കോൺഗ്രസ് (എസ്)

(ഐ.സി. (എസ്.) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1978-നും 1986-നുമിടയിൽ ഇൻഡ്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്) എന്ന കക്ഷി ഇന്ത്യയിൽ ഒരു ദേശീയ പാർട്ടിയായിരുന്നു. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് വിഘടിച്ചാണ് ഈ കക്ഷി രൂപപ്പെട്ടത്. ആദ്യകാലത്ത് ഈ പാർട്ടി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് (അരസ്) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഡി. ദേവരാജ് അരസ് ആയിരുന്നു പാർട്ടിയെ നയിച്ചിരുന്നത്. 1977-ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിക്കേറ്റ വൻ പരാജയത്തെത്തുടർന്നായിരുന്നു 1978-ൽ പാർട്ടി പിളർന്നത്. കർണാടക, കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള പല പാർലമെന്റംഗങ്ങളും അരസിന്റെയൊപ്പം ചേരുകയുണ്ടായി. പിന്നീട് എ.കെ. ആന്റണിയും, ശരദ് പവാറും, ദേവ് കാന്ദ് ബറുവയും, പ്രിയരഞ്ചൻ ദാസ് മുൻഷിയും, കെ.പി. ഉണ്ണികൃഷ്ണനും ഇക്കൂട്ടത്തിൽ കോൺഗ്രസ്സ് വിട്ടുപോയവരിൽ ഉൾപ്പെട്ടിരുന്നു.

1981-ൽ ശരദ് പവാർ പാർട്ടി പ്രസിഡന്റായപ്പോൾ പാർട്ടിയുടെ പേര് ഇൻഡ്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്) എന്നാക്കി മാറ്റി. [1] ഐ.സി. (എസ്.) എന്നായിരുന്നു ചുരുക്കെഴുത്ത്. 1986-ൽ ശരദ് പവാറും കക്ഷിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ലയിച്ചു.

ശരദ് ചന്ദ്ര സിൻഹയുടെ നേതൃത്വത്തിൽ ഒരു ഘടകം 1984-ൽ പാർട്ടിയിൽ നിന്ന് വിഘടിച്ച് ഇൻഡ്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്) - ശരദ് ചന്ദ്ര സിൻഹ എന്ന കക്ഷി രൂപീകരിച്ചു. ഈ ഘടകം 1999-ൽ ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്ന കക്ഷിയിൽ ലയിക്കുകയുണ്ടായി. [2]

കേരളത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ഒരു ചെറിയ ഘടകം കോൺഗ്രസ് (സോഷ്യലിസ്റ്റ്) എന്ന പേരിൽ തുടരുന്നുണ്ട്. ഈ കക്ഷി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്.

2007-ൽ എം.എ. ജോണിന്റെ നേതൃത്വത്തിൽ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (ഇടത്) ഈ കക്ഷിയിൽ ലയിക്കുകയുണ്ടായി.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Andersen, Walter K.. India in 1981: Stronger Political Authority and Social Tension, published in Asian Survey, Vol. 22, No. 2, A Survey of Asia in 1981: Part II (February , 1982), pp. 119-135
  2. "സ്പോട്ട്ലൈറ്റ്: മെർജർ വിത്ത് എൻ.സി.പി". ട്രിബ്യൂൺ ഇൻഡ്യ. 1999-06-11. Retrieved 2009-05-19.
"https://ml.wikipedia.org/w/index.php?title=കോൺഗ്രസ്_(എസ്)&oldid=2618692" എന്ന താളിൽനിന്ന് ശേഖരിച്ചത്