തമിഴ്‍നാട്ടിലെ കന്യാകുമാരി ജില്ലയിലെ കൽക്കുളം താലൂക്കിലാണ് ഇരണിയൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് ദേവസ്വം ബോർഡിന്റെ ചുമതലയിലാണ് ഇപ്പോൾ കൊട്ടാരം. തിരുവനന്തപുരം- കന്യാകുമാരി പാതയിൽ തമിഴ്‌നാട്ടിലെ തക്കലയ്ക്കു സമീപമാണ് ഇരണിയൽ കൊട്ടാരം. ഈ കൊട്ടാരത്തിന്റെ പഴയ പേര് തെക്കൻ തേവൻചേരിയിൽ കോയിക്കൽ കൊട്ടാരം എന്നാണ്. പതിനേഴാം നൂറ്റാണ്ട് വരെ പത്മനാഭപുരം പ്രചാരത്തിൽ വരുന്നത് വരെ വേണാട് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇരണിയൽ പട്ടണം. ചിലർ ഈ കൊട്ടാരത്തെ വസന്തമാളിക എന്നും വിളിച്ചുപോന്നിരുന്നു. പടിപ്പുരയും കുതിരമാളികയും വസന്തമണ്ഡപവും ഉൾപ്പെടുന്ന ഭാഗങ്ങൾ ചേർന്നതാണ് ഈ കൊട്ടാരം. അപൂർവ ദാരുശിൽപങ്ങളടക്കം ഉണ്ടായിരുന്ന കൊട്ടാരം നിലവിൽ തകർച്ചയിലാണ്. [1]

ഇരണിയൽ കൊട്ടാരം

ചരിത്രം

തിരുത്തുക

ചേര ഭരണകാലത്ത് പ്രശസ്തമായ ഇരണിയൽ നാട്ടുകൂട്ടത്തിന്റെ ആസ്ഥാനമായിരുന്നു ഈ പ്രദേശം. തിരുവിതാംകൂർ രാജാക്കന്മാർ സ്ഥാനാരോഹണത്തിന് മുമ്പ് ഇവിടെയെത്തി വസന്തമണ്ഡപത്തിൽ ഉടവാൾവെച്ച് നമസ്കരിക്കുന്ന പതിവുണ്ടായിരുന്നു.. ഇരണിയൽ കൊട്ടാരം കേന്ദ്രമാക്കി ആയിരുന്നു ഉമയമ്മറാണി ഭരണം നടത്തിയിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ രവികുലശേഖര പെരുമാൾ പശ്ചിമഘട്ടത്തിനു ഇപ്പുറമുള്ള ചെറിയ നാട്ടുരാജ്യങ്ങളെ പിടിച്ചടക്കി ഇരണിയൽ തലസ്ഥാനം ആക്കി. 1629ൽ രവിവർമ കുലശേഖരൻ ആസ്ഥാനം പത്മനാഭപുരം കൊട്ടാരത്തിലേക്ക് മാറ്റുന്നതുവരെ വേണാട് രാജാക്കന്മാർ ഇരണിയൽ കൊട്ടാരം കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നു. ഇരണിയൽ കൊട്ടാരത്തിൽനിന്നും പദ്‍മനാഭപുരം കൊട്ടാരത്തിലേക്ക് ഒരു ഭൂഗർഭ തുരങ്കം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു.

വാസ്തുവിദ്യ

തിരുത്തുക
 
രാജാക്കന്മാർ ഉപയോഗിച്ചിരുന്ന വെണ്ണക്കല്ലിൽ തീർത്ത കൊത്തുപണികൾ ഉള്ള ഒരു സപ്രമഞ്ച കട്ടിൽ

ഇന്നത്തെ ഇരണിയൽ കൊട്ടാര സമുച്ചയം മൂന്നര ഏക്കറിലധികം വിസ്തൃതിയിലാണ്. എന്നാൽ, പതിറ്റാണ്ടുകളുടെ അവഗണനമൂലം ഏറെയും ജീർണാവസ്ഥയിലാണ്. നിലവിൽ, കൊട്ടാരത്തിന്റെ തിരിച്ചറിയാവുന്ന മൂന്ന് ഭാഗങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.

  • പടിപ്പുര അല്ലെങ്കിൽ പ്രധാന കൊട്ടാരത്തിലേക്കുള്ള ഗംഭീരമായ പ്രവേശന കവാടം (ഇത് നിലവിൽ ആകെ തകർന്ന നിലയിലാണ്)
  • കുതിര മാളിക, കൊട്ടാരത്തിന്റെ പ്രധാന പ്രദേശം, അത് ഒരു ഇരുനില മുറ്റത്തെ വീടായിരുന്നു.
  • വസന്ത മണ്ഡപം, ഒരു ഉയർന്ന പ്ലാറ്റ്ഫോമിന് മുകളിൽ നിർമ്മിച്ച ഒരു വേർപെടുത്തിയ പവലിയൻ. മനോഹരമായ കൊത്തുപണികളാൽ നിറഞ്ഞിരിക്കുന്നു. കൊട്ടാര സമുച്ചയത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ട്രാവൻകൂർ - എ ഗൈഡ് ബുക്ക് ഫോർ ദി വിസിറ്റർ (1933) എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ എമിലി ഗിൽക്രിസ്റ്റ് ഹാച്ച് രേഖപ്പെടുത്തിയതുപോലെ, നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു അത്ഭുത സംഭവത്തിന്റെ സ്മാരകമായി വസന്ത മണ്ഡപത്തിൽ എപ്പോഴും കത്തുന്ന വിളക്ക് ഉണ്ടായിരുന്നു.[2]

കൊട്ടാര വളപ്പിനുള്ളിൽ ഒരു കുളവും ഉണ്ട്, അത് രാജകുടുംബം ഉപയോഗിച്ചിരിക്കാം. ഈ കുളത്തിന്റെ വശങ്ങൾ ഗ്രാനൈറ്റ് ബ്ലോക്കുകൾ ഉപയോഗിച്ചു കൃത്യമായി ബന്ധിച്ചിരിക്കുന്നു.[3][4][5][6]

നിലവിലെ അവസ്ഥ

തിരുത്തുക

തകർന്ന അവസ്ഥയിലാണ് ഇപ്പോൾ കൊട്ടാരവും അനുബന്ധ നിർമ്മിതികളും. കിഴക്കുഭാഗത്തായി പടിപ്പുരയും കുതിരമാളികയും പിറകിലുള്ള വസന്തമണ്ഡപവും പൂർണമായി തകർന്ന നിലയിലാണ്. യോഗമുറി എന്ന സന്ദർശനമുറിയുടെയും നടുമുറ്റത്തിന്റെയും അവശിഷ്ടങ്ങളിപ്പോഴും കാണാം.

  1. https://www.mathrubhumi.com/special-pages/keralapiravi-2024/explore-its-history-neglect-and-the-loss-kerala-suffered-due-to-the-division-of-its-heritage-1.10038718
  2. Emily Gilchriest Hatch (1933). Travancore: a guide book for the visitor. p. 223.
  3. "Royal remnant". The Hindu. 24 November 2007.
  4. "The palace that has become a skeleton". The Hindu. 18 July 2011.
  5. "Eraniel Palace: A Perishing Heritage Monument". onlinekanyakumari.com. Retrieved 2017-11-06.
  6. "The rise and fall of Eraniel palace, Sharat Sunder Rajeev". The Hindu. 17 June 2016. Retrieved 2017-11-06.
"https://ml.wikipedia.org/w/index.php?title=ഇരണിയൽ_കൊട്ടാരം&oldid=4133263" എന്ന താളിൽനിന്ന് ശേഖരിച്ചത്