ഇന്ത്യയുടെ സാമ്പത്തിക ചരിത്രം

കാർഷികവൃത്തിയിലും വാണിജ്യവൃത്തിയിലും ഊന്നിയിരുന്ന ഒരു സാമ്പത്തികവ്യവസ്ഥയിൽ നിന്നും ഉത്പാദനമേഖലയിലും സേവനമേഖലയിലും ഊന്നിയ സാമ്പത്തികവ്യവസ്ഥയിലേക്കുള്ള മാറ്റമാണ് ഇന്ത്യയുടെ സാമ്പത്തിക ചരിത്രം. 1947 ന് മുൻപ് ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രവും പിന്നീട് ഇന്ത്യ, പാകിസ്താൻ, നേപാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ആധുനിക രാഷ്ട്രങ്ങളുടെ ചരിത്രവുമാണ്.

ഈ ചരിത്രം സിന്ധു നദീതട സംസ്കാരത്തിന്റെ (ബി.സി 3300-1300) കാലം മുതൽക്ക് ആരംഭിക്കുന്നു. വ്യാപാരത്തിൽ കാര്യമായി ആശ്രയിച്ചായിരുന്നു അതിന്റെ സമ്പദ് വ്യസ്ഥ. മഹാജനപദങ്ങളുടെ (ബി. സി. 600) കാലത്ത് പഞ്ച് ചെയ്ത വെള്ളി നാണയങ്ങൾ പ്രചാരത്തിൽ വന്നു. വലിയതോതിലുള്ള വ്യാപാര പ്രവർത്തനങ്ങളും നഗരവികസനവും ഈ കാലയളവിൽ ഉണ്ടായി. മൌര്യ സാമ്രാജ്യത്തിന്റെ (ബി.സി 300) ആവിർഭാവത്തോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഒന്നിക്കുകയും, തത്ഫലമായുണ്ടായ രാഷ്ട്രീയ ഐക്യവും സൈനിക സുരക്ഷിതത്വവും ഒരു പൊതു സാമ്പത്തിക സംവിധാനത്തിനും മെച്ചപ്പെട്ട കാർഷിക ഉത്പാദനത്തിനും വ്യാപാരത്തിനും വഴിവെച്ചു.

മൗര്യ സാമ്രാജ്യത്തിനു ശേഷം ചോള, ഗുപ്ത, ഹർഷ, പാല തുടങ്ങിയ മദ്ധ്യകാല സാമ്രാജ്യങ്ങൾ നിലവിൽവന്നു. എ.ഡി. 1 നും 1000 നും ഇടയിലുള്ള ഈ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡം ലോകജനസംഖ്യയുടെയും മൊത്തം ഉത്പാദനത്തിന്റെയും മൂന്നിലൊന്ന് മുതൽ നാലിലൊന്ന് വരെ സംഭാവനചെയ്തു എന്നാണ് കണക്കുകൂട്ടൽ. ദില്ലി സുൽത്താനത്ത് (എ. ഡി. 1206 -1526) ഭരണകാലത്ത് ആയിരം വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ ജിഡിപി വളർച്ച ഇൻഡ്യയിൽ ഉണ്ടായി. മുഗൾ സാമ്രാജ്യത്തിനു കീഴിൽ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും വീണ്ടും ഒന്ന് ചേരുകയും, ശേഷം 1700 ആകുമ്പോഴേക്കും സാമ്രാജ്യം ഏറ്റവും വലിയ സമ്പദ്ഘടനയായിത്തീരുകയും ചെയ്തു. ഇത് ആഗോള ജിഡിപിയുടെ നാലിലൊന്ന് വരും.[1] [2]

മുഗൾ സാമ്രാജ്യകാലത്ത് ലോകത്തിലെ വ്യവസായ ഉത്പാദനത്തിന്റെ 25% ഉത്പാദിപ്പിച്ചിരുന്നത് ഇന്ത്യയിൽ ആയിരുന്നു.[3] [4] പ്രാചീനമായ വ്യാപാര ചരിത്രവും കൊളോണിയൽ പദവിയും കാരണം കൊളോണിയൽ ഇന്ത്യ അതിന്റെ ആരംഭകാലത്ത് ലോകവുമായി ഉയർന്ന തോതിലുള്ള വ്യാപാരവും നിക്ഷേപവും നിലനിർത്തി. [5] എന്നാൽ ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ വലിയതോതിലുള്ള അപവ്യവസായവത്കരണം നടപ്പിലാക്കി.[3] അതേസമയം പാശ്ചാത്യലോകത്തെ സാമ്പത്തിക, ജനസംഖ്യ വളർച്ചയും കൂടിയായപ്പോൾ ആഗോളസമ്പത്തിന്റെ ഇന്ത്യൻ പങ്ക് 1700 ലെ 24.4% ത്തിൽ നിന്നും 1950 ൽ 4.2% ലേക്ക് കൂപ്പുകുത്തി.[6] ആഗോള വ്യവസായിക ഉൽപാദനത്തിന്റെ വിഹിതം 1750 ലെ 25% ത്തിൽ നിന്നും 1900 ൽ 2% ആയും കുറഞ്ഞു.[3]

1947 ൽ സ്ഥാപിതമായ റിപ്പബ്ളിക് ഓഫ് ഇന്ത്യ അതിന്റെ സ്വതന്ത്ര്യാനന്തര ചരിത്രത്തിന്റെ ഭൂരിഭാഗവും കേന്ദ്രീകൃത ആസൂത്രണ നയം സ്വീകരിച്ചു.[7] [8] 1991 ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം, കേന്ദ്രസർക്കാർ സാമ്പത്തിക ഉദാരവൽക്കരണം ആരംഭിച്ചു, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനകളിൽ ഒന്നായി ഇന്ന് അത് മാറിയിരിക്കുന്നു. [7] [9]

സിന്ധു നദീതട സംസ്കാരം

തിരുത്തുക
 
ഹാരപ്പൻ കാലഘട്ടം, ക്രി.മു. 2600-1900.

ക്രി.മു. 3500 മുതൽ 1800 വരെ നിലനിന്ന സിന്ധൂ നദീതട സംസ്കാരം ലോകത്തിലെതന്നെ അറിയപ്പെടുന്ന ആദ്യ നാഗരികതകളിൽ ഒന്നാണ്. അതിന്റെ പൌരന്മാർ കൃഷിയിലും മൃഗവളർത്തലിലും ഏർപ്പെടുകയും ചെമ്പ്, വെങ്കലം, ടിൻ എന്നിവകൊണ്ടുള്ള മൂർച്ചയുള്ള ആയുധങ്ങൾ നിർമ്മിക്കുകയും ചെയ്തു. അവർക്ക് മറ്റു നാഗരികതകളുമായി വാണിജ്യബന്ധങ്ങളും ഉണ്ടായിരുന്നു.[10] നദീതടത്തിലെ പ്രധാന നഗരങ്ങളായ ധോളാവീര, ഹരപ്പ, ലോഥൽ, മോഹൻജൊ ദാരോ എന്നിവിടങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുള്ള തെരുവുകളുടെയും ഓവുചാലുകളുടെയും ജലവിതരണസംവിധാനങ്ങളുടെയും അവശിഷ്ടങ്ങൾ സിന്ധുനദീതടവാസികൾക്ക് നഗരാസൂത്രണത്തിലുള്ള അറിവ് തെളിയിക്കുന്നു.

പുരാതന, മധ്യകാല സാഹചര്യങ്ങൾ

തിരുത്തുക

പ്രാചീന ഇന്ത്യയിൽ നിർണായകമായ അളവിൽ നഗരവാസികൾ ഉണ്ടായിരുന്നെങ്കിലും ജനസംഖ്യയുടെ ഭൂരിഭാഗവും ഗ്രാമങ്ങളിൽ ആയിരുന്നു താമസിച്ചിരുന്നത്. അവരുടെ സമ്പദ്വ്യവസ്ഥ വലിയതോതിൽ സ്വയംപര്യാപ്തവുമായിരുന്നു. കാർഷികവൃത്തിയായിരുന്നു അക്കാലത്തെ പ്രധാന തൊഴിൽമേഖല. കൈത്തറി, ഭക്ഷ്യ സംസ്ക്കരണം, കരകൗശല ഉത്പന്നങ്ങൾ തുടങ്ങിയ വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ നൽകുന്നതിനും ഗ്രാമത്തിലെ ഭക്ഷ്യാവശ്യങ്ങൾ നിറവേറ്റുന്നതിനും ഈ കൃഷി പര്യാപ്തമായിരുന്നു. കാർഷികവൃത്തിക്കു പുറമെ മരപ്പണി, വൈദ്യവൃത്തി, തട്ടാൻ തുടങ്ങിയ മേഖലകളിലെല്ലാം ജനങ്ങൾ ഏർപ്പെട്ടു. [11]

നാണയങ്ങൾ

തിരുത്തുക
കോസല മഹാജനപഥത്തിലെ വെള്ളി നാണയങ്ങൾ. ക്രി.മു. 525
അവന്തി മഹാജനപഥത്തിലെ വെള്ളി നാണയങ്ങൾ. ക്രി.മു. 400

ക്രി.മു. 5-ാം നൂറ്റാണ്ടിൽ തന്നെ ഗംഗാതീരങ്ങളിൽ വെള്ളിനാണയങ്ങൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബാർട്ടർ വ്യവസ്ഥക്ക് തന്നെയായിരുന്നു പ്രചാരം കൂടുതലെങ്കിലും പല രാജ്യങ്ങളും ഭരണാധികാരികളും പുറപ്പെടുവിച്ച നാണയങ്ങൾ അക്കാലത്ത് വ്യാപകമായിരുന്നു. [12]  

മൌര്യ സാമ്രാജ്യം

തിരുത്തുക
 
മൌര്യ സാമ്രാജ്യം, 250 BC.

മൗര്യ സാമ്രാജ്യകാലത്ത് (ക്രി.മു. 321-185) ആദ്യമായി ഇന്ത്യയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഒരു ഭരണത്തിൻകീഴിൽ ഒന്നായിവന്നു. ഇന്ത്യൻ സമ്പദ്ഘടനയെ സംബന്ധിച്ച പ്രധാന മാറ്റങ്ങൾ പലതും നടക്കുന്നത് ആ കാലഘട്ടത്തിലാണ്. വ്യാപാര പാത കൂടുതൽ വിപുലവും സുരക്ഷിതവുമായിത്തീർന്നു. ഗണ്യമായതോതിൽ വിഭവങ്ങൾ റോഡുകൾ നിർമ്മിക്കാനും പരിപാലിക്കാനും വേണ്ടി ചിലവഴിച്ചു. മെച്ചപ്പെട്ട വാണിജ്യകേന്ദ്രങ്ങളും അവയുടെ സുരക്ഷയും വാണിജ്യമേഖല വിപുലപ്പെടാനും നാണയങ്ങളുടെ ഉപയോഗം വർദ്ധിക്കുന്നതിനും വഴിവെച്ചു. [13]

പശ്ചിമതീരം

തിരുത്തുക

14-ാം നൂറ്റാണ്ടു വരേക്കുള്ള കാലഘട്ടത്തിൽ ദക്ഷിണേന്ത്യയും ദക്ഷിണപൂർവ്വ, പശ്ചിമ ഏഷ്യൻ പ്രദേശങ്ങളും തമ്മിൽ സജീവമായ വാണിജ്യബന്ധം ഉണ്ടായിരുന്നു. മലബാർ, കൊറമാണ്ടൽ തീരങ്ങൾ എന്നിവ ബി.സി. ഒന്നാം നൂററാണ്ടുമുതലേ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളായിരുന്നു. മെഡിറ്ററേനിയൻ പ്രദേശവും തെക്കുകിഴക്കൻ ഏഷ്യയും തമ്മിലുള്ള ഇടനിലമായും ഈ പ്രദേശങ്ങൾ വർത്തിച്ചു.[14] ഇന്ത്യൻ മഹാസമുദ്രം കേന്ദ്രമാക്കി സ്വതന്ത്ര വ്യാപാര സമ്പ്രദായവും ഇക്കാലത്ത് നിലനിന്നിരുന്നു. തീരങ്ങളിലുള്ള രാജാക്കന്മാരോ, അതോ രാജാക്കന്മാരുമായി കരാറിലേർപ്പെട്ടിട്ടുള്ള വൻകിട വ്യാപാരികളോ ആയിരുന്നു ഇതിനു ചുക്കാൻ പിടിച്ചിരുന്നത്.

ദില്ലി സുൽത്താനത്ത്

തിരുത്തുക

1206 മുതൽ 1526 വരെ ദില്ലി ആസ്ഥാനമാക്കി ഭരിച്ചിരുന്ന അഞ്ചു ഇസ്ലാമികരാജവംശങ്ങളെയാണ്‌ ദില്ലി സുൽത്താനത്ത് എന്ന് പറയുന്നത്. അവർ ആഫ്രോ യൂറേഷ്യയുടെ വലിയ ഭാഗങ്ങൾ അധീനതയിലാക്കുകയും അവിടങ്ങളുമായുള്ള ചരക്കുകൾ, സാങ്കേതികവിദ്യകൾ, ആശയങ്ങൾ എന്നിവയുടെ കൈമാറ്റത്തിനു വഴിവെക്കുകയും ചെയ്തു. ശിഥിലമായിത്തുടങ്ങിയ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ലോകവ്യാപകമായി വ്യാപിപ്പിക്കുന്ന ഉത്തരവാദിത്തം അവർ ഏറ്റെടുത്തിരുന്നു. [15]

ഇന്ത്യയുടെ പ്രതിശീർഷ ജി.ഡി.പി. മധ്യപൗരസ്ത്യരേക്കാൾ താഴെയായിരുന്ന കാലത്തുനിന്ന് (എ.ഡി.1 ൽ16% കുറവ് ആയിരുന്നിടത്ത് നിന്ന് എ.ഡി. 1000 ൽ 40% കുറവ് വരെ) ദില്ലി സുൽത്താനത്ത് കാലഘട്ടത്തിൽ (1500 ൽ) അത് മധ്യപൂർവേഷ്യയുടെ പ്രതിശീർഷ ജിഡിപി ക്ക് തുല്യമായി ഉയർന്നു. [16]

മുഗൾ സാമ്രാജ്യം

തിരുത്തുക

നാണയവിനിമയം കൂടുതൽ പ്രചാരത്തിലാകുന്നത് മുഗൾ കാലഘട്ടത്തിലാണ് (1526-1858). വെള്ളിനാണയങ്ങളായിരുന്നു മുഗൾ രാജാക്കന്മാർ വിനിമയത്തിനായി ഉപയോഗിച്ചിരുന്നത്. അക്കാലത്ത് ഒരു സുസ്ഥിരമായ ആഭ്യന്തര വ്യാപാര സംവിധാനം ഇന്ത്യയിൽ നിലനിന്നിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മുഗൾ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പുരോഗമിച്ചു [17]

അക്ബർ ചക്രവർത്തിയുടെ കാലത്ത്, 1600 ൽ, മുഗളിന്ത്യയുടെ ആഭ്യന്തര വരുമാനം 17.5 മില്യൺ പൗണ്ടായിരുന്നു. (രണ്ട് നൂറ്റാണ്ടുകൾക്കു ശേഷം, 1800 ൽ, ബ്രിട്ടനിലെ നികുതിപിരിവ് 16 മില്ല്യൻ പൗണ്ട് മാത്രമായിരുന്ന കാലത്താണിത്.) 1600 ൽ ദക്ഷിണേഷ്യൻ പ്രദേശം ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്രാജ്യം ആണെന്ന് കണക്കാക്കപ്പെട്ടിരുന്നു. [18]

17-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മുഗൾ സാമ്രാജ്യം അതിന്റെ ഉന്നതിയിലെത്തുന്നു. അക്കാലത്ത് 90 ശതമാനത്തോളം ദക്ഷിണേഷ്യൻ രാജ്യങ്ങളും മുഗൾ ഭരണത്തിനു കീഴിൽ ഉൾപ്പെട്ടിരുന്നു. ഇത് ഒരു ഏകീകൃത നികുതിവ്യവസ്ഥക്ക് സാഹചര്യമൊരുക്കി. 1700 ൽ ഔറംഗസേബിന്റെ കാലത്ത് മുഗൾ സാമ്രാജ്യത്തിന്റെ ആഭ്യന്തര വരുമാനം 100 മില്ല്യൻ പൌണ്ടിൽ (450 മില്യൺ ഡോളർ) കൂടുതൽ ആയിരുന്നെന്നതിന് രേഖകളുണ്ട്. അതേ സമയം അതിന്റെ ഏഴിലൊന്ന് ജനസംഖ്യ മാത്രമുള്ള ഫ്രാൻസിലെ ലൂയി പതിനാലാമൻറെ പത്തിരട്ടിയിലേറെ വരുമാനം ആയിരുന്നു ഇത്. [19]

1700 ആകുമ്പോഴേക്കും മുഗൾ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി മാറി, ക്വിങ്ങ് ചൈനയേക്കാളും യൂറോപ്പിനേക്കാളും മുന്നിൽ. ലോകജനസംഖ്യയുടെ 24.2 ശതമാനവും ലോക ഉൽപാദനത്തിന്റെ നാലിലൊന്നും വരും ഇത്. [20] 18 നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുഗൾ ഇന്ത്യ ആഗോള വ്യാവസായിക ഉത്പാദനത്തിന്റെ ഏകദേശം 25% നിർമ്മിച്ചിരുന്നു. [3] വിപുലമായ റോഡ് സംവിധാനം കെട്ടിപ്പടുക്കാൻ മുഗളൻമാർ മുൻകയ്യെടുത്തു. [17] ഏകീകൃത കറൻസി , രാജ്യത്തിന്റെ ഏകീകരണം എന്നിവയുമുണ്ടായി. [21] സുർ ചക്രവർത്തി ഷേർഷാ സൂരി അവതരിപ്പിച്ച രാപയെ മുഗളൻമാർ സ്വീകരിച്ച് കീഴ്വഴക്കമാക്കി മാറ്റി. [22] ലോകമെമ്പാടും ഇന്ത്യൻ കാർഷികോത്പന്നങ്ങളും വാണിച്യോത്പന്നങ്ങളുമെത്തിക്കാൻ അവർക്കായി.[23]

മുഗൾ സാമ്രാജ്യത്തിന്റെ കീഴിൽ നഗരങ്ങളും പട്ടണങ്ങളും വളരെയധികം ഉയർന്നു. അക്കാലത്തെത്തന്നെ യുറോപ്പിനേക്കാളും ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയെക്കാളും ഉയർന്ന അളവിൽ നഗരവല്ക്കരണം (15% ജനങ്ങൾ നഗര കേന്ദ്രങ്ങളിൽ താമസിച്ചിരുന്നു) നടന്നു. [24] 2.5 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിൽ ആൾക്കാർ ഒന്നിലധികം നഗരങ്ങളിലായി ജീവിച്ചിരുന്നു. [24] തൊഴിൽസേനയുടെ 64% (കൃഷിയടക്കമുള്ള) പ്രാഥമിക മേഖലയിലും, 36% ദ്വിതീയ, ത്രിദീയ മേഖലകളിലും ആയിരുന്നു ജോലിചെയ്തിരുന്നത്. [25] അക്കാലത്തെ യൂറോപ്പിനേക്കാൾ പ്രാഥമിക മേഖലയ്ക്കു പുറത്തുള്ള തൊഴിലാളികളുടെ എണ്ണം വളരെ ഉയർന്നതായിരുന്നു ഇവുടെ. 1700-ൽ യൂറോപ്പിലെ തൊഴിൽ ശക്തിയുടെ 65-90% കൃഷിയായിരുന്നു. 1750 ൽ 65-75% കാർഷിക മേഖലയിലായിരുന്നു. [26]

മുഗൾ സാമ്രാജ്യത്തിനു ശേഷം

തിരുത്തുക

18-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, നാദിർ ഷായുടെ കടന്നുകയറ്റത്തിലൂടെ, മുഗൾ സാമ്രാജ്യം നിലംപതിച്ചുതുടങ്ങി. ഖജനാവ് ശൂന്യമാവുകയും, പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും, ആയിരക്കണക്കിനു പേരെയും അവരുടെ മൃഗങ്ങളെയും അടിമകളാക്കുകയും ചെയ്തു. സാമ്രാജ്യത്തിന്റെ പതനം പുതിയ രാഷ്ട്രങ്ങളുടെ ഉദയത്തിലേക്ക് നയിച്ചു. മറാഠ സാമ്രാജ്യം ഇന്ത്യയിലെ പ്രധാന സൈനിക ശക്തിയായി. അതേസമയം വടക്ക് നവാബുമാരും തെക്ക് നിസാമും സ്വയംഭരണാവകാശം പ്രഖ്യാപിച്ചു. എന്നിരുന്നാലും, കാര്യക്ഷമമായിരുന്ന മുഗൾ നികുതി ഭരണസംവിധാനം തകരാറിലായില്ല. നികുതി വരുമാനത്തിലെ വർദ്ധനവ് 50 ശതമാനമോ അതിലധികമോ ആയി ഉയർന്നു. [27]

ബ്രിട്ടീഷ് ഭരണം

തിരുത്തുക

1757 ലെ പ്ലാസി യുദ്ധത്തിൽ വിജയിച്ചതുമുതൽ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിവരെയുള്ള കാലഘട്ടത്തെ ബ്രിട്ടീഷ് ഭരണകാലമെന്നു വിളിക്കാം. 1757 മുതൽ 1858 വരെയുള്ള കാലം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലും തുടർന്ന് 1947 വരെയുള്ള കാലം നേരിട്ട് ബ്രിട്ടന്റെ അധീനതയിലുമായിരുന്നു ഇന്ത്യൻ ഉപഭൂഖണ്ഡം.

1780-1860 കാലയളവിലെ കമ്പനി ഭരണം ചരക്കുത്പാദനത്തിലും അതിന്റെ കയറ്റുമതിയിലും ഒന്നാമതുണ്ടായിരുന്ന ഇന്ത്യയെ അസംസ്കൃതവസ്തുക്കൾ മാത്രം കയറ്റുമതി ചെയ്യുകയും ഉത്പന്നങ്ങൾ പുറംരാജ്യത്തുനിന്ന് വാങ്ങുകയും ചെയ്യുന്ന ഒരു സമ്പദ്ഘടനയാക്കി മാറ്റി.[28] 1750കളിൽ ഉയർന്ന നിലവാരമുള്ള ഇന്ത്യൻ പട്ട് തുണികൾക്കും പരുത്തി തുണികൾക്കും ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമെല്ലാം ഒരുപാട് ആവശ്യക്കാരുണ്ടായിരുന്നു. എന്നാൽ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ തുണിക്കു പകരം പരുത്തിയും പട്ടുമെല്ലാം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തു തുടങ്ങി. [29] പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനംതന്നെ ബ്രിട്ടീഷ് കോട്ടൺ മിൽ കമ്പനികൾ ഇന്ത്യൻ തുണിയുത്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്താനും പകരം തങ്ങളുടെ ഉത്പന്നങ്ങൾ ഇന്ട്യയിൽ വിൽക്കാൻ വേണ്ട സഹായങ്ങൾ നൽകാനും ബ്രിട്ടീഷ് ഭരണകൂടത്തോട് ആവശ്യപ്പെട്ടുതുടങ്ങി. [29] 1830 മുതൽ ബ്രിട്ടീഷ് കോട്ടൻ മിൽ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണികളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. 1850 ൽ £ 5.2 മില്യൺ മൂല്യമുള്ള തുണികളുടെ സ്ഥാനത്ത് 1896 ൽ £ 18.4 മില്യൺ എന്ന അളവിൽ അവരുടെ ഇറക്കുമതി വർദ്ധിച്ചു. [30]

കൊളോണിയൽ ഭരണം ഇന്ത്യുടെ അടിസ്ഥാനസൌകര്യ വികസനത്തിൽ വലിയ പങ്ക് വഹിച്ചു. അവർ മെച്ചപ്പെട്ട റെയിൽവേ, ടെലിഗ്രാഫുകൾ സൌകര്യങ്ങളും ആധുനിക നിയമവ്യവസ്ഥയും ഇന്ത്യയുൽ വ്യാപിപ്പിച്ചു. എന്നാൽ ഈ അടിസ്ഥാനസൌകര്യങ്ങളെല്ലാം ഇന്ത്യയിലെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിലേക്കും, അങ്ങനെ ആഭ്യന്തര വ്യാവസായികോത്പാദനം തടസ്സപ്പെടാനും, വർധിച്ചുവരുന്ന ജനസംഖ്യക്കനുസരിച്ച് മതിയായ കാർഷികോത്പാദനം സാധ്യമല്ലാതാക്കുകയും ചെയ്തു. ഇത് ഇന്ത്യക്കാരെ പതിവായി ക്ഷാമബാധിതരാക്കുകയും ലോകത്തിലെ ഏറ്റവും കുറഞ്ഞ ആയുർദൈർഘ്യവും, വ്യാപകമായ പോഷകാഹാരക്കുറവും, അവർക്ക് സമ്മാനിക്കുയും ചെയ്തു.

റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ

തിരുത്തുക

1947ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മദ്ധ്യകാലത്തിലെ ഏറ്റവും വലിയ ഉത്പാദകശക്തി ലോകത്തിലെ തന്നെ ഏറ്റവും വലിയ ദരിദ്രരാഷ്ട്രങ്ങളിൽ ഒന്നായിത്തീർന്നിരുന്നു. തങ്ങളുടെ സാമ്പത്തികോന്നമനത്തിനുള്ള മാർഗ്ഗമായി ഇന്ത്യ തിരഞ്ഞെടുത്തത് ഒരു മിശ്രസമ്പദ്വ്യവസ്ഥയായിരുന്നു. സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും സ്വഭാവങ്ങൾ ഉൾച്ചേർന്നിരുന്ന ഒന്നായിരുന്നു അത്. സോവിയറ്റ് യൂണിയനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കേന്ദീകൃതവും ആസൂത്രിതവുമായ പഞ്ചവത്സര പദ്ധതികളും ഇന്ത്യയിൽ നടപ്പിലാക്കി. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങൾ വരെയും കൂടുതൽ സോഷ്യലിസത്തോടടുത്ത കേന്ദ്രീകൃത പദ്ധതിക്കൾക്കായിരുന്നു ഇന്ത്യയിൽ പ്രാമുഖ്യം. എന്നാൽ അതിനുശേഷം ഇന്ത്യ ഉദാരവത്കരണത്തിനും ആഗോളവത്കരണത്തിനും വിദേയമായി.

ഇന്ത്യയുടെ സമ്പദ്ഘടന ഒരൂ ആസൂത്രിത സമ്പദ്ഘടനയായിരിക്കണമെന്ന കാര്യത്തിൽ സ്വാതന്ത്ര്യപ്രാപ്തിക്കു മുന്പേ ദേശീയനേതാക്കൾക്കിടയിൽ ദാരണയുണ്ടായിരുന്നു. 1938 ഒക്ടോബറിൽ സുഭാഷ് ചന്ദ്ര ബോസ് അദ്ധ്യക്ഷനായിരിക്കേ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിനെ ചെയർമാൻ ആക്കിക്കൊണ്ട് ഒരു ദേശീയ ആസൂത്രണ സമിതി രൂപീകരിക്കുകയും ഇന്ത്യുടെ സമ്പദ്ഘടന ഏതുവിതമാകണമെന്ന ആലോചനകൾ ആരംഭിക്കുകയും ചെയ്തു. 1949 ൽ അതിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവരികയും ചെയ്തു. 1950 മാർച്ച് 15 ന് ആസൂത്രണ കമ്മീഷൻ രൂപീകൃതമാവുകയും ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിക്കുകയും ചെയ്തതോടെ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക വികാസത്തിനു തുടക്കമായി.

പഞ്ചവത്സര പദ്ധതികൾ

തിരുത്തുക

ദേശീയ സാമ്പത്തിക പദ്ധതികളുടെ ഒരു കേന്ദ്രീകൃത ഏകോപനവും, നടപ്പിലാക്കലും ആയിരുന്നു പഞ്ചവത്സര പദ്ധതികൾ കൊണ്ടുദ്ദേശിച്ചിരുന്നത്. 1920 കളുടെ അവസാനം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് ജോസഫ് സ്റ്റാലിൻ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയെ മാതൃകയാക്കിയാണ് അത്തരം മുന്നേറ്റം ഇന്ത്യയിലും നടപ്പിലാക്കാൻ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു മുൻകൈയ്യെടുത്തത്. ഇന്ത്യയെ കൂടാതെ ചൈനയാണ് പഞ്ചവത്സരപദ്ധതി മാതൃക പിന്തുടർന്നത്. ഇന്ത്യ സ്വതന്ത്രയായതിനു തൊട്ടുപിന്നാലെ, ഏകദേശം രണ്ടു വർഷങ്ങൾക്കുള്ളിൽ നെഹ്രു പ്രഥമ പഞ്ചവത്സര പദ്ധതിക്കു തുടക്കം കുറിച്ചു.

ഇന്ത്യൻ പഞ്ചവത്സര പദ്ധതികൾ
പദ്ധതി വർഷം മുൻഗണന പ്രതീക്ഷിത വളർച്ച കൈവരിച്ച വളർച്ച
ഒന്നാം പഞ്ചവത്സര പദ്ധതി 1951 - 1956 പ്രാഥമിക മേഖല 2.1% 3.6%
രണ്ടാം പഞ്ചവത്സര പദ്ധതി 1956 - 1961 വ്യവസായ വത്കരണം 4.5% 4.27%
മൂന്നാം പഞ്ചവത്സര പദ്ധതി 1961 - 1966 കാർഷിക മേഖല 5.6% 2.4%
പ്ലാൻ ഹോളിഡേ
നാലാം പഞ്ചവത്സര പദ്ധതി 1969 - 1974 5.6% 3.3%
അഞ്ചാം പഞ്ചവത്സര പദ്ധതി 1974 - 1978 ദാരിദ്ര്യ നിർമാർജ്ജനം 4.4% 4.8%
റോളിംഗ് പ്ലാൻ 1978 - 1980
ആറാം പഞ്ചവത്സര പദ്ധതി 1980 - 1985 ഉദാരവത്കരണത്തിന്റെ ആരംഭം 5.2% 5.7%
ഏഴാം പഞ്ചവത്സര പദ്ധതി 1985 - 1990 ശാസ്ത്രസാങ്കേതികവിദ്യയും വ്യാവസായിക ഉത്പാദനത്തിനവും 5% 6.01%
വാർഷിക പദ്ധതികൾ 1990 - 1992 പുത്തൻ സാമ്പത്തിക നയം
എട്ടാം പഞ്ചവത്സര പദ്ധതി 1992 - 1997 വ്യാവസായിക മേഖലയിലെ ആധുനികവൽക്കരണം 5.6% 6.8%
ഒമ്പതാം പഞ്ചവത്സര പദ്ധതി 1997 - 2002 ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും 7.1% 6.8%
പത്താം പഞ്ചവത്സര പദ്ധതി 2002 - 2007 മുൻപദ്ധതികളിലുണ്ടായ കോട്ടങ്ങൾ പരിഹരിക്കാൻ 8.1 % 7.7%
പതിനൊന്നാം പഞ്ചവത്സര പദ്ധതി 2007 - 2012 ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി 9% 8%
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി 2012 - 2017 അവസാനത്തെ പദ്ധതി 8%

2014 ൽ അധികാരത്തിൽവന്ന നരേന്ദ്ര മോദി സർക്കാർ ആസൂത്രണ കമ്മീഷൻ നിർത്തലാക്കുകയും പകരം നീതി ആയോഗ് കൊണ്ടുവരികയും ചെയ്തതോടെ ഇന്ത്യയിൽ പഞ്ചവത്സരപദ്ധതികൾക്ക് അന്ത്യം കുറിച്ചു.

സാമ്പത്തിക ഉദാരവൽക്കരണം

തിരുത്തുക

1950 മുതൽ 1991 വരെ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയം "ലൈസൻസ്, ക്വോട്ട, പെർമിറ്റ് രാജ്" ആയിരുന്നു. പക്ഷേ 1991-ൽ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരായി. അതാണ് "ഉദാരവൽക്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം". പി വി നരസിംഹറാവു ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി, ധനമന്ത്രി മൻമോഹൻ സിംഗ്.

1980 മുതൽ നടപ്പിലാക്കിത്തുടങ്ങിയ സാമ്പത്തികരംഗത്തെ പരിഷ്കാരങ്ങൾ ഇന്ത്യയുടെ കയറ്റുമതി വർധിപ്പിക്കുന്നതിനും വിദേശനാണ്യശേഖരം ഉയർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. 1985-90 ലെ ഏഴാം പഞ്ചവത്സര പദ്ധതിയും ഇതിനു പ്രേരണയായി. എന്നാൽ ഇതിന്റെ ഭാഗമായി വലിയതോതിലുള്ള വിദേശ കടത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. അപ്രതീക്ഷിതമായുണ്ടായ 1991ലെ ഒന്നാം ഗൾഫ് യുദ്ധം ഈ അവസ്ഥയെ കൂടുതൽ പരിതാപകരമാക്കി. യൂദ്ധത്തെ തുടർന്ന് ഉയർന്ന എണ്ണവില ഇന്ത്യുടെ വിദേശനാണ്യശേഖരത്തെ സാരമായി ബാധിച്ചു. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി വന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഈ അവസരത്തിൽ ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവ ഇന്ത്യയെ സഹായിക്കാൻ തയ്യാറാവുകയും പകരം ഇന്ത്യൻ സമ്പദ്ഘടനയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേ തുടർന്നാണ് പുത്തൻ സാമ്പത്തിക നയം നിലവിൽ വന്നതും ഇന്ത്യ ഉദാരവൽക്കരണത്തിന്റെ പാതയിലേക്ക് തിരിഞ്ഞതും.

കാർഷികമേഖല

തിരുത്തുക

സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് മറ്റെല്ലാ രാഷ്ട്രങ്ങളെയും പോലെ ഇന്ത്യയുടെ സമ്പദ്ഘടനയും ഒരു കാർഷിക സമ്പദ്ഘടനയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഏറ്റവും പ്രദാനപ്പെട്ട തൊഴിൽ മേഖലയായി തുടരുന്നത് കാർഷികമേഖല തന്നെയാണ്. എന്നാൽ കാർഷികരംഗത്തെ ജി.ഡി.പി.യിൽ കാലക്രമേണ വലിയ കുറവ് സംഭവിച്ചു. 1950-51 കാലയളവിൽ ഇന്ത്യൻ ജി.ഡി.പി.യുടെ 55.4% സംഭാവന ചെയ്തിരുന്ന കാർഷികമേഖല 2017-18 ൽ 17.4% ആയി കുറഞ്ഞു. എന്നാൽ ഇന്ത്യയിലെ തൊഴിലെടുക്കുന്നവരിൽ 49% ഇപ്പോഴും ആശ്രയിക്കുന്നത് കാർഷികവൃത്തിയെയാണ്. 49 ശതമാനം ജനങ്ങൾ 17.4 ശതമാനം ജി.ഡി.പി. മാത്രം ഉൾക്കൊള്ളുന്നുവെന്നത് ഇന്ത്യൻ സാമ്പത്തികാസമത്വത്തിന്റെ പ്രദാനകാരണങ്ങളിലൊന്നായി നിലനിൽക്കുന്നു.

കാർഷികമേഖലയെ കൂടുതൽ പരിപോഷിപ്പിക്കുകയും അസമത്വത്തെ കുറക്കുകയും ചെയ്യാൻ വേണ്ടി ഇന്ത്യൻ ഭരണഘടന അതിന്റെ നിർദ്ദേശകതത്വങ്ങളിൽ ഉൾച്ചേർത്തിരുന്ന ഭൂപരിഷ്കരണം എന്ന ആശയത്തെ സാക്ഷാത്കരിക്കുന്നതിലും വലിയ പോരായ്മകളുണ്ടായി. കേരളം, പശ്ചിമബംഗാൾ, ത്രിപുര, ജമ്മു കാശ്മീർ, ആന്ധ്രപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഭാഗികമായെങ്കിലും ഭൂപരിഷ്കരണം നടന്നത്. ഇത് ആകെ ഭൂമിയുടെ 4% മാത്രമേ വരൂ.

ഹരിതവിപ്ലവം

തിരുത്തുക

1960കളുടെ തുടക്കത്തിൽ ഉണ്ടായ കാർഷികമേഖലയിലെ ആധുനികവത്കരണവും അതിന്റെ ഭാഗമായുണ്ടായ ഉത്പാദനവർദ്ധനവിനെയുമാണ് ഹരിതവിപ്ലവം എന്ന് വിളിക്കുന്നത്. തുടക്കത്തിൽ ഗോതമ്പിന്റെ ഉത്പാദനത്തിലും അടുത്ത പതിറ്റാണ്ടോടെ അരിയുടെ ഉത്പാദനത്തിലും ഇത് 250 ശതമാനത്തിലധികം വർദ്ധനവുണ്ടാക്കി. ഉത്പാദനക്ഷമത കൂടിയ വിത്തിനങ്ങളുടെ ഉപയോഗമായിരുന്നു ഹരിതവിപ്ലവത്തിലെ പ്രധാന സവിശേഷത. അതോടൊപ്പം പുതിയതരം രാസവളങ്ങളും കീടനാശിനികളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ജലസേചനസൌകര്യങ്ങളുടെ കാര്യത്തിലും നേരിയ തോതിലുള്ള വർദ്ധനവുണ്ടായി. (എങ്കിലും ഇന്നും ഇന്ത്യയിലെ കാർഷികമേഖലകളിൽ മൂന്നിൽ രണ്ടും മൺസൂണിനെ മാത്രം ആശ്രയിച്ച് കൃഷി നടക്കുന്നവയാണ്.) കാർഷികോത്പന്നങ്ങളുടെ ശേഖരണത്തിനും ഉത്പാദനത്തിനും വേണ്ട സൌകര്യങ്ങളുടെ വർദ്ധനവുകൂടിയായപ്പോൾ ഹരിതവിപ്ലവം വിപ്ലവാത്മകമായ മാറ്റങ്ങൾ തന്നെ സൃഷ്ടിച്ചു.
1980കളോടെ ഉത്പാദനവളർച്ച ഭക്ഷ്യസ്വയംപര്യാപ്തതക്ക് വഴിവെച്ചു. (സാമൂഹികമായ കാരണങ്ങളാൽ അപ്പോഴും ഭക്ഷ്യസുരക്ഷ സാധ്യമായില്ല.) തുടർന്നുണ്ടായ ഭക്ഷ്യകയറ്റുമതിയിലെ വർദ്ധനവ് കർഷകർക്ക് കൂടുതൽ ലാഭം ഉണ്ടാക്കി. ഹരിതവിപ്ലവം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ വ്യാപിച്ചില്ല എന്നതും (ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശിന്റെ വടക്കുഭാഗം എന്നിവിടങ്ങളിൽ മാത്രമായി ഒതുങ്ങി) ചെറുകിടകർഷകർക്ക് അത് വേണ്ടത്ര പ്രാപ്യമായില്ല എന്നതും ഈ ലാഭത്തിന്റെ വിതരണത്തിൽ അസമത്വത്തിന് കാരണമായി. വർദ്ധിച്ച അളവിലുള്ള രാസവളത്തിന്റെയും കീടനാശിനികളുടെയും ഉപയോഗം മലിനീകരണം, ഭക്ഷണത്തിലെ വിഷാംശം തുടങ്ങിയ പ്രശ്നങ്ങൾക്കും പിന്നീട് വഴിവെച്ചു.

ആഗോളവത്കരണത്തിനു ശേഷം

തിരുത്തുക

ആഗോളവത്കരണം കാർഷികരംഗത്ത് ഒരേ സമയംതന്നം ഗുണകരവും പ്രതിലോമകരവുമായ മാറ്റങ്ങൾക്ക് വഴി വെച്ചു. ലോക വ്യാപാര സംഘടനയുമായുള്ള ബന്ധത്തോടുകൂടി ഇന്ത്യൻ കാർഷികോത്പന്നങ്ങൾ വലിയ തോതിൽ കയറ്റുമതി ചെയ്യപ്പെടാനും ഒരു കൂട്ടം കർഷകർക്ക് അതിന്റെ ലാഭം ലഭിക്കാനും തുടങ്ങി. എന്നാൽ അതേ സമയം കൂടുതൽ കേന്ദ്രീകൃതവും ആധുനികവത്കൃതവുമായ കാർഷികവ്യവസ്ഥകളുള്ള രാജ്യങ്ങൾക്ക് കുറഞ്ഞ വിലക്ക് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുവാൻ സാധ്യമായിരുന്നു. ഇത് കയറ്റുമതി സാധ്യതകളെ ചുരുക്കുക മാത്രമല്ല ആഭ്യന്തരവിപണിയിലെ വിലക്കുറവിനും കാരണമായി. ലോക വ്യാപാര സംഘടനയുമായുള്ള കരാർ പ്രകാരം വാണിജ്യാടിസ്ഥാനത്തിനുള്ള കാർഷികമേഖലയിൽ സർക്കാരിനു നൽകാവുന്ന പ്രത്യക്ഷസഹായങ്ങൾ നിയന്ത്രിക്കപ്പെട്ടു. അതേ സമയം ആധുനികവത്കരണത്തിലും പരിരക്ഷയിലുമായി വികസിതരാജ്യങ്ങൾ നൽകിയിരുന്ന പരോക്ഷസഹായങ്ങൾ ഇവിടത്തെ ഉത്പന്നങ്ങളുടെ വില കുറക്കുകയും ചെയ്തു. ഭക്ഷ്യവിളകളുടെ കാര്യത്തിൽ ഇന്ത്യയുടെ ഉത്പാദനവർദ്ധനവിന് ഹരിതവിപ്ലവം വഴിവെച്ചിരുന്ന. ഇത് കയറ്റുമതി മേഖലയിലും പ്രതിഫലിച്ചു. എന്നാൽ നാണ്യവിളകളുടെ കാര്യത്തിൽ ഇതായിരുന്നില്ല സ്ഥിതി. റബ്ബർ, എണ്ണക്കുരുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിലെല്ലാം വലിയ തോതിലുള്ള മത്സരം ഉടലെടുക്കുകയും പലപ്പോഴും ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഭരണകൂടത്തിന് ഇടപെടേണ്ട സ്ഥിതി ഉണ്ടാകുകയും ചെയ്തു.

വ്യാവസായികമേഖല

തിരുത്തുക

സ്വാതന്ത്ര്യലബ്ദിയുടെ കാലത്ത് ഇന്ത്യൻ ജി.ഡി.പി.യുടെ 17 ശതമാനത്തോളവും തൊഴിലാളികളുടെ 30 ശതമാനത്തിലധികവും ആയിരുന്നു വ്യവസായമേഖലയുടെ സംഭാവന. ഇന്ന് 2017-18 ലെ കണക്കുകൾ പ്രകാരം അത് യധാക്രമം 31.46 ശതമാനവും 23.79 ശതമാനവുമാണ്. അന്നും ഇന്നും ഇന്ത്യയിലെ രണ്ടാമത്തെ സാമ്പത്തികമേഖലയാണ് ഇത്. എന്നാൽ ഈ മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണത്തിലും നിക്ഷേപിക്കപ്പെട്ട മൂലധനത്തിലും വലിയ വളർച്ചയുണ്ടായി. ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ ഇതിൽ നൽകിയ സംഭാവന വളരെ വലുതാണ്. ഇന്ത്യൻ വ്യാവസായികമേഖലയുടെ ചരിത്രം വ്യാവസായിക നയങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

വ്യാവസായികനയം

തിരുത്തുക

1948 ഏപ്രിൽ 8ന് പ്രഖ്യാപിച്ച വ്യാവസായികനയത്തോടെയാണ് സ്വതന്ത്ര ഇന്ത്യയുടെ വ്യാവസായികചരിത്രവും സമ്പദ്ഘടനയുടെ രൂപീകരണവും നടക്കുന്നത്. ഇന്ത്യൻ സമ്പദ്ഘടന ഒരു മിശ്രസമ്പദ്ഘടനയായിരിക്കുമെന്ന് പറയുന്നത് ഈ നയത്തിലാണ്. കൽക്കരി, റെയിൽവേ, ഊർജം, വസ്ത്രം തുടങ്ങി പ്രധാനപ്പെട്ട വ്യവസായമേഖലകളെയെല്ലാം സർക്കാരിന്റെ മാത്രം അധീനതയിലും അപ്രധാനവ്യവസായങ്ങളെ ലൈസൻസ് വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്കും നൽകിക്കൊണ്ടുള്ളതായിരുന്നു ആ നയം.

പിന്നീട് വന്ന 1956 ലെ വ്യാവസായികനയം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ നയങ്ങളിലൊന്നായിരുന്നു. 17 മേഖലകളെ കേന്ദ്രകുത്തകയിലും 12 എണ്ണത്തെ സ്വകാര്യസഹകരണത്തോടെ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലും മറ്റുള്ളവയെ ലൈസൻസ് വ്യവസ്ഥയിൽ സ്വകാര്യമേഖലക്കും നൽകി. പൊതുമേഖലാ സ്ഥാപനങ്ങളെ ‘ആധുനിക ഇന്ത്യയുടെ ദേവാലയങ്ങൾ’ എന്ന് നെഹ്റു വിശേഷിപ്പിച്ച ഈ നയത്തിനു കീഴിൽ പൊതുമേഖലാ വ്യാവസായികരംഗത്തിന് വലിയ തോതിലുള്ള വളർച്ചയുണ്ടായി. ഗ്രാമീണമേഖലയിലെ വ്യവസായങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കും ഈ നയത്തിനു കീഴിൽ മുൻഗണന ലഭിച്ചു. 1991 വരെയുണ്ടായ മറ്റു നയങ്ങളെല്ലാം ഈ നയത്തിൽ നേരിയ മാറ്റങ്ങൾ സൃഷ്ടിച്ച് രൂപപ്പെടുത്തിയവയാണ്.

സ്വകാര്യ വ്യവസായങ്ങളുടെ മേലുള്ള സർക്കാർ നിയന്ത്രണത്തിനു വേണ്ടി നടപ്പിലാക്കിയ ലൈസൻസിങ്ങ് കുത്തകവത്കരണത്തിനു വഴിവെച്ചപ്പോൾ അതു പരിഹരിക്കാൻ വേണ്ടിയാണ് 1969 ലെ പുതുക്കിയ നയം വരുന്നത്. ഈ നയത്തിൻകീഴിൽ സ്വകാര്യ വ്യവസായങ്ങളുടെ വികാസവും ഏറ്റെടുക്കലുകളും നിയന്ത്രിക്കപ്പെട്ടു.  1973 ൽ വന്ന നയത്തിൽ വിദേശ നിക്ഷേപം നിയന്ത്രണങ്ങളോടെ അനുവദിക്കുകയും അടിസ്ഥാനസൌകര്യമേഖലയിലെ കോർ വ്യവസായങ്ങളുടെ പട്ടിക അവതരിപ്പിക്കുകയും അവയിൽ നിയന്ത്രണങ്ങളോടെ സ്വകാര്യനിക്ഷേപം അനുവദിക്കുകയും ചെയ്തു. 1985-86 ലെ പരിഷ്കാരങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയെ കൂടുതൽ സ്വകാര്യസൌഹൃദമാക്കി. വിദേശനിക്ഷേപത്തിന് പല വ്യവസായങ്ങളിലും 49% വരെ അനുമതിയും ഈ നയത്തിലൂടെ നൽകി.

1991 ലെ സാമ്പത്തിക പരിഷ്കാരങ്ങളോടെ വ്യാവസായികരംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ നടന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കുക, എല്ലാ വ്യവസായമേഖലകളിലും സ്വകാര്യനിക്ഷേപം അനുവദിക്കുക, പ്രത്യക്ഷവും പരോക്ഷവുമായ വിദേശനിക്ഷേപം അനുവദിക്കുക, പ്രത്യക്ഷസഹായങ്ങൾ വെട്ടിക്കുറക്കുക, തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുക തുടങ്ങിയ നടപടികൾ ഇതേതുടർന്നുണ്ടായി.

അടിസ്ഥാനസൌകര്യവികസനം

തിരുത്തുക

രാജ്യത്തിന്റെ പുരോഗതിയിൽ അടിസ്ഥാനസൌകര്യങ്ങളുടെ വികസനത്തിന് വലിയ പങ്കുണ്ട്. ഊർജം, ഗതാഗതം, ആശയവിനിമയം എന്നിവയാണ് പ്രധാനപ്പെട്ട അടിസ്ഥാനസൌകര്യ മേഖലകൾ. ഇന്ത്യയിലെ വ്യാവസായിക വളർച്ചക്ക് ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ കാര്യമായ വളർച്ചയുണ്ടായില്ലെങ്കിലും അടിസ്ഥാനസൌകര്യമേഖലയിൽ നേരിയ തോതിലുള്ള പുരോഗതിയുണ്ടായി. സ്വാതന്ത്ര്യാനന്തരം കൂടുതൽ വികസനം വന്നുവെങ്കിലും ഇന്നും അടിസ്ഥാനസൌകര്യവികസനം ഇന്ത്യൻ സമ്പദ്ഘടനയുടെ പ്രധാന വെല്ലുവിളികളിലൊന്നാണ്.

  1. "The World Economy (GDP) : Historical Statistics by Professor Angus Maddison" (PDF). World Economy. Retrieved 21 May 2013.
  2. Maddison, Angus (2006). The World Economy – Volume 1: A Millennial Perspective and Volume 2: Historical Statistics. OECD Publishing by Organisation for Economic Co-operation and Development. p. 656. ISBN 9789264022621.
  3. 3.0 3.1 3.2 3.3 Jeffrey G. Williamson, David Clingingsmith (August 2005). "India's Deindustrialization in the 18th and 19th Centuries" (PDF). Harvard University. Retrieved 18 May 2017.
  4. {{citation}}: Empty citation (help)
  5. Baten, Jörg (2016). A History of the Global Economy. From 1500 to the Present. Cambridge University Press. p. 250. ISBN 9781107507180.
  6. Maddison 2003, പുറം. 261.
  7. 7.0 7.1 "Economic survey of India 2007: Policy Brief" (PDF). OECD. Archived from the original (PDF) on 6 June 2011.
  8. "Industry passing through phase of transition". The Tribune. Archived from the original on 2008-07-06. Retrieved 2019-03-25.
  9. Pandit, Ranjit V. (2005). "Why believe in India". McKinsey. Archived from the original on 2012-07-06. Retrieved 2019-03-25.
  10. Marshall, John (1996). Mohenjo-Daro and the Indus Civilization: Being an Official Account of Archaeological Excavations at Mohenjo-Daro Carried Out by the Government of India Between the Years 1922 and 1927. p. 481. ISBN 9788120611795.
  11. Chopra, Pran Nath (2003). A Comprehensive History Of Ancient India (3 Vol. Set). Sterling. p. 73. ISBN 9788120725034.
  12. "The Chera Coins". Tamilartsacademy.com. Archived from the original on 2019-05-19. Retrieved 28 July 2010.
  13. Ratan Lal Basu & Rajkumar Sen, Ancient Indian Economic Thought, Relevance for Today ISBN 81-316-0125-0, Rawat Publications, New Delhi, 2008.
  14. Raychaudhuri & Habib 2004, പുറങ്ങൾ. 17–18
  15. India Before Europe
  16. Angus Maddison (2010). "Statistics on World Population, GDP and Per Capita GDP, 1–2008 AD". University of Groningen. Archived from the original on 2019-02-16. Retrieved 2019-03-25.
  17. 17.0 17.1 Schmidt, Karl J. (20 May 2015). An Atlas and Survey of South Asian History. Routledge. ISBN 978-1-317-47681-8.
  18. Maddison, Angus (2006). The world economy, Volumes 1–2. OECD Publishing. p. 638. doi:10.1787/456125276116. ISBN 978-92-64-02261-4. Retrieved 1 November 2011.
  19. Harrison, Lawrence; Berger, Peter L. (2006). Developing cultures: case studies. Routledge. p. 158. ISBN 9780415952798.
  20. Maddison 2003, പുറം. 259.
  21. Richards 1996, പുറം. 185–204.
  22. Picture of original Mughal rupiya introduced by Sher Shah Suri ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
  23. Richards 1996, പുറം. 73–74.
  24. 24.0 24.1 Eraly, Abraham (2007). The Mughal World: Life in India's Last Golden Age. Penguin Books India. ISBN 978-0-14-310262-5.
  25. Yazdani, Kaveh (10 January 2017). India, Modernity and the Great Divergence: Mysore and Gujarat (17th to 19th C.). BRILL. ISBN 978-90-04-33079-5.
  26. Cipolla, Carlo M. (2004). Before the Industrial Revolution: European Society and Economy 1000–1700. Routledge.
  27. Raychaudhuri, Tapan (1983). The Cambridge Economic History of India, II: The mid-eighteenth-century background. Cambridge University Press. p. 17.
  28. Robb 2004, പുറങ്ങൾ. 131–34.
  29. 29.0 29.1 Peers 2006, പുറങ്ങൾ. 48–49
  30. Farnie 1979, പുറം. 33

ബാഹ്യ ലിങ്കുകൾ

തിരുത്തുക