അഖിലാനന്ദസ്വാമി
ശ്രീരാമകൃഷ്ണപരമഹംസരുടെ പ്രശിഷ്യനും സ്വാമി ബ്രഹ്മാനന്ദന്റെ ശിഷ്യനുമാണ് അഖിലാനന്ദസ്വാമി. 1894-ൽ കൊൽക്കത്തയിൽ ജനിച്ചു. 1919-ൽ ഭൂവനേശ്വരത്തുവച്ച് ശ്രീരാമകൃഷ്ണമഠത്തിൽ ചേർന്നു. മുൻനാമധേയം നിരോധ് എന്നായിരുന്നു. 1921-ൽ സന്ന്യാസം സ്വീകരിച്ചു. മഠത്തിൽ ചേർന്നയുടനെതന്നെ മിഷൻ പ്രവർത്തനങ്ങൾക്കായി ഇദ്ദേഹം മദ്രാസിലേയ്ക്കുപോയി. അവിടെ പരമാനന്ദസ്വാമി (പരമഹംസരുടെ മറ്റൊരു ശിഷ്യൻ) യുടെ സഹകാരിയായി നിയമിതനായി. 1926-ൽ ഇദ്ദേഹം മദ്രാസിൽ പ്രോവിഡൻസ് വേദാന്തസൊസൈറ്റി സ്ഥാപിച്ചു. 1941-ൽ യു.എസ്സിലെ ബോസ്റ്റൺ നഗരത്തിലും ശ്രീരാമകൃഷ്ണ വേദാന്ത സൊസൈറ്റി ആരംഭിച്ചു. കൊൽക്കത്തയിലെ പ്രസിദ്ധമായ ബേലൂർ ക്ഷേത്രത്തിന്റെ നിർമ്മാണകാര്യത്തിൽ സൂത്രധാരനായി പ്രവർത്തിച്ചു.
നിരന്തരവും സാഹസികവുമായ പ്രവർത്തനങ്ങളിൽക്കൂടി മിഷനകത്തും പുറത്തുമുള്ള അസംഖ്യം ജനങ്ങളെ ഇദ്ദേഹം ആകർഷിച്ചിരുന്നു. 1962-ൽ സമാധിയടഞ്ഞു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഖിലാനന്ദസ്വാമി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |