ആരോഗ്യനികേതനം

(ആരോഗ്യനികേതനം (നോവൽ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബംഗാളി സാഹിത്യകാരൻ താരാശങ്കർ ബന്ദോപാധ്യായയുടെ പ്രശസ്തമായ ഒരു നോവലാണ് ആരോഗ്യനികേതനം. 1953-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ ലോകസാഹിത്യത്തിലെതന്നെ ഏറ്റവും നല്ല നോവലുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ബംഗാളിൽ, കൽക്കത്തയിൽ നിന്നു നൂറുമൈൽ അകലെയുള്ള ദേവീപുരം എന്ന ഗ്രാമത്തിലാണ് നോവലിലെ കഥ നടക്കുന്നത്. ജീവൻ മശായ് എന്ന ആയുർവേദ ഡോക്ടറുടെ ബാല്യം മുതൽ മരണം വരെയുള്ള ജീവിതകഥയും അതിനെ പശ്ചാത്തലമാക്കി, ജീവന്റേയും മരണത്തിന്റേയും രഹസ്യങ്ങൾ തേടുന്ന രണ്ടു വൈദ്യവ്യവസ്ഥകളുടെ സംഘർഷഭരിതമായ മുഖാമുഖവുമാണ് നോവൽ ചിത്രീകരിക്കുന്നത്.[1]

'ആരോഗ്യനികേതനം', മലയാളം പരിഭാഷയുടെ പുറം ചട്ട

ജീവൻ മശായിയുടെ കഥയിലൂടെ ആയുർവേദവും, ജനകീയചികിത്സാവിധി എന്ന നിലയിലുള്ള അതിന്റെ സ്ഥാനം ക്രമേണ കയ്യടക്കിക്കൊണ്ടിരുന്ന ആധുനികവൈദ്യവും തമ്മിൽ നടക്കുന്ന സംഘട്ടനത്തിനൊപ്പം സ്വാതന്ത്ര്യാനന്തര ബംഗാളിലെ ഉൾനാടൻ ജനതയുടെ ജീവിതത്തെയും നോവലിൽ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ടാഗോർ പുരസ്കാരവും സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. നിലീന ഏബ്രഹാം 1961-ൽ ആരോഗ്യനികേതനം എന്ന പേരിൽ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ഹിന്ദി, ഗുജറാത്തി, മറാത്തി, പഞ്ചാബി, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.

കഥ തിരുത്തുക

തുടക്കം തിരുത്തുക

ആരോഗ്യനികേതനം എന്ന ഗ്രന്ഥനാമം, ജീവൻ മശായ്‌-യുടെ ചികിത്സാലയത്തിന്റെ പേരാണ്. 80 വർഷം മുൻപ് അദ്ദേഹത്തിന്റെ പിതാവ് ജഗദ് ബന്ധു മശായ് പണിയിച്ച ആ സ്ഥാപനം, നോവലിന്റെ തുടക്കത്തിൽ ജീർണിച്ച് ഇടിഞ്ഞു പൊളിഞ്ഞ അവസ്ഥയിലെത്തിയിരുന്നു. 1950-ആം ആണ്ട് ശ്രാവണമാസത്തിൽ (ജൂലൈ-ആഗസ്ത്) വൃദ്ധനായ ജീവൻ മശായ്‌-യെ അവതരിപ്പിച്ചു തുടങ്ങുന്ന നോവൽ 1951 സെപ്തംബർ മാസം വരെയുള്ള കഥ പറയുന്നതിനൊപ്പം, മശായ്‌-യുടെയും ഗ്രാമത്തിന്റെയും പൂർവചരിത്രം അദ്ദേഹത്തിന്റെ സ്മരണകളിലൂടെ കാണിച്ചുതരുന്നു.

മൃത്യു തിരുത്തുക

യുവപ്രായത്തിൽ അപമാനകരമായ സാഹചര്യത്തിൽ പ്രേമഭാജനത്തെ നഷ്ടപ്പെട്ടതിൽ നിന്നുണ്ടായ വിഷാദം, ശിഷ്ടജീവിതം മുഴുവൻ ജീവൻ മശായ്-യെ പിന്തുടർന്നിരുന്നു. അതിനാൽ, ജീവിതത്തെയെന്ന പോലെ മരണത്തെയും ദൈവലീലയായി അദ്ദേഹം കൗതുകപൂർവം നോക്കിക്കണ്ടു. 'പരമാനന്ദമാധവ'-ന്റെ ഉപാസകനായിരുന്ന 'മശായ്', വൈദ്യശാസ്ത്രത്തെ മരണത്തോടുള്ള വെല്ലുവിളിയായി കണ്ടില്ല. നാഡീസ്പന്ദനം തൊട്ടറിഞ്ഞ് രോഗനിർണ്ണയം നടത്തുന്നതിൽ അദ്ദേഹം കൈവരിച്ചിരുന്ന അതിശയകരമായ വൈദഗ്ദ്ധ്യം നോവലിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. നാഡി പരിശോധിച്ച് രോഗിയുടെ മരണകാലം കൃത്യമായി പറയാൻ കഴിയാൻ പറ്റുന്നിടം വരെ വികസിച്ചിരുന്നു ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ കഴിവ്. സൃഷ്ടികർത്താവിന്റെ അന്ധ-ബധിരയും പിംഗളകേശിനിയുമായ മാനസപുത്രിയായി അദ്ദേഹം മൃത്യുവിനെ സങ്കല്പിച്ചു. രോഗികളുടെ നാഡിമിടിപ്പിൽ ചിലപ്പോഴൊക്കെ അദ്ദേഹം അവളുടെ കാലൊച്ച കേട്ടു. ഇതുമൂലം, "മരണം പ്രവചിക്കുന്ന വൈദ്യൻ" എന്ന ദുഷ്പേരു കിട്ടിയ അദ്ദേഹത്തെ ഉറ്റസുഹൃത്ത് സേതാബ് അടക്കം, പലരും ഭയന്നിരുന്നു. ഒരേയൊരു മകന്റേയും, ഒടുവിൽ തന്റെ തന്നെയും മരണകാലം അദ്ദേഹം നാഡി തൊട്ടറിഞ്ഞ് കൃത്യമായി പ്രവചിച്ചു.

മഞ്ജരി തിരുത്തുക

ആയുർവേദവും അലോപ്പതിയും തമ്മിൽ നോവലിൽ പ്രകടമാകുന്ന സംഘർഷം തീക്ഷ്ണമാകുന്നത് ഗ്രാമത്തിൽ, പ്രദ്യോത് എന്ന യുവ ആധുനികവൈദ്യഡോക്ടർ പ്രാക്ടീസ് തുടങ്ങുന്നതോടെയാണ്. ആയുർവേദത്തെ ആദ്യം അവജ്ഞയോടെ വീക്ഷിച്ചിരുന്ന പ്രദ്യോത് ഒടുവിൽ ആ നിലപാടു മാറ്റുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുവിനെ ബാധിച്ച കഠിനജ്വരത്തിന്റെ ചികിത്സയിൽ മാശായ്-യുടെ അറിവു പ്രയോജനപ്പെടുന്നു. മഞ്ജുവിന്റെ മുതുമുത്തച്ഛിയും 'മശായ്'-യുമായുള്ള അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ചയ്ക്കു കൂടി അത് അവസരമൊരുക്കുന്നു. കൊടുംവാർദ്ധക്യത്തിന്റെ ചാപല്യങ്ങൾ കാട്ടി, മക്കൾക്കു ഭാരമായി കഴിഞ്ഞിരുന്ന അവർ, യൗവനത്തിൽ തന്നെ തിരസ്കരിച്ച കാമുമി മഞ്ജരിയാണെന്ന് മനസ്സിലാക്കുന്ന മശായ്, ആ തിരിച്ചറിവ് ആരുമായും പങ്കുവയ്ക്കുന്നില്ല. എങ്കിലും, പലതരം രോഗങ്ങളുടെ പിടിയിലായിരുന്ന മഞ്ജരിയുടെ നാഡിയും അദ്ദേഹം പരിശോധിച്ചു. അവർക്ക് മൂന്നു മുതൽ ആറുമാസം വരെ ആയുസുണ്ടെന്നാണ് അദ്ദേഹം കണ്ടത്. മഞ്ജുവിന് ഒരു കുട്ടിയുണ്ടായിക്കണ്ടിട്ടു മരിക്കണമെന്ന ആശ അവർ അറിയിച്ചപ്പോൾ "പുനർജ്ജന്മത്തിൽ വിശ്വസിക്കുന്നില്ലേ, മഞ്ജുവിന്റെ വയറ്റിൽ നിങ്ങൾ തന്നെ കുഞ്ഞായിപ്പിറന്നാൽ അതല്ലേ കൂടുതൽ നല്ലത്" എന്നാണ് മശായ് പ്രതികരിച്ചത്. ആശകൾ വെടിഞ്ഞ് മരണത്തെ സന്തോഷപൂർവം സ്വീകരിക്കാനുള്ള മശായ്‌-യുടെ ഉപദേശം മഞ്ജരി സ്വീകരിച്ചു.

അന്ത്യം തിരുത്തുക

മഞ്ജരിയുമായുള്ള ആ കൂടിക്കാഴ്ച നടന്ന് പുറത്തുവന്ന ഉടനെയുള്ള മശായ്‌-യുടെ ചിന്താലോകത്തെ നോവലിസ്റ്റ് വർണ്ണിക്കുന്നതിങ്ങനെയാണ്:

ആ കൂടിക്കാഴ്ച നടന്ന് നാലു മാസത്തിനകം സംഭവിക്കുന്ന ജീവൻ മശായ്‌-യുടെ തന്നെ മരണം ചിത്രീകരിച്ചാണ് നോവൽ സമാപിക്കുന്നത്. അതിന് ഏതാനും ദിവസങ്ങൾക്കു മുൻപു മഞ്ജരിയും മരിച്ചിരുന്നു.[2]

അത്തർബൌ തിരുത്തുക

പ്രേമത്തിൽ നേരിട്ട തിരസ്കാരത്തെ തുടർന്ന് ജീവൻ മശായ്-യ്ക്ക് പിതാവു തിടുക്കത്തിൽ കണ്ടെത്തിയ വധു 'അത്തർബൗ', നോവലിലെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ്. പതിവ്രതയെങ്കിലും, സ്നേഹിക്കപ്പെടാതെ നിവൃത്തികേടിൽ വിവാഹം ചെയ്യപ്പെട്ടവളാണു താനെന്ന അത്തർബൗവിന്റെ ചിന്ത, അവരുടെ ദാമ്പത്യത്തിനുമേൽ എപ്പോഴും നിഴൽ വീഴ്ത്തി നിന്നു.

വിലയിരുത്തൽ തിരുത്തുക

ഭാരതീയസാഹിത്യത്തിലെ ഏറ്റവും മഹത്തായ നോവൽ എന്ന് ആരോഗ്യനികേതനം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[3] "എന്താണ് മൃത്യു" എന്ന ചോദ്യം അധൃഷ്യഗംഭീരമായ മുഴക്കത്തോടെ ഉണർത്തുന്ന രചന എന്ന്, മലയാളത്തിലെ സാഹിത്യചിന്തകനും പത്രപ്രവർത്തകനും ചരിത്രകാരനുമായ പി.കെ. ബാലകൃഷ്ണൻ ഇതിനെ വിശേഷിപ്പിക്കുന്നു. സാങ്കേതികമായ തികവിൽ ഇതിനെ ഫ്ലോബേറിന്റെ (Gustave Flaubert) മദാം-ബോവറി'-യോട് താരതമ്യപ്പെടുത്തുന്ന അദ്ദേഹം, ഭാവഗാംഭീര്യത്തിലും ധ്വനിവൈചിത്ര്യത്തിലും ഇത് ദസ്തയേവ്സ്കിയുടെ "കാരമസോവ് സഹോദരന്മാർ" എന്ന നോവലിനെ അനുസ്മരിപ്പിക്കുമെന്നും കരുതി.[4] സംഭവക്രമങ്ങളുടെ ഗാംഭീര്യത്തിനും കഥാപാത്രങ്ങളുടെ വലിപ്പത്തിനും അപ്പുറം ഈ കൃതിയുടെ മഹത്ത്വത്തിന് അടിസ്ഥാനമായിരിക്കുന്നത് ജീവിതത്തേയും മരണത്തേയും കുറിച്ച് അതു തരുന്ന സമഗ്രമായ വീക്ഷണമാണെന്ന് എൻ. ഇ. സുധീർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മരണം അതിൽ വിട്ടുമാറാത്ത ഒരു സാന്നിദ്ധ്യമായിരിക്കുന്നു. മരണത്തിന്റെ അനിവാര്യതയിലേക്കു യാത്ര ചെയ്യുന്നവരാണു നാമൊക്കെയെന്നുള്ള തിരിച്ചറിവ്, നമ്മെ മൃദുവായി പിടിച്ചുലയ്ക്കുന്നു. നോബൽസമ്മാനയോഗ്യമായ ഏതെങ്കിലും ഇന്ത്യൻ കൃതി സങ്കല്പിക്കാനൊക്കുമോ എന്നു താൻ നിരന്തരം ചോദിച്ചപ്പോൾ, മലയാളത്തിലെ പ്രശസ്ത സാഹിത്യനിരൂപകൻ എം. കൃഷ്ണൻ നായർ ചൂണ്ടിക്കാട്ടിയത് ആരോഗ്യനികേതനം ആയിരുന്നെന്നും എൻ.ഇ. സുധീർ അനുസ്മരിക്കുന്നു.[5]

ചലച്ചിത്രം തിരുത്തുക

ആരോഗ്യനികേതനത്തിന്റെ കഥ, അതേ പേരിൽ ബിജേയ് ബോസ് 1969-ൽ നിർമ്മിച്ച ഒരു ബംഗാളി ചലച്ചിത്രത്തിലും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ശുഭേന്ദു ചാറ്റർജി, ഛായാ ദേവി, ബികാസ് റേ തുടങ്ങിയവരായിരുന്നു അതിലെ അഭിനേതാക്കൾ.

അവലംബം തിരുത്തുക

  1. "A story of the conflict between tradition and modernity represented by two systems of medicine exploring the mysteries of life and death." History of Indian Literature 1911-56, Struggle for Freedom: Triumph and Tragedy, Sisir Kumar Das, സാഹിത്യ അക്കാദമി പ്രസിദ്ധീകരണം
  2. ആരോഗ്യനികേതനം, താരാശങ്കർ വന്ദോപാദ്ധ്യായ, മലയാളം വിവർത്തനം: നീലിനാ അബ്രഹാം; പ്രസാധനം: സാഹിത്യ അക്കാദമിക്കു വേണ്ടി, സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം
  3. മാധ്യമം ആഴ്ചപ്പതിപ്പിൽ സി. അഷ്രഫ് എഴുതിയ ലേഖനം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ...
  4. പി.കെ. ബാലകൃഷ്ണൻ, "നോവൽ: സിദ്ധിയും സാധനയും"
  5. 2011 മാർച്ച് 3-ൽ ഇൻഡ്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ തിരുവനന്തപുരം പതിപ്പിൽ, തിരുവനന്തപുരത്തെ മോഡേൺ ബുക്ക് സെന്ററിന്റെ മാനേജർ, എൻ.ഇ. സുധീറുമായുള്ള സംഭാഷണത്തെ ആശ്രയിച്ച് അശ്വതി കാരണവർ എഴുതിയ ലേഖനം "An Indian Classic"[പ്രവർത്തിക്കാത്ത കണ്ണി] "ഏറെക്കാലം മുൻപ് കോളേജ് വിദ്യാർത്ഥിയായിരിക്കെ ഞാൻ, മലയാളത്തിലെ അതുല്യനായ സാഹിത്യവിമർശകൻ എം. കൃഷ്ണൻ നായരോട്, നോബൽ സമ്മാനയോഗ്യമായി അദ്ദേഹം കരുതുന്ന ഇന്ത്യൻ പുസ്തകം ഒന്നുമില്ലേയെന്നു ചോദിച്ചുകൊണ്ടിരുന്നു. ചോദ്യത്തിന്റെ എണ്ണമില്ലാത്ത ആവർത്തനങ്ങൾക്കൊടുവിൽ അദ്ദേഹം, താൻ തെരഞ്ഞെടുക്കുക ജീവൻ മാശായ്-യുടെ കഥ പറയുന്ന താരാശങ്കർ ബന്ദോപാദ്ധ്യായയുടെ കൃതി ആയിരിക്കും എന്നു പറഞ്ഞു."
"https://ml.wikipedia.org/w/index.php?title=ആരോഗ്യനികേതനം&oldid=3624371" എന്ന താളിൽനിന്ന് ശേഖരിച്ചത്