ഇംഗ്ലീഷ് സംഗീത ശാസ്ത്രകാരനായിരുന്ന അർണോൾഡ് ഡോൾമെച്ച് 1858 ഫെബ്രുവരി 24-ന് ഫ്രാൻസിലെ ലെമാൻസിൽ ജനിച്ചു.

Arnold Dolmetsch piano.jpg

ജീവിതരേഖതിരുത്തുക

പിതാവ് ഒരു പിയാനോ നിർമാതാവും സംഗീതജ്ഞനുമായിരുന്നു. വാദ്യോപകരണങ്ങളുടെ നിർമ്മാണത്തെ സംബന്ധിച്ച് ബാല്യകാലത്തു തന്നെ ഡോൾമെച്ച് പിതാവിൽ നിന്നു പരിജ്ഞാനം നേടി. ബ്രസ്സൽസിലും ലണ്ടനിലുമായി വയലിൻ പഠനം പൂർത്തിയാക്കിയശേഷം 1885-ൽ ലണ്ടനിലെ ഡൾവിച് കോളജിൽ വയലിൻ അധ്യാപകനായി. 17-ആം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സംഗീതത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ ഡോൾമെച്ച് പുരാതന സംഗീതത്തിന്റെ പുനരുദ്ധാരണത്തിനു വേണ്ടി പരമാവധി യത്നിച്ചു.

വാദ്യോപകരണ നിർമാതാവ്തിരുത്തുക

1890-മുതൽ കുടുംബാംഗങ്ങളുമായി ചേർന്ന് വാദ്യമേളകൾ നടത്തിയ ഡോൾമെച്ച് പുരാതന കാലത്തെ വാദ്യോപകരണങ്ങൾക്കാണ് പ്രാധാന്യം കല്പിച്ചത്. ഹാർപ്സികോഡ്, ക്ലാവിക്കോഡ്, ല്യൂട്ട്, വയോൾ തുടങ്ങിയ ഉപകരണങ്ങൾ അദ്ദേഹം കൂടുതലായി ഉപയോഗിക്കുകയും സാർവത്രികമാക്കുകയും ചെയ്തു. ഇത്തരം വാദ്യോപകരണങ്ങൾ നിർമ്മിക്കുന്നതിലും ഡോൾമെച്ച് വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചു. റിക്കാഡർ വീണ്ടും രംഗത്തു കൊണ്ടുവന്നതാണ് ഇദ്ദേഹത്തിന്റെ ഒരു മുഖ്യ സംഭാവന. 1915-ൽ ദി ഇന്റർപ്രറ്റേഷൻ ഒഫ് ദ് മ്യൂസിക് ഒഫ് ദ് സെവന്റീന്ത് ആൻഡ് എയ്റ്റീന്ത് സെഞ്ചു റീസ് എന്ന പ്രാമാണിക ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1925-ൽ ഓൾഡ് ചേംബർ മ്യൂസിക്കിന്റെ വാർഷികാഘോഷമായ ഹാസിൻ മെയർ ഫെസ്റ്റിവൽ സംഘടിപ്പിച്ചു.

വിദഗ്ദ്ധനായ സംഗീതജ്ഞൻതിരുത്തുക

പുരാതന സംഗീത കലയ്ക്കും പുരാതന വാദ്യോപകരണങ്ങൾക്കും പ്രചുരപ്രചാരം നൽകിയ വിദഗ്ദ്ധനായ സംഗീതജ്ഞൻ എന്ന പ്രശസ്തി നേടിയ ഡോൾമെച്ച് 1940 ഫെബ്രുവരി 28-ന് ഹാസിൻ മെയറിൽ അന്തരിച്ചു.

അവലംബംതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോൾമെച്ച്, അർണോൾഡ് (1858 - 1940) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അർണോൾഡ്_ഡോൾമെച്ച്&oldid=2597584" എന്ന താളിൽനിന്ന് ശേഖരിച്ചത്