അകപ്പൈകിന്നരി

(അകപ്പൈക്കിന്നരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു നാടോടി സംഗീതോപകരണം; തന്ത്രിവാദ്യം. അകപ്പൈയുടെ ആകൃതി ഉള്ളതുകൊണ്ടായിരിക്കണം ഇതിന് അകപ്പൈകിന്നരി എന്ന പേരു ലഭിച്ചത്; തമിഴിൽ അകപ്പൈ എന്നതിന് തവി എന്നാണർഥം.

രാവണഹസ്തയെന്ന വാദ്യത്തിന്റെ പുതിയരൂപം രാജപക്‌സ കാണുന്നു.

വാവട്ടം വലിപ്പമുള്ള ചിരട്ടയുടെ ഒരുവശം തുളച്ച് ഒരു മുഴം നീളം വരുന്ന ഒരു മുളങ്കമ്പ് ഘടിപ്പിക്കുക; മറുവശത്ത് രണ്ടു കൊളുത്തുകൾ പിടിപ്പിക്കുകയോ മുളങ്കമ്പുതന്നെ മൂന്നു സെ.മീ. ഓളം പുറത്തേക്കു തള്ളിനിൽക്കത്തക്കവണ്ണം തുളച്ചു കടത്തുകയോ ചെയ്യുക; പിന്നീട് തുകൽ വലിച്ചുകെട്ടുക; അതിന്റെ മുകളിൽ കുറുകെ ചെറിയ ഒരു മരക്കഷണം വയ്ക്കുക. ചിരട്ടയിൽ മുളങ്കമ്പ് ഉറപ്പിച്ചിരിക്കുന്നതിനെതിർവശത്തു പിടിപ്പിച്ചിട്ടുള്ള കൊളുത്തുകളിലോ അവിടെ തള്ളിനിൽക്കുന്ന മുളങ്കമ്പിന്റെ അഗ്രഭാഗത്തോ ഉടക്കിയിട്ടുള്ള രണ്ടു തന്ത്രികൾ ചിരട്ടയുടെ വാവട്ടം മൂടിക്കെട്ടിയിരിക്കുന്ന തുകലിന്റെ മീതെ കുറുകെ വച്ചിട്ടുള്ള മരക്കഷണത്തിനു മുകളിൽക്കൂടി മുളങ്കമ്പിന്റെ സ്വതന്ത്രമായ അഗ്രഭാഗത്തേക്കു വലിച്ച് അവിടെ ഉറപ്പിച്ചിട്ടുള്ള രണ്ടു ബിരഡകളിൽ കെട്ടുക. തന്ത്രികൾ ബലമായി സ്പർശിച്ചിരിക്കത്തക്കവണ്ണം തുകലിന്റെ മീതെ വച്ചിട്ടുള്ള മരക്കഷണം ഉറപ്പിക്കണം. തന്ത്രികളുടെ മുറുക്കം വർദ്ധിപ്പിക്കുന്നതിനും കുറയ്ക്കുന്നതിനും മുൻപു പറഞ്ഞ ബിരഡകൾ പ്രവർത്തിപ്പിച്ചാൽ മതിയാകും. അവശ്യം വേണ്ട മുറുക്കം തന്ത്രിക്കുണ്ടായിക്കഴിഞ്ഞാൽ വാദനത്തിനുപയോഗിക്കാം. കമ്പു വളച്ചുകെട്ടിയുണ്ടാക്കിയ ചെറിയ വില്ലാണ് വാദനത്തിന് ഉപയോഗിക്കുന്നത്. ഇതാണ് തെക്കൻ ദിക്കിലെ അകപ്പൈകിന്നരിയുടെ ഘടന. വീണയുടേതുപോലെ സ്വരക്കട്ടകൾ അകപ്പൈകിന്നരിക്കില്ല. വയലിൻ‍, സാരംഗി എന്നീ വാദ്യങ്ങൾ വായിക്കുന്നതുപോലെ തന്ത്രികളിൽ വില്ലോടിച്ചും വിരലമർത്തിയുമാണ് ശബ്ദം പുറപ്പെടുവിക്കുന്നത്. ഇത് രാവണാസ്ത്രം, രാവണഹസ്തം എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഉത്തരേന്ത്യയിൽ ചിരട്ടയ്ക്കു പകരം അതേ രൂപത്തിലുള്ള മൺകലം ഉപയോഗിക്കുന്നു. അല്പം ചില രൂപഭേദങ്ങളോടുകൂടി ഇത്തരം വാദ്യോപകരണം നാടോടി സംഗീതോപകരണങ്ങളുടെ കൂട്ടത്തിൽ ലോകത്തെമ്പാടുമുണ്ട്.

ചെറിയ വാദ്യമായതുകൊണ്ട് പരിമിതി ഏറെയുണ്ട്. നാദം നേർത്തതും ഉച്ചസ്ഥായിയിൽ ഉള്ളതുമാണ്. ഒഴുക്കൻ മട്ടിലുള്ള ചില പാട്ടുകൾ വായിക്കാം. ക്ളാസിക്കൽ വാദ്യമായ കിന്നരിയിൽ നിന്നും ഇതിന് പല വ്യത്യാസങ്ങളുമുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകപ്പൈകിന്നരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അകപ്പൈകിന്നരി&oldid=2279649" എന്ന താളിൽനിന്ന് ശേഖരിച്ചത്