എൻ. രാമകൃഷ്ണൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

മുൻമന്ത്രിയും കോൺഗ്രസ് സേവാദൾ സംസ്ഥാന ചെയർമാനുമായിരുന്നു എൻ. രാമകൃഷ്ണൻ(13 മാർച്ച് 1941 - 1 ഒക്ടോബർ 2012). നാലും ഒൻപതും കേരള നിയമ സഭകളിലെ അംഗമായിരുന്നു. 1991-ലെ കരുണാകരൻ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു.[1] മന്ത്രി കെ.പി.വിശ്വനാഥൻ രാജിവെച്ചപ്പോൾ കുറച്ചുകാലം വനംവകുപ്പും കൈകാര്യം ചെയ്തു.

ജീവിതരേഖതിരുത്തുക

കണ്ണൂർ അഞ്ചരക്കണ്ടി മാമ്പ നാവത്ത് വീട്ടിൽ കോമത്ത് രാഘവന്റെയും നാരായണിയുടെയും മൂത്ത മകനായി ജനിച്ചു. ഇ. എസ്.എൽ.സി പഠിച്ചു. ബീഡിത്തൊഴിലാളിയായാണ് ജീവിതം തുടങ്ങിയത്. 1965-66ൽ ബീഡിത്തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി.) പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അഞ്ചരക്കണ്ടി മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കെ.പി.സി.സി. സെക്രട്ടറി, അവിഭക്ത കണ്ണൂർ ഡി.സി.സി. പ്രസിഡന്റ്, കെ.പി.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. 1971ലാണ് കണ്ണൂർ ഡി.സി.സി. പ്രസിഡന്റായത്. ഡി.സി.സി.ക്ക് പുതിയ മന്ദിരമൊരുക്കിയത് രാമകൃഷ്ണൻ പ്രസിഡന്റായിരുന്നപ്പോഴാണ്. 1970ൽ എടക്കാട്ടുനിന്ന് ട്രേഡ് യൂണിയൻ നേതാവ് സി.കണ്ണനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1977ലും അവിടെ മത്സരിച്ചെങ്കിലും തോറ്റു.

1978ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിയോടൊപ്പമായിരുന്നു രാമകൃഷ്ണൻ. 1980ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽനിന്ന് മത്സരിച്ചെങ്കിലും എൽ.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി കെ.കുഞ്ഞമ്പുവിനോടു തോറ്റു. '82ൽ മഞ്ചേശ്വരത്ത് മത്സരിച്ച അദ്ദേഹം സി.പി.ഐ.യിലെ ഡോ.സുബ്ബറാവുവിനോടും പരാജയപ്പെട്ടു. '91ൽ കണ്ണൂർ സീറ്റിൽനിന്ന് ജയിച്ച് മന്ത്രിയായി. '91 ജൂലായ് 22 മുതൽ '95 മാർച്ച് 16 വരെ മന്ത്രിയായി തുടർന്നു. '96ൽ കണ്ണൂരിൽ സീറ്റ് നിഷേധിച്ചപ്പോൾ സി.പി.എം. പിന്തുണയോടെ കോൺഗ്രസ് വിമതനായി മത്സരിച്ചെങ്കിലും കെ.സുധാകരനോടു തോറ്റു. പാർട്ടിയിൽനിന്നു പുറത്തായ രാമകൃഷ്ണൻ നാലുവർഷത്തിനുശേഷം വീണ്ടും സംഘടനയിൽ തിരിച്ചെത്തി.[2]

യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി, കണ്ണൂർ ഡി.സി.സി അംഗം, കണ്ണൂർ മുനിസിപ്പാലിറ്റി വികസന കോർപ്പറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂർ നഗരസഭാ ചെയർമാനായിരുന്നു. സംസ്ഥാന ചെയർമാൻമാരുടെ ചേംബേഴ്‌സ് ചെയർമാനായും പ്രവർത്തിച്ചു. ഹാൻവീവ് ചെയർമാൻ, ഖാദിബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഹൃദയാഘാതത്തെത്തുടർന്ന് 2012, ഒക്ടോബർ ഒന്നിന് അന്തരിച്ചു.[3]

അവലംബംതിരുത്തുക

  1. http://www.niyamasabha.org/codes/members/m564.htm
  2. http://www.mathrubhumi.com/online/malayalam/news/story/1858867/2012-10-02/kerala
  3. http://www.mathrubhumi.com/story.php?id=306496

യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി, കണ്ണൂർ ഡി.സി.സി അംഗം, കണ്ണൂർ മുനിസിപ്പാലിറ്റി വികസന കോർപ്പറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

"https://ml.wikipedia.org/w/index.php?title=എൻ._രാമകൃഷ്ണൻ&oldid=1923985" എന്ന താളിൽനിന്ന് ശേഖരിച്ചത്