എയ്ഞ്ചല ബെസെറ അസെവെഡോ 1957 ജൂലൈ 17 ന് കോളമ്പിയയിലെ കാലിയിൽ ജനിച്ച  കൊളമ്പിയൻ എഴുത്തുകാരിയാണ്. 2009 ൽ പ്ലാനെറ്റ-കാസ ഡെ അമേരിക്ക അവാർഡ് (പ്രിമിയോ പ്ലാനെറ്റ-കാസ ഡെ അമേരിക്ക), 2005 ൽ അസോറിൻ പ്രൈസ് (പ്രിമിയോ അസോറിൻ), 4 ചിക്കാഗോ ലാറ്റിൻ ലിറ്റററി അവർഡുകൾ എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എയ്ഞ്ചലയുടെ കൃതികൾ23 ഭാഷകളിലേയ്ക്കു മൊഴിമാറ്റം ചെയ്യപ്പെടുകയും 50 ൽ അധികം രാജ്യങ്ങളി‍ൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്പാനിഷ് ഭാഷ സംസാരിക്കുന്ന എഴുത്തുകാരിലെ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കൃതികളുടെ ഉടമയാണ് എയ്ഞ്ചല. ഗബ്രിയേൽ ഗാർഷ്യ മാർക്കേസിനു ശേഷം ഏറ്റവും കൂടുതൽ വായിക്കകുയും ചർച്ച ചെയ്യപ്പെടുകുയും ചെയ്ത എഴുത്തുകാരിയാണ് എയ്ഞ്ചല ബെസെറ. മാജിക്കൽ ഐഡിയലിസത്തിൻറെ ഉപജ്ഞാതാവായി അവർ വാഴ്ത്തപ്പെടുന്നു.

കൊളമ്പിയൻ പട്ടണമായ കാലിയിൽ മാർക്കോ ടുളിയോ ബാസെറായുടെയും സിലിയ അസെവെഡോയുടെയും ഏഴുമക്കളിൽ (5 പെൺമക്കളും 2 ആൺമക്കളും) അഞ്ചാമത്തെയാളായിട്ടാണ് അവരുടെ ജനനം. അവർ ജെ.എം. ബാരീയുടെ “പീറ്റർ ആന്റ് വെന്റി” എന്ന ആദ്യ പുസ്തകം വായിക്കുന്നത് തന്റെ ആറാമത്തെ വയസിലായിരുന്നു.  സാഹിത്യത്തിലേയ്ക്കുള്ള അവരുടെ ആകർഷണം നിർണ്ണയിക്കുന്നതിൽ ഈ പുസ്തകം വലിയ സ്വാധീനം ചെലുത്തിയിരുന്നു. നീരീക്ഷണങ്ങൾ, ഭാവന, നിശ്ശബ്ദത എന്നിവ സമന്വയിപ്പിച്ച്  ചെറുപ്രായത്തിൽ അവർ ആദ്യ കഥകൾ രചിച്ചുതുടങ്ങി. യൌവ്വനകാലം മുഴുവൻ അനേകം കവിതകളെഴുതുന്നതിൽ ബത്തശ്രദ്ധയായിരുന്നു.  ഇക്കാലത്തെഴുതിയ കഥകളുടെ സമാഹാരങ്ങൾ “അൽമ അബിയെർട്ട” (Open Soul) എന്ന പേരിൽ പുറത്തുവന്നിരുന്നു.

പതിനേഴാമത്തെ വയസിൽ എയ്ഞ്ചല ഹംബെർട്ടോ ടല്ലെസിനെ വിവാഹം കഴിച്ചു. 1980 കാലിയിൽ വച്ച് അവർക്ക് ഒരു മകൾ ജനിക്കുകയുണ്ടായി.

വിവാഹത്തിനും ശേഷം താൽക്കാലികമായി സാഹിത്യലോകത്തുനിന്നു പിൻവാങ്ങിയ അവർ സാമ്പത്തികശാസ്ത്രം പഠിക്കുകയും 1982 ൽ വാർത്താവിനിമയ പരസ്യ-ഡിസൈൻ കോഴ്സിൽ ഒരു ഓണേഴ്സ് ബിരുദമെടുക്കുകയും ചെയ്തു. ഇക്കാലത്ത് ഒരു അന്താരാഷ്ട്ര പരസ്യക്കമ്പനിയിൽ ക്രിയേറ്റീവ് ഡയറക്ടറായി ജോലി സമ്പാദിക്കുകയും ചെയ്തു.  1987 ൽ വിവാഹമോചനം നേടിയശേഷം അവർ ബഗോട്ടയിലേയ്ക്കു പോകുകയും അവിടെ പരസ്യ-ഡിസൈൻ മേഖലിയിലെ തന്റെ ജോലി വിജയകരമായി തുടരുകയും ചെയ്തു. അവരുടെ പരസ്യകലയിലെ സർഗ്ഗ സൃഷ്ടികൾകളുടെ പേരിൽ അനേകം അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. 1988 ൽ ഒരു പരസ്യദാതാവും എഴുത്തുകാരനുമായ ജോക്വിൻ ലോറെന്റെയുമായി കണ്ടുമുട്ടുകയും താമസിയാതെ വിവാഹിതരാകുകയും ചെയ്തു. അവർക്ക് 1993 ൽ ബാർസിലോണയിൽവച്ച് രണ്ടാമത്തെ മകളായ മരിയ ജനിച്ചു. എയ്ഞ്ചല ബാർസിലോണയിലേയ്ക്കു പോകുകയും അടുത്ത 13 വർഷങ്ങൾ സ്പെയിനിലെ ഒരു പ്രധാന പരസ്യ ഏജൻസിയിൽ ക്രിയേറ്റീവ് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു.  2000 ൽ അവർ തൊഴിൽരംഗത്തുനിന്ന് രാജിവയ്ക്കുകയും പൂർണ്ണമായി സാഹിത്യലോകത്തേയ്ക്കു ശ്രദ്ധ തിരിക്കുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=എയ്ഞ്ചല_ബെസെറ&oldid=2858234" എന്ന താളിൽനിന്ന് ശേഖരിച്ചത്