ഓർത്തഡോക്സ്‌ സുറിയാനി സഭ

ഓർത്തഡോക്സ്‌ സുറിയാനി സഭ അല്ലെങ്കിൽ സുറിയാനി ഓർത്തഡോക്സ്‌ സഭ എന്നത്‌ ഒറിയന്റൽ ഒർത്തഡോക്സ് സഭയിലെ സ്വയശീർഷക സഭകളായ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയെയും മലങ്കര സഭ ഉൾപ്പെട്ട ഓർത്തഡോക്സ്‌ പൌരസ്ത്യ സഭയെയും പൊതുവായി വിളിയ്ക്കുന്ന പേരാണു്[അവലംബം ആവശ്യമാണ്]. ആംഗല ഭാഷയിൽ Orthodox Syriac Church എന്നും Orthodox Syrian Church എന്നും പ്രയോഗമുണ്ടു്. യാക്കോബായ സുറിയാനി സഭ എന്നും ഈ സഭകളെ വിളിയ്ക്കാറുണ്ടെങ്കിലും അപ്പോസ്തലിക സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പേരായതിനാൽ തെറ്റായ പേരാണതെന്നു് അവ സ്വയം കരുതുന്നു.

പൌരസ്ത്യ ക്രിസ്തീയത
Santisima virgen consolacion turin.jpg
ഓർത്തഡോൿസ്‌ സഭകൾ  · പൗരസ്ത്യം
സൂനഹദോസുകൾ  · സഭാപിളർപ്പുകൾ
പൗരസ്ത്യ ക്രിസ്തീയത
ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
ബൈസാന്ത്യ ഓർത്തഡോക്സ് സഭ
നെസ്തോറിയൻ കിഴക്കൻ സഭകൾ
പൗരസ്ത്യ രീതി സഭകൾ
മലങ്കര മാർത്തോമ്മാ സുറിയാനി സഭ
മലബാർ സ്വതന്ത്ര സുറിയാനി സഭ
പൗരസ്ത്യ കത്തോലിക്കാ സഭകൾ
ദൈവ ശാസ്ത്രം
പൗരസ്ത്യ ദൈവവിജ്ഞാനീയം
ക്രിസ്തു വിജ്ഞാനീയം
ത്രിത്വം  · ദൈവമാതാവ്
ആരാധനാക്രമങ്ങൾ
വിശുദ്ധ ഗ്രന്ഥം
പഴയ നിയമം  · പുതിയനിയമം
അപ്പോസ്തോലിക പിതാക്കൻമാരുടെ ലേഖനങ്ങൾ
പാശ്ചാത്യ ക്രിസ്തീയത
റോമൻ കത്തോലിക്കാ സഭ  · നവീകരണ സഭകൾ
ക്രിസ്തുമത വിഭാഗങ്ങൾ

നേതൃത്വംതിരുത്തുക

ഓർത്തഡോക്സ്‌ സുറിയാനി സഭയ്ക്കു് സംയുക്ത എപ്പിസ്കോപ്പൽ സുന്നഹദോസ് ഇല്ല. അന്ത്യോക്യാ പാത്രിയർക്കീസും പൗരസ്ത്യ കാതോലിക്കോസും പരസ്പരം മറ്റേസ്ഥാനിയുടെ ഭുമിശാസ്ത്രപരമായ അധികാരാതിർത്തിയിൽ ഇടപെടാതിരിയ്ക്കണമെന്നും അന്ത്യോക്യാ പാത്രിയർക്കീസിന്റെ തെരഞ്ഞെടുപ്പിനു് പൗരസ്ത്യ കാതോലിക്കോസിന്റെയും പൗരസ്ത്യ കാതോലിക്കോസിന്റെ തെരഞ്ഞെടുപ്പിനു് അന്ത്യോക്യാ പാത്രിയർക്കീസിന്റെയും അംഗീകാരം വേണമെന്നും അന്ത്യോക്യാ പാത്രിയർക്കീസ് തമ്മിൽ ഒന്നാമനും പൗരസ്ത്യ കാതോലിക്കോസ് തമ്മിൽ രണ്ടാമനും ആയിരിയ്ക്കണമെന്നുമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര സഭകളായ ഇരുവിഭാഗങ്ങളും സംയുക്തമായി പ്രവർത്തിച്ചിരുന്നു.[1]

അപ്രകാരം, ഓർത്തഡോക്സ്‌ സുറിയാനി സഭാസംവിധാനത്തിൽ പ്രധാനമേലദ്ധ്യക്ഷസ്ഥാനം അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ തലവനായ അന്ത്യോക്യാ പാത്രിയർക്കീസിനു് നല്കിയിരിയ്ക്കുന്നു. മലങ്കര സഭ ഉൾപ്പെട്ട ഓർത്തഡോക്സ് പൗരസ്ത്യസഭയുടെ തലവനായ പൗരസ്ത്യ കാതോലിക്കോസിനു് രണ്ടാം സ്ഥാനമാകുന്നു. ഒറിയന്റൽ ഒർത്തഡോക്സ് സഭാകുടുംബത്തിൽ അലക്സാന്ത്രിയൻ മാർപാപ്പ ഒന്നാമനും അന്ത്യോക്യാ പാത്രിയർക്കീസ് രണ്ടാമനും ആയിരിയ്ക്കുന്നതുപോലെയാണിതു്[2].

ഇപ്പോൾ ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ വിഭാഗങ്ങൾ എന്ന നിലയിൽ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയും ഓർത്തഡോക്സ് പൗരസ്ത്യസഭയും ഐക്യത്തിലല്ലെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ അംഗസഭകളെന്ന നിലയിൽ സഹോദരീസഭകളായി പ്രവർത്തിയ്ക്കുന്നു.

1980 സെപ്റ്റംബർ 14 മുതൽ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ് ബാവയാണു് അന്ത്യോക്യാ പാത്രിയർക്കീസ്‌; ആസ്ഥാനം: ദമസ്കോസ്.

2005 ഒക്ടോബർ 31-ആം തീയതി മുതൽ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവയാണു് പൗരസ്ത്യ കാതോലിക്കോസ്; ആസ്ഥാനം: ദേവലോകം.

പേരിനു് പിന്നിൽതിരുത്തുക

സഭാവിഭാഗം ഓർത്തഡോക്സ്‌ ആയതുകൊണ്ടും തക്സാഭാഷ സുറിയാനി ഭാഷയായതുകൊണ്ടും ആണു് ഓർത്തഡോക്സ്‌ സുറിയാനി സഭ എന്ന പേരു് ഈ സഭാവിഭാഗങ്ങൾക്കുണ്ടായതു്. ക്രിസ്തു സംസാരിച്ച ഭാഷയായ സുറിയാനി എന്ന അരമായഭാഷാഭേദത്തിന്റെ പ്രാദേശികരൂപങ്ങളിലൊന്നായപാശ്ചാത്യ സുറിയാനിയാണ്‌ ഈ സഭയുടെ അടിസ്ഥാന ആരാധനാ ഭാഷയെങ്കിലും മലയാളികളുടെയിടയിൽ ( കേരളത്തിൽ) മലയാളവും ഉപയോഗിയ്ക്കുന്നു.

യാക്കോബായ സുറിയാനി സഭ എന്ന പേരുണ്ടായതു് ആറാം നൂറ്റാണ്ടിൽ ഉറഹായുടെ മേലദ്ധ്യക്ഷനായ യാക്കൂബ് ബുർദാന പുനരുദ്ധരിച്ച സഭയായതുകൊണ്ടാണു്. സുറിയാനി ഓർത്തഡോക്സ്‌ സഭ അപ്പോസ്തോലിക സഭയല്ലെന്നും യാക്കോബായ സഭയാണെന്നും കല്ക്കദോൻ കക്ഷിയായ റോമാ സഭയും ബൈസാന്ത്യ സഭയും ആക്ഷേപിച്ചു. ഓർത്തഡോക്സെന്ന പദം പേരിന്റെ ഭാഗമാക്കിയതു് അതിനു് മറുപടിയായാണു്.

ചരിത്രംതിരുത്തുക

അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭ കിഴക്കൻറോമാ സാമ്രാജ്യത്തിലും ഓർത്തഡോക്സ് പൗരസ്ത്യസഭ റോമാ സാമ്രാജ്യത്തിനു് പുറത്തു് കിഴക്കും വികസിച്ച സഭകളാണു്.

അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭതിരുത്തുക

ഊർശലേമിൽ](ജറുസലേം) പെന്തിക്കൊസ്തി ദിവസം ഔപചാരികമായി നിലവിൽ വന്ന ക്രിസ്തീയസഭ കഠിനമായ പീഡനത്തെ നേരിട്ടപ്പോൾ പാലായനം ചെയ്യാൻ നിർബന്ധിതരായ സഭാനേതാക്കൾ അന്ത്യോക്യയെ ആണു് പ്രവർത്തനകേന്ദ്രമാക്കിയതു്. അവിടെവച്ചാണു് ക്രിസ്തുമാർഗ്ഗകാർക്ക് ക്രിസ്ത്യാനികൾഎന്ന പേരു് ലഭിച്ചതു് (അപ്പോ.11:26). വി.പത്രോസ്‌ അന്ത്യോക്യയിൽ ഭദ്രാസനപ്പള്ളി സ്ഥാപിച്ചതു് , അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ അതിന്റെ ആരംഭമായും റോമാ സഭ വി.പത്രോസിന്റെ സിംഹാസന സ്ഥാപനമായും കരുതുന്നു. അതു് ക്രി.വ. മുപ്പത്തിനാലിൽ ആണെന്നു് കണക്കാക്കപ്പെട്ടിരിയ്ക്കുന്നു. വിജാതീയർക്കനുകൂലനുകൂലമായി വിശുദ്ധ പൗലോസിന്റെ നിലപാടിനെ അനുകൂലിയ്ക്കുന്നവരായിരുന്നു അന്ത്യോക്യയിലെ ക്രിസ്ത്യാനികൾ.

നാലാം നൂറ്റാണ്ടായപ്പോഴേയ്ക്കും അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭ റോമാസാമ്രാജ്യത്തിലെ മൂന്നു് പാത്രിയർക്കാസഭകളിലൊന്നായി വളർന്നു. ക്രി പി 381-ലെ കുസ്തന്തീനോപ്പോലീസ്‌ (Constantinople) സൂനഹദോസിനു് ശേഷം അലക്സാന്ത്രിയ,റോമ, അന്ത്യോക്യാ മെത്രാപ്പോലീത്തമാരെ പാത്രിയർക്കീസ് എന്നു് വിളിച്ചു് തുടങ്ങി. അന്ത്യോക്യാപട്ടണവും ഓറിയൻസ്(കിഴക്കൻ) പ്രവിശ്യ മുഴുവനും ആയിരുന്നു അന്ത്യോക്യാ പാത്രിയർക്കീസിന്റെ ആത്മായാധികാരത്തിൻ കീഴിലുണ്ടായിരുന്നതു്.

451-ലെ കല്ക്കദോൻ സുന്നഹദോസു് മൂലമുണ്ടായപിളർപ്പിൽ കല്ക്കദോൻ വിരുദ്ധ കക്ഷിയായിമാറിയ സഭകളിലൊന്നാണു് അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭ. കല്ക്കദോൻ കക്ഷിയിൽ ചേർന്ന അന്ത്യോക്യാ സഭയിലെ വിഘടിത വിഭാഗം അന്ത്യോക്യാ ഓർത്തഡോക്സ്‌ സഭയെന്നും അന്ത്യോക്യാ മെൽക്കായ സഭയെന്നും അറിയപ്പെടുന്നു.അതു് ബൈസാന്ത്യ സഭയുടെ ഭാഗമാണു് കല്ക്കദോൻ കക്ഷി കിഴക്കൻ റോമാസാമ്രാജ്യത്തിലെ രാജകീയമതമായപ്പോൾ ഉറഹായുടെ മേലദ്ധ്യക്ഷനായ യാക്കൂബ് ബുർദാന അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയെ ജനകീയമതമായി കെട്ടിപ്പടുത്തു് തകർച്ചയിൽനിന്നും രക്ഷിച്ചു.

ഓർത്തഡോക്സ് പൗരസ്ത്യസഭതിരുത്തുക

റോമാ സാമ്രാജ്യത്തിനു് പുറത്തു് ഉറഹായിലും പേർഷ്യയിലും മലങ്കരയിലുമായിവികസിച്ച ക്രൈസ്തവസഭയാണു് ഓർത്തഡോക്സ് പൗരസ്ത്യസഭ. ക്രിസ്തു ശിഷ്യനും പന്തിരുവരിൽ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി സ്വീകരിയ്ക്കുന്നു. തോമാശ്ലീഹ അയച്ച അദ്ദായി ശ്ലീഹ ക്രി പി 37-ൽ ഉറഹായിലും മാർത്തോമാ ശ്ലീഹാ ക്രി പി 52-ൽ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു് വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണു് പേർഷ്യയിലെ സഭ.

ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാഷ്ട്രമായി ഉറഹാ(എഡേസ) തലസ്ഥാനമായ ഒഷ്റേൻ രാജ്യം മാറി.ഓശാനഞായറാഴ്ച സഭ ആദ്യമായി കൊണ്ടടിയതു് ഇവിടെയായിരുന്നു. അനേകകാലത്തേയ്ക്കു് ഉറഹാ പൗരസ്ത്യ രാജ്യങ്ങളിലെ ക്രിസ്തുമതപ്രവർത്തനങ്ങളുടെ ആസ്ഥാനമായിരുന്നു. ഉറഹായെ റോമാ സാമ്രാജ്യം കീഴടക്കിയപ്പോൾ പേർ‍ഷ്യയിലെ സെലൂക്യ —സ്റ്റെസിഫോൺ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു. ക്രി പി 410 മുതൽ പൗരസ്ത്യസഭയുടെ പൊതു മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസ് എന്നു് വിളിച്ചു് തുടങ്ങി.

ക്രി പി 489—543 കാലത്തു് പൗരസ്ത്യസഭയുടെ ഔദ്യോഗികവിഭാഗം നെസ്തോറിയ വിശ്വാസം സ്വീകരിച്ചപ്പോൾ ഓർത്തഡോക്സ് വിഭാഗത്തെ ഉറഹായുടെ മേലദ്ധ്യക്ഷൻ യാക്കൂബ് ബുർ‍ദാന ഓർത്തഡോക്സ് പൗരസ്ത്യ കാതോലിക്കാസനമാക്കി മാറ്റി. ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെയും അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെയും പൊതുമേലദ്ധ്യക്ഷനായാണു് 543-ൽ അലക്സാന്ത്രിയൻ‍ മാർ‍പാപ്പ തവോദോസിയോസ് ഉറഹായുടെ മേലദ്ധ്യക്ഷനെ (യാക്കൂബ് ബുർ‍ദാന) നിയമിച്ചതു്[3].

559-ൽ‍ ആഹൂദെമ്മെയെ യാക്കൂബ് ബുർ‍ദാന പൗരസ്ത്യസഭയിലെ പിൻ‍ഗാമിയാക്കി. ഏഴാം നൂറ്റാണ്ടിൽ (628) മാർ മാറൂഥ (മോറൂസോ)യുടെ കാലത്തു് തിൿരീത്തു് നഗരം ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായി. 7-9 നൂറ്റാണ്ടുകളിൽ (മാർ മാറൂഥയുടെ പിൻ‍ഗാമി മാർ‍ ദനഹയുടെകാലത്തും കഫർ‍തൂത്താ സുന്നഹദോസിലും) അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുമായി വ്യവസ്ഥാപിതമായ ബന്ധം ഉറപ്പിച്ചു. അന്ത്യോക്യാ പാത്രിയർക്കീസും പൗരസ്ത്യ കാതോലിക്കോസും പരസ്പരം മറ്റേസ്ഥാനിയുടെ ഭുമിശാസ്ത്രപരമായ അധികാരാതിർത്തിയിൽ ഇടപെടാതിരിയ്ക്കണമെന്നും അന്ത്യോക്യാ പാത്രിയർക്കീസിന്റെ തെരഞ്ഞെടുപ്പിനു് പൗരസ്ത്യ കാതോലിക്കോസിന്റെയും പൗരസ്ത്യ കാതോലിക്കോസിന്റെ തെരഞ്ഞെടുപ്പിനു് അന്ത്യോക്യാ പാത്രിയർക്കീസിന്റെയും അംഗീകാരം വേണമെന്നും അന്ത്യോക്യാ പാത്രിയർക്കീസ് തമ്മിൽ ഒന്നാമനും പൗരസ്ത്യ കാതോലിക്കോസ് തമ്മിൽ രണ്ടാമനും ആയിരിയ്ക്കണമെന്നുമുള്ള വ്യവസ്ഥകൾ നിലവിൽവന്നു. ഇരുസഭകളുടെയും സംയുക്ത പ്രവർത്തനം പൗരസ്ത്യ കാതോലിക്കോസുമാർ അന്ത്യോക്യാ പാത്രിയർക്കീസുമാരാകുന്നതിലേയ്ക്കും അവസാനം ഓർത്തഡോക്സ് പൗരസ്ത്യ കാതോലിക്കാസനം 1860-ഓടെ അന്ത്യോക്യാ പാത്രിയർക്കീസനത്തിൽ ലയിയ്ക്കുന്നതിലേയ്ക്കും എത്തിച്ചു. എന്നാൽ പരിശുദ്ധ അബ്ദുൽ‍‍ മിശിഹാ രണ്ടാമൻ പാത്രിയർക്കീസ് പൗരസ്ത്യ കാതോലിക്കാസനം പുനരുദ്ധരിപ്പിച്ചു് 1912-ൽ മലങ്കരയിലേയ്ക്കു് മാറ്റി.

മലങ്കര സഭ, പൗരസ്ത്യസഭയുടെ ഭാഗംതിരുത്തുക

 
ഉസ്മാനിയ്യ (ഓട്ടോമൻ) തുർക്കി സുൽത്താൻ അബ്ദുൽ ഹമീദ് (+1909)

ഉറഹായിലെയും പേർ‍ഷ്യയിലെയും സഭകളോടൊപ്പം തുടക്കം മുതൽ പൗരസ്ത്യ സഭയുടെ ഇടവകയായിരുന്നു മലങ്കര സഭ. ഭാരത സഭ ആദ്യകാലം മുതൽ‍‍ പേർ‍ഷ്യൻ സഭയുമായി വളരെ ബന്ധപ്പെട്ടാണു് വളർ‍ന്നുവന്നതു്[4].

ആ ബന്ധത്തിലേയ്ക്കു് വെളിച്ചം വീശുന്ന ഒന്നാണു് പേർ‍ഷ്യൻ ദേശത്തുനിന്നുള്ള ക്രിസ്തീയ കുടിയേറ്റ കഥ. ക്രി വ 345-ൽ ക്നായിത്തൊമ്മന്റെ നേതൃത്ത്വത്തിൽ ഉറഹക്കാരായ 72 കുടുംബങ്ങളും ഒരു യൗസേപ്പുമെത്രാനും കുടിയേറിയെന്ന പാരമ്പര്യം ക്നാനായ സമുദായം വച്ചുപുലർ‍ത്തുന്നുണ്ടു്. പേർ‍ഷ്യയിലെ സെസ്സനീഡ് രാജാക്കന്മാരുടെ മതപീഡനകാലത്തു് പേർഷ്യയിൽനിന്നുണ്ടായ കുടിയേറ്റമാണിതെന്നു് ചിലർ‍ കരുതുമ്പോൾ കുടിയേറ്റം 8-ആം നൂറ്റാണ്ടിലാണെന്നും കുടിയേറിയവർ‍ ആർ‍മീനിയരാണെന്നുമാണു് പൗളിനോസ് പാതിരി പൗരസ്ത്യഭാരതത്തിലെ ക്രിസ്തുമതം എന്നപുസ്തകത്തിൽ പ്രസ്താവിച്ചിട്ടുള്ളതു്.

ഒമ്പതാം നൂറ്റാണ്ടിൽ പേർഷ്യയിൽനിന്നു് (പൗരസ്ത്യ കാതോലിക്കാസനത്തിൽ നിന്നു്)വന്ന തരിസാക്കളുടെ പിന്തുണയില്ലായിരുന്നങ്കിൽ‍ മലങ്കര സഭ ഇല്ലാതായി മുഹമ്മദീയമായേനെ. പൗരസ്ത്യ കാതോലിക്കാസനവുമായുള്ള കൂട്ടായ്മയിലുടെ ആകമാന സഭയുടെഭാഗമായി വർത്തിച്ച മലങ്കര സഭ 1599-ൽ പരങ്കികൾ അടിച്ചേൽപിച്ച ഉദയമ്പേരൂർ സുന്നഹദോസിലൂടെ റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വന്നു.

1653-ൽ കൂനൻ കുരിശു് സത്യത്തിലൂടെ മോചനം നേടി . ജാതിയ്ക്കു് കർ‍ത്തവ്യനായ പൊതുഭാരശുശ്രൂഷനെ (പൊതുമാടൻ‍ ചെമ്മായിയെ) മെത്രാനായിവാഴിച്ചുകൊണ്ടു് ആ ആണ്ടിൽ‍‍ തന്നെ മലങ്കര സഭ എപ്പിസ്കോപ്പൽ സഭാശാസ്ത്രം സ്വീകരിച്ചു. മലങ്കര സഭയുടെ അപേക്ഷപ്രകാരം അന്ത്യോക്യാ പാത്രിയർക്കീസുകൂടിയായിരുന്ന പൗരസ്ത്യ കാതോലിക്കോസ് അബ്ദുൽ‍‍ മിശിഹാ ഒന്നാമൻഅയച്ച അബ്ദുൽ ജലീൽ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത 1865-ൽ‍‍ മലങ്കര സഭയെ മെത്രാപ്പോലീത്തൻ സഭയായി ഉയർത്തി. 1876-ലെ മുളന്തുരുത്തി സുന്നഹദോസിനു് ശേഷം വലിയ മെത്രാപ്പോലീത്തൻ സഭയുമായി മാറി. രണ്ടു് പൗരസ്ത്യ കാതോലിക്കോസുമാർ (മാർ ബസേലിയോസ് യെൽ‍ദോ ബാവയും മാർ ബസേലിയോസ് ശക്രള്ള ബാവയും) മലങ്കരയിൽ അജപാലനാർത്ഥം വന്നു് കബറടങ്ങി.

പൗരസ്ത്യ കാതോലിക്കാസനം 1860-ൽ അന്ത്യോക്യാ പാത്രിയർക്കാസനത്തിൽ ലയിച്ചതിനു് ശേഷം 1876-ലെ മുളന്തുരുത്തി സുന്നഹദോസോടെ മലങ്കര സഭ അന്ത്യോക്യാ പാത്രിയർക്കാസനത്തിന്റെ ആത്മീയഅധികാരത്തിൻ‍ കീഴിലായി.

ഓർത്തഡോക്സ്‌ സുറിയാനി സഭയിൽ പ്രതിസന്ധിതിരുത്തുക

 
അബ്ദുൽ‍‍ മിശിഹാ രണ്ടാമൻ പാത്രിയർക്കീസ്

1896-ലെ പാത്രിയർക്കാതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ‍ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭവിട്ടു് റോമൻ കത്തോലിക്കാസഭയിൽ ചേർ‍ന്നു് ഹോംസിലെ റീത്തു് മെത്രാപ്പോലീത്തയായ അബ്ദുല്ലമെത്രാൻ ഹമീദ് സുൽ‍ത്താനെ സ്വാധീനിച്ചു് അബ്ദുൽ‍‍ മിശിഹാ രണ്ടാമൻ പാത്രിയർക്കീസിന്റെ അധികാരപത്രം (ഫർമാൻ) റദ്ദാക്കിച്ചു് അബ്ദുല്ല രണ്ടാമൻ എന്നപേരിൽ എതിർ അന്ത്യോക്യാ പാത്രിയർ‍ക്കീസായതു് ഓർത്തഡോക്സ്‌ സുറിയാനി സഭയിൽ പ്രതിസന്ധിയുണ്ടാക്കി.

പിൽക്കാലത്തു് പൗരസ്ത്യ കാതോലീക്കോസായ ഔഗേൻ ബാവ അക്കാലത്തു് (1906-ൽ) അബ്ദുൽ‍‍ മിശിഹാ രണ്ടാമൻ പാത്രിയർക്കീസിനെ സന്ദർ‍ശിച്ചു് മലങ്കര സഭയ്ക്കു് സത്യവിശ്വാസം നിലനിറുത്താൻ വേണ്ടി പൗരസ്ത്യ കാതോലിക്കാസനം പുനരുദ്ധരിപ്പിച്ചു് മലങ്കരയിലേയ്ക്കു് മാറ്റുവാൻ സമ്മതിപ്പിച്ചു. മലങ്കരമെത്രാപ്പോലീത്തയുടെ ലൗകിക അധികാരങ്ങൾ അബ്ദുല്ല രണ്ടാമൻ ബാവയ്ക്കു് കൈമാറി ഉടമ്പടിനല്കണമെന്ന നിർ‍ദേശം പാലിയ്ക്കാത്തതിനു് മലങ്കരമെത്രാപ്പോലീത്ത വട്ടശേരിൽ ദിവന്നാസിയോസിനെ അബ്ദുല്ല രണ്ടാമൻ ബാവ 1911-ൽ‍ മുടക്കിയപ്പോൾ അബ്ദുൽ‍‍ മിശിഹാ രണ്ടാമൻ പാത്രിയർക്കീസ് മുടക്കു് റദ്ദാക്കി അദ്ദേഹത്തെ പുനഃസ്ഥാപിച്ചു. പിന്നീടു് മലങ്കരയിലെഴുന്നള്ളി പൗരസ്ത്യ കാതോലിക്കാസനം പൂർ‍ണമായി പുനഃരുദ്ധരിപ്പിച്ചു് ബസേലിയോസ് പൗലോസ് ഒന്നാമനെ മലങ്കരയിലെ ഒന്നാമത്തെ പൗരസ്ത്യ കാതോലിക്കോസായി വാഴിയ്ക്കുന്നതിനു് നേതൃത്വം നല്കി .

തിരികെ മർദീനിലെത്തിയ അബ്ദുൽ‍‍ മിശിഹാ രണ്ടാമൻ പാത്രിയർക്കീസിനു് പാത്രിയർക്കാഅധികാരമെല്ലാം തിരികെ ലഭിയ്ക്കുകയും 1915 ഓഗസ്റ്റ് 15-ആം തീയതി കാലം ചെയ്യുന്നതുവരെ പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ വാണരുളുകയും ചെയ്തു. എതിർ പാത്രിയർ‍ക്കീസ് അബ്ദുല്ല രണ്ടാമനു് മർദീനിൽ പ്രവേശിയ്ക്കാൻ പറ്റാത്തതിനാൽ ഊർശലേമിൽ തുടരുകയും കാഴ്ച നഷ്ടപ്പെട്ടു് യാതനകളനുഭവിച്ചു് കാലം ചെയ്തു. അബ്ദുൽ‍‍ മിശിഹാ രണ്ടാമൻ പാത്രിയർക്കീസിന്റെ അധികാരപത്രം (ഫർമാൻ) റദ്ദാക്കിയ ഓട്ടോമൻ‍ തുർ‍ക്കിയുടെ ഹമീദ് സുൽ‍ത്താൻ നേരത്തെതന്നെ വധിയ്ക്കപ്പെട്ടിരുന്നു. അബ്ദുൽ‍‍ മിശിഹാ രണ്ടാമൻ റിപ്പബ്ലിക്കൻവാദികളായ പ്രതിപക്ഷത്തെ സഹായിച്ചുവെന്നു് ബോദ്ധ്യപ്പെടുത്തിയാണു് വിമതർ സുൽ‍ത്താനെ സ്വാധീനിച്ചതു്.

അബ്ദുല്ലാ പാത്രിയർക്കീസും അദ്ദേഹത്തിന്റെ പിൻഗാമികളുമായ അന്ത്യോക്യാനേതൃത്വവും മലങ്കര നേതൃത്വവും തമ്മിൽ 1911—1929 കാലത്തും1934 —1958 കാലത്തും മലങ്കരയിൽ അധികാരമൽസരം നടന്നു.

 
അബ്ദുല്ല രണ്ടാമൻ പാത്രിയർ‍ക്കീസ്

സഭാസമാധാനവും തർക്കവുംതിരുത്തുക

1958-ൽ ഇന്ത്യൻ ഓർത്തഡോക്സ് കാതോലിക്കോസും അന്ത്യോക്യാ പാത്രിയർക്കീസും പരസ്പരം അംഗീകരിച്ചു. 1965-ൽ നടന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ ആഡീസ് അബാബ സുന്നഹദോസിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ ഇന്ത്യയുടെ പ്രതിനിധിയായി മലങ്കര ഓർത്തഡോക്സ് കാതോലിക്കയും പാത്രിയർക്കീസ് ബാവയുടെ കൂടെ പങ്കെടുത്തു. തുടർന്ന് 1974 ഇൽ  പൗരസ്ത്യ കാതോലിക്ക സ്വതന്ത്ര സഭാവാദം ഉയർത്തുകയും മാർത്തോമയുടെ സിംഹാസനം എന്ന ലെറ്റർ ഹെഡ് ഉപയോഗിക്കുകയും ചെയ്തു.തുടർന്ന് അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കോബ് മൂന്നാമൻ സുറിയാനി  ഓർത്തഡോക്സ് സഭയിൽ നിന്നും പുറത്താക്കി .തുടർന്ന് കിഴക്കിന്റെ കാതോലിക്കയായി മോർ ബസേലിയോസ് പൗലോസ് രണ്ടാമനെ വാഴിച്ചു.1974 ഇൽ‌ ഇന്ത്യയിലെ സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്നും പിരിഞ്ഞ് പോയവർ പിന്നീട് മലങ്കര ഓർത്തഡോക്സ് എന്നും ഇന്ത്യൻ ഓർത്തഡോക്സ് എന്നും അറിയപ്പെടുന്നു.സുറിയാനി ഓർത്തഡോക്സ് സഭയുടെ ( ഇന്ത്യയിൽ യാക്കോബായ സുറിയാനി സഭ) ഇപ്പോഴത്തെ കിഴക്കിന്റെ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ആണ്.

സുന്നഹദോസ് ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭുമിശാസ്ത്രപരമായ അധികാരാതിർത്തി പുതുക്കി നിശ്ചയിച്ചു

അന്ത്യോക്യാ പാത്രിയർക്കീസും പൗരസ്ത്യ കാതോലിക്കോസും തമ്മിൽ 1971-ൽ വീണ്ടും ആരംഭിച്ച അധികാരതർക്കത്തിൽ അന്ത്യോക്യാ പാത്രിയർക്കീസ് യാക്കൂബ് തൃതീയൻ തന്റെ കീഴിൽ 1975-ൽ ഒരു എതിർ പൗരസ്ത്യ കാതോലിക്കോസിനെ ബസേലിയോസ് പൗലോസ് രണ്ടാമനെന്ന പേരിൽ നിയമിച്ചു . ഈ തർക്കത്തിനു് തീർപ്പുണ്ടായതു് ഭാരത സുപ്രീം കോടതി 1995-ൽ വിധി കല്പിച്ചു് 2002-ൽ നടപ്പിൽവരുത്തിയതോടെയാണു്. മലങ്കരസഭയിലെ അന്ത്യോക്യാ പാത്രിയർക്കീസ് കക്ഷിയിലെ ഒരു വിഭാഗം സുപ്രീം കോടതി തീർപ്പിനോടു് യോജിച്ചു് ഐക്യ മലങ്കര സഭയിൽതുടർ‍ന്നു. സുപ്രീം കോടതി നിരീക്ഷണത്തിൽ നടന്ന സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ‍ തെരഞ്ഞെടുപ്പിൽ അവർ‍ പങ്കെടുത്തു.

സുപ്രീം കോടതി തീർപ്പിനോടു് ചെറുത്തുനിന്ന വിഭാഗം സുപ്രീം കോടതി നിരീക്ഷണത്തിൽ നടന്ന സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ‍ തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. അവർ‍ 2002 ജൂലയ് 6-നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെന്ന പേരിൽ പുതിയ സഭാഘടകം രൂപവൽക്കരിച്ചു് അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ അതിരൂപതയായിമാറി. ഈ അതിരൂപതയുടെ അദ്ധ്യക്ഷനു് അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിൽ കാതോലിക്കോസ് എന്നസ്ഥാനികനാമം അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ നിയമനം 1975-ൽ അന്ത്യോക്യാ പാത്രിയർക്കീസ് കക്ഷി വാഴിച്ച സമന്തര പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് പൗലോസ് രണ്ടാമന്റെ പിൻ‍ഗാമിയായിട്ടായിരുന്നില്ല.

2004 സെപ്തംബറിൽ അന്ത്യോക്യാ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ‍‍ ഇവാസ് പാത്രിയർക്കീസ്‌ ബാവയുടെ അദ്ധ്യക്ഷതയിൽ കേരളത്തിലെ മുളന്തുരുത്തിയിൽ‍ കൂടിയ എപ്പിസ്കോപ്പൽ സുന്നഹദോസ് ഓർത്തഡോക്സ്‌ സുറിയാനിസഭയുടെ വിഭാഗം എന്ന നിലയിൽ പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓർത്തഡോക്സ് പൗരസ്ത്യസഭയുമായുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചുകൊണ്ടു് പൗരസ്ത്യ കാതോലിക്കോസിന്റെ ഭുമിശാസ്ത്രപരമായ അധികാരാതിർത്തിയിൽ അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിലുള്ള ഭദ്രാസനങ്ങൾ ഉറപ്പിയ്ക്കുന്നതിനു് തീരുമാനിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെക്കൂടാതെ പൗരസ്ത്യ സുവിശേഷ സമാജം ,സിംഹാസനപ്പള്ളികൾ ,ക്നാനായ ഭദ്രാസനം തുടങ്ങിയവകൂടി ഉൾ‍‍പ്പെട്ടതാണു് പൗരസ്ത്യ സഭാഭരണാതിർത്തിയിലെ അന്ത്യോക്യാ പാത്രിയർക്കീസിന്റെ ഇടവക.

പൗരസ്ത്യ കാതോലിക്കസനമാകട്ടെ 2007-ൽ ശീമയിലെ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയിലുണ്ടായ പ്രതിസന്ധി മുതലെടുത്തു് അമേരിക്കയിൽ വിശുദ്ധ യാക്കോബിന്റെ നാമത്തിൽ സ്വതന്ത്ര അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയ്ക്കു് അംഗീകാരവും മേൽ‍പട്ടപിന്തുണയും കൊടുക്കുകയും യറോപ്പിൽ‍ സ്വതന്ത്ര അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ ഭദ്രാസനമുണ്ടാക്കി മെത്രാപ്പോലീത്തയെ വാഴിച്ചുവിടുകയും ചെയ്തു് അന്ത്യോക്യാ പാത്രിയർക്കീസിന്റെ ഭരണാതിർത്തിയിൽ വിഘടിതഘടകം ഉണ്ടാക്കിയിരിയ്ക്കുകയുമാണു്.

ഓറിയന്റൽ ഓർ‍ത്തഡോക്സ് കൺസൾ‍ട്ടേറ്റീവ് കമ്മറ്റിതിരുത്തുക

2004 ഒക്ടോബറിൽ അലക്സാന്ത്രിയൻ മാർപാപ്പയോടും ആർ‍മീനിയൻ‍ കിലിക്യാ കാതോലിക്കോസിനോടുമൊപ്പം ചെയ്ത സംയുക്ത പ്രസ്താവനയിൽ അന്ത്യോക്യാ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ പാത്രിയാർക്കീസ്‌ ബാവ ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ അംഗ സഭകളിലൊന്നായി പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓർത്തഡോക്സ് പൗരസ്ത്യസഭയെ ഇന്ത്യൻ ഓർത്തഡോക്സ് സഭയെന്ന പേരിൽ അംഗീകരിയ്ക്കുവാൻ സമ്മതിച്ചു. 2005 ജനുവരിയിൽ അംഗ സഭകളുടെ ഈരണ്ടു് പ്രതിനിധികളടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾ‍ട്ടേറ്റീവ് കമ്മറ്റി നിലവിൽ‍ വന്നു. 1975-ൽ പൗരസ്ത്യ കാതോലിക്കോസിനെ അന്ത്യോക്യാ പാത്രിയർക്കീസ് മുടക്കി എതിർ‍ പൗരസ്ത്യ കാതോലിക്കോസിനെ നിയമിച്ചതിനു് ശേഷം 1965-ലെ ആഡീസ് അബാബ സുന്നഹദോസ് മുതൽ നിലനിന്ന ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരം സമിതി നിലച്ചിരിയ്ക്കുകയായിരുന്നു.[5]

ഇതും കാണുകതിരുത്തുക

അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ

ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ

മലങ്കര സഭ

അവലംബംതിരുത്തുക

  1. മലങ്കര സഭാ ഭരണഘടനയിൽ പരാമർശിയ്ക്കുന്ന ഹൂദായ കാനോൻ
  2. പൗരസ്ത്യ ക്രൈസ്തവദർശനം എന്ന ഗ്രന്ഥത്തിൽ ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് , ;ദിവ്യബോധനം പബ്ലിക്കേഷൻസ്, സോഫിയാ സെന്റർ, കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11
  3. ബർ എബ്രായയുടെ(+1286) സഭാചരിത്രം
  4. ഭാരത സഭാചരിത്രം,റവ.ഡോ സേവ്യർ‍ കൂടപ്പുഴ
  5. സംയുക്ത പ്രസ്താവനയും കൺസൾ‍ട്ടേറ്റീവ് കമ്മറ്റിയും

പുറമേയ്ക്കുള്ള കണ്ണികൾതിരുത്തുക

ഡോ.ഡി.ബാബു പോളുമായുളള അഭിമുഖം