അന്താരാഷ്ട്ര നാണയനിധി

(ഐ എം എഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐ എം എഫ് (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് - International Monetary Fund) അഥവാ രാജ്യാന്തര നാണയ നിധി രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനമാണ്. 190 രാജ്യങ്ങൾ അംഗമായ ഐ എം എഫ് 1945ലാണു സ്ഥാപിതമായത്. രാജ്യാന്തര വ്യാപാരത്തിനും വിനിമയത്തിനും സൗകര്യമൊരുക്കുക, അംഗരാജ്യങ്ങൾക്ക് ബജറ്റ്, ധനകാര്യം, വിദേശ വിനിമയം എന്നിവ സംബന്ധിച്ചുള്ള സാങ്കേതിക സഹായം നൽകുക, വിനിമയ നിരക്ക് തിട്ടപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുക എന്നിവയാണ് രാജ്യാന്തര നാണയ നിധിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. വാഷിംഗ്‌ടൺ ഡി.സിയിലാണ് ഐ.എം.എഫിന്റെ തലസ്ഥാനം

ഐ.എം.എഫിന്റെ ചിഹ്നം

രൂപവത്കരണ പശ്ചാത്തലം

തിരുത്തുക

ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുകയും തൊഴിലില്ലായ്മ വർദ്ധിപ്പിക്കുകയും ചെയ്തു. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തെയും വിനിമയ സ്ഥിരതയെയും യുദ്ധം പ്രതികൂലമായി ബാധിച്ചു. യുദ്ധാനന്തര സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ 1944 ജൂലൈ ഒന്നു മുതൽ 22 വരെ അമേരിക്കയിലെ ന്യൂ ഹാംഷെയറിലെ ബ്രിട്ടൻ വുഡ്സിൽ 44 ലോകരാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ദ്ധർ ഒത്തുചേർന്നു. ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറാൻ രാജ്യാന്തര ബാങ്കിംഗ് സ്ഥാപങ്ങൾ വേണമെന്ന ഈ സമ്മേളനത്തിലെ നിർദ്ദേശമാണ് ഐ എം എഫിന്റെ രൂപവത്കരണത്തിനു പശ്ചാത്തലമായത്. ബ്രിട്ടൻ‌വുഡ് സമ്മേളനത്തിൽ ഉയർന്ന നിർദ്ദേശങ്ങളുടെ ചുവടു പിടിച്ചാണ് ഈ സ്ഥാപനം രൂപീകൃതമായത്. 44 രാജ്യങ്ങൾ തുടക്കത്തിൽ അംഗങ്ങളായി. നിലവിൽ 190 അംഗങ്ങൾ ഉണ്ട്

പ്രവർത്തന ശൈലി

തിരുത്തുക

അംഗരാജ്യങ്ങൾ നിയോഗിക്കുന്ന ഗവർണ്ണർമാരുടെ സംഘമാണ് ഐ എം എഫിന്റെ പരമോന്നത സമിതി. ഓരോ അംഗരാജ്യത്തിനും ഓരോഗവർണ്ണർമാരെ നിയമിക്കാം. എക്സിക്യുട്ടീവ് ഡയറക്ടർമാർ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. ആകെ 21 ഡയറക്ടർമാരാണുള്ളത്. ഇവരിൽ അഞ്ചു പേരെ നാണയ നിധിയിലേക്ക് ഏറ്റവും കൂടുതൽ വിഹിതം നൽകുന്ന അമേരിക്ക, ബ്രിട്ടൻ‍, ജർമ്മനി, ജപ്പാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ നിയമിക്കുന്ന. ശേഷിക്കുന്ന രാജ്യങ്ങൾക്കെല്ലാംകൂടി 16 ഡയറക്ടർമാരെ നിയമിക്കാനുള്ള അവകാശമേയുള്ളു.

"https://ml.wikipedia.org/w/index.php?title=അന്താരാഷ്ട്ര_നാണയനിധി&oldid=4114900" എന്ന താളിൽനിന്ന് ശേഖരിച്ചത്