൽ ചങ്ങലക്കിടുകയോ ചെയ്യും. അവിടെനിന്ന് രക്ഷപ്പെടാൻ പ്രയാസമാണ്. ഈ പ്രാകൃതർ മിക്കവാറും ഒരിക്കലും അവരുടെ ആളുകളെ രക്ഷിക്കാൻ ശ്രമിക്കാറില്ല. അല്ലെങ്കിൽ ഇങ്ങനെ പിടിക്കപ്പെടുന്നവർ അവരുടെ പാറോയുടെ കപ്പിത്താനോ മറ്റോ ആകണം. എങ്കിലും മിക്കവാറും ഒരിക്കലും പോർട്ടുഗീസുകാർ അവരെ വിട്ടു കൊടുക്കാറില്ല. മോചനദ്രവ്യം സ്വീകരിക്കുന്നതിനു പകരം അവരോടു ചെയ്ത ക്രൂരതയുടെ ശിക്ഷയായി തടവിൽ കിടന്നു മരിക്കട്ടെ എന്ന് കരുതുകയാണ് പതിവ്. [3][2][1]

കൊള്ളയും കൊലയുംതിരുത്തുക

 
കോഴിക്കോടിന് സമീപം കോട്ടക്കൽ ഇരിങ്ങലിലുള്ള കുഞ്ഞാലി മരക്കാരുടെ തറവാട് ഇപ്പോൾ മ്യൂസിയമായി സംരക്ഷിക്കപ്പെടുന്നു

വടകര നിന്ന് മൂന്നു മൈൽ മാറി കടലിൽ എട്ടു മൈൽ ദൂരത്തിൽ വെളിയം കല്ല് എന്ന ഈ പാറ കാണാം. കുഞ്ഞാലി മരക്കാന്മാർ പറങ്കികൾ കൊണ്ടുപോയി കൊന്നിരുന്ന രക്തസാക്ഷിത്വത്തിന്റെ കല്ല് എന്ന പാറയെക്കുറിച്ച് ഹാമിൽട്ടൺ പറയുന്നുണ്ട്. കോട്ടക്കലിലെ കൊള്ളക്കാർ ഒരു പറങ്കികപ്പൽ പിടിച്ചെടുത്ത് അതിലെ എല്ലാവരെയും ഇവിടെകൊണ്ടുവന്ന് ബലികൊടുത്തതിന്റെ ഓർമ്മക്കായാണ് ആ പാറക്ക് അങ്ങനെ പേര് വന്നതെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു.ഒരു ഇംഗ്ലീഷ് ഡോക്ടറും സഞ്ചാരിയുമായ ജോൺ ഫ്രെയറും മലബാറിലെ കടൽകൊള്ളക്കാരെയും, അവർ കടൽ യാത്രികരെ ബലി കൊടുക്കുന്ന ഈ പാറയെക്കുറിച്ചും പറയുന്നുണ്ട്. ഒരു കാർമലൈറ്റ് പുരോഹിതനായ ഫാദർ വിൻസെൻസോ 1656-57 കാലഘട്ടത്തിൽ എഴുതിയ ഒരു കത്തിൽ കൊള്ളക്കാരുടെ കയ്യിൽ പെടുന്ന ക്രിസ്ത്യൻ തടവുകാർ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും, ഈ പാറയെക്കുറിച്ചും പറയുന്നുണ്ട്. അവർ ചങ്ങലയിൽ വെയിലത്ത് വയലിൽ പണിയെടുക്കണം. കാര്യമായ മർദ്ദനവും ഉണ്ടാകും. പണി കഴിഞ്ഞാൽ നാറുന്ന തൊഴുത്തിൽ ചങ്ങലക്കിടും. വെറും മണ്ണിലാണ് അവർ ഉറങ്ങുന്നത്. കുടിക്കുന്നത് ചളിവെള്ളവും. ഭക്ഷണം ചീഞ്ഞ ചോറും അൽപ്പം ഉപ്പും. ആഴ്ചയിൽ പലതവണ അവരുടെ ഉടമസ്ഥന്റെ മുന്നിൽ കൊണ്ടുവന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട് അവരുടെ പരിചയക്കാർക്ക് നിർബന്ധിച്ച് കത്തുകളെഴുതിക്കും. തുടക്കത്തിൽ എത്ര കിട്ടിയാലും പോര എന്നായിരിക്കും. ഭീമമായ ഈ തുക നൽകാൻ വിസമ്മതിച്ചാൽ കൊടിയ പീഡനമായിരിക്കും. പണം നൽകാമെന്ന് സമ്മതിച്ച ശേഷം അതുകൊടുത്തില്ലെങ്കിൽ പീഡനമേറ്റു മരിക്കേണ്ടി വരും. പലപ്പോഴും അവരെ തലകീഴായി കെട്ടിത്തൂക്കും. അടിയിൽ നനഞ്ഞ വൈക്കോൽ കൂട്ടിയിട്ടു പുകയിടും. ചിലപ്പോൾ തറയിൽ വലിച്ചു കെട്ടി പഴുതാരയെക്കൊണ്ട് വയറിൽ കടിപ്പിക്കും.അത് പഴുത്ത് അസഹ്യമായ വേദനയുണ്ടാക്കും. പോർട്ടുഗീസുകാരുടെ ശക്തി ക്ഷയിച്ചതോടെ ഇവിടെ ഈ കടൽ കൊള്ളക്കാരുടെ ശല്യമാണ്. അവർ ഒരു കപ്പൽ കീഴടക്കിയാൽ തടവിലാകുന്ന ആദ്യത്തെ ഒന്നുകിൽ മുഹമ്മദീയ മതം സ്വീകരിക്കണം, അല്ലെങ്കിൽ കുഞ്ഞാലിപ്പാറയിൽ കൊണ്ടുപോയി ബലി കൊടുക്കും. കോഴിക്കോടു വച്ച് മാപ്പിളമാർ അവർ തടവിലാക്കിയിരിക്കുന്ന ക്രിസ്ത്യാനികളെ മോചനദ്രവ്യം നൽകി മോചിപ്പിക്കാൻ ആവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ച കാര്യവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. തങ്ങൾ തടവുകാരെ കണ്ടാൽ മോചനദ്രവ്യം ആവശപ്പെട്ട് അവരെ കൂടുതൽ പീഡിപ്പിക്കും എന്നതുകൊണ്ട് തങ്ങൾ പോയില്ല എന്നും ഈ പാതിരി രേഖപ്പെടുത്തുന്നു.[2][1]

കുഞ്ഞാലിയ്ക്ക് ശേഷംതിരുത്തുക

കുഞ്ഞാലിയുടെ മരണത്തോടെ മലബാറിലെ കടൽ കൊള്ളയുടെ പുഷ്കലകാലം കഴിഞ്ഞെങ്കിലും, പിന്നെയും രണ്ടു നൂറ്റാണ്ടോളം മലബാർ തീരത്ത് കടൽ കൊള്ള തുടർന്നിരുന്നു. കുഞ്ഞാലിക്കു ശേഷം സാമൂതിരി കൊള്ളക്കാരോട് വലിയ മമത കാണിക്കാതായതോടെ അവരുടെ സംരക്ഷണം വടകരയിലെ വാഴുന്നവർ ഏറ്റെടുത്തു എന്ന് ഡെ ലവാൽ സൂചിപ്പിക്കുന്നുണ്ട്. കൊള്ളയിലൂടെ വാഴുന്നവർ സമ്പന്നനായതോടെ കടൽ കൊള്ളക്കാരുടെ നേതാവ് എന്ന ചീത്തപ്പേര്‌ മാറണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിന്റെ ഭാഗമായി ഡച്ചുകാരുമായി വ്യാപാരബന്ധത്തിന്ശ്രമിച്ചു. അവർക്കു സ്വന്തം ചിലവിൽ കോട്ട കെട്ടി ക്കൊടുക്കാമെന്നുള്ള വാഗ്‌ദാനം വച്ചു. അലക്‌സാണ്ടർ ഹാമിൽട്ടൺ വടകരയിലെ രാജാവ് ഈ കാര്യവുമായി തന്നെ സന്ദർശിച്ച കാര്യം പറയുന്നുണ്ട്. ഫ്രഞ്ചുകാരും, ഡച്ചുകാരും, ഇംഗ്ളീഷുകാർ തലശ്ശേരിയിലും, കോഴിക്കോടുമാണ് ചരക്കെടുക്കാൻ പോകുന്നത്, തന്റെ രാജ്യവുമായി അവർ കച്ചവടം ചെയ്യുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പരാതി. കച്ചവട കപ്പലുകൾ കൊള്ളയടിക്കുന്ന രാജ്യം എന്ന ചീത്തപ്പേര് ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് ഹാമിൽട്ടൺ അദ്ദേഹത്തോട് തുറന്നു പറയുന്നുണ്ട്.[1]

കടൽകൊള്ളയുടെ പ്രധാന ആകർഷണം വൻ ലാഭം കിട്ടുന്ന മനുഷ്യവ്യാപാരമായിരുന്നു. അതായത് ധനികരായ തടവുകാരെ കനത്ത മോചനദ്രവ്യം വാങ്ങി വിട്ടയക്കുക, അല്ലാത്തവരെ വിൽക്കുക. ഇംഗീഷുകാർ അടിമകച്ചവടത്തിനെതിരെ കർശ്ശന നിലപാടെടുത്തതോടെ മലബാറിലെ കടൽ കൊള്ള സാവധാനം അവസാനിച്ചു.[4]

ആധുനിക കാലത്ത്തിരുത്തുക

 
2017 ഒക്‌ടോബർ 6-ന് ഏദൻ ഉൾക്കടലിൽ നടന്ന കടൽക്കൊള്ള ശ്രമം ഐഎൻഎസ് ത്രിശൂൽ പരാജയപ്പെടുത്തി.

കടൽകൊള്ള ഇന്നും നിലനിൽക്കുന്നു, പ്രധാനമായും കിഴക്കൻ പ്രദേശങ്ങളിലും തെക്കുകിഴക്കൻ ഏഷ്യ, അതുപോലെ വടക്കുകിഴക്കൻ, പടിഞ്ഞാറൻ ആഫ്രിക്കയിലെ ചില ജലാശയങ്ങളിലും ബ്രസീലിയൻ മേഖലയിലും. ഏറ്റവും കുപ്രസിദ്ധമായ ആധുനിക കടൽക്കൊള്ളക്കാർ സോമാലിയൻ ഉപദ്വീപിന് സമീപം പ്രവർത്തിക്കുന്നു.

വാണിജ്യക്കപ്പലുകളുടെ വലുപ്പവും മെച്ചപ്പെട്ട രീതിയിലുള്ള നാവിക റോന്തും സമുദ്രനിയമങ്ങളുടെ കർശനമായ നടത്തിപ്പും മൂലം കടൽക്കൊള്ള ഇക്കാലത്ത് കുറവാണ്. ഇന്ന്‌ ഇതിന്റെ സ്ഥാനം ഹൈജാക്കിങ്‌ ഏറ്റെടുത്തിരിക്കുകയാണ്‌. നിലവിൽ ഏറ്റവും കൂടുതൽ കടൽക്കൊള്ളകൾ നടക്കുന്നത് - ഒരു ടാങ്കർ പിടിച്ചെടുക്കൽ, അല്ലെങ്കിൽ ആയുധങ്ങൾ പോലുള്ള വിലപിടിപ്പുള്ള ചരക്കുകളുള്ള ഒരു കപ്പൽ, മോചനദ്രവ്യം നേടുക എന്ന ലക്ഷ്യത്തോടെയാണ്. കടൽക്കൊള്ള അന്താരാഷ്‌ട്രനിയമത്തിനെതിരായ ഒരു കുറ്റമായി കണക്കാക്കിയിട്ടുള്ളതുകൊണ്ട്‌ ഏതു രാഷ്‌ട്രത്തിന്റെ കപ്പലിനും കടൽക്കൊള്ളയിൽ ഏർപ്പെടുന്ന കപ്പലിനെ ആക്രമിക്കുന്നതിനും ആ കപ്പൽ തുറമുഖത്തു കൊണ്ടുവരുന്നതിനും ദേശീയത പരിഗണിക്കാതെ നാവികരെ വിസ്‌തരിക്കുന്നതിനും കുറ്റക്കാരാണെന്നു തെളിഞ്ഞാൽ ശിക്ഷിക്കുന്നതിനും കപ്പൽ കണ്ടുകെട്ടുന്നതിനും സ്വാതന്ത്യ്രമുണ്ട്‌. നിഷ്പക്ഷ രാജ്യങ്ങളിലെ വ്യാപാര കപ്പലുകളിൽ കപ്പലുകൾ, അന്തർവാഹിനികൾ, സൈനിക വിമാനങ്ങൾ എന്നിവയുടെ യുദ്ധസമയത്തെ ആക്രമണത്തിന് തുല്യമാണ് കടൽക്കൊള്ള. കടൽക്കൊള്ളക്കാരുടെ കപ്പലുകൾക്കും വിമാനങ്ങൾക്കും അവരുടെ ജോലിക്കാർക്കും ഒരു രാജ്യത്തിന്റെയും സംരക്ഷണം ലഭിക്കില്ല. പതാകയെ പരിഗണിക്കാതെ കടൽക്കൊള്ളക്കാരുടെ കപ്പലുകൾഏതെങ്കിലും രാജ്യത്തിന്റെ സേവനത്തിൽ കപ്പലുകളോ വിമാനങ്ങളോ പിടിച്ചെടുക്കുകയും അതിനായി അധികാരപ്പെടുത്തുകയും ചെയ്യാം.

ഐക്യരാഷ്ട്ര സഭ കടൽ കൊള്ള നേരിടുന്നതിനുള്ള നിയമ നിർമ്മാണത്തെ സംബന്ധിച്ച് നടത്തിയ പ്രഖ്യാപനത്തെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. [5]ആഗോള തലത്തിൽ ഉയർന്നു വരുന്ന ഭീഷണി എന്നുള്ള നിലയിൽ സാമുദ്രിക ഭീകരത തടയുന്ന കാര്യത്തിൽ മറ്റ് രാജ്യങ്ങളുമായി സഹകരിച്ചും ഇന്ത്യക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യാറുണ്ട്. ആധുനിക സാങ്കേതിക വിദ്യയും കൂടുതൽ സംരക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തി കടൽ കൊള്ളക്കാരുടെ ഭീഷണിയിൽ നിന്നും ഇന്ത്യൻ കപ്പലുകളെയും മറ്റ് യാനങ്ങളെയും രക്ഷിക്കുന്നതിന് വേണ്ടി സത്വര നടപടികൾ ഇന്ത്യൻ നേവിയും കോസ്റ്റ് ഗാർഡും സ്വീകരിക്കാറുണ്ട്.

സോമാലിയായിലെ കടൽകൊള്ളതിരുത്തുക

 
സൊമാലിയൻ പൈറസി മാപ്പ്

സൊമാലിയൻ ഗവൺമെന്റ് 1991ൽ തകർന്നപ്പോൾ, രാജ്യത്ത് തുടരുന്ന നിയമലംഘനങ്ങൾ ഒടുവിൽ പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ കടൽക്കൊള്ളയ്ക്ക് വഴിയൊരുക്കുമെന്ന് ആരും കരുതിയില്ല.[6] ഈ രാജ്യത്തിന് സമീപം ഏഷ്യ, പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് മെഡിറ്ററേനിയനിലേക്ക് കപ്പലുകളുടെ റൂട്ടുകളുണ്ട്. കൂടാതെ, ആഫ്രിക്കയിലെ ഇന്ത്യൻ റിവിയേരയിലെ തുറമുഖങ്ങളിലേക്കോ അവിടെനിന്നോ കപ്പലുകൾ പലപ്പോഴും ഇവിടെ സഞ്ചരിക്കുന്നു.

തുടക്കം, കാരണങ്ങൾതിരുത്തുക

1991-ൽ മുഹമ്മദ് സിയാദ് ബാരെയെ പുറത്താക്കിയതിന് ശേഷം സൊമാലിയ അരാജകത്വത്തിന്റെ പിടിയിലായി[7]. 90 ലക്ഷം ആളുകൾ പട്ടിണിക്കാരായി. സമ്പന്ന പടിഞ്ഞാറൻ രാജ്യങ്ങൾ ഇത് ഒരു അവസരായി മുതലെടുത്ത് സോമാലിയയുടെ ആഹാര സ്രോതസുകൾ കൊള്ളയടിക്കാനും സോമാലിയൻ തീരകടലിൽ ആണവ മാലിന്യങ്ങൾ തള്ളാനും തുടങ്ങി.[8][9]സർക്കാരില്ലായതോടുകൂടി, നിഗൂഢമായ യൂറോപ്യൻ കപ്പലുകൾ സോമാലിയൻ തീരത്തേക്ക് അടുത്തു തുടങ്ങി. വലിയ വീപ്പകൾ അവർ ആ കടലിൽ തള്ളി. തീരദേശ വാസികൾ രോഗികളായി. ആദ്യം വിചിത്രമായ തിണർപ്പ്, ഓക്കാനം, അംഗവൈകല്യമുള്ള കുട്ടികൾ. പിന്നീട് 2005 ലെ സുനാമിയിൽ നൂറുകണക്കിന് ചോരുന്ന വീപ്പകൾ തീരത്തടിഞ്ഞു. ആളുകൾ കൂടുതൽ വികിരണ രോഗങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. 300 ൽ അധികം ആളുകൾ മരിച്ചു. സോമാലിയയിലേക്കുള്ള യുഎൻ പ്രതിനിധി, അഹമ്മദു ഔൾദ്-അബ്ദല്ല പറഞ്ഞു: “ആരോ ഇവിടെ ആണവ വസ്തുക്കൾ നിക്ഷേപിക്കുകയാണ്. [8]കൂടാതെ ലഡ്ഡ്, കാഡ്മിയം, മെർക്കുറി തുടങ്ങിയ ലോഹങ്ങളും (ഹെവി മെറ്റൽസ്) ഉണ്ട്. നിങ്ങൾ പേരുപറഞ്ഞോളൂ അതിവിടെ ഉണ്ടായിരിക്കും.” മിക്കതിന്റേയും സ്രോതസ് യൂറോപ്യൻ ആശുപത്രികളും ഫാക്റ്ററികളുമായിരുന്നു .[9] ചുളുവ് ചിലവിൽ “നിക്ഷേപിക്കാൻ” അവർ അത് ഇറ്റലിയിലെ മാഫിയക്ക് കൊടുക്കുന്നു. യൂറോപ്യൻ സർക്കാരുകൾ ഇതിനെതിരെ എന്തു ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ, അഹമ്മദു ഔൾദ്-അബ്ദല്ല ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു: “ഒന്നും ചെയ്യുന്നില്ല. ഒരു ശുദ്ധീകരണവുമില്ല, ഒരു ധനസഹായവുമില്ല, ഒരു എതിർപ്പുമില്ല.” അതേ സമയം മറ്റ് യൂറോപ്യൻ വികസിത രാജ്യങ്ങളിലെ കപ്പലുകൾ സോമാലിയൻ കടലിലെ മത്സ്യസമ്പത്ത് കൊള്ളയടിച്ചു. അമിത മത്സ്യബന്ധനം കാരണം യൂറോപ്പ് അവരുടെ മത്സ്യങ്ങളെ മുഴുവൻ നശിപ്പിച്ചു. സംരക്ഷണമില്ലാത്തതിനാൽ സോമാലിയൻ തീരക്കടലിൽ നിന്നും പ്രതിവർഷം $30 ഡോളറിന്റെ ട്യൂണയും, ചെമ്മീനും, ഞണ്ടുകളുമാണ് യൂറോപ്യൻ മീൻപിടുത്തക്കപ്പലുകൾ നിയമവിരുദ്ധമായി തട്ടിക്കൊണ്ടു പോയത്. [8][6] പ്രാദേശിക മീൻപിടുത്തക്കാർക്ക് പെട്ടെന്ന് അവരുടെ ജീവിതം ഇല്ലാതെയായി. അവർ പട്ടിണിയിൽ ആയി. സോമാലിയൻ തീരകടലിൽ ആണവ മാലിന്യങ്ങൾ തള്ളുന്നവരേയും സോമാലിയൻ കടലിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നവരേയും നിയന്ത്രിക്കാൻ അവർ സ്പീഡ് ബോട്ടുകളിൽ കടലിലിറങ്ങി[8]സൊമാലിയയുടെ വോളണ്ടിയർ കോസ്റ്റ്ഗാർഡ് എന്നാണ് അവർ അവരെ വിളിച്ചത്.[6] [9] അവരിൽ ചിലർ പിന്നെ മുഴുവൻ സമയ കടൽകൊള്ള തുടങ്ങി. സോമാലിയൻ മുക്കുവർ കടൽകൊള്ളക്കാരായത്തിന്റെ സാഹചര്യം ഇതാണ്. [9] ഒരു കെമിക്കൽ ടാങ്കറിനെ പിടിക്കാമെന്ന പ്രതീക്ഷയിൽ നൂറുകണക്കിന് മൈലുകൾ ചെറിയ ബോട്ടുകളിൽ കടലിലൂടെ സഞ്ചരിക്കുന്നതിന്റെ അപകടസാധ്യതകൾ ഏറ്റെടുത്ത യുവാക്കൾക്ക് ചിലപ്പോൾ വിജയകരമായ ഒരു ദൗത്യത്തിന് ഒരു വർഷത്തെ പ്രാദേശിക ശമ്പളത്തിന് തുല്യമായ പ്രതിഫലം ലഭിക്കുമായിരുന്നു.

 
ഗൾഫ് ഓഫ് ഏഡനിലെ യുഎസ് നേവിയുടെ കൌണ്ടർ പൈറസി പ്രവർത്തനങ്ങൾ

കൊള്ളതിരുത്തുക

സോമാലിയൻ കടൽകൊള്ളക്കാർ കപ്പൽയാത്രക്കാരുടെ പേടിസ്വപ്‌നമാണ്. പക്ഷേ, ഈ കൊള്ള സോമാലിയയെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്തിയിരുന്നതായി റിപ്പോർട്ട്. ഇതിൽ ഏറ്റവും വിചിത്രമായ സംഗതി കൊള്ളപ്പണം കൊണ്ട് സോമാലിയൻ കടൽതീരമേഖലയ്ക്ക് പ്രത്യേക ഗുണമുണ്ടായിട്ടില്ലെന്നതാണ്. [10]പണം മുഴുവൻ തീരപ്രദേശത്തിൽ നിന്നു വിട്ടുമാറി നിൽക്കുന്ന നഗരങ്ങളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. രണ്ടു ദശകങ്ങൾ നീണ്ട ആഭ്യന്തരയുദ്ധമാണ് കടൽകൊള്ളക്കാരെ വളർത്തിവലുതാക്കിയത്. കൊള്ളക്കാരായി മാറിയവരിൽ ഭൂരിഭാഗം പേരും മുൻ മീൻപിടുത്തക്കാരായത്‌ കടലിൽ അവർക്ക് വ്യക്തമായ മേൽക്കോയ്മ നൽകി. [10]തീരപ്രദേശ മേഖലകളെല്ലാം ഇപ്പോഴും ഇരുട്ടിൽ തുടരുമ്പോൾ തൊട്ടപ്പുറമുള്ള നഗരങ്ങളെല്ലാം തന്നെ വൈദ്യുതിയുടെയും മറ്റു ഭൗതികസൗകര്യങ്ങളുടെയും കാര്യത്തിൽ വൻ കുതിച്ചുച്ചാട്ടമാണുണ്ടാക്കി കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അവിടെ ഭരണം നടത്തുന്നവർക്കു പോലും നിയന്ത്രിക്കാനാവാത്ത സാമ്പത്തികശക്തിയായി സോമാലിയൻ കൊള്ളക്കാർ മാറികഴിഞ്ഞു. കൂടാതെ ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന നെറ്റ്‌വർക്ക് സ്ഥാപിക്കാനായതും ആധുനിക ആയുധങ്ങളും ഉപകരണങ്ങളും സ്വന്തമാക്കാനായതും ഇവരുടെ പ്രഹരശേഷി പതിന്മടങ്ങ് വർധിപ്പിച്ചു.[10]

 
സോമാലിയൻ തീരത്ത് ഐഎൻഎസ് സുനൈന കടൽ കൊള്ളക്കാരെ പിടിച്ചപ്പോൾ അവരിൽ നിന്ന് പിടിച്ചെടുത്ത പതിനാറ് ആയുധങ്ങളും വെടിക്കോപ്പുകളും, 2018

ദുരിതങ്ങൾതിരുത്തുക

2005-2012 കാലഘട്ടത്തിൽ ആഫ്രിക്കയുടെ കൊമ്പിന് സമീപം സോമാലിയൻ കടൽക്കൊള്ളക്കാർക്ക് ലഭിച്ച മോചനദ്രവ്യം 339-413 മില്യൺ ഡോളറാണ്. [11]2010 ഏപ്രിൽ മാസത്തെ കണക്ക് അനുസരിച്ച് 20 കോടി രൂപയാണ് സാധാരണ ഒരു കപ്പലിന് മോചന ദ്രവ്യമായി സോമാലിയയിലെ കടൽ കൊള്ളക്കാർ വാങ്ങിയിരുന്നത് . 2010ൽ ഏപ്രിൽ വരെ 107 കപ്പലുകളാണ് സോമാലിയയിൽ ആക്രമിക്കപ്പെട്ടത്. ഇതിൽ 17 കപ്പലുകൾ കൊള്ളക്കാർ പിടിച്ചെടുത്തു. 309 തൊഴിലാളികളെ തടവുകാരാക്കിയതിൽ 7 പേർ കൊല്ലപ്പെട്ടു. [12] പൈറസി വരുമാനം സൊമാലിയയിൽ നിന്ന് ഒഴുകുന്നത് പ്രധാനമായും റിപ്പബ്ലിക് ഓഫ് ജിബൂട്ടി, കെനിയ, യുഎഇ എന്നിവയിലൂടെയാണ്. സോമാലിയൻ കടൽക്കൊള്ളക്കാരുടെ പ്രതിസന്ധി ഉൾപ്പെട്ടിരുന്ന എല്ലാവർക്കും തികച്ചും ഭയാനകമായിരുന്നു. ചില ഘട്ടങ്ങളിൽ, സംഭവങ്ങൾ ദിവസേന മാത്രമല്ല, ദിവസത്തിൽ പലതവണ സംഭവിച്ചു.[13]എന്നാൽ ആഴ്‌ചകളോളം, മാസങ്ങൾ, ചിലപ്പോൾ വർഷങ്ങളോളം ബന്ദികളാക്കിയ ആയിരക്കണക്കിന് നാവികരാണ് ശരിക്കും ഇതിന്റെ ആഘാതം വഹിച്ചത്. 62-ലധികം പേർ കടൽകൊള്ളക്കാരുടെ തടവിൽ ഇരിക്കേ മരിച്ചു, 25 പേർ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു.[7]

പ്രതിരോധംതിരുത്തുക

വിവിധ രാജ്യങ്ങളുടെ നാവികസേനകൾ സംയുക്തമായി പ്രതിരോധത്തിനിറങ്ങിയതോടെയാണ് കൊള്ള കുറച്ച് എങ്കിലും നിയന്ത്രണാധീനമായത്. [14] പരിമിതമായ ആദ്യ സംഘടിത പാശ്ചാത്യ നാവിക ഇടപെടൽ 2001-ൽ യു.എസ് നേതൃത്വത്തിലുള്ള സംയുക്ത ടാസ്‌ക് ഫോഴ്‌സ് 150-ന്റെ രൂപത്തിൽ രംഗത്തെത്തി.  2008-ഓടെ വേൾഡ് ഫുഡ് പ്രോഗ്രാം ഷിപ്പ്‌മെന്റുകൾ യൂറോപ്യൻ യൂണിയൻ നാവികസേനകൾ EU Navfor എന്ന സംഘമായി ചേർന്ന് സംരക്ഷിച്ചു.കപ്പലുകളിൽ  സായുധരായ കാവൽക്കാരെ ഏർപ്പെടുത്തിക്കൊണ്ട് സ്വകാര്യമേഖലയും പ്രതികരിച്ചു.  ഇത് ഉടൻ തന്നെ ഇൻഷുറൻസ് കമ്പനികളുടെ വ്യക്തമായ വ്യവസ്ഥയായി മാറി.[7] 2008 മുതൽ പ്രദേശത്തെ കടൽ കൊള്ള തടയാൻ ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലുകൾ ചരക്ക്‌ കപ്പലുകൾക്ക് അകമ്പടി നൽകി വന്നിരുന്നു.[15] [12]സോമാലിയൻ കടൽ കൊള്ളക്കാരുടെ പല കപ്പലുകളും രൂക്ഷമായ ആക്രമണങ്ങളിലൂടെ ഇന്ത്യൻ നാവിക സേനയുടേയും കോസ്റ്റ് ഗാർഡിന്റെയും പടക്കപ്പലുകള് പലപ്പോഴും തകർത്തിട്ടുണ്ട്[16] 2022 ഓഗസ്റ്റിൽ, ദി ഇന്റർനാഷണൽ ചേംബർ ഓഫ് ഷിപ്പിംഗ് ഉൾപ്പെടെ ആറ് അന്താരാഷ്ട്ര ഷിപ്പിംഗ് ഓർഗനൈസേഷനുകളുടെ ഒരു വ്യവസായ ഗ്രൂപ്പ് സോമാലിയൻ തീരത്തെ കടലിലെ കടൽക്കൊള്ള ഇനി ആഗോള ഷിപ്പിംഗിന് ഭീഷണിയല്ലെന്ന് പ്രഖ്യാപിച്ചു.[17]2018 മുതൽ കടൽക്കൊള്ളക്കാർ സോമാലിയൻ കടലിൽ നിന്ന് വാണിജ്യ കപ്പലുകളൊന്നും ആക്രമിച്ചിട്ടില്ലാത്തതിനാൽ 2023 ന്റെ തുടക്കം മുതൽ ഇന്ത്യൻ മഹാസമുദ്രം ഉയർന്ന അപകടസാധ്യതയുള്ള മേഖലയായി കണക്കാക്കില്ലെന്നും അവർ സൂചിപ്പിച്ചു.[17][18]പൈറസി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സോമാലിയൻ വംശജർ ഇപ്പോൾ യെമനിലേക്കും പുറത്തേക്കും ആയുധങ്ങളും ആളുകളെയും കടത്തുന്നതിലും  അറേബ്യൻ ഉപദ്വീപുമായുള്ള കൽക്കരി വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.[18]

കടൽകൊള്ള നടക്കുന്ന മറ്റ് ഇടങ്ങൾതിരുത്തുക

മലാക്ക കടലിടുക്ക്തിരുത്തുക

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന മലാക്ക കടലിടുക്ക് കടൽ കടൽക്കൊള്ളയാൽ ബാധിക്കപ്പെട്ട  ഒരു പ്രധാന ഇടമാണ്. മലേഷ്യയുടെ പടിഞ്ഞാറേ മൂലയിൽ നിന്ന് ഇന്തോനേഷ്യയിലെ ബിന്റാൻ ദ്വീപിന്റെ അറ്റം വരെ നീണ്ടുകിടക്കുന്ന മലാക്ക, സിംഗപ്പൂർ കടലിടുക്കുകൾ ആഗോള ഷിപ്പിംഗ് സൂപ്പർഹൈവേകളായി വർത്തിക്കുന്നു. മലാക്കാ കടലിടുക്കിലെ കടൽക്കൊള്ള ചരിത്രത്തിലുടനീളം സ്ഥിരമായി കാണപ്പെടുന്നു. രേഖകൾ പ്രകാരം ബിസി അഞ്ചാം നൂറ്റാണ്ടു മുതൽ കടൽകൊള്ളകൾ അവിടെ നടക്കുന്നു. കടൽകൊള്ളകൾ  ഒരുപക്ഷേ ഇതിലും കൂടുതൽ കാലം നടന്നിട്ടുണ്ടാകാം.  ആളുകൾ അത് റെക്കോർഡുചെയ്യാനും ഡോക്യുമെന്റുചെയ്യാനും തുടങ്ങിയതിന് മുമ്പ് എത്രയോ കാലം മുന്പേ മുതൽ തന്നെ. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പ്രധാന  കവാടം എന്ന  നിലയിൽ, അതിലേ ചരക്കുകൾ നിറച്ച കപ്പലുകളുടെ അനന്തമായ പ്രവാഹമുണ്ട്. [19]സമ്പത്ത്  കൊണ്ടുപോകുന്നു കപ്പലുകൾ വർത്തമാനകാലത്തെന്ന പോലെ ഭൂതകാലത്തിലും  കടൽക്കൊള്ളക്കാരെ ആകർഷിച്ചു.  അത് കൊളോണിയൽ ശക്തികളെ പത്തൊൻപതാം നൂറ്റാണ്ടിൽ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാൻ നയിച്ചു [19]

ഓരോ വർഷവും, 120,000-ത്തിലധികം കപ്പലുകൾ ഈ ജലപാതകളിലൂടെ സഞ്ചരിക്കുന്നു, ഇത് ലോകത്തിലെ സമുദ്ര വാണിജ്യത്തിന്റെ മൂന്നിലൊന്ന് വരും. ചൈനയും ജപ്പാനും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 70% മുതൽ 80% വരെ കടലിടുക്കിലൂടെയാണ് കടത്തിവിടുന്നത്.[20] സൂയസ് കനാൽ, ഈജിപ്ത്, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഉള്ള കവാടവും ഏറ്റവും പ്രധാനപ്പെട്ട ഇന്തോ-ചൈന മറൈൻ നാവിഗേഷൻ റൂട്ടുകളിലൊന്നും  ആയതിനാൽ  ഈ  കടലിടുക്കിൽ കടൽക്കൊള്ള നടക്കാറുണ്ട്. ഇവിടെ, പ്രദേശം വിശാലമാണ്, നിയമപാലകർക്ക്  കടൽകൊള്ള അമർച്ച ചെയ്യാൻ ഉള്ള വിഭവങ്ങൾ കുറവാണ് , സാധ്യതയുള്ള ലാഭം വളരെ വലുതാണ്. എന്നിരുന്നാലും, ഈ ഭാഗത്തെ കടൽക്കൊള്ളകൾ കുറയ്ക്കുന്നതിന് ഇന്തോനേഷ്യൻ, മലേഷ്യൻ, സിംഗപ്പൂർ സരക്കാരുകൾ സഹകരിച്ചു കൊണ്ട് ഉള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നു.[21]1995 നും 2013 നും ഇടയിൽ ലോകത്ത് നടന്ന കടൽക്കൊള്ളക്കാരുടെ ആക്രമണത്തിന്റെ 41% തെക്കുകിഴക്കൻ ഏഷ്യയിലായിരുന്നു. സോമാലിയ ഉൾപ്പെടുന്ന വെസ്റ്റ് ഇന്ത്യൻ മഹാസമുദ്രം വെറും 28%, പശ്ചിമാഫ്രിക്കൻ തീരത്ത് 18% മാത്രം. ആ വർഷങ്ങളിൽ, കടൽക്കൊള്ളയുടെ ഫലമായി തെക്കുകിഴക്കൻ ഏഷ്യൻ കടലിൽ 136 നാവികർ കൊല്ലപ്പെട്ടു - സൊമാലിയ കിടക്കുന്ന ആഫ്രിക്കയിലെ കൊമ്പിലെ എണ്ണത്തിന്റെ ഇരട്ടിയാണിത്, പശ്ചിമാഫ്രിക്കയിൽ സംഭവിച്ച മരണങ്ങളും മരണങ്ങളും കൂടിച്ചേർന്നതിനേക്കാൾ കൂടുതൽ.[20]

മലാക്ക കടലിടുക്കിന് ചുറ്റുമുള്ള  രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നിവ  വികസനത്തിന്റെ വിവിധ തലങ്ങളിലാണ്. ഈ രാജ്യങ്ങൾക്ക് കടലിടുക്കിലും അവരുടെ രാജ്യങ്ങളിലും വ്യത്യസ്തമായ മുൻഗണനകൾ ഉണ്ട്.  മുൻഗണന്നകളിൽ കടലിടുക്കിലെ സുരക്ഷാ കാര്യങ്ങൾ അല്പം പിന്നിലായി പോയത് കാരണം അവിടം കടൽക്കൊള്ളയ്ക്ക് പറ്റിയ ഒരു പ്രദേശം ആയി മാറി. 2004-ൽ, കടലിടുക്കിലെ കടൽക്കൊള്ളകൾ പരിഹരിക്കേണ്ടത് തങ്ങളാണെന്ന് അവർ തീരുമാനിച്ചു. ഈ പ്രാദേശിക തലത്തിൽ, കടലിടുക്കിൽ പ്രായോഗികവും സഹകരണപരവുമായ കടൽക്കൊള്ള വിരുദ്ധ നടപടികൾ നടപ്പിലാക്കുന്നതിനായി മലാക്ക സ്ട്രെയിറ്റ് പട്രോൾ (എംഎസ്പി) ആരംഭിച്ചു.[22]

മലാക്ക കടലിടുക്കിലെ കടൽക്കൊള്ളയുടെ കാരണങ്ങൾതിരുത്തുക
 1. നിയമപരമായ അധികാരപരിധിയും ബലഹീനതയും: രാജ്യാന്തര നിയന്ത്രണത്തിലെ ബലഹീനതകളുടെ ഫലമാണ് പല കടൽക്കൊള്ള സംഭവങ്ങളും. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസഷന്റെ SUA (Suppression of Unlawful Acts against the Safety of Maritime Navigation (SUA)) കരാർ പല രാജ്യങ്ങളും ഒപ്പുവെച്ചില്ല. കാരണം പ്രതിരോധത്തിനു പകരം ശിക്ഷയിൽ ആയിരുന്നു അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.  അതിൽ ഒപ്പ് വയ്ക്കാത്ത രണ്ട് രാജ്യങ്ങൾ മലേഷ്യയും ഇന്തോനേഷ്യയും ആയിരുന്നു. അവ മലാക്ക കടലിടുക്കിലെ രണ്ട് പ്രധാന രാജ്യങ്ങളാണ്. ഇതുകൂടാതെ, കടൽത്തീര സംസ്ഥാനങ്ങൾ പുറത്തുനിന്നുള്ള നിയമപാലകരെ അവരുടെ പ്രദേശത്തെ കടലിലേക്ക് കടക്കാൻ അനുവദിക്കാതെ അവരുടെ പരമാധികാരം സംരക്ഷിക്കാൻ ശ്രമിച്ചു.  ഇത് കടൽക്കൊള്ളക്കാരെ പിടികൂടുന്നതിൽ നിന്ന് രക്ഷപ്പെടാൻ അനുവദിച്ചു. കൂടാതെ, കടലിടുക്കിലെ പ്രദേശങ്ങൾക്ക്  അവകാശവാദങ്ങൾ ഉന്നയിക്കുന്ന രാജ്യങ്ങൾ സമുദ്രാതിർത്തികളിലെ  അനിശ്ചിതത്വത്തിലേക്ക് നയിച്ചു. ഇത് തർക്കമുള്ള അതിർത്തികൾ കടക്കുന്നതിലൂടെ പല കടൽക്കൊള്ളക്കാരെയും അവരെ നിയമപാലകർ  പിടികൂടുന്നതിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാൻ കാരണമായി[23].
 2. അനുകൂലമായ ഭൂമിശാസ്ത്രം: നിരവധി ദ്വീപുകളും കണ്ടൽക്കാടുകളും സുരക്ഷിത താവളങ്ങൾ നൽകുന്നതിനാൽ കടലിടുക്കിലെ കടൽക്കൊള്ളക്കാർക്ക്, പ്രത്യേകിച്ച് ഇരുട്ടിന്റെ മറവിൽ, കപ്പലുകളിൽ കയറാൻ അതിവേഗ ബോട്ടുകളിൽ ഈ ഒളിത്താവളങ്ങളില് നിന്ന്  പെട്ടെന്ന് പുറത്തുവരാൻ കഴിയും.  മിന്നല് വേഗത്തിൽ പുറത്ത് വന്നിട്ട് അവർ ആയുധങ്ങൾ ഉപയോഗിച്ച് കൊള്ള നടത്തിയിട്ട് പെട്ടന്ന് തിരിച്ച് പോയി അപ്രത്യക്ഷമാകുന്നു.  പ്രാദേശിക കടൽക്കൊള്ളക്കാർക്ക് കടലിനെ നന്നായി അറിയാം, അവർക്ക് മണൽ തിട്ടകൾ ,ആഴം കുറഞ്ഞ സമുദ്രഭാഗങ്ങൾ, പാറകൾ, മറ്റ് ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്നിവ വളരെ എളുപ്പത്തിൽ കടക്കാൻ കഴിയും. കണ്ടെയ്നർ കപ്പലുകൾക്കും   മത്സ്യബന്ധന യാനങ്ങൾക്കും ഉയർന്ന അപകടസാധ്യത ആണുള്ളത്. കാരണം അവയ്ക്ക് കടൽക്കൊള്ളക്കാർ സജ്ജീകരിച്ചിരിക്കുന്ന വേഗതയേറിയ മോട്ടോർബോട്ടുകൾ കൊണ്ടുള്ള ആക്രമണത്തിൽ നിന്ന് വേഗം രക്ഷപ്പെടാന് കഴിയില്ല. ഇന്തോനേഷ്യയിൽ  കടൽക്കൊള്ള ആക്രമണങ്ങൾ  ഏറ്റവും കൂടുതൽ ഒന്നുകിൽ തുറമുഖത്തോ അല്ലെങ്കിൽ ആയിരക്കണക്കിന് ദ്വീപുകൾക്കിടയിലോ ആണ് നടന്നിട്ടുള്ളത്.  ഷിപ്പിംഗ് പാതകളും ചില ഇന്തോനേഷ്യൻ ദ്വീപുകളും തമ്മിലുള്ള ഇടുങ്ങിയ ദൂരം, പ്രത്യേകിച്ച് ബത്താം പോലുള്ളവ, ഈ കടൽക്കൊള്ളയെ സുഗമമാക്കാൻ സഹായിക്കുന്നു. തിരക്കേറിയ ചാനൽ കാരണം കപ്പലുകൾ ശ്രദ്ധാപൂർവ്വം നാവിഗേറ്റ് ചെയ്യണമെന്ന അവസ്ഥയും കപ്പലുകൾക്ക് കാര്യങ്ങൾ പാടുള്ളതും കൊള്ളക്കാർക്ക് കാര്യങ്ങൾ എളുപ്പമുള്ളതും ആക്കുന്നു. ബൾക്ക് വാഹകരും വലിയ കപ്പലുകളും വേണം കുറഞ്ഞ വേഗതയിൽ ആണ് യാത്ര ചെയ്യുക, അതിനാൽ കടൽക്കൊള്ളക്കാർക്ക്  അവയിൽ  കൂടുതൽ എളുപ്പത്തിൽ കയറാൻ കഴിയും. മുൻകൂർ അനുമതിയില്ലാതെ സുരക്ഷാ ബോട്ടുകൾക്ക് മറ്റൊരു രാജ്യത്തിന്റെ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ കഴിയില്ല എന്നതിനാൽ കടലകൊള്ളക്കാരെ  പിടിക്കുവാനും പാടാണ്. കടലിടുക്ക് ഇടുങ്ങിയത് ആയത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു.[23]
 3. സംഘർഷവും ക്രമക്കേടും: പല ഇന്തോനേഷ്യൻ കടൽക്കൊള്ളക്കാരും പ്രതിസന്ധിയുടെ ഫലമായി  കടൽക്കൊള്ളയിൽ ഏർപ്പെട്ടു. ഇന്തോനേഷ്യൻ സൈന്യവും ഇസ്ലാമിക വിമതരും തമ്മിലുള്ള, കഴിഞ്ഞ ദശാബ്ദങ്ങളിൽ രക്തരൂക്ഷിതമായ യുദ്ധമാണ് ആഷെയിൽ നടന്നത്.  ഇത് ഉപജീവനമാർഗങ്ങളുടെ നാശത്തിലേക്ക് നയിച്ചു.  ഇത് കാരണം ദരിദ്രനായ പ്രദേശത്തെ ജനങ്ങളെ കടൽ കൊള്ളയിലേക്ക് തിരിയാൻ നിർബന്ധിതരാക്കി. [24]
 4. നിയമ പാലനത്തിന് ആവശ്യത്തിന് ബഡ്ജറ്റ് ഇല്ലായ്മ: 1992-ൽ സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ എന്നിവ പ്രദേശത്ത് ശക്തമായ പട്രോളിംഗ് നടത്തി പ്രായോഗികമായി മലാക്ക കടലിടുക്കിലെ കടൽക്കൊള്ള ഭീഷണി ഇല്ലാതാക്കി. എന്നിരുന്നാലും, ആറുമാസത്തിനുശേഷം അതിന്റെ ചെലവ് കാരണം പട്രോളിംഗ് നിർത്തി. ആന്റിപൈറസി ഫണ്ടിംഗ് കുറവായതിനാൽ വികസ്വര രാജ്യങ്ങൾ നിയമം നടപ്പാക്കൽ ശേഷി വർദ്ധിപ്പിക്കുന്നതിൽ പിന്നാക്കം പോയി. ഈ മേഖലയിൽ സിംഗപ്പൂരിനും മലേഷ്യയ്ക്കും പിന്നിൽ പിന്നോക്കം പോയ ഇന്തോനേഷ്യയുടെ കാര്യത്തിൽ ഇത് തീർച്ചയായും സംഭവിച്ചു. ഇന്തോനേഷ്യയുടെ സുരക്ഷാ പ്രശ്‌നങ്ങൾ പ്രത്യേകിച്ചും 9/11 ന്നു ശേഷം  കൂടുതൽ കരയെ അടിസ്ഥാനമാക്കിയുള്ളവയായി. അത് സിംഗപ്പൂരിനെ പോലെ അതിന്റെ ഷിപ്പിംഗ് വ്യവസായത്തെ ആശ്രയിക്കാത്തതിനാലും, അവരുടെ  പ്രതിരോധ ബജറ്റിലെ പരിമിതികളും ആഭ്യന്തരമായി നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങളുടെ അളവും കാരണം അവരുടെ നിയമപാലക മുൻഗണനകൾ വേറെ ആയി. [24]
 5. അനുവദനീയമായ രാഷ്ട്രീയ അന്തരീക്ഷം: തെക്കുകിഴക്കൻ ഏഷ്യയിൽ, രാഷ്ട്രീയ തലങ്ങൾ ദുർബലമായി തുടർന്നു; വർദ്ധിച്ചുവന്ന സാമ്പത്തിക വളർച്ചയുമായി പൊരുത്തപ്പെടാൻ അവർക്ക് കഴിഞ്ഞില്ല, ഇത് കടൽക്കൊള്ള വീണ്ടും ഉയർന്നുവരുന്നതിനും ഫലപ്രദമായി നിയന്ത്രിക്കപ്പെടാത്തതിനും കാരണമായി. [24]
 6. സാംസ്കാരിക സ്വീകാര്യത: മലേഷ്യയിലെയും  ഇന്തോനേഷ്യയിലെയും മത്സ്യബന്ധന സമൂഹങ്ങൾക്കുള്ളിൽ  കടൽക്കൊള്ള, കള്ളക്കടത്ത്, പിടിച്ചുപറി, റെയ്ഡിംഗ് എന്നിവയുടെ നീണ്ട ചരിത്രമുണ്ട്. പൈറസി മലാക്ക കടലിടുക്കിൽ നൂറ്റാണ്ടുകളായി സാംസ്കാരിക പാരമ്പര്യമായി കരുതിയിരുന്നു. ഇന്തോനേഷ്യയിൽ, കടൽക്കൊള്ളക്കാർ പലപ്പോഴും ഒരു കുടുംബത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. പണ്ട് സീസണിൽ മത്സ്യ വിളവ് കുറവായിരുന്ന സമയങ്ങളിൽ ഗ്രാമങ്ങൾക്കിടയിൽ കൊള്ളകൾ നടന്നിട്ടുണ്ട്[24]
 7. പ്രതിഫല വാഗ്ദാനം: പൈറസി കൂടുതലും നടക്കുന്നത് സാമ്പത്തിക കാരണങ്ങളാലാണ്, പ്രധാന കാരണം അതിനാൽ മോശം സാമ്പത്തിക സാഹചര്യങ്ങൾ ആണ്.  1997 ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി കാലത്ത് കുറഞ്ഞ വരുമാനമുള്ളവർ വരുമാനത്തിനായി കടൽക്കൊള്ളയിലേക്ക് തിരിയുവാൻ പ്രോത്സാഹനം സൃഷ്ടിച്ചു. 1997 ന് ശേഷമുള്ള ഉയർന്ന തോതിലുള്ള പൈറസി തകർച്ചയുടെ തുടർച്ചയായ ആഘാതമാണെന്ന് വിശ്വസിക്കപ്പെട്ടു, കാരണം പലർക്കും ജോലി നഷ്ടപ്പെട്ടു. ഇത് മേഖലയിലെ ഉയർന്ന ദാരിദ്ര്യം വർദ്ധിപ്പിക്കുകയും ചെയ്തു . അത് കാരണം പലരും വരുമാനം ലഭിക്കുവാനായി കടൽ കൊള്ളയിലേക്ക് തിരിഞ്ഞു. 1997-ൽ  അഞ്ച് കടൽക്കൊള്ളക്കാർ ചേർന്ന് 5,000 ഡോളർ കൊള്ള ചെയ്താൽ, കൈക്കൂലിയും  പെട്രോൾ ചിലവും കഴിഞ്ഞ ശേഷം, ഓരോ കടൽക്കൊള്ളക്കാരനും ഏകദേശം $500-$700 വീട്ടിലേക്ക് കൊണ്ടുപോകുവാൻ കഴിഞ്ഞിരുന്നു എന്ന് കണക്ക് കൂട്ടപ്പെടുന്നു. ആ തുക, സിംഗപ്പൂരിന് ചുറ്റും ഉള്ള  ഇന്തോനേഷ്യൻ ദ്വീപുകളിലെ  ​​സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പുള്ള രണ്ട് മാസത്തെ ശമ്പളത്തിന് തുല്യമായ തുക ആയിരുന്നു. [24]

ദക്ഷിണ ചൈനാ കടൽതിരുത്തുക

 
ദക്ഷിണ ചൈനാ കടലിലെ കടൽക്കൊള്ള

കൂടുതലും മലേഷ്യക്കാരോ ഇന്തോനേഷ്യക്കാരോ ആണ് തെക്കൻ ചൈനാ കടലിലെ കടൽക്കൊള്ളക്കാർ.  കുത്സിത പ്രവർത്തനങ്ങൾ നടത്തുന്ന ഏറ്റവും അപകടകാരികളായ കടൽക്കൊള്ളക്കാരായി അവർ കണക്കാക്കപ്പെടുന്നു. ദക്ഷിണ ചൈനാ കടലിൽ കടൽക്കൊള്ള നടക്കുന്നത് മലേഷ്യൻ മേഖലയിലാണ്.  ഇത് മലേഷ്യൻ അധികാരികൾക്ക് ആശങ്കയുണ്ടാക്കുന്നു.[21]

ഗൾഫ് ഓഫ് ഗിനിയതിരുത്തുക

കടൽക്കൊള്ളക്കാരുടെ എണ്ണം ഈ മേഖലയിൽ കൂടി വരുന്നു.  ഗിനിയ ഉൾക്കടൽ വടക്ക്-പടിഞ്ഞാറൻ, തെക്കൻ ആഫ്രിക്കയുടെ (അംഗോള) ഒരു പ്രധാന ഭാഗത്ത് വ്യാപിച്ചുകിടക്കുന്നു. യൂറോപ്യൻ, അമേരിക്കൻ ഭൂഖണ്ഡങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ ടാങ്കറുകൾക്ക് ഇത് വളരെ പ്രധാനപ്പെട്ട ഒരു വ്യാപാര പാതയാണ്.  ഇത് കാരണം ഇവിടം  കടൽ കൊള്ളക്കാർക്ക് ഉചിതമായ ലക്ഷ്യമായി മാറുന്നു. ഇന്റർനാഷണൽ മാരിടൈം ബ്യൂറോയുടെ (ഐഎംബി) സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, അവിടെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാൽ 'പൈറസി' എന്ന പദത്തിന്റെ ശരിയായ നിർവചനത്തിന്റെ അഭാവത്തിൽ, പല ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയേക്കാമെന്ന് അനുമാനിക്കപ്പെടുന്നു.[21]

ബെനിൻതിരുത്തുക

ആഫ്രിക്കയിലെ ബെനിൻ കടൽക്കൊള്ളക്കാരുടെ മറ്റൊരു  പ്രദേശമാണ്. മറൈൻ ഷിപ്പിംഗിന്റെ കാര്യത്തിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലൊന്നായി ഈ പ്രദേശം പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ കടൽക്കൊള്ള ബാധിത പ്രദേശത്ത് കടൽക്കൊള്ളയെ പ്രതിരോധിക്കാൻ IMO വിവിധ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്, എന്നിരുന്നാലും നല്ല ഫലങ്ങൾ ഇനിയും കാണാനായില്ല.[21]

ഏദൻ ഉൾക്കടൽതിരുത്തുക

 
NNS Sokoto (P193), നൈജീരിയൻ നാവികസേനയുടെ ഒരു പട്രോളിംഗ് കപ്പൽ

ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ഏദൻ ഉൾക്കടൽ കടൽക്കൊള്ള നടക്കുന്ന മറ്റൊരു കടൽ പ്രദേശമാണ്. സൂയസ് കനാലിലേക്ക് നയിക്കുന്ന ഒരു പ്രധാന കടൽ  വ്യാപാര പാതയാണ് ഗൾഫ്, കൂടാതെ ഭൂമിശാസ്ത്രപരമായി  സൊമാലിയയുടെ അടുത്തായി ഇത് സ്ഥിതി ചെയ്യുന്നു. സൊമാലിയൻ കടൽക്കൊള്ളക്കാർ ഈ നാവിഗേഷൻ റൂട്ടിൽ നാശം വിതയ്ക്കുന്നു, ഇത് ലോകമെമ്പാടുമുള്ള അധികാരികൾക്കും ഷിപ്പിംഗ് കമ്പനികൾക്കും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.[21]

നൈജീരിയതിരുത്തുക

ആഫ്രിക്കയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള നൈജീരിയ കടൽക്കൊള്ളക്കാരുടെ പുരുഷാരമായി കണക്കാക്കപ്പെടുന്നു. കടൽക്കൊള്ളയുടെ ഭീഷണി ഈ മേഖലയിൽ വളരെ ഉയർന്നതാണ്, സമുദ്രത്തിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് ഏറ്റവും അപകടകരമായ മേഖലകളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു. നൈജീരിയൻ നാവിക അധികാരികൾ നൽകേണ്ട ഒരു സുരക്ഷാ കവചത്തിന്റെ അഭാവവും ഈ മേഖലയിൽ കടൽക്കൊള്ള വർദ്ധിക്കാൻ ഇടയാക്കുന്നു. വ്യാപകമായ പൈറസി ഭീഷണി കാരണം, പശ്ചിമാഫ്രിക്കയിലെ മുഴുവൻ മറൈൻ ബെൽറ്റിലൂടെയും ഷിപ്പിംഗ് നടത്തുന്നതിന്, അതുവഴി കൊണ്ടുപോകുന്ന ചരക്കുകൾക്ക് കനത്ത ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണെന്നും റിപ്പോർട്ടുണ്ട്. ആഫ്രിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും സൊമാലിയയിലും നടക്കുന്ന കടൽക്കൊള്ളയുടെ സംഭവങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ  മനസ്സിലാകുന്നത്, പശ്ചിമാഫ്രിക്കയിൽ പ്രവർത്തിക്കുന്ന കടൽക്കൊള്ളക്കാർ അവരുടെ സൊമാലിയൻ പ്രതിരൂപങ്ങളെക്കാളും  വളരെ താഴ്ന്ന നിലയിലാണ് പ്രവർത്തിക്കുന്നത് എന്നതാണ്.[21]

ഇന്തോനേഷ്യതിരുത്തുക

 
ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് ബൾക്ക്ലി (ഡിഡിജി 84) ലേക്ക് നിയോഗിക്കപ്പെട്ട നാവികർ ജാപ്പനീസ്, ദക്ഷിണ കൊറിയൻ കപ്പലുകൾക്കൊപ്പം സംയുക്ത പൈറസി അഭ്യാസത്തിനിടെ തിരച്ചിൽ, രക്ഷാപ്രവർത്തനം നടത്തുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ പൈറസി ബാധിത പ്രദേശങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ. കടൽക്കൊള്ളക്കാർ ലക്ഷ്യമിടുന്ന ചില പ്രദേശങ്ങൾ ആനംബാസ്, നതുന, മെരുണ്ടുങ് ദ്വീപുകൾ എന്നിവയാണ്, ഇവിടെ കടൽക്കൊള്ളക്കാർ പകൽ വെളിച്ചത്തിൽ നിന്ന് വ്യത്യസ്തമായി രാത്രികാലങ്ങളിൽ കപ്പലുകളെ ആക്രമിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് പിടിക്കപ്പെട്ട കടൽക്കൊള്ളക്കാർക്കെതിരെ ഇന്തോനേഷ്യൻ അധികൃതർ  കാര്യമായ ശിക്ഷാനടപ്പടികൾ എടുക്കാത്തതും അവരുടെ തണുത്ത പ്രതികരണവും ലോകമെമ്പാടും വലിയ ആശങ്കകൾ ഉയർത്തുന്നു.[21]

അറബിക്കടൽതിരുത്തുക

അറബിക്കടലിലെ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയായ പ്രദേശങ്ങളിലൊന്നാണ് ഒമാൻ ഉൾക്കടൽ. എന്നിരുന്നാലും, കടൽക്കൊള്ള ബാധിത പ്രദേശങ്ങളായ ഏദൻ, സോമാലിയൻ തീരങ്ങൾ എന്നിവയെ അപേക്ഷിച്ച് അന്താരാഷ്ട്ര സംഘടനകളും അധികാരികളും ഈ പ്രദേശങ്ങളിൽ അവർക്ക് നൽകേണ്ട സുരക്ഷാ പരിരക്ഷയുടെ വ്യാപ്തി കുറച്ചുകാണിച്ചു. അതിന്റെ കാരണങ്ങൾ പ്രധാനമായും ആ പ്രദേശത്ത് ഒരു ഫലപ്രദമായ സുരക്ഷാ കവചമായി  പ്രവർത്തിക്കാൻ വേണ്ടുന്ന ലഭ്യമായ നാവിക വിഭവങ്ങളുടെ  പരിമിതികളും പിന്നെ ഭൂമിശാസ്ത്രപരമായി ആ പ്രദേശത്തിന്റെ സ്ഥാനവുമാണ്.[21]

ഇന്ത്യൻ മഹാസമുദ്രംതിരുത്തുക

കടൽക്കൊള്ളക്കാരുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ പോകുന്ന കപ്പലുകളും ഇരയായിരുന്നു.  ഇവിടെ കൊള്ള ചെയ്യുന്ന കടൽക്കൊള്ളക്കാർ തകർന്ന രാജ്യമായ സോമാലിയയിൽ നിന്നുള്ളവരാണ്, കൂടാതെ ഇന്ത്യക്കാർക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്കും അവർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യൻ മഹാസമുദ്രം ഒഴിവാക്കാനാകാത്ത ഒരു സമുദ്ര നാവിഗേഷൻ റൂട്ടായിരുന്നതിനാൽ, അത് പ്രശ്നത്തിന്റെ സ്വഭാവം വളരെ വ്യക്തമായി എടുത്തുകാണിക്കുന്നു.[21]

അവലംബംതിരുത്തുക

 1. 1.0 1.1 1.2 1.3 1.4 1.5 1.6 "മലബാറിലെ കടൽ കൊള്ളക്കാർ". ശേഖരിച്ചത് 2022-12-09.
 2. 2.0 2.1 2.2 "പുതിയ നൗക നീറ്റിലിറക്കാൻ വേണ്ടത് ക്രിസ്ത്യൻ അടിമയുടെ രക്തം! ഇസ്ലാമിലേക്ക് മാറിയില്ലെങ..." ശേഖരിച്ചത് 2022-12-09.
 3. ഡെല്ലൻ, ചാൾസ് ഗബ്രീയേൽ (1812). ACCOUNT OF THE INQUISITION AT GOA. London: LONGMAN AND CO. CRADOCK AND JOY, AND B. CROSBY AND CO. LONDON.
 4. "മലബാറിലെ കടൽ കൊള്ളക്കാർ". ശേഖരിച്ചത് 2022-12-09.
 5. Desk 3, Web. "കടൽ സുരക്ഷിതത്വം; ഇന്ത്യ ഗൗരവകരമായ നിലപാട് എടുക്കണം; ഇ.ടി മുഹമ്മദ് ബഷീർ എംപി" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-09.
 6. 6.0 6.1 6.2 "Somali piracy: in search of remedies for a global malady" (ഭാഷ: ഇംഗ്ലീഷ്). 2012-01-17. ശേഖരിച്ചത് 2022-12-09.
 7. 7.0 7.1 7.2 "The-strange-death-of-Somali-piracy". ശേഖരിച്ചത് 09 ഡിസംബർ 2022. {{cite web}}: Check date values in: |access-date= (help)
 8. 8.0 8.1 8.2 8.3 admin (2009-04-14). "സോമാലിയയിലെ കടൽ കൊള്ളക്കാർ". ശേഖരിച്ചത് 2022-12-09.
 9. 9.0 9.1 9.2 9.3 "You Are Being Lied to About Pirates" (ഭാഷ: ഇംഗ്ലീഷ്). 2009-04-13. ശേഖരിച്ചത് 2022-12-09.
 10. 10.0 10.1 10.2 "worldstudy somalia pirates help economy aid". malayalam.oneindia.com ന്യൂസ് പോർട്ടൽ. Oneindia. ശേഖരിച്ചത് 9 ഡിസംബർ 2022.
 11. "കടൽക്കൊള്ളക്കാർ ഇപ്പോൾ നിലവിലുണ്ടോ? എല്ലാവരും വിശ്വസിക്കുന്ന അഞ്ച് കടൽക്കൊള്ളക്കാരുടെ കെട്ടുകഥകൾ". ശേഖരിച്ചത് 2022-12-09.
 12. 12.0 12.1 "സോമാലിയൻ കടൽകൊള്ള : ഇന്ത്യാക്കാരെ വിട്ടയച്ചില്ല « e പത്രം – World News – ലോക വാർത്തകൾ – ePathram.com" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-09.
 13. Intelligence, Maritime. "Death of Somali Piracy". https://lloydslist.maritimeintelligence.informa.com/LL1142059/The-strange-death-of-Somali-piracy. Informa. ശേഖരിച്ചത് 09 Dec 2022. {{cite web}}: Check date values in: |access-date= (help); External link in |website= (help)
 14. "സൊമാലി കടൽ കൊള്ളക്കാർ വീണ്ടും കപ്പൽ തട്ടിയെടുത്തു". ശേഖരിച്ചത് 2022-12-09.
 15. "കടൽ കൊള്ളക്കാരെ നേരിടാൻ ഇന്ത്യൻ പടക്കപ്പൽ « e പത്രം – World News – ലോക വാർത്തകൾ – ePathram.com" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-09.
 16. "കടൽ കൊള്ള : ഇന്ത്യയുടെ ശ്രമങ്ങൾക്ക് യു. എൻ. പിന്തുണ « e പത്രം – World News – ലോക വാർത്തകൾ – ePathram.com" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-09.
 17. 17.0 17.1 Raunek (2022-07-03). "What Are The Causes of Maritime Piracy in Somalia Waters?" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-09.
 18. 18.0 18.1 https://www.ft.com/content/3c67767c-301c-41b9-bbdc-189546dc04ef. {{cite news}}: Missing or empty |title= (help); Unknown parameter |News Site= ignored (help); Unknown parameter |Published by= ignored (help)
 19. 19.0 19.1 Louise Birchard, Emma (2020). Piracy in the Strait of Malacca. Radboud University Nijmegen. പുറങ്ങൾ. 28–29.
 20. 20.0 20.1 "The Most Dangerous Waters in The World". ശേഖരിച്ചത് 2022-12-09.
 21. 21.0 21.1 21.2 21.3 21.4 21.5 21.6 21.7 21.8 Network, MI News (2021-02-15). "10 Maritime Piracy Affected Areas around the World" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-09.
 22. Louise Birchard, Emma (2020). Piracy in the Strait of Malacca. Nijmegen: Radboud University Nijmegen. പുറം. 2.
 23. 23.0 23.1 Louise Birchard, Emma (2020). Piracy in the Strait of Malacca. Radboud University Nijmegen. പുറങ്ങൾ. 33–34.
 24. 24.0 24.1 24.2 24.3 24.4 Louise Birchard, Emma (2020). Piracy in the Strait of Malacca. Radboud University Nijmegen. പുറങ്ങൾ. 34–35.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കടൽക്കൊള്ള എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കടൽക്കൊള്ള&oldid=3903893" എന്ന താളിൽനിന്ന് ശേഖരിച്ചത്