മൂലധനം (ഗ്രന്ഥം)

(Das Kapital എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കമ്യൂണിസത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക തത്ത്വങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് മൂലധനം (ദസ് ക്യാപ്പിറ്റൽ). കാൾ മാക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവർ ചേർന്നാണ് ഈ ഗ്രന്ഥം രചിച്ചത്. സാമ്പത്തികരാഷ്ട്രീയത്തെ വളരെ വിശദമായി പരിശോധിക്കുന്ന ഒരു ഗ്രന്ഥമാണിത്. കാൾ മാക്സ് ആണ് ഇതിന്റെ രചന പ്രധാനമായും നിർവഹിച്ചത്. ഏംഗൽസ് ഇതിനാവശ്യമായ തിരുത്തലുകൾ നടത്തി.

മൂലധനം (ദാസ്‌ ക്യാപ്പിറ്റൽ)
കർത്താവ്കാൾ മാക്സ് , ഫ്രെഡറിക് ഏംഗൽസ്
യഥാർത്ഥ പേര്Das Kapital, Kritik der politischen Ökonomie
രാജ്യംജർമ്മനി
ഭാഷജർമൻ
സാഹിത്യവിഭാഗംസാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയ സിദ്ധാന്തം
പ്രസിദ്ധീകരിച്ച തിയതി
1867

മുതലാളിത്തത്തിനോടുള്ള ശക്തമായ വിമർശനമാണ് ഈ ഗ്രന്ഥം. 1867-ൽ ആണ് ഇതിന്റെ ആദ്യ വാല്യം പുറത്തിറക്കിയത്.

പ്രതിപാദ്യം തിരുത്തുക

കാൾ മാക്സിന്റെ കാഴ്ചപ്പാടിൽ, മുതലാളിത്ത വ്യവസ്ഥിതിയിൽ ഉണ്ടാക്കപ്പെടുന്ന ലാഭം എന്നത് അടിസ്ഥാനപരമായി കൂലി കൊടുക്കാത്ത തൊഴിലിൽ നിന്നുമാണ് ഉണ്ടാക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യുക എന്നത് മുതലാളിത്ത വ്യവസ്ഥിയുടെ അടിസ്ഥാനരീതിയാണെന്നും കാൾമാക്സ് ചൂണ്ടിക്കാണിക്കുന്നു. അതുവരെ കരുതപ്പെട്ടിരുന്നതുപോലെ, ഒരു സാധനം അതിന്റെ യഥാർഥവിലയേക്കാൾ കൂടിയ വിലയ്ക്ക് വിറ്റല്ല ലാഭം സൃഷ്ടിക്കപ്പെടുന്നതെന്നും, ഒരു സാധനം അതിന്റെ യഥാർഥ വിലയ്ക്ക് വിറ്റ്, അത് നിർമ്മിച്ച തൊഴിലാളികളുടെ മിച്ച അദ്ധ്വാനം ചൂഷണം ചെയ്താണ് ലാഭം സൃഷ്ടിക്കുന്നതെന്നുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന പ്രതിപാദ്യം. മുതലാളി വാങ്ങുന്നത് തൊഴിലാളിയുടെ അദ്ധ്വാനശക്തിയാണ്. അതായത് അദ്ധ്വാനിക്കാനുള്ള ശേഷി. അത് പുനരുല്പാദിപ്പിക്കാൻ ആവശ്യമായ അദ്ധ്വാനമാണ് അവശ്യ അദ്ധ്വാനം. ഇതിനു വേണ്ട സമയത്തിലും അധികം തൊഴിലാളി പണിയെടുക്കണം. കാരണം ഒരു ദിവസത്തേക്കാണ് കൂലി. ഇങ്ങനെ അധികമായി അദ്ധ്വാനിക്കുന്നതിനെയാണ് മിച്ച അദ്ധ്വാനം എന്ന് മാർക്സ് വിശേഷിപ്പിച്ചത്. മിച്ച അദ്ധ്വാനം വഴി സൃഷ്ടിക്കപ്പെടുന്ന മൂല്യമാണ് മിച്ചമൂല്യം. അതാണ് മുതലാളിത്ത ലാഭത്തിന്റെ ഉറവിടം.

ഇത് വിശദീകരിക്കുവാനായി മുതലാളിത്ത വ്യവസ്ഥയുടെ ചലനതത്വം കാൾമാക്സ് ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. മൂലധനത്തിന്റെ ചലനങ്ങൾ, കൂലിവേലയുടെ വളർച്ച, തൊഴിലിടങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, വിപണിയിലെ മത്സരങ്ങൾ, ബാങ്കിംഗ് സംവിധാനം, ലാഭശതമാനം കുറയാനുള്ള പ്രവണത എന്നിവയെല്ലാം ഈ ഗ്രന്ഥത്തിൽ വിശദമായി ചർച്ചചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=മൂലധനം_(ഗ്രന്ഥം)&oldid=3992345" എന്ന താളിൽനിന്ന് ശേഖരിച്ചത്