അറബ് ലോകം
തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ മരുപ്രദേശത്തിന്റെ ഒരു ഭാഗമാണ് അറബ് ലോകം എന്നു പറയുന്നത്. പടിഞ്ഞാറ് ചെങ്കടലിനും, തെക്ക് ഏഡൻ ഉൾക്കടലിനും, കിഴക്ക് ഒമാൻ, പേർഷ്യൻ ഉൾക്കടലുകൾക്കും, വടക്ക് ഹാമാദ് അല്ലെങ്കിൽ സിറിയൻ മരുഭൂമിക്കും ഇടയ്ക്കായി സ്ഥിതിചെയ്യുന്നു. വടക്ക് അക്ഷാംശം 120 32' നും 320 ക്കും ഇടയ്ക്കും കിഴക്ക് രേഖാംശം 340 ക്കും 590 40' നും മധ്യേയും ആയി, ഏതാണ്ട് ദീർഘചതുരാകൃതിയിൽ വ്യാപിച്ചിരിക്കുന്ന അറേബ്യയുടെ നീളം തെക്കു വടക്ക് 2,254 കിലോമീറ്റർ വീതി കിഴക്കു പടിഞ്ഞാറ് 2012.5 കിലോമീറ്റർ വിസ്തീർണം: 25,90,000 ചതുശ്രകിലോമീറ്റർ
- സൗദി അറേബ്യ
- യെമെൻ
- ഒമാൻ
- യുണൈറ്റഡ് അരബ് എമിറേറ്റ്സ് (അബൂദാബി, ദുബായ്, ഷാർജാ, അജ്മാൻ, ഉമ്മുൽഖയ്വാൻ, റ അസ് അൽഖൈമാ, അൽഫുജറാ)
- ബഹ്റിൻ
- ഖത്തർ
- കുവൈറ്റ്
എന്നീ രാജ്യങ്ങളായി വിഭജിതമായിരിക്കുന്നു. ഇവയിൽ സൗദി അറേബ്യ മാത്രം ഉപദ്വീപിന്റെ 2/3 ഭാഗം വരും; ജനസംഖ്യ 2,33,70,000 (2002) ജനങ്ങളിൽ ഭൂരിഭാഗവും അറബിമുസ്ലിങ്ങളായതിനാൽ ഈ പ്രദേശം അറബികളുടെ ദ്വീപ് എന്നും അറിയപ്പെടുന്നു.
ഭൂപ്രകൃതി
തിരുത്തുകആർക്കിയോസോയിക് ശിലാസമൂഹങ്ങളുടെ ബാഹുല്യമാണ് അറേബ്യൻ പീഠഭൂമിയുടെ മുഖ്യ സവിശേഷത. ഒരു കാലത്ത് ആഫ്രിക്കയോടു ചേർന്നുകിടന്നിരുന്ന ഈ പ്രദേശം ഇപ്പോൾ ചെങ്കടലും ഏഡൻ ഉൾക്കടലും ഉൾ പ്പെടുന്ന റിഫ്റ്റ്, റിഫ്റ്റ് താഴ്വര[1] (Rift valley) യാൽ വേർപിരിഞ്ഞിരിക്കുന്നു. ആർക്കിയോസോയിക് ശിലാക്രമങ്ങൾ പൊതുവേ മണൽ, മാർബിൾ, ചുണ്ണാമ്പുകല്ല് എന്നിവയാൽ മൂടപ്പെട്ടു കാണുന്നു. അധികവും ചൊരിമണൽ മൂടിയ പ്രദേശങ്ങളാണ്. കിഴക്കോട്ടു ചരിഞ്ഞിറങ്ങുന്ന നിലയിലാണ് അറേബ്യൻ പീഠഭൂമിയുടെ കിടപ്പ്. ഏറ്റവും ഉയരം കൂടിയ ഭാഗങ്ങൾ ഏഡൻ ഉൾക്കടലിന്റെയും ചെങ്കടലിന്റെയും തീരങ്ങളിലാണ്. ഭൂഭ്രംശം (fault) മൂലം ഉണ്ടായിട്ടുള്ള സമുദ്രത്തിന്റെ അരികുകളായതുകൊണ്ട് ഒരേ നിരപ്പിൽ സ്ഥിതിചെയ്യുന്നു. പീഠഭൂമിയുടെ പടിഞ്ഞാറ് പൊതുവേ നിമ്നോന്നതമായ പർവ്വതപ്രദേശമാണ്; 3,000 മീറ്ററിലധികം ഉയരമുള്ള ധാരാളം കൊടുമുടികളുമുണ്ട്. യെമെനിലെ ഏറ്റവും കൂടിയ ഉയരം 3,795 മീറ്റർ ആണ്. മസ്കറ്റിലും ഒമാനിലും 3,395 മീറ്റർ ഉയരമുള്ള പർവതപങ്ക്തി കാണാം. മറ്റു ഭാഗങ്ങളിൽ താഴ്വാരങ്ങളും മണൽക്കൂനകളും മലനിരകളും ഒക്കെ സാധാരണമാണെങ്കിലും മിക്കവാറും നിരന്ന പ്രദേശങ്ങളാണ്. സമുദ്രതീരത്തോട് അടുക്കുംതോറും ഉയർച്ചയിൽ കുറവു വരുന്നു. ഉടവുകളും ഉൾക്കടലുകളും നിറഞ്ഞ് സങ്കീർണമാണ് തീരദേശം. എല്ലാക്കാലത്തും നിറഞ്ഞുകിടക്കുന്ന തടാകങ്ങളോ നദികളോ ഇവിടെ ഇല്ല. എന്നാൽ വാദി എന്നു വിളിക്കപ്പെടുന്ന ഒഴുക്കുചാലുകൾ ധാരാളമുണ്ട്. ഇവ വല്ലപ്പോഴും ഉണ്ടാകുന്ന മഴക്കാലത്തു മാത്രം താത്ക്കാലിക നദികളായി മാറുന്നു. ആഴവും വീതിയുമുള്ള വാദികൾ റോഡുഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്നു. ഈ വരണ്ട നീർച്ചാലുകൾ ഭൂജലം ലഭിക്കുന്നതിനുള്ള ഉപാധികളാണ്. ഇപ്രകാരം ജലം ലഭിക്കുന്ന സ്ഥലങ്ങൾ മരുപ്പച്ചകളായിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിലെ നദികൾ അല്പദൂരം ഒഴുകുമ്പോഴേക്കും കഠിനമായ വേനൽ മൂലം വറ്റിപ്പോകുന്നു; അതിനാൽ ഇവയ്ക്കു നീളം കുറവാണ്.
കാലാവസ്ഥ
തിരുത്തുകകഠിനമായ വരൾച്ച അനുഭവപ്പെടുന്ന മരുഭൂകാലാവസ്ഥയാണുള്ളത്. ശിശിരകാലത്ത് സൈബീരിയൻ പ്രദേശത്തുനിന്നുള്ള ശീതക്കാറ്റുകൾ അറേബ്യയിലേക്കു വീശുന്നു. പശ്ചിമവാതങ്ങൾ വീശുന്നുണ്ടെങ്കിലും അവ തപിപ്പിക്കപ്പെടുന്നതിനാൽ സംഘനനത്തിനു[2] (condensation) വിധേയമാകുന്നില്ല. ഗ്രീഷ്മകാലത്തു വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റുകളും ശുഷ്കമാണ്. പശ്ചിമഭാഗത്തു സ്ഥിതിചെയ്യുന്ന പർവതനിര പടിഞ്ഞാറു നിന്നുള്ള നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തുന്നതിനാൽ ഉൾഭാഗത്ത് മഴ ഒട്ടുംതന്നെ ലഭിക്കുന്നില്ല. പീഠഭൂമിയുടെ ഉയരക്കുറവുകൊണ്ട് ശൈലവൃഷ്ടി(relief rain)ക്കുള്ള സാധ്യതയില്ല.[3]
പടിഞ്ഞാറും തെക്കുമുള്ള മലമ്പ്രദേശങ്ങളൊഴികെയുള്ള സ്ഥലങ്ങളിൽ ശരാശരി വർഷപാതം 23 സെ. മീറ്ററിൽ കുറവാണ്; കിഴക്കൻ ഭാഗങ്ങളിൽ 11 സെ. മീറ്ററിൽ കുറവുമാണ്. മിക്കവാറും ചക്രവാതങ്ങളിൽ നിന്നാണു മഴ ലഭിക്കുന്നത്. അറേബ്യയുടെ തെക്കു ഭാഗത്തുള്ള മലകളിൽ ഏകദേശം 45-90 സെ.മീ. വരെ മഴ പെയ്യും. ക്രമമായല്ല മഴ ലഭിക്കുന്നത്. ഇതു കിഴക്കൻ ആഫ്രിക്കയിലെ മൺസൂൺ മഴയുടെ ഒരു ഭാഗമാണ്; വേനൽക്കാലത്താണു മഴ പെയ്യുന്നത്. വരൾച്ചയുടെ ആധിക്യം നിമിത്തം പൊതുവേ വായു ഈർപ്പരഹിതവും ആകാശം നിർമ്മലവും ആയിരിക്കും. ദൈനികതാപനിലയിൽ വലുതായ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നു. പലപ്പോഴും പകൽസമയത്തെ ചൂട് 490ൽ കൂടുതലാണ്. വായു ഈർപ്പരഹിതമായതിനാൽ ചൂട് അത്രതന്നെ അസഹ്യമല്ല. രാത്രി കഠിനമായ തണുപ്പ് അനുഭവപ്പെടുന്നു. തീരപ്രദേശങ്ങളിൽ ഈർപ്പം കലർന്ന അന്തരീക്ഷം അസ്വാസ്ഥ്യം ഉളവാക്കുന്നു. ജനുവരിയിൽ ശരാശരി ചൂട് 100. ആണെങ്കിലും മലമ്പ്രദേശങ്ങളിൽ മഞ്ഞു പൊഴിയുന്നതും മൂടൽമഞ്ഞുണ്ടാകുന്നതും അസാധാരണമല്ല.
സസ്യ-ജന്തുജാലം
തിരുത്തുകഅറേബ്യ പൂർണമായും സസ്യ-ജന്തുരഹിതമായ മണലാരണ്യമല്ല. ഉപദ്വീപിന്റെ ഉൾപ്രദേശങ്ങളിൽ പലതരം ജീവികളും ചിലയിനം സസ്യങ്ങളും ഉണ്ട്. ജലലഭ്യതയുള്ള മരുപ്പച്ചകളിൽ മാത്രമാണ് മരങ്ങൾ വളരുന്നത്. അറേബ്യയുടെ പടിഞ്ഞറു ഭാഗങ്ങളിലും മഴക്കാലങ്ങളിൽ സ്റ്റെപ്പ് മാതൃകയിലുള്ള പുൽമേടുകൾ കാണുന്നു. സസ്യങ്ങൾ മരൂരുഹ (xerophyte)[4] വർഗങ്ങളാണ്; പുൽക്കൂട്ടങ്ങളും കള്ളിമുൾ ച്ചെടികളുമാണു സാധാരണമായുള്ളത്. ആന്റിലോപ്, കഴുതപ്പുലി, ചെന്നായ്, കുറുക്കൻ, പുള്ളിപ്പുലി എന്നീ മൃഗങ്ങളും കാണപ്പെടുന്നു. കൂടാതെ ഒട്ടകപ്പക്ഷി തുടങ്ങി മണലാരണ്യങ്ങളിൽ ജീവിക്കുന്ന പക്ഷികളും. വെട്ടുകിളി ശല്യം അപൂർവമായി ഉണ്ടാകാറുണ്ട്.
പ്രാദേശിക വിഭാഗങ്ങൾ
തിരുത്തുകരാഷ്ട്രീയാടിസ്ഥാനത്തിലുള്ള വിഭജനം കൂടാതെ പ്രാദേശിക തലത്തിലുള്ള വിഭജനക്രമവും നിലവിലുണ്ട്. വടക്കുഭാഗത്തുള്ള പ്രദേശമാണ് നഫൂദ്. ഇവിടെ ചെറിയ തോതിലുള്ള മഴയും മരുപ്പച്ചകളും ഉള്ളതിനാൽ കാലിവളർത്തലും അല്പമായ കൃഷിയും ഉണ്ട്. മധ്യഭാഗമായ നെജദ്[5] (Nejd) പ്രദേശം പൊതുവേ മണൽപ്പരപ്പാണ്. ഇവിടെ ഇടയ്ക്കിടെ സ്ഥാനം മാറുന്ന മണൽക്കൂനകളും അങ്ങിങ്ങായി മാത്രം മരുപ്പച്ചകളും കാണാം. തെക്കുഭാഗത്തുള്ള റുബ് അൽ ഖാലി (ഒന്നും ഇല്ലാത്ത സ്ഥലം) പ്രദേശം തീരെ മഴയില്ലാത്തതും മണലാരണ്യത്തിന്റെ എല്ലാ സ്വഭാവങ്ങളും ഉള്ളതുമാണ്. ചെങ്കടലിനോടു ചേർന്നു കിടക്കുന്ന അറേബ്യയുടെ വടക്കുപടിഞ്ഞാറു ഭാഗം ഹിജാസ്[6] (Hijaz) എന്നും അതിനു തെക്കുള്ള പ്രദേശം തിഹാമ[7] (Tihama) എന്നും ഉള്ളിലേക്കു മാറിക്കിടക്കുന്ന അല്പംകൂടി ഈർപ്പമുള്ളതും കൃഷിക്കുപയുക്തവുമായ പ്രദേശം അസീർ (Asir) എന്നും സൗദി അറേബ്യയിലെ എണ്ണ ഉത്പാദിപ്പിക്കുന്ന ഭാഗം അൽഹാസാ (Alhaza) എന്നും അറിയപ്പെടുന്നു.[8]
ജനങ്ങൾ
തിരുത്തുകഅറേബ്യയുടെ വടക്കും പടിഞ്ഞാറും മധ്യഭാഗവും അധിവസിക്കുന്ന ജനങ്ങൾ കറുത്ത തലമുടി, കറുത്ത കണ്ണുകൾ, തവിട്ടുനിറം, നീളമുള്ള തല, നീളംകൂടിയ മൂക്ക് എന്നീ പ്രത്യേകതകൾ ഉള്ള മെഡിറ്ററേനിയൻ വർഗക്കാരാണ്. തെക്കും കിഴക്കും ഭാഗത്തുള്ളവർ തലയ്ക്കു വീതികൂടി ദൃഢകായരായ അർമനോയ്ഡ് വർഗക്കാരാണ്. ഉപദ്വീപിന്റെ തെക്കരികിലായി നീഗ്രോസ്വഭാവമുള്ള കുറെ ആളുകളും ഉണ്ട്. ശേഷിച്ചവർ ഇതര രാജ്യങ്ങളിൽനിന്നും കുടിയേറിപ്പാർത്ത വിവിധ വർഗക്കാരാണ്.[9] അറബിയാണു പൊതുഭാഷ. തെക്കുപടിഞ്ഞാറ് ജലലഭ്യതകൂടിയ പ്രദേശങ്ങളിലാണു ജനങ്ങൾ തിങ്ങിപ്പാർക്കുന്നത്. റുബ് അൽഖാലിയിൽ ജനജീവിതം അസാധ്യമാണ്. മറ്റു പ്രദേശങ്ങളിൽ സ്ഥിരതാമസക്കാരായ ജനങ്ങൾ ചുരുക്കമാണ്. പത്തുലക്ഷത്തോളം ആളുകൾ സഞ്ചാരികളായി (wanderers) ഉണ്ട് എന്ന് അനുമാനിക്കപ്പെടുന്നു.
പട്ടണങ്ങൾ
തിരുത്തുകഭൂരിഭാഗം ജനങ്ങളും നഗരവാസികളാണ്. മിക്ക പട്ടണങ്ങളും സമുദ്രതീരത്താണ്. റിയാദ്, ഹെയിൽ, മക്ക, മദീന, ചെങ്കടൽ തീരത്തുള്ള തുറമുഖപട്ടണം ജിദ്ദ, സൗദി അറേബ്യയിലെ ഹോഹഫ്, യെമെന്റെ തലസ്ഥാനമായ സന എന്നിവയാണ് പ്രധാന നഗരങ്ങൾ.[10]
തൊഴിൽ
തിരുത്തുകകാലിവളർത്തലും കൃഷിയുമാണ് ജനങ്ങളുടെ പ്രധാന ജീവനോപായങ്ങൾ. ഒട്ടകം, ആട്, കുതിര, കഴുത എന്നിവയാണ് വളർത്തുമൃഗങ്ങൾ. പ്രത്യേകതരം ഒട്ടകങ്ങളെയും കുതിരകളെയും ഇവർ വളർത്തുന്നു. ഇവയിൽനിന്ന് ഇറച്ചിയും പാലും തോലും രോമവും കിട്ടുന്നു. മരുപ്പച്ചകളിലും മഴ ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ ഭാഗത്തുമാണ് കൃഷി വികസിച്ചിട്ടുള്ളത്. ഗോതമ്പ്, ചോളം, ബാർലി, അൽഫാൽഫാ, ഈത്തപ്പന എന്നിവയാണ് പ്രധാനവിളകൾ. തെക്കുപടിഞ്ഞാറൻ അറേബ്യയിൽ മഴ ആവശ്യത്തിനു കിട്ടുന്ന സ്ഥലങ്ങളിൽ ധാന്യങ്ങളും പഴവർഗങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നു. മലഞ്ചരിവുകളിൽ കാപ്പിയും കൃഷി ചെയ്യുന്നു. കാപ്പിച്ചെടിയുടെ ജന്മഭൂമി അറേബ്യയാണെന്നു വിശ്വസിക്കപ്പെടുന്നു.[11]
ധാതുക്കളും വ്യവസായവും
തിരുത്തുകപ്രകൃതി എണ്ണയുടെ നിക്ഷേപത്താൽ സമ്പന്നമാണ് അറേബ്യ. എണ്ണ ഖനനം, ശുദ്ധീകരണം, വിപണനം എന്നിവയെ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങളാണ് കൂടുതൽ. ലോകത്തിൽ ആകെ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ 1/5 ഭാഗത്തോളം അറേബ്യയിൽനിന്നാണു ലഭിക്കുന്നത്.[12]
വാർത്താവിനിമയം
തിരുത്തുകഒട്ടകങ്ങളും കുതിര, കഴുത തുടങ്ങിയ മൃഗങ്ങളുമായിരുന്നു പരമ്പരാഗത വാഹനങ്ങൾ. രണ്ടാംലോകയുദ്ധത്തിനുശേഷം ധാരാളം റോഡുകൾ നിർമിച്ചിട്ടുണ്ട്. 1951-ൽ പേർഷ്യൻ ഉൾക്കടൽഭാഗത്തുള്ള ദമ്മം എന്ന സ്ഥലവും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദും ആയി യോജിപ്പിക്കുന്ന ആദ്യത്തെ റെയിൽപ്പാത പൂർത്തിയായി.[13] വ്യോമഗതാഗതം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.[14] മിക്ക പട്ടണങ്ങൾക്കുമിടയിൽ വ്യോമഗതാഗതം നിലവിലുണ്ട്. പ്രധാന തുറമുഖങ്ങൾ ചെങ്കടൽതീരത്തെ ജിദ്ദ, യെമെനിലെ റാഅ്സ്ഖത്തീബ്, ദക്ഷിണതീരത്തെ മസ്കറ്റ്, പേർഷ്യൻ ഉൾക്കടൽതീരത്തെ ദമ്മം, കുവൈറ്റ് എന്നിവയാകുന്നു.[15]
ചരിത്രം
തിരുത്തുകചരിത്രാതീതകാലം
തിരുത്തുകചരിത്രാതീതകാലത്ത് അറേബ്യയിൽ വസിച്ചിരുന്നത് സെമിറ്റിക്ക് വർഗങ്ങളായിരുന്നു. ബി.സി. 3500-നോടടുത്ത് ഇക്കൂട്ടർ യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങളിലേക്ക് വ്യാപിച്ചു.[16] അവരുടെ പിൻമുറക്കാരാണ് അസീറിയരും ബാബിലോണിയരും. ബി.സി. 2500-നോടടുത്ത് സെമിറ്റിക് ജനത സിറിയയും ലെബനനും അധിവസിച്ചു. അന്ന് അവർ അമോറൈറ്റുകൾ, കനാന്യർ എന്നീ പേരുകളിൽ അറിയപ്പെട്ടുവന്നു. ദമാസ്കസി (ദിമിഷ്ക്) ലെ അരാമിയരും അബിസീനിയരും ഈ വർഗക്കാരായിരുന്നു. അറേബ്യയുടെ ഭൂരിഭാഗവും മരുപ്രദേശമായതിനാൽ വാസയോഗ്യമല്ലായിരുന്നു; തന്മൂലം ഈ പ്രദേശം അധിവസിച്ചവരിൽ മിക്കവരും സ്ഥിരമായി പാർപ്പുറപ്പിച്ചില്ല. എങ്കിലും വാസയോഗ്യമായ ചുരുക്കം പ്രദേശങ്ങളിൽ ദേശീയമായ ഒരു സംസ്കാരം പുഷ്ടിപ്പെട്ടതിനു ചരിത്രരേഖകളുണ്ട്. ഈജിപ്ത്, അസീറിയ, ബാബിലോണിയ എന്നീ പ്രദേശക്കാർ അറേബ്യയിലെ ആളുകളുമായി ചിരപുരാതനകാലംമുതൽ ബന്ധപ്പെട്ടിരുന്നു. ഈ ഭാഗത്ത് ആദ്യമായി ചെമ്പ് ഉപയോഗിച്ചത് ഒമാനിലെ ആളുകളായിരുന്നു. അസീറിയൻ രാജാവായ ഷാൽമനേസർ III-ന്റെ ഒരു ലിഖിതത്തിൽ അറിബി ഭൂമിയുടെ രാജ്ഞിയായ സബീബീ (Zabibi) യിൽനിന്ന് തന്റെ മുൻഗാമിയായ ടിഗ്ലത്ത് പിലീസർ III (ബി.സി. 745-727) കപ്പം ഈടാക്കിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്ഞിയുടെ ഭരണപ്രദേശം സിറിയൻ മരുഭൂമിയിലോ അറേബ്യൻ ഉപദ്വീപിന്റെ ഉത്തരഭാഗത്തോ ആയിരുന്നിരിക്കാം. തങ്ങളുടെ വിപുലമായ സാമ്രാജ്യത്തിലെ വാണിജ്യസൗകര്യങ്ങൾ സുരക്ഷിതമാക്കാനായിരുന്നു അസീറിയർ അറബികളുമായി ബന്ധപ്പെട്ടത്.
അസീറിയരെയും നിയോ-ബാബിലോണിയരെയും പിന്തുടർന്ന് പേർഷ്യക്കാർ ഇവിടെ അധിനിവേശം നടത്തി.[17] ബി.സി. 525-ൽ പേർഷ്യൻ രാജാവായ കാംബീസസ് (ഭരണകാലം ബി.സി. 529-522) ലോവർ ഈജിപ്ത് ആക്രമണത്തിനു പോയത് ഉത്തര അറേബ്യയിലൂടെയായിരുന്നു. ഇത് അവിടത്തെ ജനങ്ങളുമായി സൗഹാർദബന്ധം സ്ഥാപിക്കാൻ കാരണമായി. ഹീബ്രുവും അറബിഭാഷയും തമ്മിലും യഹൂദന്മാരും അറബികളും തമ്മിലും പരസ്പരബന്ധമുണ്ട്. ബൈബിളിലെ പല പേരുകളും അറബിവാക്കുകളാണ്. യഹൂദന്മാർ ആരാധിക്കുന്ന യഹോവയും പ്രപഞ്ച സ്രഷ്ടാവിനു അറബികൾ വിളിക്കുന്ന അല്ലാഹുവും ഒന്ന് തന്നെ. മുസ്‌ലിംകൾ ആരാധിക്കുന്നത് ഈ ഏക ദൈവത്തെയാണ്. അറേബ്യയിലെ ക്രിസ്ത്യാനികളും പ്രപഞ്ച സ്രഷ്ടാവിനെ വിളിക്കുന്നത അല്ലാഹു എന്ന് തന്നെയാണ്.ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഷീബാരാജ്ഞി ഉത്തര അറേബ്യയിലെ സബേയൻ പ്രദേശമാണ് ഭരിച്ചിരുന്നത്. പുരാതനകാലം മുതൽക്കേ വണിഗ്വരന്മാരെന്നനിലയ്ക്ക് അറബികളെ ഗ്രീക്കുകാരും റോമാക്കാരും അറിഞ്ഞിരുന്നു.
ദക്ഷിണ അറേബ്യൻ രാജ്യങ്ങൾ
തിരുത്തുകഅറേബ്യൻ രാഷ്ട്രീയ ചരിത്രത്തിൽ ദക്ഷിണ അറേബ്യയ്ക്കാണു പ്രാമാണ്യം. ഇവിടെ മൂന്നു രാജ്യങ്ങൾ ഉയർന്നുവന്നു.[18] നജ്റാൻ, ഹമൗത്ത് എന്നിവയ്ക്ക് ഇടയിലായിക്കിടന്ന ജോഫ് പ്രദേശത്ത് (ആധുനിക യെമെൻ) രൂപംകൊണ്ട മിനേയൻ രാജ്യമാണ് ഇവയിൽ ആദ്യത്തേത്.[19] ഇപ്പോൾ ഉത്തര യെമെന്റെ തലസ്ഥാനമായ സനായുടെ വടക്കു കിഴക്കായി കിടന്ന ഖർണാ ആസ്ഥാനമാക്കി ബി.സി. 1200 മുതൽ 650 വരെ മിനോയൻ വർഗക്കാർ ഭരണംനടത്തി. ഈ രാജ്യത്ത് കൃഷി, വാണിജ്യം എന്നിവ വികസിച്ചിരുന്നു. രണ്ടാമത്തേത് ബി.സി. 930 മുതൽ 115 വരെ നിലവിലിരുന്ന സബേയൻ രാജ്യമാണ്. സമുദ്രനിരപ്പിൽനിന്ന് സുമാർ 1188 മീറ്റർ ഉയരത്തിൽ 97 കിലോമീറ്റർ കിഴക്കായിക്കിടന്ന മ അ്രിബ് (Ma'rib) ആയിരുന്നു ഇവരുടെ ആസ്ഥാനം. ഇവരുടെ രാജ്ഞിയായ ഷീബ സോളമനെ സന്ദർശിച്ചതായി ബൈബിളിലും ഖുർആനിലും പറയുന്നു. സെമിറ്റിക്ക് ഭാഷയായിരുന്നു മിനോയന്മാരെപ്പോലെ സബേയന്മാരും സംസാരിച്ചിരുന്നത്. സബേയൻ തലസ്ഥാനത്തിനുവേണ്ട ജലം സംഭരിക്കാൻ നിർമിച്ചിരുന്ന അണക്കെട്ട് അത്ഭുതാവഹമായ നിർമ്മാണപാടവം സൂചിപ്പിക്കുന്നതാണ്.[20] സബേയരുടെ കാലം അറേബ്യയുടെ സുവർണദശയായിരുന്നു. പലസ്തീൻ മുതൽ വടക്കോട്ട് നിരവധി വാണിജ്യമാർഗങ്ങൾ അക്കാലത്തു നിലവിൽവന്നു. സബേയന്മാരെ പിൻതുടർന്ന് ഹിമ്യാറുകൾ (Himyarites)[21] ദക്ഷിണ അറേബ്യയെ ശക്തമായ ഒരു രാഷ്ട്രമാക്കി. സഹർ കേന്ദ്രമാക്കി ബി.സി. 115 മുതൽ എ.ഡി. 525 വരെ ഈ രാജ്യം നിലനിന്നു. ബി.സി. 24-ൽ ഈലിയസ് ഗാലസിന്റെ (Aelius Gallus)[22] നേതൃത്വത്തിൽ റോമാക്കാർ ആദ്യത്തെ അറേബ്യൻ ആക്രമണം നടത്തി പരാജയപ്പെട്ടു. ആദ്യമായി ഒന്നിലധികം നിലകളുള്ള കെട്ടിടങ്ങൾ നിർമിച്ചുതുടങ്ങിയത് ഹിമ്യാറുകളായിരുന്നു. ഇവയിലൊന്നായ ഗുംദാന് (Ghumdan) 20 നിലകളുണ്ടായിരുന്നു.[23] പില്ക്കാലത്ത് അതിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് സനായുടെ പള്ളി നിർമിച്ചത്. ഈ കാലഘട്ടത്തിൽ റോമാക്കാരും ഈജിപ്തുകാരും അറബികളും വാണിജ്യരംഗത്ത് മത്സരിച്ചുപോന്നു. ഏക ദൈവവാദികളായ (Monophysites)[24] ക്രിസ്ത്യാനികളായിത്തീർന്ന അബിസീനിയർക്കു കുറച്ചുകാലത്തേക്ക് അറേബ്യയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞു.
ക്രിസ്തുമതം
തിരുത്തുകഅറേബ്യയിൽ ക്രിസ്തുമതം പ്രചരിച്ചത് ഉത്തരഭാഗത്തുകൂടിയായിരുന്നു. മുഖ്യമായും മതപീഡനത്തെ ഭയന്ന് ഉത്തരഭാഗത്തുകൂടി അറേബ്യയിൽ പ്രവേശിച്ച ക്രിസ്ത്യാനികൾ യെമെനിലെത്തി. എ.ഡി. 500-ൽ വിശുദ്ധ ഫേമിയൂൻ (Famiyun)[25] സ്ഥാപിച്ച ഈ മോണോഫിസൈറ്റ് സമുദായത്തിന്റെ കേന്ദ്രം നജ്റാൻനഗരം ആയിരുന്നു. എ.ഡി. 70 മുതൽ ക്കേ ഇവിടെ യഹൂദന്മാർ പാർപ്പുറപ്പിച്ചിരുന്നു. 6-ആം നൂറ്റാണ്ടിൽ ഇവർ ശക്തരായി. 523-ലും 525-ലും അബിസീനിയർ യഹൂദന്മാരെ തോല്പിച്ച് 20 വർഷം അവിടെ ഭരിക്കുകയും ചെയ്തു. മഅ്രിബ് അണക്കെട്ടിൽനിന്നും കൊണ്ടുവന്ന കല്ലുപയോഗിച്ച് അബിസീനിയൻ വൈസ്രോയിയായ അബ്രഹാ (Abrahah)[26] സനായുടെ ഒരു കുരിശുപള്ളി സ്ഥാപിച്ചു. ഇവരെ പിൻതുടർന്ന് ദക്ഷിണ അറേബ്യ ഭരിച്ചതു പേർഷ്യക്കാരായിരുന്നു.
ഉത്തര അറേബ്യൻ രാജ്യങ്ങൾ
തിരുത്തുകഅറേബ്യൻ ഉപദ്വീപിന്റെ ഉത്തരഭാഗത്തു പല ചെറു രാജ്യങ്ങളും രൂപംകൊണ്ടു. അവയിൽ പ്രധാനപ്പെട്ടത് പെദ്ര ആസ്ഥാനമാക്കിയുള്ള നബാത്തിയൻ (Nabateans)[27] രാജ്യമായിരുന്നു. നബാത്തിയർ ടോളമികളും റോമാക്കാരും ആയി ബന്ധപ്പെട്ടിരുന്നു. അഗസ്റ്റസ് സീസറിന്റെ സേനാനായകനായ ഈലിയസ് ഗാലസ് അറേബ്യ ആക്രമിച്ചപ്പോൾ നബാത്തിയർ റോമാക്കാരെ സഹായിച്ചിരുന്നു. ഹാരിസത് കഢന്റെ (ബി.സി. 9-എ.ഡി. 40) കാലത്ത് നബാത്തിയൻ രാജ്യം അത്യുച്ചാവസ്ഥയിലെത്തി, ദമാസ്കസ് വരെ വ്യാപിച്ചു. അവരുടെ ലിഖിതങ്ങൾ അറാമിക് ഭാഷയിലായിരുന്നെങ്കിലും സംസാരഭാഷ അറബിയായിരുന്നു. ഉത്തരഭാഗത്തുണ്ടായിരുന്ന മറ്റൊരു രാജ്യമാണ് ഗസ്സാൻ (Ghassan).[28] സിറിയൻ അതിർത്തിക്കടുത്തു ദമാസ്കസിനു തെക്കുകിഴക്കായിട്ടായിരുന്നു അവരുടെ ആസ്ഥാനം. ഗസ്സാൻകാർ പില്ക്കാലത്ത് ക്രിസ്തുമതം സ്വീകരിച്ചു. സിറിയൻ അതിർത്തിയിലെ എല്ലാ അറബിഗോത്രങ്ങളുടെയും തലവനായി റോമാചക്രവർത്തി ജസ്റ്റീനിയൻ, അൽ-ഹാരിസ് II-നെ (529-569) നിയമിച്ചു. അറേബ്യ ഇസ്ലാമിന്റെ ആധിപത്യത്തിലായതോടെ ഗസ്സാൻരാജ്യം ഖലീഫയുടെ കീഴിലായി. ലോവർ യൂഫ്രട്ടീസിന്റെ പശ്ചിമതീരത്ത് 3-ആം നൂറ്റാണ്ടിൽ ലഖ്മ് (Lakham) രാജ്യം സ്ഥാപിതമായി. ദക്ഷിണ അറേബ്യൻവർഗത്തിന്റെ പൈതൃകം അവകാശപ്പെടുന്ന ഇവരുടെ കേന്ദ്രം അൽ-ഹീറയായിരുന്നു. പേർഷ്യക്കാരുടെ കീഴിലമർന്ന ഇവർ 633-ൽ ഇസ്ലാംമതാവലംബികളായി. നജ്ദിൽ 480-ഓടുകൂടി പ്രാമാണ്യത്തിലേക്കുവന്ന മറ്റൊരു ഉത്തര അറേബ്യൻ വർഗമാണ് കിന്ദാ(Kindah)കൾ.[29] ഇവർ ഒരു കേന്ദ്രീകൃതഭരണം സ്ഥാപിച്ച് അറേബ്യയുടെ ഉൾപ്രദേശങ്ങളെ ഏകോപിപ്പിക്കുവാൻ ശ്രമിച്ചു.
ഇസ്ലാംമതവും ഖലീഫാഭരണവും
തിരുത്തുകഇസ്ലാംമതത്തിന്റെ ആവിർഭാവത്തോടെ ഹിജാസിന്റെ പ്രാധാന്യം വർധിച്ചു. മക്ക, മദീന എന്നീ സ്ഥലങ്ങൾ വിശ്വപ്രശസ്തിയാർജിച്ചു. മുഹമ്മദ് നബി (570-632) അറേബ്യയെ ഏകീകരിച്ച് ഒരു കേന്ദ്രീകൃത രാഷ്ട്രമാക്കി.
ആദ്യത്തെ ഖലീഫയായിത്തീർന്ന അബൂബക്കർ (573-634) അറേബ്യയിലെ കലാപകാരികളെ അടിച്ചമർത്തി. തന്റെ ജനറലായ ഖാലിദ് ഇബ്നുൽവലീദിനെ പേർഷ്യക്കാർ ക്കെതിരായും ബൈസാന്തിയന്മാർ ക്കെതിരായും യുദ്ധത്തിന് അയച്ചു. രണ്ടാമത്തെ ഖലീഫയായ ഉമറിന്റെകാലത്ത് ഖാദിസിയ്യയിൽ (കദേസ്യ) വച്ച് പേർഷ്യക്കാരെ പരാജയപ്പെടുത്തി, ഇറാക്ക് കൈയടക്കി; കൂഫാ, ബസ്രാ എന്നീ നഗരങ്ങൾ സ്ഥാപിച്ചു (635).
640-ൽ അബിസീനിയൻതീരത്തുള്ള മുസ്ലിങ്ങളെ സംരക്ഷിക്കാൻ ഉമർ ഒരു നാവികപ്പടയെ അയച്ചു. അതേവർഷം തന്നെ അമർ ഇബ്നു അൽ ആസ് (അന്യത്ര) ഈജിപ്ത് ആക്രമിച്ച് അലക്സാൻഡ്രിയ കീഴടക്കുകയും ഫുസ്താത് (കെയ്റോ) നഗരം സ്ഥാപിക്കുകയും ചെയ്തു. മൂന്നാമത്തെ ഖലീഫയായ ഉസ്മാന്റെ കാലത്ത് ആഭ്യന്തരഛിദ്രങ്ങൾ ഉണ്ടായിട്ടും രാജ്യവികസനം തുടർന്നു. വടക്കൻ അർമീനിയ, ഏഷ്യാമൈനർ എന്നിവിടംവരെയും ആഫ്രിക്കയുടെ ഉത്തരതീരത്തുള്ള കാർത്തേജു വരെയും അറബിസാമ്രാജ്യം വ്യാപിച്ചു. അബുഖയാസ് സൈപ്രസ് കീഴടക്കി; 652-ൽ ബൈസാന്തിയരെയും തോല്പിച്ചു. ഉസ്മാന്റെ വധത്തെത്തുടർന്ന് അലി (600-621) ഖലീഫയായി. സിറിയയിലെ ഗവർണറായിരുന്ന മുആവിയ (661-680) അലിയുടെ ഖലീഫസ്ഥാനം അംഗീകരിക്കുവാൻ വിസമ്മതിച്ചു. തുടർന്നുണ്ടായ സിഫ്ഫീൻ യുദ്ധത്തിനും ഈ പ്രശ്നം ഒതുക്കിത്തീർക്കാൻ കഴിഞ്ഞില്ല. ഈ അവസരത്തിലാണ് അലി ഒരു ഖാരിജി അനുഭാവിയായ ഇബ്നുമുൽജമിന്റെ ആക്രമണത്തിൽ മരിച്ചത്. അലിയുടെ മരണം മുആവിയയുടെ സ്ഥാനം ഉറപ്പിക്കാൻ കാരണമായി. ദമാസ്കസ് ആസ്ഥാനമായുള്ള ഉമയ്യാദ് (അമവിയ്യ) ഭരണം സ്ഥാപിതമായതോടെ (661) അറേബ്യ ഒരു പ്രവിശ്യമാത്രമായിത്തീർന്നു.[30]
ഉമയ്യാദുകളും അബ്ബാസികളും
തിരുത്തുകഉമയ്യാദ് വംശക്കാരുടെ ഭരണം അറേബ്യയിൽ സമാധാനം നിലനിർത്തിയില്ല. അലിയെ എതിർത്തിരുന്ന ഖാരിജികൾ[31] (Kharijites) നഹ്റവാൻ യുദ്ധത്തിൽ പരാജയപ്പെട്ടു; എന്നാൽ അവരുടെ ശക്തി ക്ഷയിച്ചില്ല. ഖുറൈഷികളെ മാത്രമല്ല അറബിഗോത്രത്തിൽപ്പെട്ട ഏതു മുസ്ലിമിനെയും ഖലീഫയാക്കാമെന്നു ചിലർ വാദിച്ചു. ദൈവം മാത്രമേ ഭരണാധിപനായിട്ടുള്ളുവെന്നും അതിനാൽ ഖലീഫസ്ഥാനം തന്നെ വേണ്ടെന്നും ഭരണംനടത്തുന്നത് ഒരു സമിതി ആയിരിക്കണമെന്നും മറ്റൊരഭിപ്രായവും ശക്തിപ്പെട്ടു. അവർ പല കക്ഷികളായി പിരിഞ്ഞ് അറേബ്യയിൽ നിരന്തരം അന്തശ്ചിദ്രങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. അലിയുടെ വധത്തെത്തുടർന്ന് പുത്രന്മാരായ ഹസനും ഹുസൈനും അധികാരത്തിലെത്തി. മുആവിയയുമായി ഹസൻ ഒത്തുതീർപ്പുണ്ടാക്കി. ഭരണം കൈയേറ്റ യസീദി[32] (Yazeed) നെതിരെ യുദ്ധത്തിനൊരുമ്പെട്ടതിനാൽ കർബലയിൽ വച്ച് ഹുസൈൻ വധിക്കപ്പെട്ടു (680). ഈ ഘട്ടത്തിൽ ഇസ്ലാമിന്റെ രക്ഷയ്ക്കും അലികുടുംബക്കാരുടെ ഘാതകരോടു പകരംവീട്ടാനും ആയി അബ്ദുല്ല ഇബ്നു സുബൈർ മുന്നോട്ടുവന്നു. മക്ക, മദീന എന്നീ നഗരനിവാസികൾ സുബൈറിനു പിന്തുണ നൽകി. ഇതേത്തുടർന്ന് 682-ൽ യസീദ്, മദീനയും 683-ൽ മക്കയും പിടിച്ചടക്കി. എന്നാൽ മൂന്നു മാസത്തിനുള്ളിൽ യസീദ് നിര്യാതനായി. മക്കയിൽ പിടിച്ചുനിന്ന അബ്ദുല്ലയെ ഖലീഫയായി അറേബ്യനിവാസികൾ അംഗീകരിച്ചു. അബ്ദുല്ല, മർവാൻ I-നെ തോല്പിച്ചുവെങ്കിലും ഖാരിജികളുടെ സഹകരണം ലഭിച്ചില്ല. 691-ൽ അബ്ദുൽ മാലിക്ക്[33] (685-705) മക്കയ്ക്കെതിരെ തന്റെ പടനായകനായ ഹജ്ജാജിനെ അയച്ചു. 692-ൽ മക്കാനഗരം കീഴടങ്ങി. യുദ്ധത്തിൽ അബ്ദുല്ല ഇബ്നുസുബൈർ വധിക്കപ്പെട്ടതിനെത്തുടർന്ന് മുസ്ലിം ലോകത്ത് അബ്ദുൽ മാലിക്ക് പ്രമുഖനായി. അറബിജനത ഇതിനകം സ്പെയിനിലും ഇന്ത്യയിലും എത്തിയിരുന്നു. അബുൽ അബ്ബാസ് തലസ്ഥാനം ദമാസ്കസിൽ നിന്നു കൂഫയിലേക്ക് മാറ്റിയതോടെ അറേബ്യയുടെ പ്രാധാന്യത്തിനു ഗ്ലാനി സംഭവിച്ചു. പേർഷ്യക്കാരെയും തുർക്കികളെയും ആശ്രയിച്ചായിരുന്നു അബ്ബാസികൾ ഭരണം നടത്തിയത്. അതിനാൽ ഉന്നത ഉദ്യോഗങ്ങൾ വഹിച്ചിരുന്നത് അവരായിരുന്നു. എന്നാൽ അറബിഭാഷയും സംസ്കാരവും പുരോഗതിയാർജിച്ചുപോന്നു.
ഖർമേത്തിയന്മാർ
തിരുത്തുക(Carmathians).
ഹംദാൻ ഖർമത്തിന്റെ[34] (Hamdan Qarmat) അനുയായികളായ ഖർമേത്തിയന്മാർ 9-ആം നൂറ്റണ്ടിന്റെ അവസാനത്തോടെ അറേബ്യയിൽ പ്രബലരായി. 900-ൽ ഹംദാൻ അയച്ച അബുസയ്ദ്അൽ ജന്നബി, ബഹ്റീൻ ആക്രമിച്ച് ഖത്തീഫ് നഗരം കീഴടക്കി. 903-ൽ ബഹ്റീന്റെ തലസ്ഥാനമായ ഹജാർ, ഖർമേത്തിയന്മാർ കീഴടക്കിയെങ്കിലും അറബികൾ അതു കാര്യമാക്കിയില്ല. അവിടെനിന്ന് ഖർമേത്തിയന്മാർ യമാമ, ഒമാൻ എന്നീ പ്രദേശങ്ങൾ ആക്രമിച്ചു. 906 ആയപ്പോഴേക്കും യെമെൻ മുഴുവൻ കീഴടക്കിയ അവർ മക്ക, മദീന നഗരങ്ങൾ ആക്രമിക്കുവാൻ തക്കംപാത്തുനിന്നു. 913-ൽ അബുസയ്ദ് അൽഹാസയിൽ വച്ച് വധിക്കപ്പെട്ടു. തുടർന്ന് അതു ഖർമേത്തിയൻ തലസ്ഥാനമായി. അബുസെയ്ദിന്റെ സഹോദരനായ അബുതാഹിർ ഭരണാധികാരിയായി. ഇദ്ദേഹം ഒമാൻ കീഴടക്കുകയും മക്ക ആക്രമിച്ച് വിശുദ്ധശില ബഹ്റിനിൽ കൊണ്ടുപോകുകയും ചെയ്തു. 939-ലാണ് വിശുദ്ധശില മക്കയിലേക്കു മടക്കിക്കൊണ്ടുവന്നത്. അബുതാഹിറുടെ മരണംവരെ അറേബ്യ ഖർമേത്തിയന്മാരുടെ കീഴിൽത്തന്നെ കഴിഞ്ഞു. 969-ൽ ഈജിപ്തിലെ ഫാത്തിമിയ്യ വംശക്കാരുമായി അവർ ശത്രുതയിലായതോടെ അവരുടെ പ്രാധാന്യം കുറഞ്ഞു; 985-ൽ ഇറാക്കും വിശുദ്ധനഗരങ്ങളും നഷ്ടമായി. ഒമാൻ നഷ്ടപ്പെട്ട സ്വാതന്ത്ര്യം വീണ്ടെടുത്തു. മൂന്നുവർഷം കഴിഞ്ഞ് ഒരു ഷെയ്ഖ് അവരെ തോല്പിച്ച് തലസ്ഥാനമായ ഖത്തിഫും കീഴടക്കി. തുടർന്നുള്ള ഏഴുനൂറുകൊല്ലം അറേബ്യ സംഘർഷങ്ങളുടെ രംഗമായിരുന്നു.
വഹാബികൾ
തിരുത്തുകവഹാബിപ്രസ്ഥാനത്തിന്റെ നേതാവ് മുഹമ്മദ്ഇബ്നു അബ്ദുൽവഹാബ് (1703-92) ആയിരുന്നു.[35] ഇദ്ദേഹം അൽഉയയ്നയിൽ ജനിച്ചു. മധ്യപൂർവദേശത്തെ പലരാജ്യങ്ങളിലും സഞ്ചരിച്ച വഹാബ് ഉയയ്നയിൽ തന്റെ മതശുദ്ധീകരണ പ്രസ്ഥാനം ആരംഭിച്ചു. അവിടത്തെ ഭരണാധികാരിയായിരുന്ന ഉസ്മാൻ ഇബ്നുമുഅമ്മർ ഈ നവീകരണപ്രസ്ഥാനത്തെ പിന്താങ്ങി. എന്നാൽ അൽഹാസയിലെ ഭരണാധികാരി ഈ പ്രസ്ഥാനത്തിനെതിരായിരുന്നതിനാൽ, വഹാബിനെ ഉയയ്നയിൽനിന്നു ബഹിഷ്കരിക്കാൻ ഉസ്മാൻ നിർബന്ധിതനായി. മുഹമ്മദ് ഇബ്നുവഹാബ് ദരിയയിൽ എത്തി, മുഹമ്മദ് ഇബ്നു സവൂദിന്റെ സംരക്ഷണത്തിൽ തന്റെ പ്രസ്ഥാനം പ്രചരിപ്പിച്ചു. ഈ രാഷ്ട്രീയപ്രസ്ഥാനം ശക്തി പ്രാപിക്കുകയും അൽഹാസയും അൽഉയയ്നയും വഹാബികളുടെ നിയന്ത്രണത്തിലാകുകയും ചെയ്തു. 20 വർഷത്തെ ചെറുത്തുനില്പിനു ശേഷമാണ് റിയാദും മൻഫുഹയും വഹാബിപ്രസ്ഥാനത്തിനു കീഴടങ്ങിയത്. മുഹമ്മദു ഇബ്നു സവൂദിന്റെ മരണഘട്ടത്തിൽ (1765) അറേബ്യയുടെ മധ്യകിഴക്കൻ പ്രദേശങ്ങൾ വഹാബി ഭരണത്തിൻകീഴിലായി. മുഹമ്മദ് ഇബ്നു സവൂദിന്റെ പുത്രനായ അബ്ദുൽ അസീസ് I,[36] വഹാബിപ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചു. വഹാബിഭരണത്തിനെതിരായിരുന്ന തുർക്കികൾ അൽഹാസ ആക്രമിച്ചെങ്കിലും (1798) അവർക്കു പിന്തിരിയേണ്ടി വന്നു. വഹാബികൾ ഷിയാ വിഭാഗത്തിന്റെ കർബല (ഇറാക്ക്) യിലെ പള്ളി നശിപ്പിച്ചു. അബ്ദുൽ അസീസ് I-ന്റെ പുത്രനായ സവൂദ് II തുർക്കിയുടെ അധീനതയിലിരുന്ന ഹിജാസ് ആക്രമിക്കുകയും മക്ക പിടിച്ചടക്കുകയും ചെയ്തു. അബ്ദുൽ അസീസ് I-നെ ദരിയയിലെ പള്ളിയിൽ വച്ച് ഒരു ഷിയാമുസ്ലിം വധിച്ചു. സവൂദ് II 1804-ൽ മദീന കീഴടക്കി വഹാബി സാമ്രാജ്യത്തിന്റെ വിസ്തൃതിയും യശസ്സും വർധിപ്പിച്ചു. യെമെൻ മുതൽ ഒമാൻ വരെയുള്ള പ്രദേശങ്ങൾ അവരുടെ അധീനതയിലായി.
ഉസ്മാനിയസുൽത്താൻ, ഈജിപ്തിലെ വൈസ്രോയിയായിരുന്ന മുഹമ്മദലിയെ വഹാബികളെ അമർച്ചചെയ്യാനായി നിയോഗിച്ചു. മുഹമ്മദലിയുടെ പുത്രനായ തുസൂൻ സൈന്യസമേതം ഹിജാസിൽ എത്തി. സവൂദ് II, തുർക്കികളുമായുള്ള യുദ്ധത്തിൽ ആദ്യം വിജയിച്ചെങ്കിലും മക്കയും മദീനയും തുസൂൻ, വഹാബികളിൽനിന്ന് പിടിച്ചെടുത്തു. 1814-ൽ സവൂദ് II നിര്യാതനായി. അനന്തരം ഭരണത്തിലെത്തിയ അബ്ദുല്ല I ഈജിപ്തുമായി സന്ധിസംഭാഷണത്തിനു തയ്യാറായി (1815); ഈജിപ്തുമായുളള സമാധാനപരമായ നിലപാട് നീണ്ടുനിന്നില്ല. മുഹമ്മദലിയുടെ മറ്റൊരു പുത്രനായ ഇബ്രാഹിം പാഷയുടെ നേതൃത്വത്തിൽ വീണ്ടും ഒരു ഈജിപ്ഷ്യൻ സേന അറേബ്യയിലെത്തുകയും വഹാബിസാമ്രാജ്യത്തിന്റെ തലസ്ഥാനം കീഴടക്കുകയും ചെയ്തു. കീഴടങ്ങിയ അബ്ദുല്ല I-നെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുപോയി. അവിടെവച്ച് അദ്ദേഹം വധിക്കപ്പെട്ടു. സൗദികുടുംബാംഗങ്ങളിൽ വളരെപ്പേർ യുദ്ധത്തിൽ മരിച്ചു; വഹാബിഭരണം നാമാവശേഷമായി.
മുഹമ്മദ്ഇബ്നു സവൂദിന്റെ ഒരു പൗത്രനായ തുർക്കി, 1824-ൽ റിയാദ് കീഴടക്കി; അവിടെ ഉണ്ടായിരുന്ന ഈജിപ്ഷ്യൻ പട്ടാളത്തെ ബഹിഷ്കരിച്ചു. ഈജിപ്തിന്റെ നാമമാത്രമായ അധീശാധികാരം അംഗീകരിച്ചുകൊണ്ട് വഹാബിഭരണം അറേബ്യയിൽ വീണ്ടും സജീവമായി. റിയാദ് ആയിരുന്നു തലസ്ഥാനം. സവൂദ് II-ന്റെ പുത്രനായ മിഷാരി തുർക്കിയെ വധിച്ചു. തുർക്കിയുടെ പുത്രനായ ഫൈസൽ, മിഷാരിയെ വധിച്ചശേഷം ഭരണാധികാരിയായി. ഫൈസൽ ഈജിപ്തിനു നൽകേണ്ടിയിരുന്ന കപ്പംകൊടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്നു വീണ്ടും ഈജിപ്ഷ്യൻസേനകൾ റിയാദ് ആക്രമിച്ചു. അവർ ഫൈസലിനെ തടവുകാരനാക്കിശേഷം സവൂദ് II-ന്റെ ഒരു പുത്രനായ ഖാലിദിനെ നെജ്ദിലെ ഭരണാധികാരിയാക്കി. താമസിയാതെ ഖാലിദിനെയും ഈജിപ്ഷ്യൻസേനകൾ തടവുകാരാക്കി. എന്നാൽ ഫൈസൽ തടവിൽനിന്നു രക്ഷപ്പെട്ട് അറേബ്യയിൽ എത്തി വഹാബിഭരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു. ഈജിപ്തിന്റെ അധീശാധികാരം അംഗീകരിക്കാമെന്നുള്ള വ്യവസ്ഥയിൽ ഖാലിദ് വിമോചിതനായി. ഫൈസൽ വീണ്ടും ഈജിപ്തിൽ തടവുകാരനാക്കപ്പെട്ടു. ഈജിപ്തിനു വിധേയമായുള്ള ഖാലിദിന്റെ ഭരണം, വഹാബി പക്ഷക്കാരായ അറബിജനതയുടെ എതിർപ്പിനു വഴിതെളിച്ചു. ഖാലിദിന്റെ കുടുംബത്തിൽ പ്പെട്ട അബ്ദുല്ല ഇബ്നുതുനൈയാൻ റിയാദിലെ ഭരണം പിടിച്ചെടുത്തു (1841). ഖാലിദ് ജിദ്ദയിലേക്കു രക്ഷപ്പെട്ടു. 1843-ൽ ഫൈസൽ വീണ്ടും ഈജിപ്തിൽനിന്നു അറേബ്യയിലെത്തി. അബ്ദുല്ല ഇബ്നു തുനൈയാനെ വധിച്ചശേഷം റിയാദിലെ ഭരണാധിപനായി. 1865-ൽ നിര്യാതനാകുന്നതുവരെ തന്റെ ഭരണം നിലനിർത്തി. ഹിജാസ് തുർക്കികളുടെ അധികാരസീമയിലും ഉത്തരഅറേബ്യ (ജബൽഷമ്മാർ) നാമമാത്രമായി റിയാദിന്റെ പരമാധികാരത്തിൻകീഴിലുള്ള ഒരു അർധ സ്വതന്ത്രരാജ്യമായും തുടർന്നു. ഫൈസലിന്റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ ഒരു പുത്രനായ അബ്ദുല്ല ഭരണാധികാരമേറ്റു. അദ്ദേഹത്തിനു സഹോദരനായ സവൂദ് III-മായി നിരന്തരം യുദ്ധം ചെയ്യേണ്ടിവന്നു. അധികാരത്തിനുവേണ്ടി സഹോദരന്മാരും കുടുംബാംഗങ്ങളും തമ്മിൽ നിരന്തരമായ യുദ്ധം നടന്നു. സിംഹാസനം ആ കുടുംബത്തിൽ പ്പെട്ട പലരും മാറിമാറി കൈവശമാക്കി. അബ്ദുല്ലയുടെ അഭ്യർഥന അനുസരിച്ച് ബാഗ്ദാദിലെ തുർക്കികൾ അറേബ്യയിൽ എത്തി. അവർ അൽ ഹാസാ പ്രദേശം കൈവശമാക്കി.
ഇബ്നു റഷീദ്
തിരുത്തുകസവൂദ് III 1875-ൽ നിര്യാതനായി. 1876-ൽ അബ്ദുല്ല II റിയാദിൽവച്ചു സിംഹാസനസ്ഥനായി. ഇതിനിടയ്ക്ക് മുഹമ്മദ് ഇബ്നു അബ്ദുല്ല അൽറഷീദ് ഹെയിൽ ആസ്ഥാനമാക്കി ശക്തമായ ഭരണകൂടം ഉത്തരഅറേബ്യയിൽ സ്ഥാപിച്ചിരുന്നു. സ്വകുടുംബത്തിൽപ്പെട്ട അനവധിപേരെ വധിച്ചശേഷം മാത്രമാണ് തന്റെ അധികാരം ഉറപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചത്. മുഹമ്മദ് ഇബ്നു അബ്ദുല്ല അൽറഷീദ് റിയാദ് ആസ്ഥാനമാക്കിയിരുന്ന വഹാബിഭരണത്തിൽ ഇടപെടുകയും അബ്ദുല്ല കകനെ ഹെയിലിൽ അതിഥിയായി താമസിപ്പിച്ചുകൊണ്ട്, റിയാദിലെ ഭരണം ഒരു ഗവർണറുടെ കീഴിലാക്കുകയും ചെയ്തു. എന്നാൽ 1889-ൽ റിയാദിലെ ഭരണം അബ്ദുല്ല കകനു തിരിച്ചു നൽകി. ആ വർഷംതന്നെ അദ്ദേഹം നിര്യാതനായി. അദ്ദേഹത്തിന്റെ സഹോദരനായ അബ്ദുൽ റഹ്മാൻ റിയാദിലെ ഭരണാധികാരിയായി. അദ്ദേഹം ഹെയിലിലെ മുഹമ്മദ് ഇബ്നു അബ്ദുല്ല അൽറഷീദുമായി ശത്രുതയിലായി. തുടർന്നുണ്ടായ യുദ്ധത്തിൽ അബ്ദുൽ റഹ്മാൻ പരാജയപ്പെട്ട് അറേബ്യ വിട്ടോടിപ്പോയി (1891). വഹാബി ഭരണകൂടം വീണ്ടും നാമാവശേഷമായി. മുഹമ്മദ് ഇബ്നു അബ്ദുല്ല അൽറഷീദ്, വഹാബിരാജ്യം തന്റെ രാജ്യത്തിൽ ലയിപ്പിച്ചു. അൽറഷീദിന്റെ നിര്യാണാനന്തരം (1897) അബ്ദുൽ അസീസ് ഇബ്നുമിത്താബ് ഭരണം കൈയേറ്റു. അദ്ദേഹം ജനപ്രീതി സമ്പാദിക്കുന്നതിൽ പരാജയപ്പെട്ടു. അതേസമയം അബ്ദുൽ അസീസ് ഇബ്നു അബ്ദൽ റഹ്മാൻ കുവൈതിലെ ഷെയ്ക്ക് മുബാറക്ക് ഇബ്നുസബയുടെ അതിഥിയായി കഴിഞ്ഞുവരികയായിരുന്നു. 1900-ൽ ഷെയ്ക്ക് മുബാറക്കും അബ്ദുൽ റഹ്മാൻ ഇബ്നുസവൂദും അറേബ്യയിൽ ആക്രമണം നടത്തി. അബ്ദുൽ റഹ്മാൻ ഇബ്നു സവൂദിന്റെ പുത്രൻ അബ്ദുൽ അസീസ് റിയാദിനെതിരായും ആക്രണം നടത്തി. അതു വിഫലമായി. അബ്ദുൽ അസീസ് ഏതാനും അനുയായികളോടുകൂടി റിയാദിന്റെ പരിസരപ്രദേശത്ത് എത്തി (1902). 1902 ജനുവരി 15-ന് 15 അനുയായികളോടുകൂടി നഗരത്തിനു ചുറ്റുമുള്ള കോട്ട കടന്നു നഗരത്തിൽ പ്രവേശിച്ച്, റഷീദിഗവർണറെ പെട്ടെന്ന് ആക്രമിച്ചു കീഴ്പ്പെടുത്തി. അബ്ദുൽ അസീസിനെ ജനങ്ങൾ തങ്ങളുടെ ഭരണാധികാരിയായി അംഗീകരിച്ചു.
ഇബ്നു സഊദ്
തിരുത്തുകഅബ്ദുൽ അസീസ് ഇബ്നു സഊദ് (1897-1953) അറേബ്യൻ ചരിത്രത്തിലെ ഒരു പ്രമുഖഭരണാധിപനായിരുന്നു. ഭരണം നഷ്ടപ്പെട്ട റഷീദികളും ഭരണം പിടിച്ചെടുത്ത സൌദികളും തമ്മിലുള്ള കടുത്ത അധികാരമത്സരരംഗമായിത്തീർന്നു, അറേബ്യ. റഷീദികൾക്ക് തുർക്കിയുടെ സഹായമുണ്ടായിരുന്നു. 1904-ൽ ബുക്കെയിരിയാ യുദ്ധത്തിൽ റഷീദികളുടെയും തുർക്കികളുടെയും സംയുക്തസേനയെ തോല്പിച്ചുകൊണ്ട് അബ്ദുൽ അസീസ് (അബ്ദുൽ അസീസ് ഇബ്നു അബ്ദുൽ റഹ്മാൻ ഇബ്നു ഫൈസൽ അൽസവൂദ്) തന്റെ ഭരണം ഉറപ്പിച്ചു. പുതിയ സാഹചര്യത്തിൽ തുർക്കി, തങ്ങളുടെ സേനയെ അറേബ്യയിൽ നിന്നു പിൻവലിച്ചു. അബ്ദുൽ അസീസ് ഇബ്നു സവൂദ് അറേബ്യയിലെ അംഗീകരിക്കപ്പെട്ട ഭരണാധികാരിയായിത്തീർന്നു. അറേബ്യൻ ഉപദ്വീപിലെ ഏതാനും പ്രദേശങ്ങൾ മാത്രമാണു ഇദ്ദേഹത്തിന്റെ അധികാരസീമയ്ക്കു പുറത്തുണ്ടായിരുന്നത്. അവ കൂടി തന്റെ അധികാരപരിധിക്കുള്ളിൽ വരുത്തുവാനുള്ള ശ്രമങ്ങൾ തുടർന്നു. അൽഹാസ പ്രദേശം തുർക്കികളിൽനിന്നും പിടിച്ചെടുത്തു (1913). ഹിജാസിലെ ഹുസൈൻ രാജാവിനെ 1919-ൽ തോല്പിച്ചു. 1920-ൽ ഇബ്നു സവൂദിന്റെ പുത്രനായ ഫൈസൽ ഹിജാസിനും യെമെനും ഇടയ്ക്കുള്ള അസീർപ്രദേശവും പിടിച്ചെടുത്തു. അവസാന റഷീദി അമീറായ മുഹമ്മദ് ഇബ്നു തലാലിന്റെ സേനയെ പരാജയപ്പെടുത്തി അദ്ദേഹത്തിന്റെ അധികാരപരിധിയിലുണ്ടായിരുന്ന പ്രദേശങ്ങളും കീഴടക്കി. ഉത്തര അറേബ്യ പൂർണമായും ഇബ്നു സവൂദിന്റെ ഭരണത്തിൻകീഴിലായി. അടുത്ത വർഷം അൽജൌഫും വാദിസിർഹാനും അദ്ദേഹം പിടിച്ചെടുത്തു. കുവൈറ്റുമായുള്ള ബന്ധങ്ങൾ അദ്ദേഹം സൗഹൃദപൂർണമാക്കി. ഹുസൈൻരാജാവിന്റെ പുത്രന്മാരായ ഫൈസലിനെയും (ഭരണകാലം 1921-33) അബ്ദുല്ലയെയും (ഭരനകാലം 1921-51) ഇറാക്കിലെയും ട്രാൻസ് ജോർദാനിലെയും രാജാക്കന്മാരായി ഇംഗ്ലീഷുകാർ വാഴിച്ചു. എന്നാൽ വഹാബി രാജ്യവും സമീപപ്രദേശങ്ങളിലെ മറ്റു സ്വതന്ത്ര രാജ്യങ്ങളുമായുള്ള അതിർത്തിത്തർക്കങ്ങൾ തുടർന്നു വന്നു. അത് അവസാനിപ്പിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് സ്വീകരിച്ച നടപടികൾ വിജയിച്ചില്ല. 1924-ൽ വഹാബികൾ ഹിജാസ് ആക്രമിച്ചു. അത്തെഫും മക്കയും അവർ പിടിച്ചടക്കി. പിന്നീട് ജിദ്ദയും മദീനയും ആക്രമിച്ചു. ഇത്തരുണത്തിൽ ഹുസൈൻരാജാവു സ്ഥാനത്യാഗം ചെയ്ത് ഭരണം പുത്രനായ അലിയെ ഏല്പിച്ചു. 1925-ൽ ജിദ്ദയും മദീനയും ഇബ്നു സവൂദിനു കീഴടങ്ങി. അലിയും സ്ഥാനത്യാഗം ചെയ്തു രാജ്യം വിട്ടുപോയി. അക്വാബാ പ്രദേശങ്ങൾ ട്രാൻസ്ജോർദാനുവേണ്ടി ബ്രിട്ടീഷുകാർ കീഴടക്കി; സവൂദ്രാജാവ് ആ പ്രദേശങ്ങൾ കീഴടക്കുന്നതു തടയുകയായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. 1928 ജനുവരി 8-നു നജ്ദ്സുൽത്താൻ മാത്രമായിരുന്ന ഇബ്നുസവൂദ് അറേബ്യയുടെ രാജാവായി സ്ഥാനാരോഹണം ചെയ്തു. ലോകരാഷ്ട്രങ്ങൾ ഈ ഭരണത്തെ അംഗീകരിച്ചു. 1932-ൽ ഹിജാസ്, നജ്ദ് എന്നീ രാജ്യങ്ങളും സംരക്ഷിത പ്രദേശങ്ങളും കൂട്ടിച്ചേർത്തു സൗദി അറേബ്യ എന്ന പുതിയ രാജ്യം രൂപമെടുത്തു. ഇബ്നു സവൂദ് 1953-ൽ നിര്യാതനായി. തുടർന്നു സവൂദ് ഇബ്നു അബ്ദുൽ അസീസ് (ഭരണകാലം 1953-64) രാജാവായി. അദ്ദേഹത്തിന്റെ സ്ഥാനത്യാഗത്തെത്തുടർന്ന് 1964 നവംബർ 2-നു ഫൈസൽ രാജകുമാരൻ (ഫൈസൽ ഇബ്നു അബ്ദുൽ അസീസ്) സൗദി അറേബ്യയിലെ ഭരണാധികാരം ഏറ്റെടുത്തു.
രാഷ്ട്രീയ സംവിധാനം
തിരുത്തുകഅറേബ്യൻ ഉപദ്വീപിലുള്ള രാജ്യങ്ങൾ സൗദി അറേബ്യ, യെമെൻ, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (അബൂദാബി, ദുബായ്, ഷാർജാ, അജ്മാൻ, ഉമ്മുൽ ഖയ്വാൻ, റഅസ്അൽഖൈമാ, അൽഫുജറാ), ബഹ്റീൻ, ഖത്തർ, കുവൈറ്റ് എന്നിവയാണ്. കുവൈറ്റ് ഒരു സ്വതന്ത്രരാജ്യമാണ്. 1970 വരെ മസ്കറ്റ് ഒമാൻ എന്നറിയപ്പെട്ടിരുന്ന ഒമാനിൽ പരമ്പരാഗതമായ രാജവാഴ്ചയാണു നിലവിലുള്ളത്. ഉത്തര യെമെനിൽ 1962-ൽ രാജഭരണം അവസാനിച്ച് റിപ്പബ്ലിക്ക് സ്ഥാപിതമായി. എങ്കിലും തുടർന്നുണ്ടായ ആഭ്യന്തരസമരങ്ങൾ അവസാനിച്ചതു 1970-ലാണ്. അറേബ്യയുടെ തെക്കേ അറ്റത്തെ ബ്രിട്ടീഷ് അധിനിവേശപ്രദേശമായിരുന്ന ഏഡനും സമീപപ്രദേശങ്ങളും സ്വാതന്ത്ര്യപ്രാപ്തിയെ (1967) തുടർന്നു പീപ്പിൾസ് റിപ്പബ്ലിക്ക് ഒഫ് സൗത്ത് യെമെൻ ആയി; 1970-ൽ പരിപൂർണസ്വാതന്ത്ര്യം നേടിയതോടെ പീപ്പിൾസ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഒഫ് സൗത്ത് യെമെൻ ആയിത്തീർന്നു. 1990-ൽ ഉത്തരയെമനും ദക്ഷിണയെമനും യോജിച്ച് യെമൻ ആയിത്തീർന്നു. 1993-ൽ സ്വതന്ത്രവും ബഹുകക്ഷി അടിസ്ഥാനത്തിലുള്ളതുമായ തെരഞ്ഞെടുപ്പു നടന്നു. 1994-ൽ പുതിയ ഭരണഘടന നിലവിൽവന്നു.
ഇതുംകൂടികാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.cotf.edu/ete/modules/rift/rvwhatisriftvalley.html what is the rift valley
- ↑ http://www.weatherquestions.com/What_is_condensation.htm Condensation is the formation of liquid drops of water from water vapor
- ↑ http://www.curriculumbits.com/prodimages/details/geography/types-of-rainfall.html Geography :: Types of Rainfall
- ↑ http://www.britannica.com/EBchecked/topic/650706/xerophyte xerophyte (plant) -- Britannica Online Encyclopedia
- ↑ http://www.britannica.com/EBchecked/topic/401967/Najd Najd, also spelled Nejd, region, central Saudi Arabia, comprising a mainly rocky plateau sloping eastward from the mountains of the Hejaz.
- ↑ http://www.britannica.com/EBchecked/topic/259797/Hejaz Hejaz (region, Saudi Arabia) -- Britannica Online Encyclopedia
- ↑ http://archnet.org/library/dictionary/entry.jsp?entry_id=DIA0834&mode=full Archived 2013-02-03 at the Wayback Machine. Saudi Arabia - ArchNet
- ↑ http://www.the-saudi.net/saudi-arabia/alhasa/Al%20Hassa%20City%20-%20Saudi%20Arabia.htm Al-Hassa City Profile
- ↑ http://www.hejleh.com/countries/saudi.html The Country & People of Saudi Arabia
- ↑ http://www.citypopulation.de/SaudiArabia.html Saudi Arabia: Regions & Major Cities - Statistics & Maps on City
- ↑ http://www.gulfjobsmarket.com/jobs-in-saudi-arabia.html Archived 2012-08-10 at the Wayback Machine. Jobs in Saudi Arabia
- ↑ http://www.sidf.gov.sa/En/INDUSTRYINSAUDIARABIA/Pages/IndustrialDevelopmentinSaudiArabia.aspx Archived 2012-05-10 at the Wayback Machine. Industrial Development in Saudi Arabia
- ↑ http://xrdarabia.org/2012/02/05/public-transport-in-saudi-arabia/ Archived 2012-05-07 at the Wayback Machine. Public Transport in Saudi Arabia | Crossroads Arabia
- ↑ http://www.arabianairtravel.org/ Archived 2012-06-13 at the Wayback Machine. Advantages of travelling by private jets
- ↑ http://www.searates.com/countries/?mode=country_page&country_key=saudi_arabia Archived 2012-10-21 at the Wayback Machine. Sea Ports of Saudi Arabia
- ↑ http://www.newadvent.org/cathen/13706a.htm The term Semites is applied to a group of peoples closely related in language, whose habitat is Asia and partly Africa.
- ↑ http://www.anciv.info/mesopotamia/neo-babylonian-empire.html Neo-Babylonian Empire (626 BC - 539 BC)
- ↑ http://www.chathamhouse.org/sites/default/files/19237_0511yemen_gulfbp.pdf Yemen, Saudi Arabia and the Gulf States - Chatham House
- ↑ http://intellibriefs.blogspot.in/2007/07/tribes-of-saudi-arabia.html Archived 2012-06-26 at the Wayback Machine. IntelliBriefs: Tribes of Saudi Arabia
- ↑ http://www.yementourism.com/tourism2009/destinations/index.php?ELEMENT_ID=2668 Archived 2012-07-08 at the Wayback Machine. In ancient times Marib, 120 km from Sana’a in the Wadi Adhana region, was a major centre of the Sabaean empire, the oldest, most celebrated and powerful of the south Arabian kingdoms.
- ↑ http://phoenicia.org/sabaeans.html The Sabaeans & Himyarites were people of Yemen who were not Arabs and spoke their own language and used their own script (appears left). Read more: The Sabeans and Himyarites of Yemen were not Arabs http://phoenicia.org/sabaeans.html#ixzz21vtDgWrq
- ↑ http://www.britannica.com/EBchecked/topic/224563/Aelius-Gallus The topic Aelius Gallus is discussed in the following articles:
- ↑ http://www.triposo.com/poi/Ghumdan_Palace Archived 2013-08-04 at the Wayback Machine. Ghumdan Palace, аlsо Qasir Ghumdan оr Ghamdan Palace, іs аn ancient palace аnd fortress іn Sana'a, Yemen.
- ↑ http://www.newadvent.org/cathen/10489b.htm Monophysites and Monophysitism
- ↑ http://www.scribd.com/doc/63358109/6/CHRISTIANITY-IN-PRE-ISLAMIC-ARABIA Archived 2016-03-10 at the Wayback Machine. CHRISTIANITY IN PRE-ISLAMIC ARABIA for Muhammad the - Scribd
- ↑ http://www.jaihoon.com/889.htm Archived 2009-08-21 at the Wayback Machine. The Elephant and Abrahah
- ↑ http://nabataea.net/who.html Who were the Nabataeans?
- ↑ http://www.saudiaramcoworld.com/issue/198302/the.king.of.ghassan.htm/ Archived 2012-10-08 at the Wayback Machine. The King of Ghassan
- ↑ http://www.britannica.com/EBchecked/topic/318035/Kindah Kindah, in full Kindat al-Mulūk (Arabic: “The Royal Kindah”)
- ↑ http://www.aulia-e-hind.com/Caliphs.htm Archived 2012-08-23 at the Wayback Machine. FOUR RIGHTLY - GUIDED CALIPHS OF ISLAM
- ↑ http://www.sunnah.org/aqida/kharijites1.htm Archived 2011-11-02 at the Wayback Machine. The Kharijites and their impact on Contemporary Islam
- ↑ http://www.islam-watch.org/SyedKamranMirza/caliph_yazid.htm Debate: Was the 'Caliph Yazid' really a bad character of Islam or the Savior of Sunni Islam?
- ↑ http://www.britannica.com/EBchecked/topic/678/Abd-al-Malik ʿAbd al-Malik, in full ʿabd Al-malik Ibn Marwān (born 646/647, Medina, Arabia—died October 705, Damascus), fifth caliph (685–705) of the Umayyad Arab dynasty centred in Damascus.
- ↑ http://www.britannica.com/EBchecked/topic/253283/Hamdan-Qarmat formation of the Qarmatian
- ↑ http://www.seekingilm.com/books/wahhabite.pdf Archived 2012-09-16 at the Wayback Machine. Muhammad ibn Abdul Wahhab & the origin of the Wahhabite movement
- ↑ http://www.islamweb.net/emainpage/index.php?page=showfatwa&Option=FatwaId&Id=118958 First of all, it should be mentioned that ‘Umar ibn Aldul ’Azeez may Allaah have mercy upon him is one of the great Muslim caliphs and one of the great scholars of Islam.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.adc.org/index.php?id=248
- http://www.livemint.com/2011/03/06194651/An-emerging-role-for-India-in.html
- http://www.al-bab.com/arab/women.htm Archived 2012-08-19 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അറേബ്യ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |