ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ-ഉദ്യോഗസ്ഥ അഴിമതിയാണു ആദർശ് ഫ്ലാറ്റ് കുംഭകോണം. കാർഗിൽ യുദ്ധത്തിൽ മരണമടഞ്ഞ ജവാന്മാരുടെ ആശ്രിതർക്ക് എന്ന വ്യാജേന സേനയുടെ ഭൂമിയിൽ പരിസ്ഥിതി ചട്ടങ്ങൾ മറികടന്നുകൊൺട് 31 നില ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചു രാശ്ട്രീയക്കാരും കരസേനാ-നാവികസേനാ ഉദ്യോഗസ്ഥരും ഉയർന്ന ഉദ്യോഗസ്ഥരും ചേർന്നു തട്ടിയെടുത്തു എന്നതാണു ആരോപണം. കാർഗിൽ ജവാന്മാർക്ക് വേണ്ടി രൂപംകൊണ്ട ആദർശ് സൊസൈറ്റി ഫ്ലാറ്റുകൾ രാഷ്‌ട്രീയക്കാരും ഐ.എ.എസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സൈനിക ഓഫീസർമാരും ഗൂഢാലോചന നടത്തി ചുളുവിലയ്ക്ക് തട്ടിയെടുക്കുകയായിരുന്നു. ആറ് നിലയിൽ ഫ്ലാറ്റുകൾ ഉണ്ടാക്കാൻ പദ്ധതിയിട്ട് പ്രതിരോധവകുപ്പിന്റെ ഭൂമിയിൽ സൊസൈറ്റിക്കുള്ള ഇളവുകളുടെ മറവിൽ തീരദേശ നിർമ്മാണച്ചട്ടങ്ങൾ ലംഘിച്ച് നൂറ് മീറ്റർ ഉയരമുള്ള മുപ്പത്തിയൊന്ന് നില കെട്ടിടം നിർമ്മിക്കുകയായിരുന്നു. പ്രതികളായ രാഷ്‌ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും എതിരെ പ്രോസിക്യൂഷൻ നടപടികൾ എടുക്കാനും ഫ്ലാറ്റ് നിർമ്മിച്ച ഭൂമി നാലാഴ്‌ചയ്‌ക്കുള്ളിൽ തിരിച്ചെടുക്കാനും ഫ്ലാറ്റ് ഇടിച്ചുനിരത്താനും ബോംബെ ഹൈക്കോടതി 2016 ഏപ്രിലിൽ നിർദ്ദേശിച്ചു. ക്രമക്കേട് കാട്ടിയ സൈനിക ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ പ്രതിരോധ മന്ത്രാലയത്തോടും കോടതി ആവശ്യപ്പെട്ടു.

കുംഭകോണത്തിന്റെ പശ്ചാത്തലത്തിൽ, തീരദേശ നിയന്ത്രണങ്ങൾ ലംഘിച്ച് നിർമ്മിച്ച കെട്ടിടം മൂന്ന് മാസത്തിനകം ഇടിച്ചു നിരത്താൻ 2011ജനുവരി 16ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടിരുന്നു. അതിനെതിരെ ആദർശ് സൊസൈറ്റി നൽകിയ അപ്പീൽ തള്ളിയാണ് ബോംബെ ഹൈക്കോടതിയുടെ വിധി. 2012ൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ ചവാനെയും പന്ത്രണ്ട് ഉദ്യോഗസ്ഥരെയും പ്രതിചേർത്തിരുന്നു. അവരിൽ ഒൻപത് പേർ അറസ്റ്റിലായിട്ടുണ്ട്. തെളിവില്ലെന്ന് പറഞ്ഞ് അന്നത്തെ മഹാരാഷ്‌ട്ര ഗവർണർ കെ. ശങ്കരനാരായണൻ ചവാനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ചിരുന്നു. സൊസൈറ്റിക്ക് അനുമതി നൽകാൻ കൂട്ടു നിന്ന ഉദ്യോഗസ്ഥരുടെയെല്ലാം മക്കൾക്ക് ഫ്ലാറ്റ് ലഭിക്കുകയുണ്ടായി.[1]

അശോക്‌ ചവാന്റെ പങ്ക്‌ തിരുത്തുക

അശോക്‌ ചവാൻ റവന്യൂ മന്ത്രിയായിരുന്നപ്പോഴാണു കെട്ടിട നിർമ്മാണത്തിനു വേണ്ട പ്ലാനിൽ മാറ്റങ്ങൾ വരുത്തിയതെന്നും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കൾക്കു ആദർശ് സൊസൈറ്റി ഫ്ലാറ്റുകൾ ലഭിച്ചിരുന്നുവെന്നും സി.ബി.ഐ പ്രത്യേക കോടതിയിൽ കൊടുത്ത പ്രഥമ-വിവര റിപ്പോർട്ടിൽ പറയുന്നു. അശോക് ചവാന്റെ ഭാര്യാ മാതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ മൂന്ന് ഫ്ലാറ്റുകൾ സ്വന്തമാക്കിയിരുന്നു. വിവാദത്തെ തുടർന്ന് അശോക് ചവാൻ മുഖ്യമന്ത്രി പദം രാജി വച്ചിരുന്നു. ചവാൻ റവന്യൂ മന്ത്രിയായിരുന്നപ്പോഴാണ് ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയത്. ഫ്ലാറ്റുകളിൽ 40 ശതമാനവും സിവിലിയന്മാർക്ക് വിൽക്കാൻ അനുമതി നൽകിയതും ചവാനായിരുന്നു.

സി.ബി.ഐ പ്രഥമ-വിവര റിപ്പോർട്ടിലെ മറ്റുള്ളവർ തിരുത്തുക

  1. ആർ. സി. ഠാക്കൂർ (മുൻ ഡിഫൻസ്‌ എസ്റ്റേറ്റ്‌ ഓഫീസർ)
  2. എം. എം. വാഞ്ചു (കെട്ടിട സമുച്ചയത്തിന്റെ ചീഫ് പ്രമോട്ടർ)
  3. ഗിഡ്വാനി (മുൻ കോൺഗ്രസ്സ് എം.എൽ.സി)
  4. എ. ആർ കുമാർ (റിട്ട: മേജർ ജനറൽ‍)
  5. രമേശ് ചന്ദ്ര ശർമ്മ (റിട്ട: ബ്രിഗേഡിയർ)
  6. പിതാംബർ കിഷോർ രംഫാൽ (ബ്രിഗേഡിയർ)
  7. ജയരാജ് പഥക് (ഐ.എ.എസ് ഉദ്യോഗസ്ഥൻ)
  8. രമാനന്ദ് തിവാരി (മുൻ വിവരാവകാശ കമ്മീഷണർ)
  9. പി. വി ദേശ്മുഖ് (മുൻ നഗരവികസന ഡപ്യൂട്ടി സെക്രട്ടറി)
  10. പ്രദീപ് വ്യാസ് (മുൻ കളക്ടർ)
  11. ഐ. എ കുന്ദൻ (മുൻ കളക്ടർ)
  12. സുഭാഷ് ലല്ല (മുൻ മനുഷ്യാവകാശ കമ്മീഷൻ അംഗം)


അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക