അല്പോൽബദ്രവം

(അല്പോൽബദ്രവ അനുക്രമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അല്പോൽബദ്രവ അനുക്രമം അഥവാ അല്പോൽബദ്രവ രോഗം (Oligohydramnios) എന്നത് ഉൽബദ്രവത്തിന്റെ (amniotic fluid) അളവു കുറയുന്ന ഗർഭകാല അവസ്ഥയാണ്. ഗർഭകാലത്ത് നടത്തുന്ന അൾട്രാ സൌണ്ട് സ്കാനിങ്ങിലൂടെയാണ് ഗർഭപാത്രത്തിനകത്തെ ഉൽബദ്രവത്തിന്റെ അളവ് തൃപ്തികരമാണോ അല്ലയോ എന്ന് മനസ്സിലാക്കുന്നത്. കുഞ്ഞിന്റെ വളർച്ച മുരടിക്കലാണ് അല്പോല്പ്ബദ്രവരോഗത്തിന്റെ പ്രധാന ഫലം. ഉൽബദ്രവം തീരെക്കുറഞ്ഞുപോകുന്ന ചില അവസരങ്ങളിൽ ഗർഭത്തിലിരിക്കുന്ന ശിശുവിന്റെ മരണത്തിൽ വരെ കലാശിച്ചേക്കാവുന്ന ഒരു അവസ്ഥയാണ്.

അല്പോൽബദ്രവം
സ്പെഷ്യാലിറ്റിഒബ്സ്റ്റട്രിക്ക്‌സ് Edit this on Wikidata

നിദാനശാസ്ത്രം

തിരുത്തുക

ഉൽബദ്രവം കുറയുന്നതിനു കാരണം കുഞ്ഞിന്റെ മൂത്രത്തിന്റെ അളവ് ഗർഭത്തിൽ വച്ചു കുറയുന്നതാണ്. കുഞ്ഞിന്റെ മൂത്രത്തിന്റെ അളവു കുറയുന്നതാകട്ടെ കുഞ്ഞിന്റെ വൃക്കകൾ ശരിക്ക് വികസിക്കാത്തതോ മൂത്രനാളികൾക്കും അനുബന്ധാവയവങ്ങൾക്കും വൈകല്യങ്ങളുണ്ടാകുന്നതോ ആണ്. ഗർഭസ്ഥ ശിശുവിന്റെ രണ്ട് വൃക്കകളും വികസിക്കാതെ വരുക, കുഞ്ഞിനുണ്ടാകുന്ന പോളിസിസ്റ്റിക് വൃക്കരോഗം, മൂത്രനാളിയിലോ അനുബന്ധാവയവങ്ങളിലോ ഉള്ള തടസ്സം എന്നിവയൊക്കെ അല്പോൽബദ്രവരോഗത്തിനു നിദാനമാകാം. ചില അവസരങ്ങളിൽ ഇത് ഉൽബദ്രവം കുറേശ്ശേയായി ഒലിച്ചുപോകുന്നതുകൊണ്ടുമാവാം. ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞിനു പോഷണവും ഓക്സീകൃത രക്തവുമെത്തിക്കുന്ന മറുപിള്ളയിലെയും (placenta) അതിനെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന നാഭീരജ്ജുവിലെയും (umbilical cord) വൈകല്യങ്ങൾ ഇതിനു കാരണമാകാം.

സങ്കീർണഫലങ്ങൾ

തിരുത്തുക

ഉൽബദ്രവം കുഞ്ഞിന്റെ ഗർഭകാല വളർച്ചയിൽ അതിപ്രധാനമാണ്. ഇതിന്റെ സാന്നിധ്യത്തിലേ കുഞ്ഞിന്റെ ശ്വാസകോശം വികസിക്കൂ. ജലരൂപത്തിലുള്ള ഈ ദ്രവം മുറമേ നിന്നുള്ള ആഘാതങ്ങളെ തടയുകയും കുഞ്ഞിനു വളരാൻ സുരക്ഷിതമായ ഒരു പരിതഃസ്ഥിതിയൊരുക്കുകയും ചെയ്യുന്നു. ദ്രവത്തിന്റെ അഭാവത്തിൽ കുഞ്ഞിന്റെ ശരീരം മർദ്ദം മൂലം ഞെരുക്കപ്പെടുകയും അതേത്തുടർന്ന് അസ്ഥികൾ വികലമാകുകയോ ഒടിയുകയോ ഒക്കെ ചെയ്യുകയും ചെയ്യുന്നു. പരന്ന വട്ടമുഖം, പാദങ്ങൾ മുസലാകൃതിയാകുക, സന്ധികൾ ചുരുങ്ങുക, ശ്വാസകോശം അവികസിതമായിരിക്കുക[1] എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഉൽബദ്രവാപക്ഷയത്തിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹത്തിൽ കാണപ്പെടുന്നത്[2]. ഇത് പോട്ടർ അനുക്രമം എന്നും അറിയപ്പെടുന്നു[3].

ചികിത്സ

തിരുത്തുക

ഗർഭിണിയായ അമ്മയ്ക്ക് വിശ്രമവും കുടിക്കാൻ ധാരാളം വെള്ളവും (ദിനം‌പ്രതി ഏകദേശം 2 ലിറ്റർ) നൽകുന്നതിലൂടെ ഉൽബദ്രവത്തിന്റെ അളവ് വർദ്ധിപ്പിക്കാം[4]. വിശ്രമത്തിലൂടെ ഗർഭകാല രക്താതിസമ്മർദ്ദത്തിന്റെ ദൂഷ്യഫലങ്ങളെയും കുറയ്ക്കാം.

കടുത്ത ഉൽബദ്രവക്ഷാമം പരിഹരിക്കാനായി ഉൽബഗഹ്വരത്തിലേക്ക് (amniotic cavity) സമസ്വരകമായ (isotonic) ഉപ്പുവെള്ളം കടത്തുന്ന ചികിത്സ ചില രോഗികളിൽ ഫലപ്രദമാണ്[5].

  1. Wenstrom KD. Pulmonary hypoplasia and deformations related to premature rupture of membranes. Obstet Gynecol Clin North Am. 1992 Jun;19(2):397-408. PMID: 1630746.
  2. Newbould MJ, Lendon M, Barson AJ (1994). "Oligohydramnios sequence: the spectrum of renal malformations". Br J Obstet Gynaecol. 101 (7): 598–604. PMID 8043538. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  3. Piza JE, Northrop CC, Eavey RD (1996). "Neonatal mesenchyme temporal bone study: typical receding pattern versus increase in Potter's sequence". Laryngoscope. 106 (7): 856–64. doi:10.1097/00005537-199607000-00014. PMID 8667983. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  4. Hofmeyr GJ, Gülmezoglu AM.Maternal hydration for increasing amniotic fluid volume in oligohydramnios and normal amniotic fluid volume. Cochrane Database Syst Rev. 2002;(1):CD000134. PMID: 11869566.
  5. Pitt C, Sanchez-Ramos L, Kaunitz AM,et al. Prophylactic amnioinfusion for intrapartum oligohydramnios: a meta-analysis of randomized controlled trials.Obstet Gynecol. 2000 Nov;96(5 Pt 2):861-6.PMID: 11094242
"https://ml.wikipedia.org/w/index.php?title=അല്പോൽബദ്രവം&oldid=2280399" എന്ന താളിൽനിന്ന് ശേഖരിച്ചത്