മലയാളത്തിലെ ഒരു സാഹിത്യകാരിയും രാഷ്ട്രീയപ്രവർത്തകയുമായിരുന്നു ആനി ജോസഫ് എന്ന ആനി തയ്യിൽ[1]. 1948 മുതൽ 51 വരെ തിരു-കൊച്ചി നിയമസഭയിൽ അംഗമായിരുന്നു. [2]

ആനി തയ്യിൽ
ജനനം1918
മരണം1993
ദേശീയതഇന്ത്യൻ
തൊഴിൽസാ‌ഹിത്യകാരി, പൊതുപ്രവർത്തക, അഭിഭാഷക

ജീവിതരേഖ തിരുത്തുക

തൃശ്ശൂർ ജില്ലയിലുള്ള ചെങ്ങലൂർ കാട്ടുമാൻ വീട്ടിൽ ജോസഫിന്റെയും മേരിയുടെയും മകളായി 1920 ഒക്ടോബർ 11-ന് ജനനം[3][4]. മദ്രാസ് സർവകലാശാലയിൽനിന്ന് ബി.എ. ബിരുദം നേടിയശേഷം നിയമബിരുദം സമ്പാദിച്ച് അഭിഭാഷകവൃത്തിയിലേർ​പ്പെട്ടെങ്കിലും, സാഹിത്യ-രാഷ്ട്രീയപ്രവർത്തനങ്ങളിലായിരുന്നു ഇവർക്കു കൂടുതൽ താത്പര്യം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും കേരള കോൺഗ്രസ്സിലും ആനി പല പ്രമുഖപദവികളും വഹിച്ചിട്ടുണ്ട്. 1948 ൽ തൃശൂരിൽ നിന്നു കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ച് തിരുകൊച്ചി നിയമസഭയിൽ അംഗമായി.[5]കേന്ദ്രന്യൂനപക്ഷ കമ്മീഷനിലും കൊച്ചിയിലെയും തിരു-കൊച്ചിയിലെയും നിയമസഭകളിലും അംഗമായിരുന്നു. സമസ്തകേരളസാഹിത്യപരിഷത്തിന്റെ കാര്യദർശിനിയായും സാഹിത്യ അക്കാദമിയിലെ നിർവാഹകസമിതി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുള്ള ആനി തൊണ്ണൂറോളം കൃതികൾ രചിച്ചിട്ടുണ്ട്. മലയാള ഭാഷയിൽ ഏറ്റവുമധികം കൃതികൾ രചിച്ചിട്ടുള്ള വനിതയും ആനി തന്നെയാണ്. [6]തോമസ് ഹാർഡിയുടെ ടെസ്സ്, ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും, ചാൾസ് ഡിക്കൻസിന്റെ രണ്ടു നഗരങ്ങളുടെ കഥ, അലക്സാന്ദ്ര് ദൂമായുടെ മോണ്ടി ക്രിസ്റ്റോ, മൂന്നു പോരാളികൾ എന്നീ കൃതികൾ വിവർത്തനം ചെയ്തതിനു പുറമേ, മോളെന്റെ മോൻ നിന്റീ, കൊച്ചമ്മിണി, ഈ എഴുത്തുകൾ നിനക്കുള്ളതാണ് (നാലു ഭാഗങ്ങൾ), മൗലികാവകാശങ്ങൾ എന്നീ സ്വതന്ത്രകൃതികളുടെ കർത്രികൂടിയാണ് ആനി തയ്യിൽ. പ്രജാമിത്രം എന്ന പേരിൽ ഒരു പത്രവും,ശ്രീമതി എന്ന പേരിൽ ഒരു വനിതാമാസികയും ആനി തയ്യിൽ ആരംഭിയ്ക്കുകയുണ്ടായി.മലയാളത്തിൽ ഏറ്റവുമധികം ബൈബിൾ കഥകൾ രചിച്ചിട്ടുള്ള വനിതയും ഇവർ തന്നെയാണ് .[7]

പത്രപ്രവർത്തകനായ കുര്യൻ തയ്യിലാണ് ഇവരുടെ ഭർത്താവ്. 1993 ഒക്ടോബർ 21-ന് ആനി തയ്യിൽ അന്തരിച്ചു.

അവലംബം തിരുത്തുക

  1. "അഗ്നിസാന്നിധ്യമായി ആനി തയ്യിൽ". Kerala Sabha.
  2. "ആനി തയ്യിൽ (1920 - 1993)". Women Point.
  3. "ആനി തയ്യിൽ". Women writers of Kerala.
  4. മഹിളകൾ മലയാള സാഹിത്യത്തിൽ. പേജ് 67. spcs 2012
  5. മഹിളകൾ മലയാള സാഹിത്യത്തിൽ. പേജ് 67. spcs 2012
  6. മഹിളകൾ മലയാള സാഹിത്യത്തിൽ. പേജ് 68. spcs 2012
  7. മഹിളകൾ മലയാള സാഹിത്യത്തിൽ. പേജ് 67. spcs 2012
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആനി തയ്യിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആനി_തയ്യിൽ&oldid=2620669" എന്ന താളിൽനിന്ന് ശേഖരിച്ചത്