ഔവാടുതുറ അയ്യിനിപ്പിള്ള ആശാൻ

'കോവളം കവികൾ' എന്നു വിളിക്കപ്പെട്ടിരുന്ന കവികളിലൊരാളാണ് ഔവാടുതുറ അയ്യിനിപ്പിള്ള ആശാൻ. ഭാരതംപാട്ടിന്റെ കർത്താവായ അനുജൻ അയ്യിപ്പിള്ളയായിരുന്നു ഈ ഗണത്തിലെ മറ്റൊരാൾ. ഭാഷയിലെ 'പാട്ടു'പ്രസ്ഥാനത്തിന്റെ ഒരു സവിശേഷഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ജനകീയ മഹാകാവ്യമായ രാമകഥപ്പാട്ട് രചിച്ചത് ഔവാടുതുറ അയ്യിനിപ്പിള്ള ആശാനാണ്.

ജീവിതരേഖതിരുത്തുക

1350-നും 1450-നും ഇടയ്ക്കാണ് ആശാന്റെ ജീവിതകാലമെന്നു കരുതപ്പെടുന്നു. ചിറയിൻകീഴിലുള്ള ശാർക്കരക്ഷേത്രത്തിന്റെ ഭരണാധികാരികളുടെ ജന്മഗൃഹമായിരുന്ന പഴയവീടാണ് ആശാന്റെ മൂലകുടുംബം. അദ്ദേഹം അക്ഷരജ്ഞാനമില്ലാത്ത ഒരു കൃഷിക്കാരനായിരുന്നു എന്നും ഒരു ദിവസം മാടം കാക്കാൻ അനുജനെ നിയോഗിച്ചിട്ട് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിൽ ശീവേലി തൊഴാൻ പോയെന്നും ദീപാരാധന കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോൾ ഒരു വൃദ്ധനെക്കണ്ട് അദ്ദേഹത്തോട് തനിക്ക് വല്ലതും വേണമെന്ന് അപേക്ഷിച്ചു എന്നും അപ്പോൾ അദ്ദേഹം ഒരു വാഴപ്പഴം കൊടുത്തത് ഭക്ഷിച്ചു എന്നും മാടത്തിലേക്കുള്ള യാത്ര പാട്ടു പാടിക്കൊണ്ടായിരുന്നു എന്നുമാണ്‌ ഐതിഹ്യം.[1]

കോവളം, മുള്ളുവിള പുരയിടത്തിൽ ആശാന്റെ വസതിയായിരുന്ന തെക്കേവീടിന്റെ അടിത്തറ അവശേഷിച്ചിട്ടുണ്ട്. അല്പം അകലെയായി ആശാനും അനുജനും ഒരുമിച്ചിരുന്നു കാവ്യരചനയും ഗാനാലാപവും ചെയ്തിരുന്ന ഒരു കെട്ടിടം ഉണ്ട്. അതിനടുത്തുള്ള കോവിൽവിളാകം പുരയിടത്തിലുള്ള ദുർഗാക്ഷേത്രത്തിന്റെ കന്യാകോണിൽ ആശാന്റെ ഭൌതികാവശിഷ്ടം ഉൾക്കൊള്ളുന്ന പീഠം സ്ഥിതിചെയ്യുന്നു. ആശാന്റെ നിർദ്ദേശപ്രകാരം ശിഷ്യന്മാർ കുഴിയുണ്ടാക്കിയെന്നും ആശാൻ അതിലിരുന്നു സമാധിപ്രാപിച്ചുവെന്നുമാണ് ഐതിഹ്യം. നായർ സമുദായാംഗമായ ആശാന്റെ ഗുരുവാണെന്നു കരുതപ്പെടുന്ന മണ്ണാന്റെ പ്രതിഷ്ഠയായ 'മർണാരമൂർത്തി'യുടെ സ്ഥാനം അതിനു സമീപമായി കാണാം.

രാമകഥാപ്പാട്ട്തിരുത്തുക

പലതരത്തിലും സവിശേഷതകൾ നിറഞ്ഞ ഒരു ഉത്കൃഷ്ടകാവ്യമാണ് രാമകഥപ്പാട്ട്. അസംഖ്യമാണ് അതിൽ ഉപയോഗിച്ചിരിക്കുന്ന ദ്രാവിഡവൃത്തങ്ങൾ; അവയുടെ പ്രയോഗം അത്യന്തം നിപുണമായ രീതിയിലും. സൂക്ഷ്മമായ ഫലിതവാസന, പ്രതിപാദ്യവുമായുള്ള തന്മയീഭാവം, സാധാരണക്കാരുമായി ഇഴുകിച്ചേരാനുള്ള കഴിവ്, സംഗീതം, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള അവഗാഹം, സംസ്കൃതം, തമിഴ്, മലയാളം എന്നീ ഭാഷകളിലുള്ള അസാമാന്യവൈഭവം, ജനങ്ങളെ സംസ്കാര സമ്പന്നരാക്കാനുള്ള ആസക്തി തുടങ്ങിയവ ആശാന്റെ കവിതയുടെ പ്രത്യേകതകളാണ്. ദ്രുതകവനത്തിന്റെ ചൈതന്യവും സശ്രദ്ധരചനയുടെ കലാകൌശലവും ഒത്തിണങ്ങിയ കാവ്യശൈലി ആശാനു സ്വായത്തമായിരുന്നു.

അവലംബംതിരുത്തുക

  1. ഉള്ളൂർ, കേരള സാഹിത്യ ചരിത്രം