കാവുമ്പായി കാർഷിക കലാപം

(ആലോറമ്പൻ കൃഷ്‌ണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജന്മിത്തത്തിനും സാമ്രാജ്യത്തതിനുമെതിരെ മലബാറിൽ നടന്നുവന്നിട്ടുള്ള കാർഷിക സമരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണു് കണ്ണൂ‍ർ ജില്ലയിലുള്ള ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്തിലെ കാവുംബായി ഗ്രാമത്തിൽ 1946ഡിസംബർ 30 നു് നടന്ന കാവുമ്പായി കാർഷിക കലാപം[1][2][3][4][5]

എ.കെ.ജി.യുടെ ആത്മകഥയിൽ[6] കാവുമ്പായി കാർഷിക കലാപത്തെക്കുറിച്ചു പരാമർശമുണ്ട്‌.

കാവുമ്പായി രതസാക്ഷികളുടെ സ്മാരകം
കാവുമ്പായി കർഷക സമരം ,ഒരു ശിൽപ്പം

ഇരിക്കൂർ ഫർക്ക തിരുത്തുക

മലബാർ ജില്ലയുടെ വടക്കൻ മേഖലയിൽ പെട്ട ചിറയ്ക്കൽ താലൂക്കിനെ കിഴക്കു മലയോരം ചേർന്നുനിൽക്കുന്ന ഭാഗമാണു ഇരിക്കൂർ ഫർക്ക.ഇരിക്കൂർ ഫർക്കയുടെ അതിരുകൾ തളിപ്പറമ്പ ഫർക്ക,മട്ടന്നൂർ ഫർക്കയുമായിരുന്നു. വളപട്ടണം പുഴയിൽ ചേരുന്ന രണ്ടു പുഴകളും ഈ ഭൂപ്രദേശത്തെ മുറിചൊഴുകുന്നുണ്ട്‌.'ശിരവുപട്ടണം' എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ശ്രീകണ്ഠാപുരവും ഇരിക്കൂറുമായിരുന്നു ഇരിക്കൂർ ഫർക്കയിലെ പ്രധാന വ്യാപരകേന്ദ്രങ്ങൾ.

ഇരിക്കൂർ ഫർക്ക ഭരിച്ചിരുന്നത് ‘കല്യാട്ടു സിംഹം’ എന്നറിയപ്പെട്ടിരുന്ന കല്യാട്ട്‌ ജന്മിയും കരകാട്ടിടം നായനാരു[7]മായിരുന്നു.കിഴക്കൻ മലനിരകളിൽ ഏറ്റവും ഉയരം കൂടിയ പൈതൽ മല മുതൽശ്രീകണ്ഠാപുരം വരെ കരക്കാട്ടിടത്തിന്റേതായിരുന്നു.കൂടാതെ കടമ്പേരി,മലപ്പട്ടം,പയ്യാവൂർവയത്തൂർ, തുടങ്ങിയ ദേവസ്വത്തിനെ സ്വത്തുകളും കരക്കാട്ടിടത്തിന്റേതായിരുന്നു.തെക്കുകിഴക്കൻ മേഖല കല്യാട്ടു യശമാനന്റെ കീഴിലായിരുന്നു.ഇരിക്കൂർ ഫർക്കയുടെ കിഴക്കൻ അതിർത്തിയിലെ കൂട്ടുപുഴ മുതൽ പടിഞ്ഞാറുനായാട്ടുപാറ വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങൾ കല്യാട്ട്‌ ജന്മിക്കു കീഴിലായിരുന്നു.അവർ പാട്ടം,വാരം,കാണം,എന്നിവ കർഷകരുടെ കൈയിൽ നിന്നു വാങ്ങിയിരുന്നു.അവർ കർഷകരെ പരമാവധി ചൂഷണം ചെയ്തു.

ജന്മിത്തത്തിന്റെ തേർവ്വാഴ്ചകൾ തിരുത്തുക

പഴയ കാലങ്ങളിൽ ഭൂവുടമകളായി മാറിയിരുന്നതു ബ്രാഹ്മണരും ക്ഷത്രിയരും പിന്നെ ജന്മികളും ആയിരുന്നു.അവരുടെ ഭൂവവകാശങ്ങളായിരുന്നു കാണം,ജന്മം,പാട്ടം മുതലായവ. അവർ സമൂഹത്തിന്റെ പൂർണ്ണ ആധിപത്യവും ഉള്ള ഫ്യൂഡൽ രാജാക്കന്മാരയിരുന്നു.1766 മുതൽ 1792 വരെ ഉണ്ടായിരുന്ന മൈസൂർ സുൽതാന്മാരും1793ൽ സ്ഥിര ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ കോൺ വാലിസ്‌ പ്രഭുവും കർഷാകരെ ചൂഷണം ചെയ്യുന്ന നയമാണു സ്വീകർച്ചിരുന്നത്‌.അതിനു ശേഷം വന്ന ചിറയ്ക്കൽ തമ്പുരാൻ[8],കോട്ടയം രാജ,കടത്തനാട്ടു രാജ,സാമൂതിരി രാജ, എന്നീ രാജാക്കന്മാരും പൂമൂളിമന,ദെശമംഗലം,കല്യാട്ട്‌ യശമാനൻ,കൂടാളി നംബ്യാർ,കരക്കാട്ടിടം നായനാർ തുടങ്ങിയ ജന്മികളും അതിനു വിപരീതമായിരുന്നില്ല. അക്രമപ്പിരിവിനും ജന്മികൾക്കെതിരെയും ആഞ്ഞടിച്ച തിന്റെ പേരിലാണു കോട്ടകൃഷ്ണനുൻ ചെറിയമ്മ എന്ന വനിതയും കൊല്ലപ്പെട്ടതു.കരക്കട്ടിറ്റം ജന്മിയുടെ കീഴിൽ എള്ളരിഞ്ഞിയിൽ ഒരു എലിമന്ററി സ്കൂൾ ഉണ്ടായിരുന്നു. തനിക്കു തന്നെ എതിരായി സ്കൂൾ വരുമെന്നു കണ്ടപ്പോൾ ജന്മി അതു അടച്ചുപൂട്ടി. അതിനു പ്രതികാരമെന്നൊണം നാട്ടുകാർ ഒരു ജനകീയ സ്കൂൾ തുടങ്ങി. കരക്കാട്ടിടം ജന്മിയുടെ കാവൽക്കാരായിരുന്ന എം.എസ്‌.പി ക്കരാണു എല്ലാ കാർഷിക യോഗങ്ങളെയും അടിച്ചമർത്തിയതു.

കർഷകസംഘങ്ങളുടെ ആവിർഭാവം തിരുത്തുക

1936 ഏപ്രിൽ 11 നു അഖിലെന്ത്യ കിസാൻ സഭ[9] രൂപം കൊണ്ടു.1937ൽ അഖില മലബാർ കർഷക സഘം[10] രൂപം കൊണ്ടു.1936 നവം:1 നു പറശിനിയിൽ വച്ച്‌ 5000 പേർ പങ്കെടുത്തുകൊണ്ട്‌ ചിറയ്ക്കൽ താലൂക്കു കർഷക സമ്മേളനം[11] നടത്തി.വിഷ്ണു ഭാരതീയൻ,കേരളീയൻ,കെ.പി.ഗോപാലൻ,കെ.പി.ആർ ഗോപാലൻ തുടങ്ങിയവരായിരുന്നു ആദ്യകാലകർഷക പ്രവർത്തനങ്ങൽക്കു നേതൃത്വം നൽകിയത്‌.കാവുമ്പായി കോൺഗ്രസ്‌ കമ്മിറ്റിക്കു ഭാരതീയനും പാട്ടത്തിൽ പത്മനാഭനും പി.പി അച്യുതൻ നായരുമാണു നേതൃത്വം നൽകിയതു.തളിയൻ രാമൻ നമ്പിയാർ സിക്രട്ടറിയും കൃഷ്ണൻ നമ്പിയാർ പ്രസിഡണ്ടുമായ ഒരു കമ്മിറ്റി രൂപവത്കരിച്ചു.1938-40 ഏരുവേശി,അരയ്ക്കൽ,കാഞ്ഞിലേരി,ബ്ലാത്തൂർ,കുയിലൂർ,നുച്യാട്‌,ചേടിച്ചേരി,ചൂളിയാട്‌,കോട്ടൂർ എന്നീ സ്ഥലങ്ങളിലും കർഷക സംഘങ്ങൾ രൂപവത്കരിച്ചു.

കാവുമ്പായി കാർഷിക കലാപം തിരുത്തുക

1946നു കോഴിക്കോട്ടു നടന്ന കർഷക സംഘം കരിഞ്ചന്ത തടയുക,പൂഴ്ത്തിവയ്പ്പു തടയുക,നെല്ലു എല്ലാ സ്റ്റോരുകളിലും എത്തിക്കുക,8 ഔൺസ്‌ റേഷനെങ്കിലും മുടങ്ങാതെ നൽകുക,കൃഷിക്കുപയുക്തമായ നിലം തരിശിടാതെ കൃഷിചെയ്തു ഭക്ഷ്യ സാധനങ്ങൾ ഉൽപാദിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുന്നോട്ടു വച്ചു.

ജന്മിത്തത്തിനെതിരേ ‘പട്ടിണിക്കെതിരേ പുനംകൃഷി ചെയ്യുക’[12] എന്ന മുദ്രാവാക്യവുമായി ബ്ലാത്തൂർ,ഊരത്തൂർ,പടിയൂർ,കല്ല്യാട്, കുയിലൂർ എന്നിവിടങ്ങളിൽ നിന്നു പി.കുമാരൻ,കോയാടൻ നാരായണൻ നമ്പിയാർ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം കർഷകർ കാവുമ്പായിലേക്കു പുറപ്പെട്ടു.പയ്യാവൂരിൽനിന്നും കെ.പി ഗോവിന്ദൻ നമ്പിയാർ,കോയാടൻ രാഘവൻ മാസ്റ്റർ,കണ്ണൻ നമ്പിയാർ എന്നിവരുടെ നേതൃത്വത്തിലും ഒരു സംഘം കാവുമ്പായിലേക്കു പുറപ്പെട്ടു.കാഞ്ഞിലേരി,നിടുങ്ങോം,എള്ളരിഞ്ഞി, എന്നിവിടങ്ങളിൽ നിന്നു കാവുമ്പായിലേക്ക്‌ ഒരു സംഘം കർഷകർ നാടൻ തോക്കു,മടവാൾ,മഴു,വാരിക്കുന്തം,കല്ലു,കവണ,കത്തി,എന്നിങ്ങനെ ശേഖരിക്കപ്പെട്ട ആയുധങ്ങളുമായി പുറപ്പെട്ടു.

1946 ഡിസംബർ 30 നു എം.എസ്‌.പി[13] ക്യാമ്പിലേക്കു മാർച്ചു ചെയ്യുന്നതിനു വേണ്ടി അവർ ഡിസം:29 നു തന്നെ കർഷക വളണ്ടറിയന്മാർ കരക്കാട്ടിടം നായനാരുടെ പത്തായപ്പുര സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്ന് ഏകദേശം നൂറുമീറ്റർ മാത്രം അകലെയുള്ള കാവുമ്പായി കുന്നിൽ കാർക്കോട്ടക്കരി കുന്നിലും വഴിയോരങ്ങളിലുമായി ഒത്തുചേർന്നു.ഈ വിവരം എം.എസ്‌.പി.ക്കാർ ഒറ്റുകാർ മുഖേന അറിഞ്ഞിരുന്നു.ഏറെ വൈകിയിട്ടും എം എസ് പി ക്കാർ ആ വഴിക്കു വന്നില്ല. ഒന്നും സംഭവിക്കില്ലെന്ന് കരുതി വളണ്ടിയർമാർ വിശ്രമിക്കാൻ തീരുമാനിച്ചു. കർഷകരുടെ പദ്ധതി മനസ്സിലാക്കിയ എം എസ് പി ക്കാർ 30 നു പുലർച്ചെ 5 മണിയോടെ കാവുമ്പായി കുന്ന് വളഞ്ഞു. ഞെട്ടിയുണർന്ന പ്രവർത്തകർ ഉറക്കത്തിലുള്ളവരെ ഉണർത്തുന്നതിന് ഒരുമിച്ച് ഇങ്ക്വിലാബു സിന്ദാബാദ്, സാമ്രാജ്യത്തം തുലയട്ടെ ,എന്ന മുദ്രാവാക്യം വിളിച്ചു. കയ്യിലുണ്ടായിരുന്ന ആയുധങ്ങളുമായി പ്രവർത്തകർ സജ്ജരായി. പോലീസുകാർ പ്രവർത്തകർക്ക് അരികിലേക്ക് വന്നുകൊണ്ടിരുന്നു. അതിനിടയൽ പ്രവർത്തകരിലൊരാൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നാടൻതോക്ക്‌കൊണ്ട് വെടിവെച്ചു. പോലീസ് ഉദ്യോഗസ്ഥനായ രാമകൃഷ്ണന് പരിക്കേറ്റു. ഭയന്ന പൊലീസുകാർ പിൻവാങ്ങിയെങ്കിലും അൽപം കഴിഞ്ഞ് കൂടുതൽ സജ്ജീകരണങ്ങളോടെ തിരിച്ചെത്തി.പിന്നെ എം.എസ്.പി.ക്കാർ കർഷകരെ നേരിട്ടതു തോക്കുകൾകൊണ്ടായിരുന്നു.പി.കുമാരനും പുളൂക്കൽ കുഞ്ഞിരാമനും മഞ്ഞേരി ഗോവിന്ദനും അവിടെ തന്നെ മരിച്ചു വീണു.ആലൊറമ്പൻ കൃഷ്ണൻ,തെങ്ങിൽ അപ്പ നമ്പ്യാർ എന്നിവരെ കവുങ്ങിൽ കെട്ടിയിട്ട്‌ നിറയൊഴിക്കുകയായിരുന്നു.പിന്നീട് നടന്ന തേർവാഴ്ചയിൽ മലബാർ സ്പെഷൽ പോലീസ് കണ്ണിൽ കണ്ടവരെയൊക്കെ പിടികൂടി. രക്തസാക്ഷികളായവരുടെ മൃതദേഹങ്ങളും പിടികൂടിയ വാലണ്ടിയർമാരെയും നാട്ടുകാരേയും കൊണ്ട് പൊലീസ് ജന്മിയുടെ പത്തായപ്പുരയിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പിലേക്ക് പോയി.ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കാവുമ്പായിയും പരിസരങ്ങളിലും വിവരിക്കാനാവാത്ത പോലീസ് അക്രമങ്ങളും ഭീകരതയും നടന്നു. പലരേയും കള്ളക്കേസുകൾ ചുമത്തി ജയിലിൽ അടക്കുകയും ചെയ്തു. 180 പേരെ പ്രതി ചേർത്ത് കേസെടുത്തു. 49 പേരെ വെറുതെ വിട്ടു. ബാക്കിയുള്ളവരെ ഓരോ വർഷം തടവും നല്ലനടപ്പും ശിക്ഷവിധിച്ചു . ജയിലിൽ അടക്കപ്പെട്ട തളിയൻ രാമൻ നമ്പ്യാരും ഒ പി അനന്തൻ മാസ്റ്റരും 1950 ഫെബ്രുവരി 11 ന് നടന്ന സേലം ജയിൽ വെടിവെയ്പിൽ രക്തസാക്ഷികളായി. കൃഷിക്കാരുമായി ഏറ്റുമുട്ടലിൽ കരക്കാട്ടിടം നായനാരുടെ ആനക്കാരൻ മരിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസുമുണ്ടായി. ഇതിൽ ഏഴുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു



കാവുമ്പായി രക്തസാക്ഷികൾ [14]

  • സ. പുളൂക്കൽ കുഞ്ഞിരാമൻ
  • സ. പി കുമാരൻ
  • സ. മഞ്ഞേരി ഗോവിന്ദൻ
  • സ. ആലോറമ്പൻ കൃഷ്‌ണൻ
  • സ.തെങ്ങിൽ അപ്പ നമ്പ്യാർ

ഏറ്റുമുട്ടലിനെ തുടർന്ന് തിരുത്തുക

അറസ്റ്റു ചെയ്ത മറ്റുള്ളവരെ സേലം ജയിൽ ജയിലിൽ ആണു പാർപ്പിച്ചത്‌.1950 ഫെബ്രു:11നു സേലം ജയിലിൽ വച്ചുണ്ടായ വെടിവെപ്പിൽ തളിയൻ രാമൻ നമ്പിയാരും[15] ഒ.പി അനന്തൻ മാസ്റ്റരും[16] കൊല്ലപ്പെട്ടു.

അവലംബം തിരുത്തുക

  1. കാവുമ്പായി കാർഷിക കലാപം-നാരയണൻ കാവുമ്പായി&എ.പത്മനാഭൻ,ദേശാഭിമാനി ബുക്ക്‌ ഹൗസ്‌
  2. പോരാട്ടങ്ങൾ. Archived 2010-03-01 at the Wayback Machine.കാവുമ്പായി സമരം
  3. THE LIST OF APPROVED MOVEMENTS IN KERALA STATE. Archived 2010-04-12 at the Wayback Machine.Kavumbai Agitation
  4. Struggles. Archived 2010-03-01 at the Wayback Machine.Kavumbai Agitation
  5. ശ്രീകണ്ഠപുരം -ചരിത്രം[പ്രവർത്തിക്കാത്ത കണ്ണി]കാവുമ്പായി സമരം
  6. എന്റെ ജീവിത കഥ-എ.കെ.ജി
  7. [1][പ്രവർത്തിക്കാത്ത കണ്ണി]In Memorium - Interview with E.K.Nayanar
  8. പോരാട്ടങ്ങൾ. Archived 2010-03-01 at the Wayback Machine.കരിവള്ളൂർ സമരം
  9. മടിക്കൈ ഗ്രാമപഞ്ചായത്ത്.[പ്രവർത്തിക്കാത്ത കണ്ണി]നവോത്ഥാന പ്രസ്ഥാനം-കർഷക സംഘം രൂപീകരണം
  10. "പാർടി ചരിത്രം". Archived from the original on 2010-03-01. Retrieved 2010-04-25.
  11. മടിക്കൈ ഗ്രാമപഞ്ചായത്ത്.[പ്രവർത്തിക്കാത്ത കണ്ണി]നവോത്ഥാന പ്രസ്ഥാനം-കർഷക സംഘം രൂപീകരണം
  12. [2][പ്രവർത്തിക്കാത്ത കണ്ണി]
  13. [3][പ്രവർത്തിക്കാത്ത കണ്ണി]In Memorium - Interview with E.K.Nayanar
  14. കണ്ണൂർ - രക്തസാക്ഷികൾ. Archived 2010-03-05 at the Wayback Machine.കാവുമ്പായി രക്തസാക്ഷികൾ - 1946
  15. കണ്ണൂർ - രക്തസാക്ഷികൾ. Archived 2010-03-05 at the Wayback Machine.സേലം രക്തസാക്ഷികൾ - 1950
  16. കണ്ണൂർ - രക്തസാക്ഷികൾ. Archived 2010-03-05 at the Wayback Machine.സ. ഒ പി അനന്തൻ മാസ്റ്റർ